scorecardresearch

ഉറക്കമില്ലാതെ അലയുന്ന മനുഷ്യരെ ഞാനത്രമേല്‍ സ്നേഹിക്കുന്നുണ്ട്

"അയാള്‍ പതിവായി ജാലകങ്ങള്‍ ഇറുക്കിയടച്ചതിന് ശേഷവും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ തുള്ളി പ്രകാശത്തെ കറുത്ത ജാലകവിരികള്‍ കൊണ്ട് മൂടിയിട്ട് ഉറക്കത്തിനായി നോറ്റിരുന്ന് നേരം വെളുപ്പിക്കുന്നു"

"അയാള്‍ പതിവായി ജാലകങ്ങള്‍ ഇറുക്കിയടച്ചതിന് ശേഷവും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ തുള്ളി പ്രകാശത്തെ കറുത്ത ജാലകവിരികള്‍ കൊണ്ട് മൂടിയിട്ട് ഉറക്കത്തിനായി നോറ്റിരുന്ന് നേരം വെളുപ്പിക്കുന്നു"

author-image
Vivek Chandran
New Update
Literature, Malayalam Writer, Film, health, insomania, sleep, sleeping, sleepless, vivek chandran

ഉറക്കമെന്നാൽ നമ്മൾ അതുവരെയും അകത്തു നിന്നും പുറത്തുനിന്നും കേട്ടുകൊണ്ടിരിക്കുന്ന ശബ്ദങ്ങളിൽ നിന്നും നമ്മുടെ ഏകാഗ്രതയെ പടിപടിയായി അടർത്തിമാറ്റി ശാന്തമായി കിടക്കുന്ന ഒരു കുഞ്ഞു ദ്വീപിൽ കൊണ്ടുചെന്നിറക്കലാണ്. ആ ദ്വീപിലേക്ക് യാത്ര ചെയ്യാൻ മടിയുള്ളവരു ണ്ടാവാം, ആ ദ്വീപിലേയ്ക്കുള്ള കപ്പലിൽ കയറാൻ ഭയപ്പെടുന്നവർ, ജീവിതം ഇതിനുമുൻപ് തങ്ങളെ കൊണ്ടുചെന്നിറക്കിയ തുരുത്തുകളില്‍ നിന്നും വേദന തിന്ന് ഓടി രക്ഷപ്പെട്ട് നില്‍ക്കുന്നവര്‍, തന്നെ ദ്വീപിലിറക്കാൻ വരുന്ന കപ്പലിന് വേണ്ടി നിദ്രയെന്ന മായാനദിയുടെ കരയിൽ മണിക്കൂറുകൾ കലങ്ങിയ കണ്ണുകളുമായി കാത്തിരിക്കുന്നവർ. അങ്ങനെ ഉറങ്ങാത്ത, ഉറക്കം വരാത്ത, ഉറങ്ങാൻ മടിയുള്ള, ഭയമുള്ള, ആ മനുഷ്യരൊക്കെയും അത്രമേല്‍ സ്നേഹം അര്‍ഹിക്കുന്നവരാണ്.

Advertisment

ബാല്യത്തിലെപ്പോഴോ ഒരിക്കലും ഉറക്കം വരാത്ത ഒരു മനുഷ്യനേക്കുറിച്ച് കൗതുകം തോന്നിക്കുന്ന ഒരു പത്രലേഖനം വായിച്ചതോര്‍ക്കുന്നു. എന്നാല്‍, ഇന്ന് സ്വസ്ഥമായി ആഗ്രഹിക്കുന്നത്രയും നേരം ഉറങ്ങുന്ന മനുഷ്യരേക്കാള്‍ കൗതുകം അര്‍ഹിക്കുന്നവര്‍ വേറെയുണ്ടാവില്ല. ചിലപ്പോഴെങ്കിലും സൂര്യന്‍ അസ്തമിച്ചുകഴിയുമ്പോള്‍ 'ഇന്ന് രാത്രി കടുപ്പമായിരിക്കും' എന്നൊരു ചിന്ത തലയിലൂടെ പാഞ്ഞുപോയിട്ടുണ്ടാവില്ലേ? അന്നേരം തന്നെ ചമോമൈല്‍ ചായ കുടിച്ചാല്‍ വേഗം ഉറക്കം വരുമെന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വന്നിരിക്കില്ലേ? കിടന്നയുടന്‍ യൂട്യൂബില്‍ 'ശയന്‍' എന്ന വാക്ക് തപ്പി ഇൻസ്ട്രമെന്‍റല്‍ മ്യൂസിക് തിരഞ്ഞെടുത്ത് നേര്‍ത്ത ശബ്ദത്തില്‍ കുറേനേരം വെച്ചുനോക്കിയിട്ടുണ്ടാവില്ലേ? പിന്നെയും പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്നുകഴിയുമ്പോള്‍ വിരിയിലെ ചുളിവുകള്‍ ശരീരത്തില്‍ വരയുന്നത് കൊണ്ടാണ് ഉറങ്ങാന്‍ സാധിക്കാത്തത് എന്ന് കണ്ടുപിടിച്ചിട്ടുണ്ടാവില്ലേ, വിരി വിടര്‍ത്തിയിട്ട് കണ്ണടച്ച് കിടക്കുമ്പോള്‍ കുന്നിറങ്ങി വരുന്ന ചെമ്മരിയാടുകളെ സങ്കല്‍പ്പത്തില്‍ എണ്ണിയെടുത്തിട്ടുണ്ടാവില്ലേ? പാതിരാ കഴിയുമ്പോള്‍, പരിചയമില്ലാത്ത നദിയിലൂടെ തുഴഞ്ഞു പോകുന്നതായി സങ്കല്‍പ്പിച്ചു മടുക്കുമ്പോള്‍, വിഷാദം മുറിയുടെ മൂലയില്‍ കത്തിച്ചുവെച്ച ചന്ദനത്തിരി യില്‍ നിന്നുയരുന്ന മണം പോലെ തലച്ചോറിലാകെ പ്രസരിച്ചു തുടങ്ങു മ്പോള്‍, അപകര്‍ഷതയുടെ കൊതുവലയ്ക്കുള്ളില്‍ നമ്മള്‍ ഒതുങ്ങിക്കൂടിയിരിക്കുമ്പോള്‍, മൊബൈലില്‍ സംസാരിക്കാന്‍ സാധിക്കുന്ന സുഹൃത്തുക്കളുടെ പേരിനരികില്‍ പച്ച വെളിച്ചം കത്തിക്കിടപ്പുണ്ടോ എന്ന് തപ്പിനോക്കിയിട്ടുണ്ടാവില്ലേ? അത്രയും ഒറ്റയ്ക്കായി എന്ന് തോന്നുമ്പോള്‍ വാട്സാപ്പ് സ്റ്റാറ്റസിലോ ഫെയ്സ്ബുക്കിലോ അടുത്ത സുഹൃത്തുക്കള്‍ കാണാന്‍ മാത്രം പാകത്തിന് 'ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന്' കുറിപ്പിട്ടിരിക്കില്ലേ? അന്നേരം എവിടെ നിന്നോ, ചിലപ്പോള്‍ ഭൂമിയുടെ അപ്പുറത്തെ അറ്റത്ത് നിന്ന് പോലും, ദയയുള്ളൊരു മനുഷ്യന്‍ ഇറങ്ങിവന്ന് കൈപിടിച്ച് ബാക്കിയുള്ള രാത്രി മുഴുവന്‍ കൂട്ടിരുന്നിട്ടുണ്ടാവില്ലേ? സൂര്യനുദിച്ച് അയാള്‍ യാത്രപറഞ്ഞു പോയതിന് ശേഷം ഉറക്കം അശേഷം മാറി എന്ന് തോന്നുമ്പോള്‍ കൈയ്യെത്തുന്ന ദൂരത്തിരിക്കുന്ന പുസ്തകമെടുത്ത് വായിച്ചു തുടങ്ങുന്നതും "ആദ്യം വന്നപ്പോള്‍ നിങ്ങളെ നോക്കി, കണ്ടില്ല" എന്ന് നുണ പറയുന്ന കടത്തുകാരനെപ്പോലെ മയക്കം നമ്മളെ തോണിയില്‍ കയറ്റി പതിയെ തുഴഞ്ഞ് നിദ്രയുടെ ദ്വീപില്‍ കൊണ്ട് ചെന്നിറക്കിയിട്ടുണ്ടാവില്ലേ?

ജനപ്രിയ സംസ്കാരത്തില്‍ ഉറക്കമില്ലാത്ത മനുഷ്യൻ കത്തിനീറിത്തുടങ്ങു ന്ന വെടിമരുന്നോളം അപകടകാരിയായ വസ്തുവാണ്. രാജ്യത്തിനോ സമൂഹത്തിനോ ഒക്കെ ഭീഷണിയായി തീരുന്നവരുടെ അടിസ്ഥാന സ്വഭാവ വിശേഷമായി ഉറക്കമില്ലായ്മ കടന്നു വരാറുണ്ട്. മാർട്ടിൻ സ്കോർസസെയുടെ 'ദി ടാക്സി ഡ്രൈവ'റിൽ ഉറക്കമില്ലാതെ രാത്രി മുഴുവൻ പകൽ താൻ പോയ വഴികളിലൂടെ തന്നെ കലങ്ങിചുവന്ന കണ്ണുകളുമായി ടാക്സി ഓടിച്ച് കഴിച്ചുകൂട്ടുന്ന ട്രാവിസ് ഒടുക്കം വിരസമായ തന്‍റെ ഒഴിവുവേളകളെ സജീവമാക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിനെ കൊല്ലാന്‍ പദ്ധതിയിട്ടുകൊണ്ടാണ്. ഡേവിഡ് ഫിഞ്ചറുടെ 'ഫൈറ്റ് ക്ലബ്ബി'ലെ നായകന്‍ ഉറക്കമില്ലാത്ത രാത്രികളിൽ താന്‍ സന്ദർശിക്കുന്ന പബ്ബുകളിൽ വെച്ച് പരിചയപ്പെടുന്ന അപരിചിതരെ സാഹസികമായ ചെയ്തികളിലേക്ക് വെല്ലുവിളിച്ചുകയറ്റി പതിയെ ഒരു തീവ്രവാദസംഘം തന്നെ രൂപീകരിക്കുന്നുണ്ട്. എന്നാല്‍ അപ്പോഴും ഇവരൊക്കെ അത്രയും സ്വാഭാവികമായി ഉറക്കത്തിലേക്ക് ഇഴുകിയിറങ്ങി പോകാൻ കഴിവ് നഷ്ടപ്പെട്ടവരാണ്. ജീവന്‍റെ, ഉണർവിന്‍റെ, ഞരമ്പ് അവരിൽ അത്രയും ശക്തമായി രാത്രിയിലും മിടിച്ചുകൊണ്ടേയിരിക്കും. സത്യത്തില്‍ ഉറക്കമില്ലാത്ത മനുഷ്യര്‍ തന്‍റെ ജീവിതത്തിൽ ഏതാണ്ട് പകുതി നേരത്തോളം കഠിനമായ ഏകാന്തത അനുഭവിക്കുന്നവരാണ്. തനിക്ക് പ്രിയപ്പെട്ടവരെല്ലാം നിദ്രയുടെ മറുകരയിൽ നിൽക്കുമ്പോൾ അവനവനെത്തന്നെ ആസ്വദിച്ച് രാത്രി മുഴുവൻ കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ടവർ. റെയ്മണ്ട് കാര്‍വറുടെ 'ദി സ്റ്റുഡെന്റ്സ് വൈഫ്‌' എന്ന കഥ ഒരു വേള പരാലിസിസ് ബാധിച്ച് ഒരിടത്ത് ഒതുങ്ങിപ്പോകുന്ന കഥാനായിക രാത്രിയിലെ പതിവ് ഒറ്റപ്പെടലിൽ നിന്നും സ്വയം രക്ഷനേടാൻ തന്‍റെ ഭർത്താവുമായി ഏതുവിധേനയും സംഭാഷണത്തിലേർപെടാൻ ശ്രമിക്കുന്നതും അതില്‍ പരാജയപ്പെടുന്നതുമായി വ്യാഖ്യാനിക്കാം. ഒടുക്കം അവര്‍ മെഴുകുതിരി കൊളുത്തി സൂര്യനെ ധ്യാനിച്ചുദിപ്പിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.Literature, Malayalam Writer, Film, health, insomania, sleep, sleeping, sleepless, vivek chandran

ജനപ്രിയ സംസ്കാരം മറ്റൊരു തരത്തില്‍ ഉറക്കമില്ലാത്തവരെ സൃഷ്ടിക്കുന്നത് അവരില്‍ കുറ്റബോധം നിറച്ചാണ്. ക്രിസ്റ്റഫർ നോളന്‍റെ 'ഇൻസോമ്നിയ'യിൽ സഹപ്രവർത്തകനെ അബദ്ധത്തിൽ കൊലപ്പെടുത്തിയതിന്‍റെ കുറ്റബോധവും പേറി രാത്രികളില്‍ ഉറങ്ങാന്‍ പരിശ്രമിക്കുന്ന ഡിടക്ടീവ് വില്ലിനോട് അയാള്‍ ചെയ്ത കൃത്യം അംഗീകരിച്ചുകൊണ്ടുതന്നെ സ്നേഹം തോന്നിപോകും. അയാള്‍ പതിവായി ജാലകങ്ങള്‍ ഇറുക്കിയടച്ചതിന് ശേഷവും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ തുള്ളി പ്രകാശത്തെ കറുത്ത ജാലകവിരികള്‍ കൊണ്ട് മൂടിയിട്ട് ഉറക്കത്തിനായി നോറ്റിരുന്ന് നേരം വെളുപ്പിക്കുന്നു. 'ദി മെഷീനിസ്റ്റി'ലെ ഉറക്കമൊഴിച്ച് നേർത്ത് നേർത്ത് ഇല്ലാതായിത്തുടങ്ങുന്ന ക്രിസ്റ്റിൻ ബെയിൽ അവതരിപ്പിച്ച നായക കഥാപാത്രം തന്‍റെ പൂര്‍വ്വ ജീവിതത്തില്‍ പിണഞ്ഞ അബദ്ധത്തിന് ഉറക്കമൊഴിഞ്ഞിരുന്ന് പ്രായശ്ചിത്തം ചെയ്യുകയാണ്. ഉറക്കം വരായ്കയെ സ്ലീപ്‌ മ്യൂസിക്ക് കേട്ടും കാറിലും ലോ-ഫ്ലോര്‍ ബസ്സിലുമൊക്കെ നഗരം ചുറ്റിയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന 'മായാനദി'യിലെ മാത്തനും തന്‍റെ മുന്‍കാല ജീവിതത്തിലെ തെറ്റിപ്പോയ ഒരു നിമിഷത്തിന്‍റെ ഇരയാണ്. മനുഷ്യജീവന്‍ എടുക്കാനുള്ള അവകാശം കാലത്തിന്, പ്രകൃതിക്ക്, ദൈവത്തിന് മാത്രമുള്ളതാണ് എന്നൊരു ചിന്തയില്‍ കൊളുത്തി ആലോചിച്ചാല്‍ തങ്ങളുടെ ജീവിതത്തിലെ ഏകാഗ്രത നഷ്ടപ്പെട്ട ഒരു നിമിഷത്തില്‍ ആഗ്രഹിച്ചിട്ടല്ലെങ്കില്‍ കൂടി ദൈവത്തോളം മിടുക്കോടെ ആരുമറിയാതെ ഒരു മനുഷ്യ ശരീരത്തില്‍ നിന്നും ജീവന്‍ ചോര്‍ത്തിക്കളഞ്ഞവരാണ് ഇവരൊക്കെയും. എങ്കിലും ഉറങ്ങാത്ത, രാത്രിയോ പകലോ ഭേദമില്ലാത്ത, ഏകാകിയായ ദൈവത്തിന്‍റെ പ്രതിരൂപങ്ങളായി നമുക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഇവരോട് കരുണയില്‍ കുറഞ്ഞ മറ്റൊരു വികാരവും നമുക്ക് തോന്നാനിടയില്ല.

Advertisment

ഉറക്കം കനിയില്ലെന്ന് ഉറപ്പുതോന്നുന്ന രാത്രിയില്‍ ഇങ്ങനെ പലതും ഓര്‍ത്തുകൊണ്ട്‌ നമുക്ക് വെറുതേ കണ്ണടച്ചു കിടക്കാം. പിന്നെയും രാത്രി കനക്കുമ്പോള്‍ നമുക്ക് വരിതെറ്റാതെ നടന്നുപോകുന്ന ഉറുമ്പുകളെ എണ്ണിയെടുക്കാം, ചെമ്മരിയാടിന്‍റെ കൂട്ടങ്ങളെ പാലം കടത്താം, കാലത്ത് തീവണ്ടിയിലെ തിരക്കില്‍ വെച്ച് കണ്ടുമുട്ടിയ മനുഷ്യരുടെയൊക്കെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാം, അവര്‍ക്കൊക്കെയും സൗഖ്യം നേരാം. അങ്ങനെ നാമറിയുന്ന ജീവജാലങ്ങളൊക്കെയും വരിയോപ്പിച്ചും കണക്കൊപ്പിച്ചും പുലരുന്നുണ്ടെന്ന്‍ മനസ്സുകൊണ്ട് ദൈവത്തിലും ഒട്ടും കുറവല്ലാത്ത കണിശതയോടെ ഉറപ്പുവരുത്തിക്കൊണ്ട് പ്രഭാതത്തിനായി കാത്തിരിക്കാം.

Read More: വിവേക് ചന്ദ്രൻ എഴുതിയ മറ്റ് ലേഖനങ്ങൾ ഇവിടെ വായിക്കാം

Film Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: