/indian-express-malayalam/media/media_files/uploads/2022/10/Shehan-Karunathilake-Booker-prize.jpg)
ശ്രീലങ്കയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലേയ്ക്ക് കടന്നുവന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് ഷെഹാന്‍ കരുണതിലക. അദ്ദേഹത്തിന്‍റെ ആദ്യനോവല്‍ ‘ചൈനാമാന്‍’ അന്താരാഷ്‌ട്രതലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഏറെ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് പശ്ചാത്തലമായ ഒരു രാഷ്ട്രീയകൃതിയായിരുന്നു അത്. 2012-ല്‍ ജയ്പൂര്‍ ലിറ്ററച്ചര്‍ ഫെസ്റ്റിവലില്‍ DSC സാഹിത്യപുരസ്കാരം ഏറ്റുവാങ്ങിയ കരുണതിലകയെ എനിക്ക് ഒന്ന് പരിചയപ്പെടാനും ആ പുസ്തകം അധികം താമസിയാതെതന്നെ വായിക്കാനുമായത് ഒരു ഭാഗ്യമായി കരുതുന്നു.
പാകിസ്ഥാനി എഴുത്തുകാരനായ മുഹമ്മദ് ഹനിഫ്, കാശ്മീരി എഴുത്തുകാരായ മിര്‍സാ വാഹിദ് , ബഷരറത് പീര്‍ മുതലായ പുതിയ തലമുറയിലെ എഴുത്തുകാര്‍ക്കൊപ്പം ആഘോഷിക്കപ്പെട്ട ഒരെഴുത്തുകാരനായിരുന്നു കരുണതിലകയും. ആദ്യ പുസ്തകത്തിനു ശേഷം വളരെക്കാലമെടുത്തു ‘ചാറ്റ്സ് വിത്ത് ദ ഡെഡ്’ എന്ന നോവല്‍ പ്രസിദ്ധീകൃതമാകാന്‍. ഇതേ പുസ്തകത്തിന്‍റെ തന്നെ യു കെ പതിപ്പാണ് ‘ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേദ’. ഏഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അവസ്ഥകളും മരണാന്തര ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമൊക്കെ അധികം മനസ്സിലാക്കിയിട്ടില്ലാത്ത വായനക്കാര്‍ക്ക് അല്‍പ്പം വിശദീകരണം നോവലിനുള്ളില്‍ത്തന്നെ കൊടുത്തു എന്നതല്ലാതെ ഈ രണ്ടു പുസ്തകങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല.
മാലി അല്‍മേദയുടെ മരണവും ജീവിതവുമാണ് ഇതിലെ പ്രമേയം. മാലിയുടെ മരണശേഷമാണ് കഥ തുടങ്ങുന്നത് എന്നതും, അവന്‍റെ ആത്മാവാണ് കഥ പറയുന്നതും എന്നതാണ് അതിലെ വ്യത്യസ്തത. എലിഫ് ഷഫക്കിലൂടെയും ജോര്‍ജ്ജ് സോണ്ടേഴ്സിലൂടെയുമൊക്കെ ഇത്തരം ആഖ്യാനങ്ങള്‍ നമുക്ക് പരിചിതമാണ്. പക്ഷെ കരുണതിലകയുടെ കഥാലോകം പുസ്തകത്തിന്‍റെ പുറംചട്ട വ്യക്തമാക്കുന്നതുപോലെ കടുത്തനിറങ്ങളാലും ഭയം, ഉദ്വേഗം, ആഘോഷം ഒക്കെ നിറയുന്ന ജീവിതാവസ്ഥകളാലും സമ്പുഷ്ടമാണ്.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസന്തുലിതാവസ്ഥയും ഇന്ത്യ, നോര്‍വെ പോലുള്ള രാജ്യങ്ങളും അന്താരാഷ്‌ട്രസംഘടനകളും അവിടെ നടത്തിയ ഇടപെടലുകളും അവിടെ ഉരുത്തിരിഞ്ഞു വന്ന വംശീയസംഘര്‍ഷങ്ങളും ഭീകരപ്രസ്ഥാനങ്ങളും ഒക്കെ പൊതുജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതും ഈ നോവല്‍ കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ്.
/indian-express-malayalam/media/media_files/uploads/2022/10/312085908_10217225011376375_8335483913491771682_n.jpg)
ജീവന്‍ നഷ്ടമായി അധികം കഴിയാത്ത അവസ്ഥയില്‍ മരിച്ചവരുടെ ലോകത്തിലേയ്ക്ക് മാലിയുടെ ആത്മാവ് എത്തുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. സെവന്‍ മൂണ്‍സ് എന്നത് അവന്‍ മരണ ശേഷം വെളിച്ചത്തിലേയ്ക്ക് പ്രവേശിക്കാനായി കടന്നുപോകേണ്ട അവസ്ഥകളാണ്. ജീവിച്ചിരുന്നപ്പോള്‍ അവന്‍ വെറുത്തിരുന്ന നീണ്ട വരികളിലൂടെയോ പരിശോധനകളിലൂടെയോ മാത്രമേ ഇത് സാധ്യമാവുള്ളൂ. പക്ഷെ അവന്‍ ആഗ്രഹിക്കുന്നത് തന്‍റെ ജീവന്‍ എങ്ങനെ അവസാനിച്ചു എന്ന് കണ്ടെത്താനാണ്. അവന്‍ സ്നേഹിക്കുകയോ അവന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയോ ചെയ്തിരുന്ന ചിലരിലൂടെയെ തനിക്ക് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനോ കണ്ടുമനസ്സിലാക്കാനോ സാധിക്കൂ എന്നറിയുമ്പോള്‍ അവന്‍ അതിനായി ശ്രമിക്കുന്നു.
അധികാരവര്‍ഗ്ഗവും പൊലീസും പ്രസ്ഥാനങ്ങളും ഒക്കെ ഒരു കരുണയുമില്ലാതെ തന്‍റെ രാജ്യത്തെയും അതിലെ ജനങ്ങളെയും ചൂഷണം ചെയ്യുന്നതും ചിലപ്പോഴൊക്കെ ഹിംസയിലൂടെ ഇല്ലാതാക്കുന്നതും മരണാനന്തരകാഴ്ചകള്‍ നല്‍കുന്ന പ്രത്യേക അറിവുകളിലൂടെ മാലി തിരിച്ചറിയുന്നു.
ഹിംസ നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തോടൊപ്പം വ്യക്തിജീവിതങ്ങളിലെ ആശയക്കുഴപ്പങ്ങളും ചൂഷണങ്ങളും പ്രേതലോകത്തിലെ അപ്രതീക്ഷിതകാഴ്ചകളും ഒക്കെക്കൂടി ഒരു വലിയ കാന്‍വാസിലെ ലോകമാണ് നമുക്കിവിടെ ലഭ്യമാകുന്നത്. മാലിയുടെ ആത്മാവിന് മുന്‍പില്‍ അടയ്ക്കപ്പെടുന്ന ഒന്നായാണ് ജീവിച്ചിരിക്കുന്നവരുടെ ലോകത്തെ ആദ്യം കാണിക്കുന്നതെങ്കിലും അവിടേയ്ക്ക് പല വാതിലുകളിലൂടെയും ജാലകങ്ങളിലൂടെയുമൊക്കെ ഒന്നിലധികം വീക്ഷണങ്ങൾ അവന് ലഭിക്കുമ്പോള്‍ കഥാന്തരീക്ഷം വളരെപ്പെട്ടെന്ന് വികസിക്കുകയും രഹസ്യങ്ങള്‍ മനസ്സിലാക്കാനുള്ള വായനക്കാരുടെ ആകാംഷ നിമിഷംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
എടുത്തുപറയേണ്ട ഒരു കാര്യം ഭാഷയില്‍ കരുണതിലക നടത്തുന്ന പരീക്ഷണങ്ങളാണ്. ദശകങ്ങള്‍ക്ക് മുന്‍പ് സല്‍മാന്‍ റുഷ്ദി ‘മിഡ്നൈറ്റ്‌സ് ചില്‍ഡ്രനി’ലൂടെ ഇംഗ്ലീഷ് വായനക്കാരെ അത്ഭുതപ്പെടുത്തിയതാണ് അതോര്‍മ്മപ്പെടുത്തുന്നത്. ഒരുപക്ഷെ ലോകസാഹിത്യത്തില്‍ തിരിച്ചറിയപ്പെടുന്ന ഒരു ശബ്ദമായി കരുണതിലക മാറുന്നതും ഈ കാരണത്താലാവും.
മനുഷ്യാവകാശധ്വംസനം പലരീതികളില്‍ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിലനില്‍ക്കുന്നതിന്‍റെ വെളിപ്പെടുത്തലുകളായിരുന്നു ഈ വര്‍ഷത്തെ ബുക്കര്‍ ചുരുക്കപ്പട്ടിക. മിസ്സിസ്സിപ്പിയിലെ ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ ബാലന്‍റെ ആള്‍ക്കൂട്ടകൊലപാതകവും അമേരിക്കന്‍ ചരിത്രത്തിലെ സമാനമായ മറ്റു സംഭവങ്ങളും പ്രമേയമാക്കിയ പെര്‍സിവല്‍ എവറെറ്റിന്‍റെ ‘ദ ട്രീസ്’, അയര്‍ലണ്ടില്‍ കത്തോലിക്കാസഭയും രാജ്യഭരണാധികാരികളും ചേര്‍ന്ന് നടത്തിയിരുന്ന മനുഷ്യത്വവിരുദ്ധമായ ഒരു പ്രസ്ഥാനത്തെ തുറന്നു കാട്ടിയ ക്ലെയര്‍ കീഗന്‍റെ ‘സ്മാള്‍ തിങ്ങ്സ് ലൈക് ദിസ്’, പ്രകൃതിയും ചരിത്രവും നമ്മുടെ അപൂര്‍ണവും അപ്രസക്തവുമായ ജീവനുകള്‍ക്ക് ചുറ്റും സഹസ്രാബ്ദങ്ങള്‍ നിലനില്‍ക്കുകയും നമ്മോടു സംവദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് പറയുന്ന അലന്‍ ഗാര്‍നറുടെ ’ട്രീക്കിള്‍ വോക്കെഴ്സ്’, മനുഷ്യ ബന്ധങ്ങളില്‍ വലിപ്പച്ചെറുപ്പങ്ങള്‍ ഉണ്ടാവേണ്ടതുണ്ടോ എന്നത് സൂക്ഷ്മതലത്തിലെ വര്‍ഗവിവേചനങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്ന എലിസബത്ത് സ്ട്രൌട്ടിന്‍റെ ‘ഓ വില്ല്യം!’, സിംബാബ്വേയുടെ ഏകാധിപത്യസ്വഭാവമുള്ള രാഷ്ട്രീയപശ്ചാത്തലത്തില്‍ മനുഷ്യരെ മൃഗങ്ങളുടെ രൂപത്തിലെ കഥാപാത്രങ്ങളാക്കി ഒരു ഓര്‍വെലിയന്‍ പ്രപഞ്ചം സൃഷ്ടിക്കുന്ന നൊവയലറ്റ് ബുലവായോയുടെ ‘ഗ്ലോറി’ എന്നീ പുസ്തകങ്ങള്‍ പലതരത്തില്‍, പല കാലഘട്ടങ്ങളില്‍ വായിക്കപ്പെടെണ്ടവയാണ്.
എന്നാല്‍ കരുണതിലകയുടെ ‘ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേദ’ ഇവയേക്കാളൊക്കെ ആഖ്യാനസങ്കേതത്തിലും പാത്രസൃഷ്ടിയിലും കഥാപരിചരണത്തിലും ഒരുപടി മുന്നിലായിരുന്നു എന്നത് ആദ്യവായനയില്‍ത്തന്നെ വ്യക്തമായിരുന്നു. അതിനാല്‍ത്തന്നെ അധികം വിവാദങ്ങള്‍ക്കൊന്നും സ്ഥാനമില്ലാത്ത ഒരുബുക്കര്‍ പുരസ്ക്കാര ഫലപ്രഖ്യാപനമായിരുന്നു ഈ വര്‍ഷത്തേത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.