scorecardresearch

ഗുലാം നബി അസാദിനോട് സംസാരിച്ച് സോണിയ; കൂട്ടായ നേതൃത്വം വേണമെന്ന് ജി-23 നേതാക്കള്‍

ജി-23 നേതാക്കളില്‍ ചിലര്‍ ഗുലാം നബി അസാദിന്റെ വസതിയില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു

ജി-23 നേതാക്കളില്‍ ചിലര്‍ ഗുലാം നബി അസാദിന്റെ വസതിയില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു

author-image
WebDesk
New Update
G 23 Leaders, Congress

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് ശേഷം കോൺഗ്രസ് നേതൃത്വവും ജി-23 വിഭാഗവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയില്‍ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി സംസാരിച്ചതായി സൂചന. സോണിയയും മറ്റുചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും വൈകാതെയുണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Advertisment

ജി-23 നേതാക്കളില്‍ ചിലര്‍ ഗുലാം നബി അസാദിന്റെ വസതിയില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന നേതാവ് മണിശങ്കർ അയ്യർ, ലോക്‌സഭാ എംപിയും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്ങിന്റെ പത്നി പ്രണീത് കൗർ, 2017 ൽ കോൺഗ്രസ് വിട്ട ഗുജറാത്ത് നേതാവ് ശങ്കർസിംഗ് വഗേല എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. 2019 ല്‍ വഗേല എന്‍സിപിയില്‍ ചേര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലേക്കൊരു മടങ്ങിവരവ് അദ്ദേഹം ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യമായാണ് ജി-23 യുടെ ഒരു ഔദ്യോഗിക യോഗം ചേരുന്നത്. 18 നേതാക്കള്‍ ഒപ്പിട്ട പ്രസ്താവനയും പുറത്തിറക്കി. "നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പാര്‍ട്ടിയില്‍ നിന്നുള്ള പലായനത്തിന്റെ സാഹചര്യങ്ങളും പരിശോധിക്കാനാണ് ഞങ്ങള്‍ ഒത്തുകൂടിയത്. എല്ലാ തലങ്ങളിലും കൂട്ടായതും ഉൾക്കൊള്ളുന്നതുമായ തീരുമാനങ്ങൾ എടുക്കുന്ന നേതൃത്വത്തിന്റെ മാതൃക സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിക്ക് മുന്നിലുള്ള ഏക മാര്‍ഗമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," പ്രസ്താവനയില്‍ പറയുന്നു.

"ബിജെപിയെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസ് ശക്തമാകേണ്ടതുണ്ട്. 2024 ലേക്ക് ഒരു ബദലിനായി സമാന ചിന്താഗതിക്കാരായ മറ്റ് ശക്തികളുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുകയാണ്," ജി-23 നേതാക്കള്‍ പറയുന്നു.

Advertisment

ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, പൃഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ഭൂപീന്ദർ സിംഗ് ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, വഗേല, അയ്യർ, ശശി തരൂർ, പിജെ കുര്യൻ, എം എ ഖാൻ, രജീന്ദർ കൗർ ഭട്ടൽ, സന്ദീപ് ദീക്ഷിത്, കുൽദീപ് ശർമ്മ, വിവേക് ​​തൻ പ്രണീത് കൗർ എന്നിവർ പ്രസ്താവനയില്‍ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

"ഞങ്ങളെ പുറത്താക്കുന്നത് വരെ ഞങ്ങൾ കോൺഗ്രസ് വിട്ടു പോകില്ല. പാർട്ടിയിൽ ജനാധിപത്യവത്ക്കരണം സാധ്യമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. പാർട്ടിയെ ജനാധിപത്യവത്ക്കരിക്കാനും 2024 ൽ ബിജെപിക്ക് ഒരു ബദൽ കെട്ടിപ്പടുക്കാനും, ഇതിനായി പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി ഞങ്ങൾ രാജ്യത്തുടനീളം സഞ്ചരിക്കും," യോഗത്തിൽ പങ്കെടുത്ത ഒരു പാർട്ടി നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ജി-23 യോഗം നടക്കുന്നതിനിടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം പരിശോധിക്കാനും സംഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും അഞ്ച് നേതാക്കളെ സോണിയ ഗാന്ധി നിയോഗിച്ചു. ഗോവയിൽ രാജ്യസഭാ എംപി രജനി പാട്ടീൽ, മണിപ്പൂരിൽ ജയറാം രമേഷ്, പഞ്ചാബിൽ അജയ് മാക്കൻ, ഉത്തർപ്രദേശിൽ ജിതേന്ദ്ര സിംഗ്, ഉത്തരാഖണ്ഡിൽ അവിനാഷ് പാണ്ഡെ എന്നിവരാണ് നേതാക്കള്‍

"പരാജയത്തിന്റെ കാരണക്കാരായവരെ തന്നെയാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ നിയോഗിച്ചിരിക്കുന്നതെന്ന് യോഗം നിരീക്ഷിച്ചു. സാഹചര്യത്തെ നേതൃത്വം ഗൗരവതരമായി കാണുന്നില്ലെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു," ഒരു നേതാവ് പറഞ്ഞു.

ഗാന്ധിക്കുടുംബം നേതൃത്വത്തില്‍ നിന്ന് മാറിനിൽക്കണമെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ നിർദ്ദേശിച്ചതിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. സോണിയയുടെ പുതിയ ഇടപെടലുകള്‍ സാഹചര്യങ്ങള്‍ തണുപ്പിക്കാനും ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാനുമുള്ള ശ്രമമായേക്കാം.

Also Read: യുഡിഎഫ് രാജ്യസഭാ സീറ്റില്‍ അപ്രതീക്ഷിത പേര്; ആരാണ് ശ്രീനിവാസന്‍ കൃഷ്ണന്‍?

Rahul Gandhi Congress Sonia Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: