scorecardresearch

റിക്രൂട്ട്‌മെന്റ് നയത്തിൽ വന്‍ മാറ്റം; സൈനിക നിയമനം നാല് വര്‍ഷേത്തക്ക്, അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

പതിനേഴരയ്ക്കും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള 45,000-50,000 പേരെ നാല് വർഷത്തേക്ക് അഗ്നിവീർ ആയാണു നിയമിക്കുക. ഈ കാലയളവിനുശേഷം 25 ശതമാനം പേരെ മാത്രമേ 15 വർഷത്തേക്കു സ്ഥിരം നിയമനത്തിനു പരിഗണിക്കൂ

പതിനേഴരയ്ക്കും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള 45,000-50,000 പേരെ നാല് വർഷത്തേക്ക് അഗ്നിവീർ ആയാണു നിയമിക്കുക. ഈ കാലയളവിനുശേഷം 25 ശതമാനം പേരെ മാത്രമേ 15 വർഷത്തേക്കു സ്ഥിരം നിയമനത്തിനു പരിഗണിക്കൂ

author-image
WebDesk
New Update
Agnipath scheme, Soldiers recruitment Agnivir, Indian Army

ന്യൂഡല്‍ഹി: സൈനിക റിക്രൂട്ട്‌മെന്റില്‍ സുപ്രധാന പരിഷ്‌കരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കര, നാവിക, വ്യോമസേനകളിലേക്ക് അഗ്നിപഥ് പദ്ധതിയില്‍ നാല് വര്‍ഷത്തേക്കു സൈനികരെ നിയമിക്കും. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമ സേനാ മേധാവികളും അറിയിച്ചു.

Advertisment

അഗ്നിപഥ് പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരും. പദ്ധതി സംബന്ധിച്ച നിര്‍ദേശത്തിനു സുരക്ഷാകാര്യ സമിതി ഇന്നു രാവിലെ അംഗീകാരം നല്‍കി. ഇതു നടപ്പിലാവുന്നതോടെ 13 ലക്ഷത്തിലധികം വരുന്ന സായുധ സേനയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങും. ഇതോടെ, വര്‍ഷങ്ങളായി സര്‍ക്കാരുകളുടെ പ്രധാന ആശങ്കയായ പ്രതിരോധ പെന്‍ഷന്‍ തുകയെ ഗണ്യമായി കുറയ്ക്കും.

''മൂന്ന് സൈനിക വിഭാഗങ്ങളുടെയും മാനവ വിഭവശേഷി നയത്തില്‍ പുതു യുഗത്തിനു തുടക്കം കുറിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാന പ്രതിരോധ നയ പരിഷ്‌കരണമാണിത്. ഉടനടി പ്രാബല്യത്തില്‍ വരുന്ന നയം, ഇനി റിക്രൂട്ട്‌മെന്റിനെ നിയന്ത്രിക്കും,'' സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഓഫീസര്‍ റാങ്കിനു താഴെയുള്ളവര്‍ക്കാണു പുതിയ സംവിധാനത്തിനു കീഴില്‍ നിയമനം. 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണു റിക്രൂട്ട് ചെയ്യുക. റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ അതേപടി തുടരും. റാലികളിലൂടെ വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്മെന്റ് നടത്തും.

Advertisment

Also Read: രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിൽ; എഐസിസി ആസ്ഥാനത്ത് സംഘർഷം, മുതിർന്ന നേതാക്കളടക്കം കസ്റ്റഡിയിൽ

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക. ഈ കാലയളവില്‍, അവര്‍ക്ക് 30,000 രൂപ പ്രാരംഭ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നാലുവര്‍ഷത്തെ സേവനത്തിന്റെ അവസാനത്തോടെ ശമ്പളം 40,000 രൂപയായി ഉയരും.

ഈ കാലയളവില്‍, ജവാന്മാരുടെ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. തത്തുല്യമായ തുക സര്‍ക്കാരും നീക്കിവയ്ക്കും. ഈ തുകയ്ക്കു പലിശയും ലഭിക്കും. നാല് വര്‍ഷത്തെ സേവന കാലയളവ് അവസാനിക്കുമ്പോള്‍, ഓരോ സൈനികനും 11.71 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. ഇത് നികുതി രഹിതമായിരിക്കും. കൂടാതെ നാല് വര്‍ഷത്തേക്ക് 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. സേവനത്തിനിടെ മരിച്ചാല്‍, ശേഷിക്കുന്ന കാലയളവിലേക്കുള്ള ശമ്പളം ഉള്‍പ്പെടെ ഒരു കോടി രൂപയിലധികം ലഭിക്കും.

അഗ്നിപഥ് പദ്ധതി പ്രകാരം, ഓരോ വര്‍ഷവും റിക്രൂട്ട് ചെയ്യുന്ന 45,000-50,000 വരെ പേരില്‍ 25 ശതമാനം പേരെ മാത്രമേ നാലു വര്‍ഷത്തിനുശേഷം സ്ഥിരം കമ്മിഷനായി 15 വര്‍ഷം കൂടി തുടരാന്‍ അനുവദിക്കൂ. ഇങ്ങനെ 15 വര്‍ഷത്തേക്കു കൂടി നിയമിക്കപ്പെടുന്നവര്‍ക്കു വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ പ്രാരംഭ നാല് വര്‍ഷത്തെ സേവനകാലയളവ് പരിഗണിക്കില്ല.

നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും. 'ഓള്‍ ഇന്ത്യ, ഓള്‍ ക്ലാസ്' റിക്രൂട്ട്മെന്റ് നടപ്പാക്കുന്ന പദ്ധതിക്കു കീഴില്‍ 90 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും.

അഗ്നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറ്ഞു ''ഇത് സമ്പദ്വ്യവസ്ഥയിലേക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതയിലേക്കു നയിക്കും. ഇത് ഉല്‍പ്പാദനക്ഷമതയിലും മൊത്തത്തിലുള്ള ജിഡിപി വളര്‍ച്ചയിലും സഹായകമാകും,'' മന്ത്രി പറഞ്ഞു.

Rajnath Singh Indian Army Indian Air Force Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: