scorecardresearch

ആകാശവാണിയുടെ ഗോപന്‍, മലയാളികളുടേയും: ടി എന്‍ സുഷമ ഓര്‍ക്കുന്നു

വാർത്താപ്രക്ഷേപണത്തെ ജനം ജാഗ്രതയോടെ കാത്തിരുന്ന, ശ്രദ്ധിച്ചിരുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയാണ് ഗോപൻ. ഇന്ന് അസ്വാസ്ഥ്യജനകമായ ദൃശ്യങ്ങളിലേയ്ക്കും അലറി വിളിക്കുന്ന അവതാരകരിലേക്കും അലസമായി കണ്ണോടിക്കുന്ന പുതിയ പ്രേക്ഷകർക്ക് ഗോപൻ തിളങ്ങി നിന്ന വാർത്താ പ്രക്ഷേപണത്തിന്റെ സുവർണകാലം ഭാവന ചെയ്യാൻ കഴിയുമോ?

വാർത്താപ്രക്ഷേപണത്തെ ജനം ജാഗ്രതയോടെ കാത്തിരുന്ന, ശ്രദ്ധിച്ചിരുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയാണ് ഗോപൻ. ഇന്ന് അസ്വാസ്ഥ്യജനകമായ ദൃശ്യങ്ങളിലേയ്ക്കും അലറി വിളിക്കുന്ന അവതാരകരിലേക്കും അലസമായി കണ്ണോടിക്കുന്ന പുതിയ പ്രേക്ഷകർക്ക് ഗോപൻ തിളങ്ങി നിന്ന വാർത്താ പ്രക്ഷേപണത്തിന്റെ സുവർണകാലം ഭാവന ചെയ്യാൻ കഴിയുമോ?

author-image
TN Sushama
New Update
Gopan news reader, Gopan akashvani news reader, akashvani news readers, gopan anti smoking ad, ആകാശവാണി, ഗോപന്‍, ടി എന്‍ സുഷമ, ഡല്‍ഹി, ഡല്‍ഹി മലയാളികള്‍, ഡല്‍ഹി വാര്‍ത്തകള്‍, ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നവര്‍, ആകാശവാണി വാര്‍ത്ത അവതാരകര്‍

TV Sushama remembers Gopan Akashvani

ഗോപൻ! വാർത്താമാധ്യമങ്ങളുടെ ഉജ്ജ്വലമായ ചരിത്രത്തിൽ ചടുലവും ആവേശഭരിതവുമായ ഒരു കാലഘട്ടത്തിന്റെ പ്രതിനിധി! ആകാശവാണിയിൽ അദ്ദേഹം സുഹൃത്തും സഹപ്രവർത്തകനുമാകും മുമ്പ് മറ്റനേകം മലയാളികളെപ്പോലെ, ഗാംഭീര്യവും ചാരുതയും ഒത്തിണങ്ങിയ ആ ശബ്ദം ഞാനും ഏറെ ഇഷ്ടപ്പെട്ടു.

Advertisment

ഡൽഹി വാർത്ത പരാമർശിക്കുമ്പോൾ ഒരു ശരാശരി മലയാളിയുടെ കാതുകളിൽ മുഴങ്ങുന്ന

ശബ്ദം, മനസ്സിൽ തെളിയുന്ന പേര് -അതായിരുന്നു ഗോപൻ.

ആദ്യമായി ഡല്‍ഹിയിലെത്തിയപ്പോൾ താമസിച്ചിരുന്ന ഗ്രീൻ പാര്‍ക്കില്‍ അദ്ദേഹം ഞങ്ങളുടെ അയല്‍വാസിയായിരുന്നു. പരിചയപ്പെടാൻ വേണ്ടി ആദ്യമായി വീട്ടിൽ വന്ന രംഗം മറക്കാനാവില്ല. പുതിയ സ്ഥലം, അന്യ ഭാഷ, അങ്ങനെ ഒരു ഒറ്റപ്പെടലിന്റെ പരിഭ്രമത്തിൽ കഴിയുന്ന നാളുകൾ.

ഊർജ്വസ്വലനായ ഒരാൾ അപ്രതീക്ഷിതമായി കടന്നു വരുന്നു. സൗഹൃദം തുടിക്കുന്ന മനോഹരമായ പുഞ്ചിരിയോടെ, "ഞാൻ ആകാശവാണിയിൽ വാർത്ത വായിക്കുന്ന ഗോപൻ, തൊട്ടടുത്ത വീട്ടിലാണ്," എന്ന് പരിചയപ്പെടുത്തുന്നു. ആ നിമിഷം എന്റെ മുഖത്ത് തെളിഞ്ഞ അത്ഭുതവും സന്തോഷവും അദ്ദേഹവും മറന്നു കാണില്ല.

അപരിചിതമായൊരു വൻനഗരത്തിൽ പേരു കൊണ്ടും ശബ്ദം കൊണ്ടും തിരിച്ചറിയുന്ന ഒരാളെ പെട്ടെന്ന് കണ്ടുമുട്ടുക! ആ ആദ്യത്തെ കൂടിക്കാഴ്ചയിൽ പോലും അദ്ദേഹം അന്യനാണെന്നു എനിക്ക് തോന്നിയില്ല.

Advertisment

അന്ന് ആകാശവാണിയിൽ ന്യൂസ് എഡിറ്റർ ആയിരുന്ന ജി സുധീർ പൊതുസുഹൃത്തായിരുന്നു. ഞാൻ സത്യഅണ്ണൻ എന്ന് വിളിക്കുന്ന സത്യേന്ദ്രൻ ഉൾപ്പെടെ ആകാശവാണിയിലെ പലരെയും പിന്നീട് പരിചയപ്പെട്ടു. സത്യഅണ്ണനായിരുന്നു താത്കാലിക വായനക്കാർക്കുള്ള ടെസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

s gopan nair, gopan, iemalayalam ദീർഘമായ തന്റെ ഔദ്യോഗിക ജീവിതത്തിനിടെ പിറകെ വന്നവരെയൊക്കെ അദ്ദേഹം പരിശീലിപ്പിച്ചു

മലയാളം യൂണിറ്റിൽ ഞാൻ ഏറ്റവും കൂടുതൽ നാൾ ജോലി ചെയ്തിട്ടുള്ളത് ഗോപനോടൊപ്പമായിരുന്നു. നാലോ അഞ്ചോ സ്റ്റാഫ്‌അംഗങ്ങൾ മാത്രമുള്ള യൂണിറ്റ്. ആ കാരണത്താൽ തന്നെ തുറന്ന പുസ്തകം പോലെ പരസ്പരം മനസ്സിലാക്കുകയും ആശ്രയിക്കുകയും ചെയ്യുക സ്വാഭാവികമാണ്. ഒരാൾ കൈ കൊണ്ടെഴുതിയ വരികൾ ചിലപ്പോൾ ഒന്ന് വായിച്ചു നോക്കാൻ സമയം കിട്ടാതെ ലൈവ് ആയി മറ്റെയാൾ ബ്രോഡ്‌കാസ്റ് ചെയ്യുന്നു. ഭാഷയുടെ ഒഴുക്കും അക്ഷരത്തിന്റെ വ്യക്തതയുമില്ലെങ്കിൽ വല്ലാതെ ബുദ്ധിമുട്ടും. വായനക്കിടയിലാണ് ചിലപ്പോൾ ടെക്ക്സ്റ്റിൽ മാറ്റങ്ങൾ വരുത്തുന്നത്. സ്റ്റുഡിയോയിൽ കൂടെയുള്ള ആളാണ് ന്യൂസ് റീഡറുടെ ധൈര്യം.

ആദ്യമായി ഞാൻ വായിച്ച ബുള്ളറ്റിൻ അടുക്കി എന്റെ കൈയിൽ തന്നത് ഗോപനാണ്. വായിക്കുമ്പോൾ അദ്ദേഹം തൊട്ടടുത്ത് തന്നെ നിന്നു. ദീർഘമായ തന്റെ ഔദ്യോഗിക ജീവിതത്തിനിടെ പിറകെ വന്നവരെയൊക്കെ അദ്ദേഹം പരിശീലിപ്പിച്ചു. അവർക്കൊക്കെ പ്രചോദനവും മാതൃകയുമായി. പ്രായഭേദമില്ലാതെ എല്ലാവരുമായും ഒരേ തരത്തിൽ സൗഹൃദം പുലർത്തി.

പരിചയപ്പെട്ടിട്ടുള്ളവർക്കാർക്കും തന്നെ ആ നല്ല പെരുമാറ്റവും പ്രസന്നമായ ചിരിയും മറക്കാൻ കഴിയില്ല. തന്റെ ശബ്ദ സൗന്ദര്യത്തെ കുറിച്ചും ജനപ്രിയതയെ കുറിച്ചും ഗോപൻ ബോധവാനായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. തന്റെ ശബ്ദത്തിന്റെ സാധ്യതകൾ നാനാ തരത്തിൽ പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഫിലിംസ് ഡിവിഷന്റെ തന്നെ ധാരാളം ഡോക്യൂമെന്ററികൾക്കു ശബ്ദം കൊടുത്തിട്ടുണ്ട്. പല പ്രോഗ്രാമുകൾക്കും അനേകം പരസ്യങ്ങൾക്കും ആ നല്ല ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. ജോലിയിൽ നിന്നു വിരമിച്ചിട്ടും കര്‍മ്മനിരതനായി ജീവിച്ചു.

ഡൽഹി മലയാളി അസോസിയേഷൻ പോലുള്ള സാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യം ആയിരുന്നു. നാടകാഭിനയത്തിലും സിനിമയിലുമൊക്കെ താത്പര്യമുണ്ടായിരുന്ന ഗോപന് കലാരംഗത്തു നല്ലൊരു സൗഹൃദവലയമുണ്ടായിരുന്നു.

Gopan news reader, Gopan akashvani news reader, akashvani news readers, gopan anti smoking ad, ആകാശവാണി, ഗോപന്‍, ടി എന്‍ സുഷമ, ഡല്‍ഹി, ഡല്‍ഹി മലയാളികള്‍, ഡല്‍ഹി വാര്‍ത്തകള്‍, ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നവര്‍, ആകാശവാണി വാര്‍ത്ത അവതാരകര്‍ അന്നും, എന്നും ഗോപൻ ഡൽഹി യൂണിറ്റിൽ തന്നെ ഉറച്ചു നിന്നു

ഡൽഹിയിൽ നിന്നുള്ള മലയാള വാർത്താപ്രക്ഷേപണത്തിന്റെ ചരിത്രത്തിൽ ഗോപന്റെ

സ്ഥാനം അതുല്യമാണ്. 1949 ജനുവരി ഒന്നിന് പ്രക്ഷേപണം ചെയ്ത ചരിത്രപരമായ ആദ്യ വാർത്താ ബുള്ളറ്റിൻ തുടങ്ങി, സാങ്കേതിക മുന്നേറ്റങ്ങളുടെ ന്യായം പറഞ്ഞു, ഇനി ഡൽഹി വാർത്ത കേരളത്തിൽ നിന്നു പ്രക്ഷേപണം ചെയ്‌താൽ മതി എന്ന ബ്യുറോക്രാറ്റിക് തീരുമാനം രണ്ടു വര്‍ഷം  മുമ്പ് ഉണ്ടാകും വരെയുള്ള റേഡിയോ മാധ്യമ ചരിത്രത്തെ സാമാന്യമായി മൂന്ന്‌ കാലഘട്ടങ്ങളായി തിരിക്കാമെന്നു തോന്നുന്നു.

മലയാള ഭാഷാ പ്രക്ഷേപണത്തിന്റെ വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച നാടകകൃത്തും കമന്റേറ്ററുമായിരുന്ന കെ. പദ്മനാഭൻ നായർ ആദ്യ ബുള്ളറ്റിൻ വായിച്ചു. തുടർന്ന് നിയതമായ രൂപവും മാർഗദർശനവും നൽകി, ബുള്ളെറ്റിനുകളുടെ എണ്ണം കൂട്ടി വാർത്താ വിഭാഗം വളർത്തിയെടുക്കുന്നതിൽ പിൽക്കാലത്തു യു എൻ ഐ യിലേക്ക് മാറിയ ബലരാമൻ, പ്രഗത്ഭ പത്രപ്രവർത്തകരായ സി.രാമൻകുട്ടി നായർ, കോൺസ്റ്റന്റൈൻ, പ്രക്ഷേപണ ഭാഷ പുഷ്ടിപ്പെടുത്തുന്നതിനു ശ്രമിച്ച റോസ്‌കോട്ട്‌ കൃഷ്ണപിള്ള, പ്രധാന വാർത്താഅവതാരകൻ ശങ്കരനാരായണൻ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര തന്നെയാണ് ആദ്യ കാലത്തു മലയാള വാർത്താപ്രക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ചത്.

ശ്രോതാവിന്റെ കാലുകൾക്കു ചങ്ങലയിടുന്ന മാസ്മര ശബ്ദത്തിനുടമയായിരുന്ന ശങ്കരനാരായണനോടൊപ്പം കുറച്ചു നാൾ ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഗോപനും ശങ്കരനാരായണനും സത്യേന്ദ്രനും ഡൽഹിയിലെ അമച്യുർ നാടക രംഗത്ത് സജീവമായിരുന്നു.

gopan air,memories,t n sushama,iemalayalam ആദ്യ കാലഘട്ടത്തെയും പുതിയ കാലത്തെയും ഇണക്കി നിറുത്തിയ ചാലകശക്തി ഗോപനായിരുന്നു

ശബ്ദത്തിലൂടെ തീവ്രമായ വികാരപ്രകടനത്തിനുള്ള തന്റെ അതിശയകരമായ പ്രാഗൽഭ്യം വാർത്ത വായനയെ സ്പർശിക്കാതിരിക്കാൻ ശങ്കരനാരായണൻ ശ്രദ്ധിച്ചിരുന്നു - നിസ്സംഗമായ വാർത്താ അവതരണമായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെങ്കിൽ, ഗോപൻ സന്ദര്‍ഭാനുസരണമുള്ള ഒരു വൈകാരികാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. വാർത്താ പ്രക്ഷേപണം കൂടുതൽ സൗഹൃദപരമാക്കിയ രാമചന്ദ്രനും പ്രതാപ വർമയും മറ്റും തിരുവനന്തപുരത്തേയ്ക്ക് മാറി. അന്നും, എന്നും ഗോപൻ ഡൽഹി യൂണിറ്റിൽ തന്നെ ഉറച്ചു നിന്നു.

സ്റ്റാഫിലും താത്കാലിക പാനലിലും പുതിയ അവതാരകർ വന്നതോടെ അവതരണത്തിലും ഉള്ളടക്കത്തിലും ക്രമേണ മാറ്റങ്ങൾ ഉണ്ടായി. പിന്നീട് ചന്ദ്രകാന്ത്, സുധാകരൻ, സുരേഷ്, സജിത്ത് തുടങ്ങിയ പത്രപ്രവർത്തകരും രതി, രാജൻ തുടങ്ങിയ അക്കാദമികരും എൻ.ഇ.സജിത്തിനെപ്പോലെയുള്ള പ്രഗത്ഭ കലാകാരന്മാരും, കവിത, ബിന്ദു മിൽട്ടൺ, സജികുമാർ, രാംദാസ്, റീന, രേഖ തുടങ്ങി കലാ മാധ്യമ രംഗങ്ങളിൽ നിന്നു വന്നവരും ഉൾപ്പെടെ ഒരു യുവതലമുറ പ്രക്ഷേപണ ഭാഷയെയും ശൈലിയെയും കാലോചിതമായി മാറ്റിയെടുത്തു.

Read More: ആകാശവാണി ഡൽഹിയിൽനിന്നുളള മലയാളം വാർത്താ പ്രക്ഷേപണം നിർത്തലാക്കി

ആദ്യ കാലഘട്ടത്തെയും പുതിയ കാലത്തെയും ഇണക്കി നിറുത്തിയ ചാലകശക്തി ഗോപനായിരുന്നു. ഡൽഹിപ്രക്ഷേപണം അടച്ചു പൂട്ടുന്ന അവസാന നാളുകളിൽ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത നല്ല പുതിയ ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞു. അവർക്കൊക്കെ മുന്നിൽ ഗോപൻ ഒരു മാതൃകയായി വിളങ്ങി നിന്നിരിക്കണം.

വാർത്താപ്രക്ഷേപണത്തെ ജനം ജാഗ്രതയോടെ കാത്തിരുന്ന, ശ്രദ്ധിച്ചിരുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയാണ് ഗോപൻ. ഇന്ന് അസ്വാസ്ഥ്യജനകമായ ദൃശ്യങ്ങളിലേയ്ക്കും അലറി വിളിക്കുന്ന അവതാരകരിലേക്കും അലസമായി കണ്ണോടിക്കുന്ന പുതിയ പ്രേക്ഷകർക്ക് ഗോപൻ തിളങ്ങി നിന്ന വാർത്താ പ്രക്ഷേപണത്തിന്റെ സുവർണകാലം ഭാവന ചെയ്യാൻ കഴിയുമോ?

ഗോപൻ വാർത്തവായനയിൽ നിന്നു വിരമിച്ചിട്ടു രണ്ടു ദശകത്തോളമായി. ഇന്നദ്ദേഹം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് പുകവലിക്കെതിരായ പരസ്യത്തിന് ശബ്ദം നൽകിയതിന്റെ പേരിലാണ്. എനിക്കറിയാം ആ പരസ്യം എത്ര മാത്രം പ്രഭാവം ഉണ്ടാക്കുന്നതാണെന്നു. എന്നാൽ അതിന്റെ പേരിൽ ഗോപനെ ഓർക്കാൻ എനിക്കിഷ്ടമില്ല. 'ചെയിൻസ്‌മോക്കർ' ആയിരുന്നു ഗോപൻ. അന്ന് യൂണിറ്റിൽ ഞാനൊഴികെ എല്ലാവരും പുകവലിക്കാരായിരുന്നു. എത്ര ശ്രമിച്ചിട്ടും പുകവലി നിർത്താൻ കഴിയാത്ത ആളായിരുന്നു ശ്രീകുമാർ.

മാതൃഭൂമിയിലെ മണികണ്ഠൻ ആയിരുന്നു ഗോപന്റെ വേർപാട് എന്നെ അറിയിച്ചത്... ആ നിമിഷം ശ്രീകുമാറിനെ ഓർത്തു പോയി. അദ്ദേഹവും ഇന്നില്ല. ആ മരണവാർത്ത എന്നെ ഫോണിൽ അറിയിച്ചത് ഗോപനാണ്. 'സുഷമേ, ശ്രീകുമാർ പോയി.' കാര്യം മനസ്സിലാക്കാതെ 'എവിടെ പോയി?' എന്നായിരുന്നു എന്റെ പ്രതികരണം.

ഗോപൻ എവിടെ? എവിടെ പോയി???

മലയാളിയുടെ കാതുകളിൽ മുഴങ്ങി, ഹൃദയത്തിൽ അലകളിളക്കി ഒരു

മധുരശബ്ദമായി കൂടെയുണ്ട്....അല്ലേ സുഹൃത്തേ....

Memories

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: