/indian-express-malayalam/media/media_files/2025/02/19/xcMo1bn4WauKIq2Rc0L7.jpg)
ഹൈദരാബാദിന്റെ ഹൃദയഭാഗത്തുള്ള ഒരു സാധാരണ കെട്ടിടത്തിൽ മൂന്ന് പേർ ഇരുന്നു, വളരെക്കാലം മുമ്പ്, നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ഗറില്ലകളായിരുന്നു അവർ. അവരിൽ ഒരാൾ 1980കളിൽ പാർട്ടിയിൽ ചേർന്ന മുൻ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു, അന്ന് അത് പീപ്പിൾസ് വാർ ഗ്രൂപ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മാവോയിസ്റ്റ് പാർട്ടിയുടെ ഉന്നത തീരുമാനമെടുക്കൽ സമിതികളാണ് കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും.
“ഞാൻ ആന്ധ്രാപ്രദേശിലും പിന്നീട് ഛത്തീസ്ഗഡിലും പ്രവർത്തിച്ചിരുന്നു. അവസാനം ജാർഖണ്ഡിൽ എത്തി. ഒടുവിൽ, പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.”വൃത്തിയായി ഇസ്തിരിയിട്ട കൈത്തറി ഷർട്ടും കോട്ടൺ പാന്റസും ധരിച്ച, കിരൺ എന്ന അപരനാമത്തിൽ സ്വയം പരിചയപ്പെടുത്തിയ മുൻ കേന്ദ്ര കമ്മിറ്റി അംഗം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സമീപകാലത്ത് "വിശ്വാസം" നഷ്ടപ്പെട്ട ഒരേയൊരു വ്യക്തി കിരൺ മാത്രമല്ല. അറസ്റ്റുകൾ, കീഴടങ്ങലുകൾ, ഏറ്റുമുട്ടലുകൾ എന്നിവയുടെ രൂപത്തിലുള്ള തിരിച്ചടികളുടെ ഒരു പരമ്പര മാവോയിസ്റ്റ് പാർട്ടിയെയും പ്രസ്ഥാനത്തെയും - മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് "ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളി" എന്ന് വിശേഷിപ്പിച്ചു - അബുജ്മദ് മുതൽ ഗഡ്ചിരോളി വരെയുള്ള നക്സലൈറ്റ് കോട്ടകളിലേക്ക് ഭരണകൂടം കടന്നുകയറുമ്പോൾ, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദുർബലമായ ഘട്ടത്തിലാണ് അവരെ എത്തിച്ചിരിക്കുന്നത്.
അഞ്ച് മാസം മുമ്പ്, 2024 സെപ്റ്റംബർ 20ന്, കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഇതുവരെ ആശയക്കുഴപ്പത്തിലാക്കിയ സംഘർഷഭരിതമായ ഒരു വിഷയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്ത്യം കുറിക്കുമെന്ന് പറഞ്ഞു. “രാജ്യത്ത് നിന്ന് നക്സലൈറ്റ് അക്രമവും പ്രത്യയശാസ്ത്രവും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. 2026 മാർച്ച് 31, ഈ രാജ്യത്ത് നക്സലിസത്തിനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നു. അതിനുമുമ്പ് ഞങ്ങൾ നക്സലിസത്തെ തുടച്ചുനീക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകൾക്കുണ്ടായ ഏറ്റവും പുതിയ തിരിച്ചടിക്ക് ശേഷം - ഫെബ്രുവരി ഒമ്പതിന് ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നും വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നും ഷാ ആവർത്തിച്ചു. ഈ വർഷം ഇതുവരെ 81 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടു.
ഉരുക്ക് മുഷ്ടി, ചുരുങ്ങുന്ന ചുവപ്പ് ഇടം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2004നും 2023 ജൂണിനും ഇടയിലുള്ള ഏകദേശം രണ്ട് പതിറ്റാണ്ടുകളിൽ 24,237 “സംഭവങ്ങളും” 8,694 “മരണങ്ങളും” ഉണ്ടായിട്ടുണ്ട്. ഇതിൽ മരണടഞ്ഞ 2,000ത്തിലധികംപേർ സുരക്ഷാ സേനയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദശകത്തിൽ, കേഡർമാരെ കൂടാതെ, സംസ്ഥാനങ്ങളിലെ സൈനിക ഇടപെടലുകളിൽ മാവോയിസ്റ്റ് പാർട്ടിക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ചില നേതാക്കളെ നഷ്ടപ്പെട്ടു.
ഈ വർഷം ജനുവരി 21ന്, തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന പ്രതാപ് റെഡ്ഡി രാമചന്ദ്ര റെഡ്ഡി എന്ന 62കാരനായ ചലപതിയെ ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലാ പൊലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ (കോബ്ര), ഒഡീഷയിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവർ വെടിവച്ചു കൊലപ്പെടുത്തി. 2021 നവംബറിൽ, സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മിലിന്ദ് തെൽത്തുംമ്പ്ടെ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഒഡീഷയിൽ, 2016 ഒക്ടോബറിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ ദയ എന്ന ഗാർല രവി, ഗണേഷ്, മല്ലേഷ്, ചലപതി എന്ന അപ്പ റാവു എന്നീ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കൊല്ലപ്പെട്ടു. നേരത്തെ, 2010ൽ, ആന്ധ്രാപ്രദേശ് പൊലീസ് പൊളിറ്റ് ബ്യൂറോ അംഗമായ ചെറുകുരി രാജ്കുമാർ എന്ന ആസാദിനെയും 2011 ൽ പൊളിറ്റ് ബ്യൂറോ അംഗമായ മല്ലോജുല കോടേശ്വര റാവു എന്ന കിഷൻജിയെയും കൊലപ്പെടുത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ 25 വർഷത്തിനിടെ അറസ്റ്റിലായ മാവോയിസ്റ്റുകളുടെ എണ്ണം 16,733 ആണെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഭൂരിഭാഗവും 2015നും 2025നും ഇടയിലാണ് നടന്നത്. 2024ൽ രാജ്യത്തുടനീളം 475 മാവോയിസ്റ്റുകൾ കീഴടങ്ങി. കഴിഞ്ഞ ദശകത്തിൽ - 2015 മുതൽ 2025 വരെ - കീഴടങ്ങിയവരുടെ എണ്ണം 10,884 ആണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദശകത്തിൽ കീഴടങ്ങിയവരുടെ എണ്ണം - 4,380 ആണെന്ന് കണക്കാക്കപ്പെടുന്നു.
കർണാടക അടുത്തിടെ തങ്ങളുടെ സംസ്ഥാനത്തെ "അവസാന നക്സലൈറ്റ്" ആയ തോമ്പട്ടു ലക്ഷ്മി കീഴടങ്ങിയതായി പ്രഖ്യാപിച്ചു, ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിഗമനമനുസരിച്ച്, കർണാടക ഇപ്പോൾ "മാവോയിസ്റ്റ് വിമുക്തമാണ്."
തെലങ്കാനയിൽ 2024ൽ നിരോധിത സംഘടനയിലേക്ക് സംസ്ഥാനത്ത് നിന്ന് ആരും ചേർന്നിട്ടില്ലെന്ന് (സീറോ റിക്രൂട്ട്മെന്റ്) തെലങ്കാന ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാവോയിസ്റ്റ് പാർട്ടിയുടെ നേതൃത്വവും ചുരുങ്ങിവരികയാണ്. 2004ൽ 16 പോളിറ്റ് ബ്യൂറോ അംഗങ്ങളുണ്ടായിരുന്നെങ്കിൽ, നിലവിൽ ബസവരാജു എന്ന നമ്പല്ല കേശവ റാവു, ഗണപതി എന്ന മുപ്പല്ല ലക്ഷ്മൺ റാവു, സോനു എന്ന മല്ലജുല്ല വേണുഗോപാൽ റാവു, മിസിർ ബെസ്ര എന്നിങ്ങനെ നാല് പേർ മാത്രമേ ഇപ്പോഴുള്ളൂവെന്ന് തെലങ്കാന ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര കമ്മിറ്റിയിൽ 19 അംഗങ്ങളാണുള്ളത്.
വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനു കീഴിലാണ് മാവോയിസ്റ്റ് അക്രമങ്ങളെ നേരിടുന്നതിനുള്ള ഫലപ്രദമായ തന്ത്രം രൂപീകരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിച്ചത്.
പിന്നീട്, യുപിഎ സർക്കാരിന്റെ കീഴിൽ, പി. ചിദംബരത്തിന്റെ കീഴിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കി. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ജില്ലകളിൽ കേന്ദ്ര സായുധ പൊലീസ് സേനയെ വൻതോതിൽ വിന്യസിക്കുകയും സംസ്ഥാന പൊലീസിന്റെ പരിശീലനത്തിനും നവീകരണത്തിനുമായി ഫണ്ട് അനുവദിക്കുകയും ചെയ്തു.
'വ്യക്തമാക്കുക, കൈവശപെടുത്തുക, വികസിപ്പിക്കുക' എന്ന നയത്തെ അടിസ്ഥാനമാക്കി പദ്ധതി തയ്യാറാക്കി. ഈ നയത്തിന്റെ ഭാഗമായി, സൈന്യം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ പ്രവേശിക്കുകയും അവരുമായി എറ്റുമുട്ടുകയും, ആ പ്രദേശങ്ങളിൽ ക്യാമ്പുകൾ നിർമ്മിക്കുകയും, ഒടുവിൽ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ നിർമ്മിക്കാൻ സംസ്ഥാന ഭരണകൂടത്തെ ഏൽപ്പിക്കുകയും ചെയ്യും. 2014ൽ അധികാരത്തിൽ വന്നതിനുശേഷം മോദി സർക്കാർ, കൂടുതൽ ശക്തിയോടെ അതേനയം തുടരുന്നു.
മോദി സർക്കാരിന്റെ ഭരണകാലത്ത്, ഇടതുപക്ഷ തീവ്രവാദ (എൽഡബ്ല്യുഇ) സ്വാധീന മേഖലകളിൽ 544 സുരക്ഷിത പൊലീസ് സ്റ്റേഷനുകൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളെ സഹായിച്ചിട്ടുണ്ട്, യുപിഎ സർക്കാരിന്റെ കാലത്ത് ഇത് 66 ആയിരുന്നു. 2004നും 2014നും ഇടയിൽ ഇടതുപക്ഷ തീവ്രവാദ സ്വാധീന പ്രദേശങ്ങളിലെ റോഡ് ശൃംഖല 2,900 കിലോമീറ്ററിൽ നിന്ന് കഴിഞ്ഞ ദശകത്തിൽ 14,400 കിലോമീറ്ററായി. ഈ മേഖലകളിൽ 6,000 മൊബൈൽ ടവറുകൾ സ്ഥാപിക്കുകയും ചെയ്തു.
മാവോയിസ്റ്റ് മേഖലകളിൽ 2019 മുതൽ, 280 പുതിയ സുരക്ഷാ ക്യാമ്പുകളും 15 പുതിയ സംയുക്ത കർമ്മസേനകളും (ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്) സർക്കാർ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസിനെ സഹായിക്കുന്നതിനായി ആറ് സിആർപിഎഫ് ബറ്റാലിയനുകളും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒമ്പത് സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ മാത്രമേ ഇടതുപക്ഷ തീവ്രവാദ അക്രമം ബാധിച്ചിട്ടുള്ളൂ. മാവോയിസ്റ്റ് കലാപം ഇപ്പോൾ "ഛത്തീസ്ഗഡിലെ വെറും നാല് ജില്ലകളിൽ" മാത്രമാണെന്ന് അമിത് ഷാ അടുത്തിടെ പറഞ്ഞു.
എന്നാൽ, മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ വിജയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് പ്രധാനമായും സംസ്ഥാന സർക്കാരുകളുടെയും അതത് സ്ഥലങ്ങളിലെ പൊലീസിന്റെയും കൂട്ടായ ശ്രമങ്ങളുടെ ഫലമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ പ്രദേശങ്ങളിൽ നിന്ന് മാവോയിസ്റ്റുകളെ പൂർണ്ണമായും ഉന്മൂലനം ചെയ്തിട്ടുണ്ട്. ഒഡീഷ, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ അവരുടെ പ്രവർത്തനം ചെറിയഇടങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
സംസ്ഥാന പൊലീസ് സേനകളെ ശക്തിപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക, നക്സലൈറ്റുകളെ നേരിടാൻ മികച്ച പരിശീലനം ലഭിച്ചതും ഉന്നത നിലവാരമുള്ളതും റെയ്ഡുകളും ഓപ്പറേഷനുകളും നടത്താൻ ശേഷിയുള്ളതുമായ (ക്രാക്ക് കമാൻഡോ) യൂണിറ്റുകൾ രൂപീകരിക്കുക, കീഴടങ്ങൽ പ്രോത്സാഹിപ്പിക്കുക, പുനരധിവാസ നയങ്ങൾ നടപ്പിലാക്കുക, വിദൂര ഗോത്ര മേഖലകളിലേക്ക് ഭരണനിർവഹണവും വികസനവും എത്തിക്കുക എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമീപനത്തിലൂടെയാണ് ഈ സംസ്ഥാനങ്ങൾ ഇത് നേടിയെടുത്തത്.
നിലവിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ വേദിയായ,ഛത്തീസ്ഗഢിൽ, കഴിഞ്ഞ വർഷം, 219 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു, സംസ്ഥാന രൂപീകരണത്തിനുശേഷം ഏറ്റവും കൂടുതൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട വർഷമായി ഇത് മാറി.
ഛത്തീസ്ഗഢിലെ വനങ്ങൾക്കുള്ളിൽ സുരക്ഷാ സേനകൾ കൂടുതലും സിആർപിഎഫോ സംസ്ഥാന പൊലീസോ നടത്തുന്ന ഫോർവേഡ് ബേസ് ക്യാമ്പുകൾ സ്ഥാപിക്കുക എന്നതാണ് ഇവിടുത്തെ തന്ത്രം. ഒരു ഓപ്പറേഷൻ ഉണ്ടായാൽ അടുത്ത നടപടിയെടുക്കുന്നതിനുള്ള ലോഞ്ച്പാഡുകളായി ഈ ക്യാമ്പുകൾ പ്രവർത്തിക്കുന്നു, കൂടാതെ പ്രദേശത്തെ ആധിപത്യം സ്ഥാപിക്കാനും അവിടെ നിലയുറപ്പിക്കാനും ഇത് സേനയെ സഹായിക്കുന്നു.
"മാവോയിസ്റ്റുകളെ ക്യാമ്പുകളുടെ ഒരു ശൃംഖലയിൽ ഒതുക്കി അവരുടെ നീക്കം ദുഷ്കരമാക്കുക" എന്നതായിരുന്നു ഈ ആശയമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാൽ, നാരായൺപൂർ, ബിജാപൂർ, കാങ്കർ, ബസ്തർ എന്നിവിടങ്ങളിലെ ആദിവാസികളിൽ നിന്ന് ക്യാമ്പുകൾക്ക് ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നു.
സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം, 2019നും 2024നും ഇടയിലുള്ള ആറ് വർഷത്തിനുള്ളിൽ ബസ്തർ മേഖലയിൽ 100 പൊലീസ് ക്യാമ്പുകൾ നിലവിൽ വന്നു. “അബുജ്മദ്, സൗത്ത് ബസ്തർ തുടങ്ങിയ മാവോയിസ്റ്റുകളുടെ സുരക്ഷിത താവളങ്ങളായി കണക്കാക്കപ്പെട്ടിരുന്ന സ്ഥലങ്ങളിലെ, സുരക്ഷയുടെ അഭാവം ഫോർവേഡ് ക്യാമ്പുകൾ നികത്തുകയാണ്. ഈ ക്യാമ്പുകൾ മാവോയിസ്റ്റുകളുടെ നീക്കത്തെ നിയന്ത്രിക്കുക മാത്രമല്ല, പ്രധാന പ്രവർത്തനങ്ങൾ നടത്താൻ സേനയെ സഹായിക്കുകയും ചെയ്യുന്നു.”ഛത്തീസ്ഗഢിലെ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (നക്സൽ ഓപ്പറേഷൻസ്) ആർ കെ വിജ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,
വിവിധ മാവോയിസ്റ്റ് വിരുദ്ധ സേനകൾ തമ്മിലുള്ള മികച്ച ഏകോപനം വലിയ മാറ്റമുണ്ടാക്കിയെന്ന് ബസ്തർ റേഞ്ചിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പി പറഞ്ഞു, “ഡിആർജി, എസ്ടിഎഫ്, ബസ്തർ ഫൈറ്റേഴ്‌സ്, കോബ്ര, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഎഎഫ്, മറ്റ് സുരക്ഷാ സേനകൾ എന്നിവയ്ക്കിടയിൽ നിലവിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അയൽ സംസ്ഥാനങ്ങളിലെ സൈനികരുമായി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏകോപനമാണ് ഞങ്ങൾക്കുള്ളത്,” അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢ് പ്രധാനമായും ഉരുക്കുമുഷ്ടി സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും തെലങ്കാനയിൽ ഫലപ്രദമായത് "മാനുഷികമായ കീഴടങ്ങൽ നയമാണ്" എന്ന് തെലങ്കാനയിലെ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2024ൽ കീഴടങ്ങിയ 475 മാവോയിസ്റ്റുകളിൽ 87 പേർ തെലങ്കാനയിൽ നിന്നുള്ളവരാണെന്ന് സംസ്ഥാന ഇന്റലിജൻസ് വകുപ്പ് അറിയിച്ചു.
മുൻ മാവോയിസ്റ്റുകൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞതനുസരിച്ച്, കൃഷി ഭൂമി, താമസിക്കാൻ സ്ഥലം, "പുനരധിവാസത്തിന് മാന്യമായ തുക" എന്നിവ സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു. കീഴടങ്ങുന്ന മാവോയിസ്റ്റിന് സാധാരണയായി അവരുടെ തലയ്ക്ക് പറഞ്ഞിരുന്ന തുക വാഗ്ദാനം ചെയ്യാറുണ്ടെന്ന് ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ കീഴടങ്ങുന്നവരെ മാവോയിസ്റ്റുകൾ വേട്ടയാടുന്ന കഥകളുണ്ട്. “അതെ, പാർട്ടി ചാരന്മാരായി മാറുന്നവർക്കും പാർട്ടിയെ ‘ദ്രോഹിക്കുന്നവർക്കും’ എതിരെ പാർട്ടി തിരിയും,” മുൻ കേന്ദ്ര കമ്മിറ്റി അംഗമായ കിരൺ പറയുന്നു.
“നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പാർട്ടി വിടാം. പക്ഷേ, അതിനുള്ള ഒരു നടപടിക്രമമുണ്ട്” എന്ന് സുബ്ബറാവു തറപ്പിച്ചു പറയുന്നു.
ഈ ‘നടപടിക്രമം’ ലളിതമല്ല. “ആദ്യം, തങ്ങൾ പോകാൻ ആഗ്രഹിക്കുന്നുവെന്ന് പാർട്ടിയെ അറിയിക്കേണ്ടതുണ്ട്. മൂന്ന് മുതൽ നാല് മാസം വരെ ഇത് ചർച്ച ചെയ്യുകയും സംവാദം നടത്തുകയും ചെയ്യുന്നു. പിന്നീട് ഞങ്ങളെ വിട്ടയക്കുന്നു,” അശോക് പറയുന്നു. ‘മോചനം’ എളുപ്പമല്ല. കീഴടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്, അപ്പോഴേക്കും ഒരാൾ ഒരു വിവരദാതാവായി മുദ്രകുത്തപ്പെടും. അതിനാൽ, നിരവധി മാവോയിസ്റ്റുകൾ കീഴടങ്ങുന്നതിനേക്കാൾ അറസ്റ്റിനെയാണ് ഇഷ്ടപ്പെടുന്നത്. ചിലർ ഇപ്പോഴും കീഴടങ്ങുന്നതിനേക്കാൾ മരണത്തെയാണ് ഇഷ്ടപ്പെടുന്നതെന്ന് അവർ പറയുന്നു.
"പാർട്ടിയെ നയിക്കുന്നവരോട് ഞങ്ങൾക്ക് ഒരു സന്ദേശമേയുള്ളൂ - ആളുകൾക്ക് നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുന്നതിന് മുമ്പ് കീഴടങ്ങുക. തോൽക്കുന്ന ഒരു പോരാട്ടത്തിന് നേതൃത്വം നൽകരുത്" എന്ന് തെലങ്കാനയിലെ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻ മാവോയിസ്റ്റുകളുടെ അഭിപ്രായത്തിൽ ആളുകളെ ബോധാവല്കരിക്കുക - സാധാരണയായി പൊലീസിനും വിമതർക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്നവരെ - പാർട്ടിയുടെ വൃഥാശ്രമത്തെ കുറിച്ച്. “ഇതിനുള്ള ഏറ്റവും നല്ല മാർഗം ജനാധിപത്യം മാത്രമേ നിലനിൽക്കൂ എന്ന് ബോധ്യപ്പെടുത്തുക എന്നതാണ്,” കിരൺ അഭിപ്രായപ്പെട്ടു. "മാവോയിസ്റ്റ് പാർട്ടി മറ്റ് ഏതൊരു രാഷ്ട്രീയ സംഘടനയെയും പോലെയാണെന്ന ജനങ്ങളുടെ ധാരണ മാറ്റണം. ഇത് രാഷ്ട്രീയ ലക്ഷ്യമുള്ള സായുധ സംഘടനയാണെന്ന സന്ദേശം വ്യക്തമായി ബോധ്യപ്പെടുത്തണം.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരുകൾ പ്രചാരണ പദ്ധതികളിലൂടെ തങ്ങളുടെ പങ്ക് നിർവഹിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് സംഘടനകൾ പറയുന്നു. ഛത്തീസ്ഗഡിൽ, "വിപ്ലവകാരികൾക്ക് അഭയം നൽകുന്നത് നിർത്താൻ" ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അവർ പറയുന്നു. തെലങ്കാനയിൽ, "വഴിതെറ്റാന്‍സാധ്യതയുളള" യുവാക്കളെ മാവോയിസ്റ്റ് സാഹിത്യത്തിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിൽ, "തുടച്ചുനീക്കൽ സാധാരണമായി".
ഇനിയും അവസാനിച്ചിട്ടില്ല
ആക്രമണാത്മക സമീപനവും മാവോയിസ്റ്റുകളെ "തുടച്ചുനീക്കുന്നതിന്" 2026 മാർച്ചിൽ സർക്കാർ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്,എന്നാൽ അന്തിമഘട്ടം എന്നത് ഇതുവരെ ലക്ഷ്യത്തിലില്ലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ സമ്മതിക്കുന്നത്.
“അവർ തെലങ്കാനയിലേക്ക് പ്രവേശിക്കുന്നില്ല, കാരണം ഞങ്ങളുടെ ഓപ്പറേഷൻസ് അവരെ കാടിന്‍റെ ഉള്ളിലേക്ക് തള്ളിവിടുകയാണ്. വീണ്ടും പ്രവർത്തനം പുനരാരംഭിക്കാന്‍ സാധ്യതയുള്ളതിനാൽ ഞങ്ങൾ ജാഗ്രത പാലിക്കണം,” ഒരു ഉന്നത തെലങ്കാന ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പാർട്ടിയുടെ നിലവിലുള്ള 19 കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 12 പേർ തെലങ്കാനയില്‍നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ മൂന്ന് പേരും തെലുങ്ക് സംസാരിക്കുന്നവരാണെന്നും.
എന്നിരുന്നാലും, ഉന്നത മാവോയിസ്റ്റ് നേതാക്കളിൽ ഭൂരിഭാഗവും അവിഭക്ത ആന്ധ്രയില്‍ നിന്നുള്ളവരാണെന്നത് പ്രസ്ഥാനത്തിലെ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. "ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നും മാവോയിസം ഏതാണ്ട് തുടച്ചുനീക്കപ്പെടുമ്പോൾ, എല്ലാ മുൻനിര നേതാക്കളും അവിടെ നിന്നുള്ളവരാണ് എന്നത് മാവോയിസ്റ്റ് നേതൃത്വത്തിലെ പുതുരക്തത്തിൻ്റെ ദൗർലഭ്യത്തിൻ്റെ പ്രതിഫലനമാണ്. ഈ കഴിഞ്ഞ ദശകത്തിൽ അവര്‍ക്ക് പ്രാഭാവമുള്ള ഒരേയൊരു സംസ്ഥാനം ഛത്തീസ്ഗഢാണ്, എന്നാൽ നേതൃപരമായ റോളുകളിൽ സംസ്ഥാനത്ത് നിന്ന് ആരും തന്നെ ഇല്ല,” ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യൻ എക്‌സ്പ്രസ് സംസാരിച്ച ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും മുൻ മാവോയിസ്റ്റുകളും പ്രാദേശിക ജനങ്ങളിൽ പ്രസ്ഥാനത്തോടും അതിൻ്റെ കേഡറുകളോടും ഇപ്പോഴും കാര്യമായ അനുഭാവം ഉണ്ടെന്ന് പറഞ്ഞു. 'അർബൻ നക്‌സലുകൾ' എന്നറിയപ്പെടുന്നവർക്കെതിരെയുള്ള അടിച്ചമർത്തലുകൾ പോലും ഈ സഹതാപം ഇല്ലാതാക്കിയിട്ടില്ല," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഛത്തീസ്ഗഡ് പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബീജാപൂരിൽ ഇപ്പോഴും ആയിരക്കണക്കിന് മിലിഷ്യ കേഡർ ഉണ്ട്, ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ അത്തരം ഏഴ് ജില്ലകളിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ബാധിത ജില്ലയായി ഇത് മാറി. സർക്കാരിൻ്റെ സമയപരിധിയെക്കുറിച്ച് സംശയമുള്ളവർ പറയുന്നത് മാവോയിസ്റ്റുകളുടെ അന്ത്യം പ്രവചിച്ച ആദ്യത്തെ രാഷ്ട്രീയ നേതാവല്ല അമിത് ഷാ എന്നാണ്. 2010ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം മൂന്ന് വർഷത്തിനുള്ളിൽ മാവോയിസം ഇല്ലാതാക്കുമെന്ന് പറഞ്ഞിരുന്നു.
കിരണും കിഴടങ്ങിയ മറ്റുള്ളവരും അമിത ശുഭാപ്തിവിശ്വാസത്തിനെതിരെ ജാഗ്രത പാലിക്കുന്നു. “മാവോയിസ്റ്റ് നേതൃത്വം ചുരുങ്ങുകയും പ്രായമാകുകയും ചെയ്യുന്നു എന്നത് ശരിയാണ്. പക്ഷേ, അവർക്ക് സ്വാധിനം നഷ്ടപ്പെട്ടുവെന്നോ അവയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ നമുക്ക് വ്യക്തമായി പറയാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു, “ഞാൻ പാർട്ടി വിട്ടത് പ്രത്യയശാസ്ത്രം മരിച്ചതുകൊണ്ടല്ല, മറിച്ച് നടപ്പാക്കൽ തലത്തിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനാലാണ്.”
നിരോധിത സംഘടന ഉപേക്ഷിച്ച് ചെറുകിട വ്യവസായങ്ങൾ നടത്തിയും, കാർഷിക മേഖലയില്‍ ജോലി ചെയ്തും തങ്ങൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞതായി മൂന്ന് മുൻ മാവോയിസ്റ്റുകൾ പറയുന്നു. “ഒരു കളങ്കവും ഇല്ല. കീഴടങ്ങുന്നവരെ ജനങ്ങൾ സ്വാഗതം ചെയ്യുന്നു,” കിരൺ പറയുന്നു.
കീഴടങ്ങിയ മൂന്ന് മാവോയിസ്റ്റുകളിൽ ആരും പാർട്ടിയെ പൂർണമായി തള്ളിപറഞ്ഞിട്ടില്ല. 2008-ൽ പാർട്ടിയിൽ ചേർന്ന അശോക് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു മുൻ ജില്ലാ കമ്മിറ്റിയംഗമാണ് കിരണിനോടൊപ്പം ഉണ്ടായിരുന്നത്. "പാർട്ടിക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്, ഇപ്പോഴും ആളുകളെ ആകർഷിക്കാൻ കഴിയും," അദ്ദേഹം പറഞ്ഞു.
“എൻ്റെ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാർ ദളിതരെ ആക്രമിച്ചപ്പോൾ പാർട്ടി ഇടപെട്ട് ദലിതരെ സംരക്ഷിച്ചു. ആ മാസം തന്നെ ഞാൻ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു,” തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മാവോയിസ്റ്റ് പാർട്ടിയുടെ അൻഡർഗ്രൗൻഡ് നേതാക്കള്ളടക്കം എല്ലാവരും സ്വതന്ത്രരായി വിഹരിച്ചിരുന്ന ഒരു കാലഘട്ടം അനുസ്മരിച്ചുകൊണ്ട് അശോക് പറഞ്ഞു. പാർട്ടിയുടെ അക്രമാസക്തമായ വഴികൾ പിന്തുടരാൻ ആഗ്രഹിക്കാത്തതിനാലാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുബ്ബ റാവു എന്ന് പരിചയപെടുത്തിയ പാർട്ടിയുടെ ഒരു മുൻ സംസ്ഥാന കമ്മറ്റി അംഗം, താൻ കീഴടങ്ങിയത് "നിരാശാഭരിതനായതിനാലാണ്... എന്നാൽ അങ്ങനെയല്ലാത്ത പലരും ഉണ്ട്" എന്ന് പറയുന്നു.
മൂവരും പാർട്ടിയുടെ സമത്വ സ്വഭാവത്തത്തിനെപറ്റി സംസാരിച്ചു.അതിനെ അതിൻ്റെ ഏറ്റവും വലിയ ശക്തി എന്ന് വിശേഷിപ്പിച്ചു. പുരുഷാധിപത്യത്തെ ചെറുക്കാൻ പാർട്ടിയിൽ ചേരുന്ന സ്ത്രീകളുണ്ട്. ജാതി അടിച്ചമർത്തലിനെ നേരിടാൻ ദലിതർ ചേരുന്നു…” അശോക് പറയുന്നു. കീഴടങ്ങിയ ചില മാവോയിസ്റ്റുകൾ പാർട്ടിയെ ജാതീയവും പുരുഷാധിപത്യവുമാണെന്ന് വിമർശിച്ചതായി ചൂണ്ടിക്കാണിച്ചപ്പോൾ, അശോക്, "ഒരിക്കലും അല്ല" എന്ന് തറപ്പിച്ചുപറഞ്ഞു.
ആയുധം താഴെവെക്കുന്നതിലേക്ക് പാർട്ടി നീങ്ങുമോ? നേതൃത്വത്തിന് മാത്രമേ പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് പാർട്ടിയുടെ "ആകർഷണം" വിശദീകരിക്കെ ഒരു ഇൻ്റലിജൻസ് ഓഫീസർ പറഞ്ഞു "സമൂഹത്തിൽ പ്രശ്നങ്ങൾ ഉള്ളിടത്തോളം കാലം അവർക്ക് (മാവോയിസ്റ്റുകൾക്ക്) ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി നിൽക്കാൻ കഴിയും. ഇപ്പോൾ ഒരു കുറവുണ്ട് (പാർട്ടിയുടെ പ്രവർത്തനങ്ങളിൽ), പിന്നീട് ഒരു ഒഴുക്ക് ഉണ്ടാകാം. നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം മാവോയിസ്റ്റുകളെ തുടച്ചു നീക്കാനാകില്ല. ആൻ്റി-നക്സല്‍ ഓപ്പറേഷൻസ്, മാന്യമായ കീഴടങ്ങൽ-പുനരധിവാസ നയവുമാണ് പ്രധാനമെന്ന് സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us