” അച്ചോ, അമിതാഭ് ബച്ചന്റെ ഒരു സിനിമ ഇവിടെ ഓടുന്നു. സത്യം പറ. അച്ചനത് കാണാൻ പോയതല്ലേ? ങേ?”
“ആണെന്ന് വച്ചോ അതിലെന്താ ഇത്ര തെറ്റ്? എടോ ലാലേ, ഈ ളോഹ ഇട്ടതുകൊണ്ട് ഞങ്ങളെ ബൈബിളിനകത്തങ്ങ് ഒതുക്കിക്കളയരുത്. കർത്താവിനറിയാം ഇവിടെ സിനിമയുണ്ടെന്നും ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചൻ എന്നൊരു സ്റ്റൈലൻ കക്ഷിയുണ്ടെന്നും.”
–സർവ്വകലാശാല സിനിമയിലെ ലാലേട്ടനും ഫാദർ കുട്ടനാടനും തമ്മിലുള്ള സംഭാഷണം
രാം ഗോപാൽ വർമ്മയുടെ പഴയ ഒരു സൂപ്പർ ഹിറ്റ് പടമുണ്ട്. ‘രംഗീല.’ അതിൽ ഊർമ്മിള മതോണ്ട്കർ അവതരിപ്പിക്കുന്ന മിലി എന്ന കഥാപാത്രം സൂപ്പർ സ്റ്റാറായ ജാക്കി ഷ്രോഫിന്റെ ക്ഷണപ്രകാരം ഒരു പാർട്ടിയിൽ പങ്കെടുക്കുന്നുണ്ട്. അവിടെവച്ച് കുടിയനായ ഒരു സിനിമാക്കാരൻ സിനിമയിൽ വലിയ പരിചയമാകാത്ത മിലിയോട് ചലച്ചിത്രരംഗത്തുള്ള തന്റെ ഹോൾഡിനെക്കുറിച്ച് തള്ളി മറിക്കുന്നുണ്ട്. ഹിന്ദിയിലെ കാ ഏതാണ് കൂ ഏതാണ് എന്നുപോലും അറിയാത്ത എനിക്ക് അതിലെ ഒരു ഡയലോഗ് പച്ചവെള്ളം പോലെ പറയാനറിയാം.
“അമിതാഭ് ബച്ചൻ… വോ അമിതാഭ് കോ തോ മേ ബച്പൻ സേ ജാൻതാ ഹും.”
സത്യത്തിൽ ആ കഥാപാത്രത്തിന്റെ ഡയലോഗ് ഒരു തള്ളിമറിക്കലായിരുന്നില്ല. അര നൂറ്റാണ്ടായി തിരയിൽ നിറഞ്ഞുനിൽക്കുന്ന ബച്ചനെ ഇന്ത്യയിലെ ഏതു കൊച്ചിനാണ് അറിയാൻ പാടില്ലാത്തത്. എഴുപതുകളുടെ അവസാനം ജീവിതത്തിലേക്കും എൺപതുകളുടെ തുടക്കത്തിൽ തിരക്കാഴ്ചകളിലേക്കും തലയുംകുത്തി വീണ എന്നെപ്പോലുള്ള ഒരുപാട് കൊച്ചുങ്ങളെ സംബന്ധിച്ചിടത്തോളം ബച്ചനായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാതാരം.
ക്രിക്കറ്റിൽ കപിൽ ദേവും രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയും സിനിമയിൽ അമിതാഭ് ബച്ചനും വിലസിയിരുന്ന കാലമായിരുന്നു എൺപതുകളുടെ തുടക്കം.
അക്കാലത്താണ് ആദ്യമായിട്ടൊരു ബച്ചൻ പടം കൊട്ടകയിൽ പോയി കാണുന്നത്. പുള്ളിക്കാരന്റെ താരമൂല്യം അറിഞ്ഞിട്ടൊന്നുമല്ല പണ്ട് പോയി “ഷാൻ” സിനിമ കണ്ടത്. ചേട്ടച്ചാര് നിർബന്ധിച്ചിട്ടാണ്. ചേട്ടനന്ന് കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി എന്ന സ്കൂളിൽ ബോർഡിങ്ങിൽ നിന്നാണ് പഠിക്കുന്നത്. അതായത് മേരി റോയിയുടെ പള്ളിക്കൂടത്തിന്റെ പഴയ രൂപം. ശനിയാഴ്ചയോ ഞായറാഴ്ചയോ ബോർഡിങ് സ്കൂളിലെ വിദ്യാർഥികൾ കോട്ടയം അഭിലാഷിലും ആനന്ദിലും അനുപമയിലുമൊക്കെ വരുന്ന ഇംഗ്ലീഷ് / ഹിന്ദി സിനിമകൾ കാണണമെന്നത് നിർബന്ധമായിരുന്നു. മേരി റോയിയുടെ മകൾ അരുന്ധതി റോയ് എഴുതിയ “ഗോഡ് ഓഫ് സ്മോൾ തിങ്ങ്സി”ന്റെ നാലാമത്തെ അധ്യായത്തിന്റെ തലക്കെട്ട് എന്താണെന്നറിയാമോ?
‘അഭിലാഷ് ടോക്കീസ്’
നാടൻ ഭാഷയിൽ പറഞ്ഞാൽ അഭിലാഷ് ടാക്കീസ്. അതങ്ങനെ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
അങ്ങനെ അന്തക്കാലത്ത് കോട്ടയത്തെ സാറ്റർഡേ/ സൺഡേ ഫിലിം പര്യടനത്തിനിടയിൽ ചേട്ടൻ കണ്ട പടമായിരുന്നു ‘ഷാൻ.’ അത് നൂറ്റാണ്ടുകൾക്ക് ശേഷം കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ നാട്ടുമ്പുറം തീയറ്ററിൽ വന്നപ്പോൾ ചേട്ടൻ തന്നെയാണ് മുൻകയ്യെടുത്ത് എന്നെ കൊണ്ടുപോയി കാണിച്ചത്. കക്ഷിക്ക് ആ പടം ഒന്നൂടെക്കാണാൻ വല്യ കൊതിയുണ്ടാരുന്നു.

കണ്ട് കണ്ണ് തള്ളിപ്പോയ ഒരു കൊട്ടകക്കാഴ്ചയായിരുന്നു ‘ഷാൻ.’ പക്ഷേ അതിൽ അമിതാഭ് ബച്ചനല്ലായിരുന്നു എന്റെ സെന്റർ ഓഫ് അട്രാക്ഷൻ. മൊട്ടത്തലയൻ വില്ലനും മുതലകൾ നീന്തിക്കളിക്കുന്ന സെറ്റപ്പ് കൊള്ള സങ്കേതവുമായിരുന്നു. ജോസ് പ്രകാശിന്റെ കഥാപാത്രങ്ങളെയൊക്കെ ഞാൻ പരിചയപ്പെടുന്നത് പിന്നീട് ടി വി യിലാണ്. അതുകൊണ്ടാകണം ജീവിതത്തിലാദ്യം പരിചയപ്പെട്ട വില്ലനായ മുതല മുതലാളിയിൽ അറിയാതെ ആകൃഷ്ടനായിപ്പോയത്.
ബച്ചനെ ആദ്യമായിട്ടിഷ്ടമായതും ഒരു ടി വി കാഴ്ചയിലാണ്. സോണി എന്ന കൂട്ടുകാരന്റെ വീട്ടിലെ വി സി ആറിൽ വീഡിയോ കസെറ്റ് ഇട്ടുകണ്ട പടത്തിലെ പ്രകടനം കണ്ട് പുള്ളിയൊരു കേമനാണെന്ന് ധരിച്ചത് പ്രായത്തിന്റെ പ്രത്യേകത കൊണ്ടാകാം. ‘ആഖ് രീ രാസ്ത’ എന്നായിരുന്നു ആ സിനിമയുടെ പേര്. ഭാഗ്യരാജിന്റെ ‘കൈദിയിൻ കതൈ’യുടെ റീമേക്ക് ആയിരുന്നത് എന്നൊക്കെ ഈ അടുത്താണ് അറിയുന്നത്. ഭാഗ്യരാജ് തന്നെയായിരുന്നു സംവിധായകൻ.
ആയിടയ്ക്ക് സ്കൂളിൽ നിന്ന് ടൂറ് പോയ വീഡിയോ കോച്ച് ബസ്സിലിരുന്നാണ് ‘ഷോലെ’ എന്ന അത്ഭുത സിനിമ കാണാൻ കഴിഞ്ഞത്. ഇറങ്ങി ഒരു പതിറ്റാണ്ടും മിച്ചവും കഴിഞ്ഞിട്ട് കാണുമ്പോഴും ഒന്നൊന്നര എഫക്ട് തന്നെയായിരുന്നു ആ കാഴ്ചയ്ക്ക്. ‘ഷോലെ’ സിനിമ കാണാൻ വേണ്ടി മാത്രം ആൾക്കാർ പണ്ട് ബോംബെക്കും കൊച്ചിക്കുമൊക്കെ പോയിരുന്നു എന്ന കഥകൾ നൂറ് ശതമാനം ഗ്യാസ് ആയിരിക്കാൻ സാധ്യതയില്ലെന്ന് അപ്പോൾ തോന്നി.
ധർമേന്ദ്രയുടെ വീരു, ഹേമമാലിനിയുടെ ബസന്തിയെ സ്വന്തമാക്കിയെങ്കിലും വെടികൊണ്ടുവീണ ബച്ചന്റെ ജയ് ആണ് ചിത്രാന്ത്യത്തിൽ നെഞ്ചിലേറിയത്. അന്നത്തെ സ്കൂൾ ചെറുക്കന്റെ കരളിൽ കൂടുകൂട്ടി കുടിയിരുന്ന നടൻ ഇന്നും അവിടെ നിന്നിറങ്ങിപ്പോയിട്ടില്ല.
ഷിനോ ടി.എം എന്നൊരു കൂട്ടുകാരനും ആ യാത്രയിലുണ്ടായിരുന്നു. ക്രിക്കറ്റ് കളിയിലും സ്ഥിരം പാർട്ണർ അവനായിരുന്നു. ഒന്നരച്ചാൺ ദൂരത്തിൽ റബ്ബർപന്ത് കഷ്ടിച്ച് അടിച്ചുതെറിപ്പിച്ചിട്ട് സ്വയം കപിൽ ദേവുമാരായി സങ്കൽപ്പിച്ച് ഞങ്ങൾ വിക്കറ്റുകൾക്കിടയിൽ ഓടും. റൺഔട്ട് ആകാതെ ഇഞ്ചിന് രക്ഷപ്പെടുമ്പോൾ ഞങ്ങൾ എതിർ ക്രീസുകളിൽ നിന്ന് കൂവിവിളിച്ച് പാടും “യേ ദോസ്തി ഹം നഹി തോടേംഗേ…”
അർത്ഥമൊന്നും ശരിക്ക് പിടിയില്ലായിരുന്നെങ്കിലും അത് ഒടിയാത്ത കമ്പിൽ പറിയാത്ത വള്ളി കെട്ടിയ സൈസ് കൂട്ടിന്റെ പാട്ടാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അവന്റെ മനസ്സിൽ അവനും എന്റെ മനസ്സിൽ ഞാനും അമിതാഭ് ബച്ചന്മാരായിരുന്നു. ധർമ്മേന്ദ്ര ഞങ്ങളുടെ സങ്കൽപ്പലോകത്ത് ക്ലീൻ ബൗൾഡായിപ്പോയിരുന്നു.

അങ്ങനെ ആരാധന കത്തി നിൽക്കുന്ന കാലത്താണ് ‘ഹം’ സിനിമ കാണുന്നത്. ഗോവിന്ദയുടെയും രജനികാന്തിന്റെയും വല്യേട്ടനായി വന്നത് അമിതാഭണ്ണൻ.
“ജുമ്മാ ചുമ്മാ ദേ ദേ ചുമ്മാ” എന്ന് പാട്ടുപാടി കിമി കാട്ക്കറുടെ കൂടെ ചുമ്മാതെ ഡാൻസ് കളിക്കുക മാത്രമല്ല ക്ലൈമാക്സിൽ കുടുംബത്തെ ഭക്താവർ എന്ന വില്ലന്റെ കയ്യിൽ നിന്ന് കഷ്ടപ്പെട്ട് രക്ഷപെടുത്തുകയും ചെയ്തു ടൈഗർ എന്ന ബച്ചൻ. ഹെലികോപ്റ്ററിൽ വന്നു വെടിവെച്ചു കളിച്ച വില്ലൻ ഡാനിയും അനുപം ഖേറും ചുമ്മാ ചമ്മിപ്പോയി. ഞാനെന്ന ഹൈസ്കൂൾ വിദ്യാർത്ഥിക്ക് സ്വന്തം ബച്ചനിഷ്ടത്തെ തീറ്റിപ്പോറ്റാൻ അത്രയൊക്കെ മതിയായിരുന്നു.
അധികം കാലം കഴിയേണ്ടി വന്നില്ല അതേ ബച്ചനോട് ഭൂലോക കലിപ്പുണ്ടാകാൻ. ‘പെരുന്തച്ചൻ’ എന്ന സിനിമയിലെ പ്രകടനം കണ്ടതോടെ തിലകന്റെ അടിമയായി മാറിയ കാണിയായിത്തീർന്നിരുന്നു ഞാൻ.
അത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് എന്തു വന്നാലും പുള്ളിക്കു തന്നെയെന്നങ്ങുറപ്പിച്ചു. പക്ഷേ ദേശീയ അവാർഡിന്റെ ജൂറി ചെയർമാൻ സ്കൂൾ വിദ്യാർഥിയായ ഞാനല്ലായിരുന്നു. അശോക് കുമാർ ആയിരുന്നു. അത് ഞാനങ്ങ് സഹിച്ചു.
പക്ഷേ ‘അഗ്നിപഥി’ലെ പ്രകടനത്തിന് ആ അവാർഡ് എടുത്ത് അമിതാഭ് ബച്ചന്റെ കൈയിലോട്ട് കൊടുത്ത പരിപാടി… അത് ക്ഷമിക്കാൻ ഞാൻ ഗാന്ധിജിയോ മദർ തെരേസയോ ആയിരുന്നില്ല. മാലാഖയല്ല സർ, വെറും മനുഷ്യൻ. അവർക്ക് ചിലപ്പോൾ അമിതാഭ് ബച്ചനെയും അശോക് കുമാറിനെയും മാത്രമല്ല അവരുടെ അച്ഛനപ്പൂപ്പൻമാരെ വരെ പ്രാകാനും പുച്ഛിക്കാനും കഴിയും. അന്ന് മലയാള മനോരമ പത്രത്തിന്റെ ഫ്രണ്ട് പേജിൽ അശോക് കുമാറിനെയും അമിതാഭ് ബച്ചനെയും തിലകനെയും ചേർത്ത് യേശുദാസൻ വരച്ച കാർട്ടൂൺ ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
തിലകന്റെ അവാർഡ് ഗുദാ ഹവ ആയതിന്റെ ദേഷ്യത്തിൽ ഞാൻ പറഞ്ഞുവിട്ട കുട്ടിച്ചാത്തന്മാരുടെ കുന്നായ്മ കൊണ്ടൊന്നുമല്ല ‘ഖുദാ ഗവ’ എന്ന പടത്തിനു ശേഷം ബച്ചൻ കുറച്ചുകാലം പണി നിർത്തി വീട്ടിലിരുന്നത്. പിന്നെ പുള്ളിക്കാരനെ കാണുന്നത് മതിലിലെ പോസ്റ്ററിലല്ല. വിശ്വ സുന്ദരി മത്സരത്തിന്റെ വേദിയിലാണ്. (അതോ ലോകസുന്ദരി മത്സരമോ? രണ്ടും തമ്മിലുള്ള വ്യത്യാസം ഇതുവരെ കറക്ട്ടായിട്ടങ്ങോട്ട് പിടികിട്ടിയിട്ടില്ല).
അന്ന് കോളേജ് മാഗസിൻ എഡിറ്റർ ആയിരുന്നു ഞാൻ. എഡിറ്റ് ചെയ്ത മാഗസിന്റെ താളുകളിലൂടെ എ ബി സി എൽ കോർപ്പറേഷനെതിരെ ഞാൻ ആവുംവിധം ആഞ്ഞടിച്ചു. ബോളിവുഡും ബച്ചനും ഞടുങ്ങിത്തെറിച്ചൊന്നുമില്ല.
എന്റെ പെറ്റതള്ള പോലും ആ മാഗസിൻ മൊത്തം വായിച്ചതുമില്ല. എന്നാലും എ ബി സി എൽ കനത്ത നഷ്ടത്തിലായി. ഒരാൾ മുടിഞ്ഞു എന്നറിയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ശരാശരി മലയാളി ആനന്ദം ഞാനും ആവോളം നുകർന്നു. സുസ്മിതാ സെന്നിനെയും ഐശ്വര്യ റായിയെയുമൊക്കെ പരസ്യമായി പുച്ഛിച്ചിട്ട് ‘രക്ഷക’നും ‘ജീൻസു’മൊക്കെ കാണാൻ പാഞ്ഞോടുകയും ചെയ്തു.
“കാലം മാറി
കളി മാറി
കോർട്ട് മാറി
പക്ഷേ
വീനസ് വില്യംസ് അവളുടെ
തുണി മാത്രം മാറിയില്ല”
എന്ന് അർത്ഥം വരുന്ന ‘ഡ്യൂസ്’ എന്നൊരു കവിത മഹാരാജാസ് കോളേജിലെ മാഗസിനിൽ നിന്ന് വായിക്കുന്നത് അക്കാലത്താണ്. ജെ. ഉണ്ണി എന്നോ മറ്റോ ആയിരുന്നു അത് എഴുതിയ ആളുടെ പേര്.
കാലം മഞ്ഞപടർത്താത്ത കടലാസുമില്ല, കനം കുറയ്ക്കാത്ത കലിപ്പുകളുമില്ല.
‘അഗ്നിപഥ്’ ഒന്ന് കാണുക പോലും ചെയ്യാതെ അത്രയും ദേഷ്യവും വിരോധവും കൊണ്ടുനടക്കേണ്ട കാര്യമില്ല എന്നൊക്കെയുള്ള കോമൺസെൻസ് പ്രദാനം ചെയ്യുന്ന പ്രതിഭാസത്തിന്റെ പേരാണല്ലോ കാലം. പിന്നെ, അമിതാഭ് ബച്ചൻ നമ്മളെ ഇങ്ങോട്ട് വന്ന് കടിച്ചൊന്നുമില്ലല്ലോന്ന് സ്വയം സമാധാനിക്കാനുള്ള കോഴ്സും പതിയെ പാസായി.

കരൺ ജോഹറിന്റെ അച്ഛന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ‘അഗ്നിപഥ്’ നിർമ്മിച്ചതെന്നും ബച്ചന്റെ അച്ഛൻറെ ഒരു കവിതയിൽ നിന്നാണ് ആ തലക്കെട്ട് കടമെടുത്തതെന്നു മൊക്കെയുള്ള അറിവുകൾ പിന്നാലെ വന്നുചേർന്നു. കാലം പഠിപ്പിക്കുന്ന ഓരോ കോഴ്സുകളെക്കുറിച്ചോർത്താൽ വെറുതെ വായും പൊളിച്ച് വണ്ടറടിച്ച് നിൽക്കാമെന്നേയുള്ളൂ.
അങ്ങനെ വണ്ടറടിപ്പിച്ച ഒരു തിരിച്ചുവരവായിരുന്നു ‘കോൻ ബനേഗാ ക്രോർപതി’ എന്ന ടിവി ഷോയിലൂടെ ബച്ചനും കാഴ്ച വച്ചത്. സത്യത്തിൽ അവിടെ മുതലാണ് ഞാൻ ബച്ചന്റെ കട്ട ഫാനായി വീണ്ടും മാറുന്നത്.
ചെറിയ സ്ക്രീനിലായിട്ടുപോലും എന്തായിരുന്നു അങ്ങേരുടെയൊരു പ്രകടനം. എത്ര ഗംഭീരമായിരുന്നാ സ്ക്രീൻ പ്രസൻസ്. തൊണ്ടക്കുഴിയിൽ നിന്ന് അരിച്ചിറങ്ങി വരുന്നയാ കനത്ത ശബ്ദം കേട്ട് എത്രയോ പേർ അക്ഷരാർത്ഥത്തിൽ കോരിത്തരിച്ചിരുന്നുപോയിട്ടുണ്ടാകും!
ആ തരിപ്പിന്റെ കാലത്താണ് എം എ പാസായ ശേഷം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ അഭയാർത്ഥിയായി കഴിഞ്ഞിരുന്നത്. ‘അക്സ്’ എന്ന പടം ഇറങ്ങുന്നതും ആ കാലത്ത് തന്നെ. ബച്ചൻ മാത്രമല്ല മനോജ് ബാജ്പേയി എന്ന നടന്റെ തലയും ‘അക്സി’ന്റെ പോസ്റ്ററുകളെ ആകർഷകമാക്കി. തെരുവിലെ പോസ്റ്റർ നോക്കി നിന്ന് വെള്ളമിറക്കിയതല്ലാതെ തിയേറ്ററിൽ ചെന്ന് പടം കാണാൻ പറ്റിയില്ല. ചെറിയൊരു സാമ്പത്തിക ഞെരുക്കം കാരണം നാളെ നാളെ നീളെ നീളെ എന്ന് നീട്ടിവച്ച് ഒടുവിൽ സിനിമ മാറിപ്പോയെന്ന് പറഞ്ഞാൽ മതിയല്ലോ.
ഇരുപത് വർഷങ്ങൾക്ക് ശേഷം രാകേഷ് ഓം പ്രകാശ് മെഹ്റയുടെ ആത്മകഥ ഒരു ബുക്ക് സ്റ്റോറിൽ കണ്ടപ്പോഴും കാശിന്റെ കാര്യമോർത്തു ഞാൻ ചഞ്ചലചിത്തനായി നിന്നു. അഞ്ഞൂറ്റിത്തൊണ്ണൂറ്റിയഞ്ച് രൂപയ്ക്ക് വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമല്ലോ. പിന്നെ വാങ്ങാമെന്ന് തീരുമാനിച്ച് അവിടെ നിന്നിറങ്ങി. പക്ഷേ ഇറങ്ങിപ്പോയ ഞാൻ തിരികെച്ചെന്ന് ‘ദി സ്ട്രെയിഞ്ചർ ഇൻ ദി മിററും’ കൊണ്ടാണ് മടങ്ങിയത്. തന്റെ കന്നിപ്പടമായ ‘അക്സി’ൽ അഭിനയിക്കാൻ അമിതാഭ് ബച്ചൻ സമ്മതം മൂളിയ കഥ അതിൽ രാകേഷ് പറയുന്നുണ്ട്.
1998 ലെ ഒരു തണുപ്പുകാലം.
സന്ധ്യ കഴിഞ്ഞ് ഡൽഹിയിലേക്ക് പോകുന്ന ഒരു വിമാനത്തിലിരുന്നാണ് അമിതാഭ് ബച്ചൻ അക്സിന്റെ തിരക്കഥ വായിച്ചത്. രാത്രി 11 മണിക്ക് രാകേഷിന്റെ ഫോൺ ശബ്ദിച്ചു. വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെയുള്ള അനൗൺസ്മെൻറ്കളുടെ പശ്ചാത്തലത്തിൽ അമിതാഭ് ബച്ചന്റെ ശബ്ദം
“എന്തായിരുന്നു കുടിച്ചിരുന്നത്?”
രാകേഷിന് കാര്യം പിടികിട്ടിയില്ല. അയാൾ പറഞ്ഞു “സോറി സർ…”
ബച്ചൻ കാര്യം കുറച്ചുകൂടി വ്യക്തമാക്കി. “ഈ തിരക്കഥ എഴുതുമ്പോൾ നിങ്ങൾ എന്താണ് കുടിച്ചിരുന്നതെന്ന്?”
“റമ്മും കോക്കും.”
“നമുക്കിത് ചെയ്യാം.”
ഇതു വായിച്ചപ്പോൾ എന്തുകൊണ്ടോ പെട്ടെന്ന് ഓർമ്മവന്നത് കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന അച്യുതൻ സാർ ‘മധുശാല’ എന്ന കവിത എഴുതിയ മനുഷ്യനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. ഹരിവംശറായി ബച്ചൻ എന്നായിരുന്നു ആ മനുഷ്യന്റെ പേര്. അമിതാഭ് ബച്ചന്റെ സ്വന്തം അച്ഛൻ ഹിന്ദി സാഹിത്യലോകത്തെ സിംഹമായിരുന്നു എന്ന കാര്യം സ്കൂൾ കാലം തൊട്ടേ അറിയാവുന്ന ആളാണല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നെക്കുറിച്ച് തന്നെ ഒരഭിമാനം തോന്നി.
അതേ സ്കൂളിൽ ഞാൻ പഠിപ്പിച്ച ഒരു ശിഷ്യനായിരുന്നു തോമസ് മാത്യു. അവനെ പണ്ട് പ്ലസ് വൺ ക്ലാസ്സിൽ പഠിപ്പിച്ച ‘ഉതിർമണികൾ’ എന്ന പാഠപുസ്തകത്തിൽ ബഷീറിന്റെ ‘അമ്മ’ എന്ന കഥ ഉണ്ടായിരുന്നു. ആവശ്യത്തിന് സയൻസും സാഹിത്യവുമൊക്കെ പഠിച്ചിട്ട് അവൻ തിരിഞ്ഞത് ഹോട്ടൽ മാനേജ്മെൻറ് രംഗത്തേക്കാണ്.
കുറച്ചുകാലം മുംബൈ മാരിയറ്റ് ഹോട്ടലിൽ അവൻ ജോലി ചെയ്തിരുന്നു. ഒരു വെക്കേഷന് വീട്ടിൽ എന്നെ കാണാൻ വന്നപ്പോൾ അവൻ അഭിമാനത്തിന്റെ എവറസ്റ്റിൽ കയറിനിന്നൊരു കാര്യം പറഞ്ഞു.
“ഞാൻ ഗാന്ധീനെ തൊട്ടു” എന്ന് ബഷീർ ഉമ്മയോട് പറഞ്ഞമട്ടിലുള്ള തീവ്രതയിൽ തോമസ് മാത്യു എന്നെ അറിയിച്ച കാര്യം ഇതായിരുന്നു “സാറേ, ഞാൻ അമിതാഭ് ബച്ചനെ കണ്ടു!”
സിനിമാപ്രേമികളിൽ ആർക്കാണ് ഒരു ബച്ചനനുഭവമോ ബച്ചനോർമ്മയോ ഇല്ലാതിരിക്കുക. ബോളിവുഡിൽ പ്രവർത്തിച്ചിട്ടുള്ള ഒരുമാതിരിപ്പെട്ട സിനിമക്കാരുടെയെല്ലാം ഓർമ്മക്കുറിപ്പുകളുടെയും ആത്മകഥകളുടെയും താളുകളിൽ ബച്ചൻ ഒരു നിറസാന്നിധ്യമായിരിക്കും.
പത്തു പന്ത്രണ്ട് വർഷങ്ങൾക്കു മുമ്പ് തിങ്ങിപ്പിടിച്ചൊരു തീവണ്ടി ബോഗിയിൽ ഒരു കൈ കൊണ്ട് തൂങ്ങി നിന്ന് മറുകയ്യിൽ റസൂൽ പൂക്കുട്ടിയുടെ “ശബ്ദതാരാപഥം” പിടിച്ച് വായിച്ചത് ഓർമ്മയിലേക്ക് ഇരച്ചു കുത്തി വരുന്നുണ്ട്. അതിലെ ഒരു അധ്യായത്തിന്റെ പേര് തന്നെ അമിതാഭ് ബച്ചൻ എന്നായിരുന്നു. പെൻഗ്വിനും മനോരമയും ചേർന്ന് പുറത്തിറക്കിയ ആ പുസ്തകം ഇപ്പോൾ കിട്ടാനില്ല.
ഇല്ലാത്ത കാശു മുടക്കി ഒരുപാട് സിനിമാപ്പുസ്തകങ്ങൾ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. വൃക്ക വിറ്റാൽ പോലും കിട്ടാത്ത അത്തരം ചില പുസ്തകങ്ങൾ എറണാകുളത്തെ ബ്ലോസം ബുക്സിലെ ലത്തീഫിന്റെ കാരുണ്യത്തിൽ ചെറിയ വിലയ്ക്കാണ് വാങ്ങിയിട്ടുള്ളത്. ഞാൻ ഏറ്റവും വില കൊടുത്തു വാങ്ങിയ സിനിമാസംബന്ധിയായ ഗ്രന്ഥം അമിതാഭ് ബച്ചനെക്കുറിച്ചുള്ളതാണെന്ന് തോന്നുന്നു. റസൂൽ പൂക്കുട്ടി എഡിറ്റ് ചെയ്ത് ഡി സി ബുക്സ് പുറത്തിറക്കിയ ‘Sounding Off: Amitabh Bachchan.’
രണ്ടായിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയൊൻപതു രൂപ മുടക്കി അത് വാങ്ങി മറിച്ചു നോക്കിയപ്പോൾ ഒട്ടും നഷ്ടബോധം തോന്നിയില്ല. ഉഗ്രൻ കവർ. സച്ചിൻ തെണ്ടുൽക്കറുടെ അവതാരിക, ബച്ചന്റെ കിട്ടാവുന്നത്രയും കാരിക്കേച്ചറുകൾ, പോസ്റ്ററുകൾ, പടങ്ങൾ, പ്രധാനപ്പെട്ട ഡയലോഗുകൾ…
ആയിരത്തിന്റെ മൂന്നു താളുകൾ മുടക്കിയെങ്കിലെന്താണ്, ആനന്ദലബ്ധിക്ക് വേറൊന്നും വേണ്ടായിരുന്നല്ലോ. അങ്ങനെയൊരു കലക്കൻ കോഫി ടേബിൾ ബുക്ക് പുറത്തിറക്കിയത് മലയാളി പ്രസാധകരാണെന്നത് മറ്റൊരഭിമാനം.

അമിതാഭ് ബച്ചൻ ഒരു മലയാളി ആയിരുന്നെങ്കിലോ?
ആൾക്കാർ എങ്ങനെയായിരുന്നേനെ അദ്ദേഹത്തെ അഭിസംബോധന ചെയ്യുക? ലാലേട്ടൻ, ജയറാമേട്ടൻ, ദിലീപേട്ടൻ എന്ന പാറ്റേണിൽ ബച്ചേട്ടൻ എന്ന് തന്നെ ആയിരുന്നിരിക്കണം.
“കുഞ്ഞിരാമേട്ടനെ കാണാൻ ചെത്തായിട്ടുണ്ട്. ഇപ്പോ കണ്ടാ ബച്ചേട്ടനെ പോലെയുണ്ട്.” ‘കുഞ്ഞിരാമായണ’ത്തിൽ വിനീത് ശ്രീനിവാസന്റെ മുഖത്ത് നോക്കി ശ്രിന്ദ എത്ര സ്വാഭാവികമായിട്ടാണത് പറയുന്നത്.
“ജോഷി ചതിച്ചാശാനേ…” എന്ന മുൻകൂർ ജാമ്യമെടുത്തുകൊണ്ട് മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ കൊണ്ടുവന്ന കൃഷ്ണൻകുട്ടി നായരുടെ പച്ചക്കുളം വാസു പ്രസംഗിച്ചത് ഓർക്കുന്നില്ലേ?
“പ്രിയപ്പെട്ട സുഹൃത്തുക്കളേ, മോഹൻലാലിനെക്കാളും രജനീകാന്തിനെക്കാളും അമിതാഭ് ബച്ചൻ ചേട്ടനെക്കാളുമൊക്കെ തിരക്കുള്ളവനാണ് ഞാനെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ.”
ബച്ചനുമായി ബന്ധപ്പെട്ട എത്രയെത്ര മലയാള സിനിമാസന്ദർഭങ്ങളാണ് മനസ്സിന്റെ തിരശ്ശീലയിൽ തെളിയുന്നത്. ബച്ചനുമായി കൂട്ടിക്കെട്ടിത്തന്നെ എത്രയെത്ര കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ പറ്റും.
“ളോഹയ്ക്കുള്ളിൽ ബട്ടൺസ് ഇട്ട് ഒതുക്കിയ കലാഹൃദയമുള്ള ഇദ്ദേഹം ഒരു അമിതാഭ് ബച്ചൻ ഫാനാണ്, അമിതാഭ് കുട്ടനാടൻ” എന്ന് മണിയൻപിള്ള രാജു മൈക്കിലൂടെ പരിചയപ്പെടുത്തുന്ന സർവകലാശാലയിലെ ജഗതി ശ്രീകുമാർ.
ബച്ചൻ കൊച്ചിയിൽ വരുന്ന പത്രവാർത്ത വായിച്ചിട്ട് അദ്ദേഹത്തെ കാണാൻ ഭ്രാന്താശുപത്രിയിൽ നിന്ന് ചാടിയ ‘മൂക്കില്ലാരാജ്യ’ത്തിലെ തിലകനും മുകേഷും ജഗതിയും സിദ്ദിക്കും.
” ലോകാ സമസ്താ സുഖമോദേവി
സാരേ ജഹാം സേ അമിതാഭ് ബച്ചാ”
എന്ന് ‘വിനയപൂർവ്വം വിദ്യാധര’നിൽ പറയുന്ന ഹരിശ്രീ അശോകൻ.
അമിതാഭ് ബച്ചന്റെ പൊക്കമാണ് ഗുലാന് എന്ന് സ്നേഹ പറയുമ്പോൾ എമറ്റൻ ഹൈറ്റിൽ തന്നെത്തന്നെ സങ്കൽപ്പിക്കുന്ന ‘തുറപ്പുഗുലാനി’ലെ മമ്മൂട്ടി.
ഈ ഞാൻ പോലും സിനിമയിൽ ഒരു ബച്ചൻ ഡയലോഗ് എഴുതിയിട്ടുണ്ട്. ‘ബെസ്റ്റ് ആക്ടറി’ൽ സലിംകുമാറിന്റെ പ്രാഞ്ചി പറയുന്നത് ഇങ്ങനെയായിരുന്നു – “ഇത്തറയും മുട്ടക്കാട്ടൻ ഡയലോഗ് അമിതാബച്ചൻ പോലും പറഞ്ഞിട്ടില്ല.”
അടുത്ത പടത്തിലും എഴുതുന്നുണ്ട് അങ്ങനെ ഒരെണ്ണം. ബച്ചൻബാധ സിനിമാസംഭാഷണങ്ങളിൽ ഇനിയും തുടരുമെന്ന് സാരം.
“മമ്മൂക്കാ നടിച്ചാൽ കയ്യടിക്കും ബച്ചനെടേയ് ആക്ടിങ് മന്നനല്ലേ സ്റ്റാർ” എന്ന രസികനിലെ ഫാൻസ് സോങ് മനഃപൂർവ്വം മറന്നതല്ല.
ഏറ്റവും ഇഷ്ടപ്പെട്ട ബച്ചൻ കഥാപാത്രം ഏതെന്ന് ആരെങ്കിലും പെട്ടെന്ന് ചോദിച്ചാൽ സഞ്ജയ് ലീല ബൻസാലിയുടെ ‘ബ്ലാക്കി’ലെ ദേബ് രാജ് സഹായ്ക്ക് ആയിരിക്കും എന്റെ ആദ്യത്തെ വോട്ട്. മറവിയുടെ തമോഗർത്തത്തിലേക്ക് ഓർമ്മകളുടെ അവസാന പ്രകാശരേണുക്കളും വലിച്ചെടുക്കപ്പെടുന്ന ഒരു അവസ്ഥയെ അതിലും നന്നായി ഒരു നടൻ എങ്ങനെ അവതരിപ്പിക്കും. മറ്റൊരു പേരുകൂടി പറയാനവസരം കിട്ടിയാൽ വരിയിൽ നിരന്നു നിൽപ്പുണ്ട് ഒരുപാട് പാത്രങ്ങൾ.
‘പിങ്കി’ലെ ദീപക് സെഹ്ഗാൾ, ‘സർക്കാറി’ലെ സുഭാഷ് നാഗ്രെ, ‘വാസിറി’ലെ പണ്ഡിറ്റ് ഓംകാർനാഥ് ധർ, ‘പീക്കു’വിലെ ഭാസ്കോർ ബാനർജി, ‘കാക്കി’യിലെ അനന്തകുമാർ ശ്രീവാസ്തവ…
ആരെ പിന്തുണയ്ക്കും ?
ടോസ് ഇട്ടു നോക്കണം.
ഒരു തീരുമാനത്തിലെത്താൻ നാണയമറിഞ്ഞു നോക്കുമ്പോഴെല്ലാം ‘ഷോലെ’ സിനിമയിൽ ജയ് ആയിരുന്നു ജയിച്ചിരുന്നത്. കാരണം ആ നാണയത്തിന്റെ രണ്ടുവശത്തും ഉണ്ടായിരുന്നത് ഒരേ തല തന്നെയായിരുന്നു. മേൽപ്പറഞ്ഞ ഏത് കഥാപാത്രത്തെ തിരഞ്ഞെടുത്താലും തെളിയുക ഒരേ മുഖം തന്നെയായിരിക്കും. അമിതാഭ് ബച്ചൻ എന്ന മഹാനടന്റെ മുഖം.
എൺപതിലെത്തുമ്പോഴും ബച്ചൻ തന്റെ ബച്പനിൽ തന്നെയാണെന്നാണ് എന്റെ വിശ്വാസം. കാരണം, കളിപ്പാട്ടങ്ങളോട് ഇഷ്ടമുള്ള ഒരു കുട്ടിയെപ്പോലെ കഥാപാത്രങ്ങളോട് ഇഷ്ടമുള്ള ഒരു കുട്ടിയെ മനസ്സിൽ സൂക്ഷിക്കുന്നവർക്കേ അഭിനയത്തിന്റെ അനന്താകാശങ്ങളിൽ ഒരുപാട് സമയം ചിറകടിച്ചുയർന്നു നിൽക്കാൻ കഴിയൂ.
‘സാഥ് ഹിന്ദുസ്ഥാനി’ മുതലുള്ള അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ബച്ചൻ ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ബിഗ് ബിയായി നിലനിൽക്കുന്നത് അദ്ദേഹം ഉള്ളിൽ ആ കുട്ടിയെ സൂക്ഷിക്കു ന്നത് കൊണ്ടാണ്.
എം ജെ അക്ബറിന്റെ ഒരു ലേഖനത്തിൽ നിന്നാണ് മഹാനായ ഫോൺസ്വെ ത്രൂഫോ (Francois Truffaut) പണ്ട് ബച്ചന് നൽകിയൊരു വിശേഷണത്തെക്കുറിച്ചറിഞ്ഞത്.
“വൺമാൻ ഇൻഡസ്ട്രി.”
അതെ. സത്യമായിരുന്നു അത്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയൊരു കലാവ്യവസായത്തെ ഒരു കൊളോസൽ രൂപത്തെപ്പോലെ ഒറ്റയ്ക്ക് ചുമലിൽ വഹിച്ചയാ മനുഷ്യനെ അത്രയും ആദരവോടെയാണ് ഇന്ത്യൻ സിനിമാലോകം നോക്കിക്കാണുന്നത്. സാക്ഷാൽ സഞ്ജയ് ദത്ത് പോലും പരിസരത്തു നിന്ന് പുകവലിക്കാൻ പേടിക്കുന്ന പ്രതാപം അരപ്പതിറ്റാണ്ടിന്റെ അക്ഷീണപ്രയത്നം കൊണ്ട് അദ്ദേഹം പണിതെടുത്തതാണ്.
എൺപതാം വയസ്സിലും ബോളിവുഡിന്റെ താരസിംഹാസനത്തിൽ അമിതാഭ് എന്ന കുലപതി അമർന്നിരിക്കുന്നു. പതനങ്ങളെയും പേമാരികളെയും പെരുങ്കാറ്റുകളെയും താണ്ടിയ നിങ്ങൾ സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം അവിടെത്തന്നെ ഉണ്ടാകണമെന്നാണ് എല്ലാ സിനിമാപ്രേമികളുടെയും ആഗ്രഹം.
സല്യൂട്ട് സർ.
രാംഗോപാൽ വർമ്മയുടെ പടത്തിലെ പരാമർശത്തെക്കുറിച്ച് പറഞ്ഞാണല്ലോ തുടങ്ങിയത്. വർമ്മ എഴുതിയൊരു പുസ്തകത്തിലെ കാര്യം പറഞ്ഞുകൊണ്ടുതന്നെ ഇത് പൂട്ടിക്കെട്ടാം. പൊതുവേ ആൾക്കാരെക്കുറിച്ചങ്ങനെ അധികമൊന്നും പൊക്കിപ്പറയാത്ത ആളാണ് പുള്ളിക്കാരൻ. എന്നാൽ ‘ഗൺസ് ആൻഡ് തൈസ്’ എന്ന ആത്മകഥാപരമായ പുസ്തകത്തിലെ ഒരധ്യായം മുഴുവൻ അദ്ദേഹം അമിതാഭ് ബച്ചനായി നീക്കിവച്ചിരിക്കുന്നു. ‘മൈ അഫെയ്ഴ്സ് വിത്ത് അമിതാഭ് ബച്ചൻ’ എന്നാണ് അതിന്റെ തലക്കെട്ട് തന്നെ. രാം ഗോപാൽവർമ്മ ഇങ്ങനെ പറഞ്ഞാണ് അത് അവസാനിപ്പിക്കുന്നത്.
“All things said and done, there’s just one thing I hate about Amitabh Bachchan, and that is his birthday. Every birthday of his reminds me that he is getting older and older and I hate that.
I just wish that God would realize that Amitabh Bachchan is a rare art form that even he himself can create only once in a million years and so just put him on a pause button and make him live forever.”