scorecardresearch

അമ്മയുടെ ശത്രുവിനെ തോൽപ്പിച്ച മകൾ

"അന്നാ വഴി വീട്ടിലേക്കു നടക്കുമ്പോൾ എനിക്ക് മാത്രം കാണാവുന്ന പാകത്തിൽ അവിടെയൊരു പരവതാനി വിരിച്ചിരുന്നു! ഞാനപ്പോൾ കടന്നുവന്ന ആ ആൾക്കൂട്ടം സമ്മാനിച്ച പ്രോത്സാഹനവും അനുമോദനങ്ങളും സന്തോഷമായി മനസ്സിൽ നിറഞ്ഞു തൂവിയ ദിവസം," ധന്യ കെ വിളയിൽ എഴുതുന്ന എസ് എസ് എൽ സി അനുഭവം

"അന്നാ വഴി വീട്ടിലേക്കു നടക്കുമ്പോൾ എനിക്ക് മാത്രം കാണാവുന്ന പാകത്തിൽ അവിടെയൊരു പരവതാനി വിരിച്ചിരുന്നു! ഞാനപ്പോൾ കടന്നുവന്ന ആ ആൾക്കൂട്ടം സമ്മാനിച്ച പ്രോത്സാഹനവും അനുമോദനങ്ങളും സന്തോഷമായി മനസ്സിൽ നിറഞ്ഞു തൂവിയ ദിവസം," ധന്യ കെ വിളയിൽ എഴുതുന്ന എസ് എസ് എൽ സി അനുഭവം

author-image
Dhanya K Vilayil
New Update
sslc, Memories, iemalayalam

SSLC Memories 2025

Kerala SSLC 2025: പത്താം ക്ലാസ്സ്‌ പരീക്ഷ എന്നൊരു 'ഭീകരജീവി'യെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന സൂചന മുൻപു തന്നെ കിട്ടിയിരുന്നെങ്കിലും ആ ഭീതി പിടികൂടി തുടങ്ങിയത് ഒമ്പതിൽ പഠിക്കുമ്പോഴാണ്. അക്കാലത്ത്, അമ്പലത്തിലോ ഏതെങ്കിലും കല്യാണവീടുകളിലോ വെച്ച് ആൾക്കൂട്ടത്തിൽ നിന്ന് എപ്പോ വേണമെങ്കിലും പരിചയം പുതുക്കി കൊണ്ട് ആ ചോദ്യം ചാടി വീഴും, "അടുത്ത കൊല്ലം പത്തിലേക്കാല്ലേ?"

Advertisment

വരാനുള്ളത്, എന്തോ വലിയൊരു കടമ്പയാണെന്ന ബോധ്യത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും അത്തരം കുശലാന്വേഷണങ്ങൾ. അപ്പോഴും ഒരു സമാധാനമുണ്ടായിരുന്നത് ആ ചോദ്യത്തെ ഞാൻ മാത്രമല്ല അഭിമുഖീകരിക്കുന്നത് എന്നതായിരുന്നു. സമാനമായ കഥകൾ കൂട്ടുകാർക്കും പറയാനുണ്ടായിരുന്നു; ആശ, സൗമ്യ, വിനീത, ധന്യ- ഞങ്ങൾ നാലുപേരായിരുന്നു ആ വർഷം പത്താം ക്ലാസ് കടമ്പ ചാടികടക്കാൻ തയ്യാറായി നിൽക്കുന്ന കളിക്കൂട്ടുകാരികൾ, അയൽക്കാരികൾ, ഒരേ തൂവൽ പക്ഷികൾ, വിളയിൽകാരികൾ.

കഴുത്തോളം മുങ്ങിയാല്‍ കുളിരില്ല എന്നാണല്ലോ, പത്തിലെത്തിയപ്പോൾ 'പത്തിനോടുള്ള പേടി' കുറഞ്ഞു തുടങ്ങി. ഒട്ടുമിക്ക കുട്ടികളുടെയും പേടിസ്വപ്നമായിരുന്ന കണക്കായിരുന്നു അന്നെന്റെ ഇഷ്ടവിഷയം. പക്ഷേ, എന്റെ കഥയിലെ വില്ലൻ ഫിസിക്സ്‌ ആയിരുന്നു. കണക്കിനോടും മലയാളത്തിനൊടുമുള്ള എന്റെ പ്രണയം പോലെ തന്നെ, ആ ഭയവും പാരമ്പര്യമായി എന്നിലേക്കെത്തിയ ഒന്നാണ്. അമ്മയെ ജീവിതത്തിൽ തോൽപ്പിച്ച സബ്ജെക്ടായിരുന്നു എനിക്ക് ഫിസിക്സ്‌.

കണക്കിൽ മിടുക്കിയാണ് അമ്മ, അന്നും ഇന്നും. എത്ര വലിയ സംഖ്യയും നിമിഷ നേരം കൊണ്ട് കൂട്ടി എന്നെ അത്ഭുതപ്പെടുത്തിയ ചെറുപ്പത്തിലേ എന്റെ ശകുന്തള ദേവി. വയലാറിന്റെയും വള്ളത്തോളിന്റെയുമെല്ലാം കവിതകൾ വർഷങ്ങൾക്കു ശേഷവും ഓർത്തു പറഞ്ഞ് തരുന്ന അമ്മ, ഏതുവിഷയത്തെ കുറിച്ചും സാമാന്യമായൊരു ബോധമുള്ള അമ്മ. അത്രേം മിടുക്കിയായ അമ്മ പത്തിൽ ജയിച്ചിട്ടില്ല എന്ന സത്യം ആദ്യം കേട്ടപ്പോൾ ഞാനെന്ന കുട്ടിക്ക് ദഹിക്കാൻ ഏറെ സമയമെടുത്തു.

Advertisment

ഫിസിക്സ്‌ എന്നൊരൊറ്റ വിഷയമാണ് അമ്മയെ പത്താം ക്ലാസ് പരീക്ഷയിൽ തോൽപ്പിച്ചതെന്നു അറിഞ്ഞപ്പോൾ മുതലാവും ഞാൻ പോലും അറിയാതെ ഫിസിക്സ്‌ എന്റെ ശത്രു ആയി മാറിയത്. എല്ലാവരും ജയിക്കുമെന്ന് വിധിയെഴുതിയിട്ടും തോറ്റുപോയപ്പോൾ അമ്മക്ക് ആ നാണക്കേട് സഹിക്കാൻ പറ്റിയില്ല, പഠനത്തിന് അമ്മയവിടെ ഫുൾ സ്റ്റോപ്പിട്ടു. അന്ന് ഫിസിക്സ് കനിഞ്ഞിരുന്നെങ്കിൽ അമ്മ പഠനം തുടരുന്നതും ഏതേലും ഒരു പ്രൈമറി സ്കൂളിൽ കണക്ക് അധ്യാപികയായി പഠിപ്പിക്കുന്നതുമൊക്കെ അക്കാലത്ത് ഞാൻ ദിവാസ്വപ്നം കണ്ടു കൂട്ടിയിട്ടുണ്ട്.

sslc, Memories, iemalayalam

അമ്മയെ തോൽപ്പിച്ച ഫിസിക്സ്‌ എന്നെയും തോൽപ്പിക്കുമെന്നതായിരുന്നു പത്താം ക്ലാസ് പരീക്ഷ അടുക്കുന്തോറും എന്നെ പൊതിഞ്ഞ പേടി. കണക്കിനെ വെല്ലാനുള്ള ചില സൂത്രങ്ങൾ, കണക്കിന്റെ മാജിക്‌ അതൊക്കെ അമ്മ പഠിപ്പിച്ചതിനാലാവാണം എന്റെ ഉള്ളിൽ കല്ലിൽ കൊത്തിയ പോലെ ഭദ്രമായിരുന്നു. അച്ഛനും കണക്കിൽ പുലിയായിരുന്നു, വലിയ സംഖ്യകളൊക്കെ ഞൊടിനേരം കൊണ്ട് മനസ്സിൽ കണക്കുകൂട്ടി പറയുന്നതു കേൾക്കുമ്പോൾ അമ്പരപ്പോടെ നോക്കിയിരിക്കും ഞങ്ങൾ മക്കൾ. 

കണക്കിലെ ഹോംവർക്കുകളെല്ലാം നിമിഷ നേരം കൊണ്ട് ചെയ്‌ത് തീർത്തു ടീച്ചറുടെ പെറ്റാവുന്ന ഞാൻ പക്ഷെ ഫിസിക്സ്‌ ക്ലാസ്സിൽ അപകർഷത ബോധമുള്ളൊരു കുട്ടിയായി ചുരുണ്ടു കൂടി. കാണാപാഠം പഠിച്ചെടുക്കുക എന്നത് എക്കാലത്തും എന്നെ സംബന്ധിച്ച് ബാലികേറാമലയാണ്, പഠിക്കുന്ന എന്തിനെ കുറിച്ചും വിഷ്വലൈസ് ചെയ്തു മാത്രമേ എനിക്കതു മനസ്സിലാക്കിയെടുക്കാനാവൂ. പക്ഷേ ഫിസിക്സ് എന്റെ ഭാവനയിലൊന്നും ഒതുങ്ങിയില്ല, എനിക്കൊരിക്കലും കീഴടക്കാനാവാത്ത ഏതോ ഭൂഖണ്ഡം പോലെ തോന്നിപ്പിച്ചുകൊണ്ടേയിരുന്നു അത്.

സ്റ്റഡി ലീവ് വന്നതോടെ പിന്നെ കൊട്ടിക്കലാശമായിരുന്നു. വിനീതയായിരുന്നു എന്റെ കൂട്ടുപഠിപ്പുകാരി. വിനീതയുടെ വീടിനു മുന്നിലെ വിശാലമായ തെങ്ങിൻതോപ്പിന്റെ കോണിൽ ഇരുന്ന് പഠിക്കുന്ന രണ്ട് പെൺകുട്ടികളെ കണ്ണടച്ചാൽ ഇപ്പോഴും കാണാം. ഒത്തുകൂടുമ്പോൾ കഥകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ആ കൂട്ടുകാരുടെ പഠനം ഇടയ്ക്ക് നാട്ടുവർത്തമാനങ്ങളിലേക്ക് വഴിമാറും. എന്തേലും കഥകളൊക്കെ പറഞ്ഞ് ചിരിച്ചിരിക്കുമ്പോഴാവും 'ദൈവമേ, പരീക്ഷയാണല്ലോ' എന്ന ഓർമ വരിക. വീണ്ടും പിടഞ്ഞെണീറ്റ് പഠനത്തിലേക്ക്… പരീക്ഷകളെല്ലാം എഴുതി കഴിഞ്ഞിട്ടും റിസൽട്ട് വരുന്നതിന്റെ തലേദിവസം വരെ ഫിസിക്സ് എന്നെ ചതിക്കുന്നതും ഞാൻ തോറ്റുപോവുന്നതുമായിരുന്നു ആവർത്തിച്ചാവർത്തിച്ച് കണ്ടുകൊണ്ടിരുന്ന ഒരു ദുഃസ്വപ്നം.

24 വർഷങ്ങൾക്ക് മുൻപുള്ള ആ എസ് എസ് എൽ സി പരീക്ഷ ഫലപ്രഖ്യാപനദിവസം ഇപ്പോഴും ഓർമയുണ്ട്. ഒരു 15 വയസുകാരിയുടെ ജീവിതത്തിലെ ഏറ്റവും രാജകീയമായ ഓർമകളിൽ ഒന്നാണത്. റിസൽട്ട് അറിഞ്ഞ ആ നിമിഷം, എനിക്ക് വിശ്വസിക്കാനായില്ല, ഞാൻ ഫിസിക്സിൽ ജയിച്ചിരിക്കുന്നു! ഞാൻ എസ്എസ്എൽസി ജയിച്ചിരിക്കുന്നു, അതും 445 മാർക്കിൽ! ഞാൻ മാത്രമല്ല, എന്റെ കളിക്കൂട്ടുകാരികളും എനിക്കൊപ്പം തന്നെ ആ കടമ്പ ചാടി കടന്നിരിക്കുന്നു. അടുത്ത നിൽക്കുന്ന അമ്മയെ നോക്കിയപ്പോൾ രണ്ട് കണ്ണും നിറഞ്ഞിട്ടുണ്ട്, അമ്മേടെ ശത്രുനെ ഞാൻ തോൽപ്പിച്ചതിലുള്ള ആനന്ദാശ്രുവായിരുന്നോ അത്!

sslc, Memories, iemalayalam

സന്തോഷം പങ്കിടാൻ കൈനിറയെ മിഠായികളും വാങ്ങി വിളയിൽ അങ്ങാടിയിൽ വന്നിറങ്ങിയ ആ രംഗവും മായാതെ നിൽപ്പുണ്ട് മനസ്സിൽ. ജയിച്ചോ? അങ്ങാടിയിലെ പരിചിതമായ മുഖങ്ങൾ തിരക്കുന്നു. അതെ എന്ന ഉത്തരത്തോടെ അവർക്ക് മിഠായി നൽകുന്ന ഞാൻ. വിളയിൽ അങ്ങാടിയിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് വീട്. അന്നാ വഴി വീട്ടിലേക്കു നടക്കുമ്പോൾ എനിക്ക് മാത്രം കാണാവുന്ന പാകത്തിൽ അവിടെയൊരു പരവതാനി വിരിച്ചിരുന്നു! ഞാനപ്പോൾ കടന്നുവന്ന ആ ആൾക്കൂട്ടം സമ്മാനിച്ച പ്രോത്സാഹനവും അനുമോദനങ്ങളും സന്തോഷമായി മനസ്സിൽ നിറഞ്ഞു തൂവിയ ദിവസം.

വീടെത്താറായപ്പോൾ പണിസ്ഥലത്തു നിന്നും മടങ്ങുന്ന ശങ്കരേട്ടനെ കണ്ടു. "ഞാൻ ജയിച്ചുട്ടോ.." മിഠായി നീട്ടിപ്പിടിച്ച് ആവശത്തോടെയാണ് അതുപറഞ്ഞത്. പണിസഞ്ചി താഴെ വച്ച് ഒരുപാട് സന്തോഷത്തോടെ, രണ്ടു കൈകളും നെറുകയിൽ വച്ച് അനുഗ്രഹിച്ചു. കുട്ടിക്കാലം മുതൽ കാണുന്ന ആ മനുഷ്യനും എനിക്കുമിടയിൽ അതിനു മുൻപോ ശേഷമോ അത്രയും ഹൃദ്യമായൊരു നിമിഷം വേറെ ഉണ്ടായിട്ടില്ല. ആ ദിവസം അങ്ങനെയായിരുന്നു, എല്ലാത്തിനും ഒരു പുതുമയുള്ളതുപോലെ. അതുവരെ കുട്ടിയായി മാത്രം പരിഗണിച്ചവരുടെ മുന്നിലൊക്കെ മുതിർന്ന ഒരാളായതു പോലെ.

വീടെത്തിയപ്പോൾ പടിക്കൽ തന്നെ അമ്മ നിൽപ്പുണ്ട്. "പോയി മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞിട്ട് വാ," പള്ളിക്കുത്ത് വീട്ടിലേക്ക് വിരൽ ചൂണ്ടി അമ്മ പറഞ്ഞു. തൊട്ടയൽപ്പക്ക വീടാണ്, രക്തബന്ധമില്ലെങ്കിലും സ്നേഹം കൊണ്ട് മുത്തശ്ശനും മുത്തശ്ശിയും ചേട്ടനും ചേട്ടത്തിയമ്മയുമൊക്കെ ആയവരാണ് അവിടെയുള്ളത്. വീടെന്നാൽ എനിക്ക് അവർ കൂടിയാണ്.

നാവിൽ ആദ്യാക്ഷരം കുറിച്ച ഗുരുവാണ് മുത്തശ്ശൻ, നാട്ടുകാരുടെ പ്രിയപ്പെട്ട രാധാകൃഷ്ണൻ മാസ്റ്റർ. കൈനിറയെ മിഠായിയുമായി ഞാനോടി ചെല്ലുമ്പോൾ വരാന്തയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു മുത്തശ്ശൻ. റിസൽട്ട് പറഞ്ഞപ്പോൾ നിറഞ്ഞ സന്തോഷത്തോടെ, വാത്സല്യത്തോടെ ചേർത്തു നിർത്തി. "ഇതൊരു തുടക്കമാണ്, ഇനിയും നന്നായി പഠിക്കണം," നല്ല വാക്കുകളുടെ ഒരു പെരുമഴ. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

മുത്തശ്ശനോടും മുത്തശ്ശിയോടും യാത്ര പറഞ്ഞിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ, പിറകിൽ നിന്നതാ, മുത്തശ്ശിയുടെ ശബ്ദം. എന്റെ ഒപ്പമെത്താനായി ഓടിവരികയാണ് ആള്. ധൃതിപിടിച്ച് നടന്നുവന്നതിന്റെ കിതപ്പുണ്ട്. വേഷ്ടിത്തുമ്പിൽ കെട്ടിയ കെട്ടഴിച്ചു കുറച്ചു നോട്ടുകൾ എടുത്ത് കയ്യിൽ വച്ചു തന്നു, "മുത്തശ്ശൻ തരാൻ പറഞ്ഞു, കയ്യിൽ വെച്ചോളൂ," സ്നേഹത്തോടെ, വാത്സല്യത്തോടെ മുത്തശ്ശി. ജീവിതത്തിൽ കിട്ടിയ ആദ്യത്തെ വലിയ പുരസ്‌കാരമായിരുന്നു അത്.

രണ്ടു പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, എസ്എസ്എൽസിയല്ല ജീവിതത്തിലെ ഏറ്റവും വലിയ കടമ്പ എന്ന ബോധ്യമുണ്ട്. പക്ഷേ, ആ ദിവസത്തെ അനുഭവങ്ങൾ എനിക്കത്രമേൽ പ്രിയപ്പെട്ടവയാണ്. അതുകൊണ്ടാവാം ഓരോ എസ്എസ്എൽസി ഫലപ്രഖ്യാപനദിവസവും ഞാനാ ദിവസം ഓർക്കുന്നു.

Read More

Sslc Exam Kerala Sslc Result Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: