/indian-express-malayalam/media/media_files/uploads/2020/07/prof-saibaba.jpg)
ന്യൂഡൽഹി: നാഗ്‌പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ഡോക്ടർ ജിഎൻ സായ്ബാബയ്ക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കണമെന്നുള്ള ആവശ്യം ശക്തമാവുന്നു. പ്രൊഫസറുടെ ആരോഗ്യ നില വഷളായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണമെന്നും ഇതിനായി ജാമ്യം അനുവദിക്കണമെന്നും ആവശ്യമുയരുന്നത്. നാഗ്‌പൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം തുടരുന്നതും അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് ആശങ്ക ഉയരാൻ കാരണമാവുന്നുണ്ട്.
കാലുകൾക്ക് ചലനശേഷിയില്ലാത്ത ഡോക്ടർ സായ്ബാബ 19 ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതായും അദ്ദേഹത്തിന് ചികിത്സ നൽകേണ്ടത് അനിവാര്യമാണെന്നും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങൾക്കുള്ള സംഘടനയായ നാഷനൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് (എൻപിആർഡി) ആവശ്യപ്പെട്ടു.
"ഡോക്ടർ സായ്ബാബയ്ക്ക് 19 ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിൽ ചിലത് ജീവന് തന്നെ ഭീഷണിയാവുന്നതാണ്. രോഗ പ്രതിരോധ സംവിധാനത്തിലെ കുഴപ്പങ്ങളും രക്താതി സമ്മർദ്ദവും ചേർന്നുള്ള പ്രശ്നങ്ങൾ അതിൽ ചിലത് മാത്രമാണ്. ചെറുപ്പത്തിൽ പോളിയോ വന്നത് രണ്ട് കാലുകളെയും ബാധിച്ചതും നട്ടെല്ലിനും നാഡീ വ്യവസ്ഥയ്ക്കുമുള്ള ചികിത്സിച്ച് മാറ്റാനാവാത്ത പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ ഡിസെബിലിറ്റിക്ക് കാരണം. അദ്ദേഹത്തിന്റെ രണ്ട് കൈകളും തളർന്നിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പത്നി പറഞ്ഞത്, അതിൽ ഒരു കൈ തളർന്നത് അറസ്റ്റിന്റെ സമയത്തുള്ള പരിക്കു കാരണവും രണ്ടാമത്തെ കൈ തളർന്നത് ജയിലിൽ അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചതിനാലുമാണ്" എൻപിആർഡി വാർത്താക്കുറിപ്പിൽ പറഞ്ഞു.
തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരോട് കേന്ദ്രസർക്കാരും മഹാരാഷ്ട്ര സർക്കാരും സ്വീകരിക്കുന്ന സമീപനത്തെ അപലപിക്കുന്നുവെന്നും സംഘടന അഭിപ്രായപ്പെട്ടു.
Read More: ഡല്‍ഹി കലാപ കേസില്‍ ഹിന്ദുക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം: ഉത്തരവുമായി കമ്മീഷണര്‍
" പ്രോഫസർ ജിഎൻ സായ്ബാബയെപ്പോലുള്ള തടവുകാരെ കൈകാര്യം ചെയ്യുന്ന രീതി എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെും രാജ്യത്തെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള നിയമത്തെയും ജയിൽ ചട്ടങ്ങളെയും ലംഘിക്കുന്നതാണ്. അദ്ദേഹം ഇപ്പോൾ കഴിയുന്ന നാഗ്പൂർ സെൻട്രൽ ജയിലിൽ ഗുരുതരമായ ബുദ്ധിമുട്ടുകളാണ് അദ്ദേഹം നേരിടുന്നത്," പ്രസ്താവനയിൽ പറയുന്നു.
"ജയിൽ വളപ്പിനുള്ളിൽ പോലും അദ്ദേഹത്തിന് എത്തിച്ചേരാനാവില്ല. ഒപ്പം അദ്ദേഹത്തെ ഏകാന്ത തടവിലേക്ക് മാറ്റി, മുൻപ് മറ്റു തടവുകാരെ സഹായത്തിനായി ആശ്രയിക്കാമായിരുന്നെങ്കിൽ ഇപ്പോഴത് പറ്റില്ല. ജയിലിലെ അണ്ഡ സെല്ലിലെ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുകയാണ് അദ്ദേഹം," വാർത്താക്കുറിപ്പിൽ പറയുന്നു.
ജയിലിലെ തടവുകാർക്കും ജീവനക്കാർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മറ്റ് അസുഖങ്ങളുള്ള സായ്ബാബയ്ക്ക് കോവിഡ് രോഗബാധ കൂടി വന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമാവുമെന്നും എൻപിആർഡി മുന്നറിയിപ്പ് നൽകി. "അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണം, ഇപ്പോൾ അത് തടഞ്ഞിരിക്കുകയാണ്," എൻപിആർഡി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Read More: ശമ്പളമില്ല; മുംബൈയിൽ പ്രത്യേക കോവിഡ് ഡ്യൂട്ടിക്കെത്തിയ മലയാളി ഡോക്ടർമാർ നാട്ടിലേക്ക് മടങ്ങുന്നു
മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് സായ്ബാബയെ തടവിലാക്കിയത്. യുഎപിഎക്ക് കീഴിൽ വരുന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട ജിഎൻ സായ്ബാബക്ക് 2017ലാണ് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കോടതി തടവ് ശിക്ഷ വിധിച്ചത്.
ഡൽഹിയിലോ ഹൈദരാബാദിലോ ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതിനായി സായ്ബാബയെ ജാമ്യത്തിൽ വിടണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് കോവിഡ് വ്യാപിച്ചിക്കാൻ സാധ്യതയുണ്ടെന്നും കുടുംബാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലും ഹൈദരാബാദിലുമാണ് ജിഎൻ സായ്ബാബയുടെ കുടുംബാംഗങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us