മുംബൈ: ഇന്ത്യയിൽ കോവിഡ് 19 വലിയ ആഘാതമുണ്ടാക്കിയ മഹാരാഷ്ട്രയിലെ മുംബൈയിൽ പ്രത്യേക ഡ്യൂട്ടിക്കെത്തിയ മലയാളി ഡോക്ടർമാർ നാട്ടിലേക്ക് മടങ്ങുന്നു. രോഗവ്യാപനം വർധിച്ചതോടെ ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ പ്രവർത്തിക്കാനാണ് സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം 40 ഡോക്ടർമാർ കേരളത്തിൽ നിന്ന് മുംബൈയിലെത്തിയത്. എന്നാൽ ഇവർക്ക് ഇതുവരെ ശമ്പളം നൽകിയില്ലെന്നാണ് ആരോപണം.

ശമ്പളം ലഭിക്കാത്തതിനാൽ 15 ഡോക്ടർമാർ ഇതിനോടകം നാട്ടിലേക്ക് മടങ്ങി. അവശേഷിക്കുന്ന 25 പേരും ഇന്ന് കേരളത്തിലേക്ക് തിരിക്കുമെന്ന് അറിയിച്ചു. സെവൻ ഹിൽസ് ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള നഴ്സുമാർക്കും ശമ്പളം ലഭിച്ചട്ടില്ല.

Also Read: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 കോവിഡ് ബാധിതർ

“മുംബൈയിലെത്തിയ 40 ഡോക്ടർമാർക്കും ശമ്പളം നൽകിയിട്ടില്ല. രണ്ടുമാസം ജോലി ചെയ്യേണ്ടതായിരുന്നു. അവരിൽ 15 പേരും കഴിഞ്ഞയാഴ്ച ശമ്പള പ്രശ്‌നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു, ”ലോക്ക്ഡൺ സമയത്ത് ഇത്രയും ഡോക്ടർമാരെ മഹാരാഷ്ട്രയിലേക്ക് എത്തിച്ച ഡോക്ടർമാർ വിത്തൗട്ട് ബോർഡേഴ്സിന്റെ സൗത്ത് ഏഷ്യ ചാപ്റ്ററുമായി ബന്ധപ്പെട്ട ഒരു ഡോക്ടർ പറഞ്ഞു.

ജൂൺ 9നാണ് 40 ഡോക്ടർമാരും 35 നഴ്സുമാരും അടങ്ങുന്ന സംഘം കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ എത്തിയത്. മഹാരാഷ്ട്ര സർക്കാർ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചത് പ്രകാരമായിരുന്നു ഇത്. നഗരത്തിൽ ഒരു കോവിഡ് ആശുപത്രി സജ്ജമാക്കുകയെന്ന ദൗത്യമായിരുന്നു സംഘത്തിനുള്ളത്. ഇതിനായി ബിഎംസി സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപയും എംബിബിഎസ് ഡോക്ടർമാർക്ക് 80000 രൂപയും നഴ്സുമാർക്ക് 35000 രൂപയും ശമ്പളവും യാത്ര ചെലവുമാണ് വാഗ്ദാനം ചെയ്തിരുന്നത്.

Also Read: ശസ്‌ത്രക്രിയയ്ക്കുവിധേയനായ രോഗിയുടെ വയറിൽ കത്രിക; ഡോക്‌ടർക്കെതിരെ പരാതി

എന്നാൽ ശമ്പളം നൽകാനോ യാത്ര ചെലവുകൾ തീർക്കാനോ ബിഎംഎസി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. സെവൻ ഹിൽസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലാ നഴ്സുമാർക്കും ശമ്പളം ലഭിച്ചതായി അവരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) അറിയിച്ചു. എന്നാൽ ഇക്കൂട്ടത്തിലും ശമ്പളം ലഭിക്കാത്തവരുണ്ടെന്നാണ് മറ്റൊരു ആരോപണം.

“ജൂലൈ അഞ്ചിന് ശമ്പളം നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് പത്താം തീയതിയിലേക്ക് മാറ്റുകയായിരുന്നു. അത് ജൂലൈ 13ലേക്കും നീണ്ടും. എന്നാൽ ശമ്പളം ലഭിച്ചില്ല,” ഡോ. സന്തോഷ് കുമാർ പറഞ്ഞു. അതേസമയം എത്രയും വേഗം തന്നെ ഡോക്ടർമാരുടെ ശമ്പളം ലഭ്യമാക്കുമെന്ന് ബിഎംസി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook