കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മരട് പൊലീസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് ശേഷം എത്തിയ ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്തു. ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.
ഐപിസി 509, 354(എ), 294 ബി എന്നി വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.
രാവിലെ 10 മണിക്ക് മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിന്നത്. ഹാജരാകാന്‍ സാധിക്കില്ലെന്ന് ശ്രീനാഥ് പിന്നാലെ അറിയിച്ചു. എന്നാല്‍ ഉച്ച തിരിഞ്ഞ് രണ്ടരയോടെ ശ്രീനാഥ് ഹാജരാവുകയായിരുന്നു.
കൊച്ചിയില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. ഈ മാസം 22ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
പ്രകോപനങ്ങള്‍ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരക പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കിയിരുന്നു.
പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് അഭിമുഖം നടന്നത്. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.