ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനോട് അനുബന്ധിച്ച് ഇ.ഡി ഓഫീസ് ഡൽഹി പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്.
അതിനിടെ ഐഐസിസി ആസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിക്ക് ഒപ്പം ഇ.ഡി ഓഫീസിലേക്ക് പോകാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. മുതിർന്ന നേതാക്കളായ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, ഐഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംപിമാരെയും മുതിർന്ന നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
ഇന്നലെയും പ്രവർത്തകർക്കൊപ്പം പ്രകടനവുമായിട്ടാണ് രാഹുൽ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. പ്രകടനം ഡൽഹി പൊലീസ് തടയുകയും നേതാക്കളെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്തോടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
നേതാക്കളെ പൊലീസ് മർദ്ദിച്ചതായും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെടെ നാല് മുതിർന്ന നേതാക്കൾക്ക് പരുക്കേറ്റതായും കോൺഗ്രസ് ആരോപിച്ചു.
ഇന്നലെ രാവിലെ 11.30ഓടെയാണ് കോൺഗ്രസ് ഉന്നത നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെ രാഹുൽ ഇ.ഡി ആസ്ഥാനത്ത് എത്തിയത്. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉച്ചഭക്ഷണത്തിന് പോകാൻ അനുവദിച്ചതായി വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തിയ ശേഷം രാത്രി 10 മണി വരെ ചോദ്യം ചെയ്യൽ തുടർന്നു.
യംഗ് ഇന്ത്യയുടെ ഉടമസ്ഥാവകാശം ഗാന്ധി കുടുംബത്തെക്കുറിച്ചും നാഷണൽ ഹെറാൾഡ് പത്രം നടത്തുന്ന കമ്പനിയായ അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ഓഹരിയെക്കുറിച്ചും അദ്ദേഹത്തോട് ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. 2010-ൽ എജെഎൽ യംഗ് ഇന്ത്യ ഏറ്റെടുത്ത സാഹചര്യത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചതായാണ് വിവരം.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ജൂൺ രണ്ടിനാണ് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത്. രാഹുൽ വിദേശത്തായതിനാൽ ജൂൺ 13ലേക്ക് സമയം നീട്ടി നൽകുകയായിരുന്നു. ഈ മാസം 23 ന് സോണിയ ഗാന്ധിയുടെ മൊഴിയെടുക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
പാർട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.
2015 ല്‍ കേസ് ഇ.ഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.
Also Read: അദാനിക്ക് ഊര്‍ജ പദ്ധതി: മോദി സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു