/indian-express-malayalam/media/media_files/HEKQV3jgN483YH6xMu3T.jpg)
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ തിങ്കളാഴ്ച പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രി ഋഷി സുനക് തന്റെ മുൻനിര ടീമിനെ പുനഃക്രമീകരിച്ചപ്പോൾ നടത്തിയ അപ്രതീക്ഷിത നിയമനമാണ് ഡേവിഡ് കാമറൂണിന്റേത്.
2010 മുതൽ 2016 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു 57 കാരനായ ഡേവിഡ് കാമറൂൺ ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലത്തെത്തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ വോട്ട് ചെയ്തപ്പോൾ പ്രധാനമന്ത്രി പദം രാജിവെക്കുകയായിരുന്നു.
സജീവ രാഷ്ട്രീയത്തിലേക്ക് വീണ്ടുമുള്ള തിരിച്ചുവരവ് തികച്ചും അപ്രതീക്ഷിതമാണ്. കഴിഞ്ഞ ഏഴ് വർഷമായി അദ്ദേഹം ഓർമ്മക്കുറിപ്പുകൾ എഴുതുകയും ധനകാര്യ സ്ഥാപനമായ ഗ്രീൻസിൽ ക്യാപ്പിറ്റൽ ഉൾപ്പെടെയുള്ള ബിസിനസ് രംഗത്ത് നിൽക്കുകയായിരുന്നു അദ്ദേഹം.
ഗ്രീൻസിൽ ക്യാപ്പിറ്റൽ പിന്നീട് തകർച്ച നേരിട്ടു. 2020-ൽ കാമറൂൺ മുതിർന്ന മന്ത്രിമാരോട് സ്ഥാപനത്തിനായി ലോബി ചെയ്യാൻ ആവർത്തിച്ച് ബന്ധപ്പെട്ടതിന് ശേഷം, മുൻ നേതാക്കൾക്ക് സർക്കാർ നയത്തെ സ്വാധീനിക്കാൻ അവരുടെ പദവി എത്രത്തോളം ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഗ്രീൻസിലിന്റെ തകർച്ച ആക്കം കൂട്ടി.
ലണ്ടൻ പൊലീസ് ഇടതുപക്ഷ, പലസ്തീൻ അനുകൂല പക്ഷപാതികളാണെന്ന് ആരോപിച്ച് സ്യൂല്ലെ ബ്രാവർമാൻ എഴുതിയ ലേഖനം വിവാദമായിതിനെ തുടർന്ന് അവരെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. പകരം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലെവർലിയെ ആഭ്യന്തര സെക്രട്ടറിയാക്കി. ഇതേതുടർന്നാണ് സജീവ രാഷ്ട്രീയത്തിൽ നിന്നകന്ന് നിന്നിരുന്ന മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് മന്ത്രിസഭയിലേക്ക് വീണ്ടും വരാനുള്ള കളമൊരുങ്ങിയത്.
തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗമല്ലെങ്കിലും മന്ത്രിയായി സർക്കാരിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തെ അനുവദിച്ചുകൊണ്ട് ബ്രിട്ടനിലെ അപ്പർ ചേമ്പറായ ഹൗസ് ഓഫ് ലോഡ്‌സിൽ കാമറൂണിന് സീറ്റ് നൽകാൻ ചാൾസ് രാജാവ് അനുമതി നൽകിയതായി സുനക്കിന്റെ ഓഫീസ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.