/indian-express-malayalam/media/media_files/uploads/2022/09/russia.jpg)
മോസ്‌കോ: സെന്‍ട്രല്‍ റഷ്യയിലെ ഒരു സ്‌കൂളില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ ഏഴ് കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്കു പരുക്കേറ്റു. അക്രമി പിന്നീട് സ്വയം വെടിവച്ചു മരിച്ചു.
മോസ്‌കോയില്‍നിന്ന് 960 കിലോമീറ്റര്‍ (600 മൈല്‍) കിഴക്ക് ഉദ്‌മുര്‍ത്യ മേഖലയിലെ ഇഷെവ്‌സ്‌കിലെ സ്‌കൂളിലാണു വെടിവയ്പ് നടന്നതെന്ന് റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. 6,40,000 ജനസംഖ്യയുള്ള ഇഷെവ്‌സ്‌ക്, മധ്യ റഷ്യയിലെ യുറല്‍ പര്‍വതനിരകളുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ഒന്നു മുതല്‍ പതിനൊന്നുവരെ ഗ്രേഡുകളിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണു വെടിവയ്പ് നടന്നത്. പരുക്കേറ്റ 21 പേരില്‍ 14 പേര്‍ കുട്ടികളാണ്.
സ്‌കൂളില്‍നിന്നു മുഴുവന്‍ പേരെയും ഒഴിപ്പിച്ചതായും ചുറ്റുമുള്ള പ്രദേശം ഉപരോധിച്ചതായും ഉദ്‌മുര്‍ത്യ ഗവര്‍ണര്‍ അലക്സാണ്ടര്‍ ബ്രെച്ചലോവ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. അജ്ഞാതനായ അക്രമി സ്വയം വെടിവച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു.
'നാസി ചിഹ്നങ്ങള്‍' ഉള്ള കറുത്ത ടീ ഷര്‍ട്ടാണു തോക്കുധാരി ധരിച്ചിരുന്നതെന്ന് അന്വേഷണ സമിതി അറിയിച്ചു. വെടിവയ്പ് നടത്തിയാളെക്കുറിച്ചോ ഇയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചോ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.