കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് എം ലിജുവിനെ കെപിസിസി നിര്‍ദേശിച്ചിരിക്കെ അപ്രതീക്ഷിത പേര് ഉയര്‍ത്തി ദേശീയ നേതൃത്വം. എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെയാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിയായി കെപിസിസി പരിഗണിക്കുന്നവരുടെ പേരിനൊപ്പം ശ്രീനിവാസന്റെ പേരു കൂടി ഉള്‍പ്പെടുത്താനാണു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ആരാണ് ശ്രീനിവാസന്‍ കൃഷ്ണന്‍ എന്ന ചോദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ഉള്‍പ്പെടെ ഉയരുകയാണ്.
സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എകെ ആന്റണി, കെ സോമപ്രസാദ്, എംവി ശ്രേയാംസ് കുമാർ എന്നിവർ അംഗത്വ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതില്‍ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫിനും ഒന്നില്‍ യുഡിഎഫിനുമാണു വിജയസാധ്യത. എല്‍ഡിഎഫ് സീറ്റുകളിൽ ഒന്ന് സിപിഎമ്മിനും മറ്റൊന്നു സിപിഐക്കുമാണ്. സിപിഎം സ്ഥാനാര്‍ഥിയായി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീമും സിപിഐ സീറ്റില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറുമാണ് മത്സരിക്കുന്നത്.
കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ആരൊക്കെ?
എകെ ആന്റണിയുടെ ഒഴിവിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാർഥി മത്സരിക്കുക. ഇതിലേക്കു ശ്രീനിവാസന്‍ കൃഷ്ണനെയാണു ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതെങ്കില്‍ എം ലിജുവിന്റെ പേരാണ് കെപിസിസി നേതൃത്വം ഉയര്‍ത്തുന്നത്. ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം ലിജുവിന്റെ പേര് നിര്‍ദേശിച്ചു. ലിജുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
രാഹുല്‍ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് ലിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുവരെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിര്‍വഹിച്ചിട്ടുണ്ടെന്നും പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ലിജു പറഞ്ഞു.
അതേസമയം, ലിജുവിനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എം പി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റവരെ പരിഗണിക്കരുതെന്നാണ് കത്തിലെ ആവശ്യം. എന്നാൽ, കെട്ടിയിറക്കിയ കെട്ടിയിറക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കേണ്ടതില്ലെന്നും അർഹതയുള്ള നിരവധിപേർ കേരളത്തിലുണ്ടെന്നുമുള്ള നിലപപാടാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യന്റേത്.
സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ കെപിസിസി വൈസ് പ്രസിഡന്റും തൃത്താല മുന്‍ എംഎല്‍എയുമായ വിടി ബല്‍റാമിന്റെ പേര് സജീവമായി ഉയര്‍ന്നിരുന്നു. സിഎംപി നേതാവ് സിപി ജോണും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെവി തോമസും സീറ്റിനായി ശക്തമായ സമ്മര്‍ദം ഉയര്‍ത്തിയിരുന്നു.
ശ്രീനിവാസന്‍ കൃഷ്ണന്‍: പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തന്‍
എഐസിസിസി സെക്രട്ടറിയായ ശ്രീനിവാസന്‍ കൃഷ്ണനെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വധ്രയുടെയും വിശ്വസ്തനായാണു പരിഗണിക്കപ്പെടുന്നത്. എഐസിസിയിലെ മറ്റു നേതാക്കളുമായും അടുത്ത ബന്ധമാണു ബിസിനസുകാരനായ ശ്രീനിവാസനുള്ളത്. എന്നാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത്ര പരിചിതനല്ല അദ്ദേഹം.
ശശി തരൂർ നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് ആയിരിക്കെ 2018ലാണ് ശ്രീനിവാസൻ എഐസിസി സെക്രട്ടറിയാകുന്നത്. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ അന്‍പത്തിയേഴുകാരനായ ശ്രീനിവാസന്‍.

എഐസിസി സെക്രട്ടറിയായി ശ്രീനിവാസനെ നിയോഗിച്ചതിനെതിരെ അന്ന് വിഎം സുധീരൻ പരസ്യമായി രംഗത്തുവന്നിരന്നു. ” ഇപ്പോൾ ഒരു ശ്രീനിവാസൻ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്,” എന്നായിരുന്നു സുധീരൻ പ്രതികരിച്ചത്. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസിൽ ഉയരുന്നതെന്നും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബെംഗളുരു ഐഐഎം, കോഴിക്കോട് എൻഐടി എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടിയ ശ്രീനിവാസൻ തുടർന്ന് ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്ററായിരുന്നു.
പിവി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ വ്യവസായ മന്ത്രിയായിരുന്ന കെ കരുണാകരന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്‌ഡി) യായി 1995ൽ നിയമിതനായി. തുടര്‍ന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്. തൃശൂര്‍ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ കൊച്ചി പനമ്പിളി നഗറിലാണ് താമസം.
Also Read: രാജ്യസഭയിലേക്കും പുതിയ മുഖം; എ.എ.റഹീം സിപിഎം സ്ഥാനാർഥി
തിരഞ്ഞെടുപ്പ് 31ന്
മൂന്നു സീറ്റിലേക്കും മാർച്ച് 31നാണ് വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണു വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷൻ 14ന് പുറപ്പെടുവിച്ചു. 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.