scorecardresearch

Eid ul Fitr 2018: ഖൽബിൽ സ്‌നേഹഹക്കടലായൊഴുകുന്ന ചെറിയ പെരുന്നാൾ

Eid ul Fitr 2018 India: "നോമ്പെടുക്കാത്ത വിശ്വാസിയല്ലാത്ത ഉപ്പ എന്തിനാണ് ഇത്ര ആഘോഷമായി പെരുന്നാൾ കൊണ്ടാടുന്നത് എന്ന് അന്ന് തോന്നിയിരുന്നു. ഇപ്പോഴാണ് അതിന്റെ യഥാർത്ഥ മൂല്യം ഉൾക്കൊള്ളാനായത്"

Eid ul Fitr 2018 India: "നോമ്പെടുക്കാത്ത വിശ്വാസിയല്ലാത്ത ഉപ്പ എന്തിനാണ് ഇത്ര ആഘോഷമായി പെരുന്നാൾ കൊണ്ടാടുന്നത് എന്ന് അന്ന് തോന്നിയിരുന്നു. ഇപ്പോഴാണ് അതിന്റെ യഥാർത്ഥ മൂല്യം ഉൾക്കൊള്ളാനായത്"

author-image
Shamla Cheenikkal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Eid ul Fitr 2018: ഖൽബിൽ സ്‌നേഹഹക്കടലായൊഴുകുന്ന ചെറിയ പെരുന്നാൾ

"Eid ul Fitr 2018" സൗഹൃദത്തിന്റെയും സ്നേഹത്തിന്റേതുമായിരുന്നു എന്റെ പെരുന്നാളുകൾ. മൈലാഞ്ചിയുടെയും പുത്തൻമണമുള്ള കുപ്പായത്തിന്റെയും നെയ്‌ച്ചോറിന്റെയും മണത്തിനോടൊപ്പം സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ സുഗന്ധവും എന്റെ പെരുന്നാളുകൾക്കുണ്ടായിരുന്നു.

Advertisment

എന്റെ കുട്ടിക്കാലത്ത് ഉപ്പാന്റെ ഇലക്ട്രോണിക് ഷോപ്പിന് പിന്നിലുള്ള ഒരു കൊച്ചു വാടക വീട്ടിലായിരുന്നു താമസം. നോമ്പ് അവസാനിക്കുമ്പോഴേയ്ക്കും വീടിന് മുന്നിൽ ഒരു പന്തൽ ഉയരും. ഓല കൊണ്ടുള്ള ഒരു കൊച്ചു പന്തൽ. അവിടെയിരുന്നാണ് പെരുന്നാളിന്റെ മൈലാഞ്ചി ഇടലും ഇറച്ചിവെട്ടും ഉള്ളിഅരിയലും മറ്റു ഒരുക്കങ്ങളുമെല്ലാം.

നേരം വെളുത്ത് ആദ്യം നോക്കുന്നതും ബേജാറാവുന്നതും കയ്യിലെ മൈയിലാഞ്ചിയിലേക്കാണ്. ഇൻസ്റ്റന്റ് കാലമല്ലാത്തതിനാൽ മൈയിലാഞ്ചിചെടിയിൽ നിന്ന് ഇലനുള്ളിയെടുത്ത് അരച്ച് വേണം തയ്യാറാക്കാൻ. ഇതെല്ലാം തലേദിവസം തന്നെ തയ്യാറാക്കും. മൈയിലാഞ്ചി എത്ര ചുവന്നാലും അയൽവക്കത്തുള്ള സമീനയുടെ കയ്യിലെ മയിലാഞ്ചിയുടെ നിറത്തേക്കാൾ വന്നില്ലെങ്കിൽ സങ്കടമാണ്.

Read More: നനവിന്റെയും പ്രതീക്ഷകളുടെയും ശവ്വാൽ പിറവികൾ

പത്തുമണി ആകുമ്പോഴേക്കും വിരുന്നുകാർ എത്തിത്തുടങ്ങും. അശോകേട്ടനും, ഗംഗേട്ടനും സുരേട്ടനും എല്ലാം കുടുംബമായി എത്തും. വില്ലി ഏട്ടൻ കോഴിക്കോട്ടു നിന്നും എത്തുമ്പോഴേക്ക് രണ്ടു മണിയെങ്കിലും ആവും. എന്നാലും വില്ലിയേട്ടൻ വരുന്നതും കാത്തു ബാക്കിയുള്ളവർ സൊറയും പറഞ്ഞങ്ങനെ ഇരിക്കുംshamla ,eid memories

Advertisment

ഉപ്പയും കൂട്ടുകാരും പറയുന്ന പഴയകഥകൾ കേട്ടാൽ ഇവരൊക്കെ ജനിച്ചിട്ട് യുഗങ്ങളായോ എന്ന് തോന്നിപ്പോകും. എന്തോരം കഥകളാണ് ഇവർക്കൊക്കെ. അറുപത്തിനാലിലെ വെള്ളപ്പൊക്കാം തൊട്ടു അവരുടെയൊക്കെ തുടയിൽ എടുത്ത വസൂരിക്കുള്ള കുത്തിവെപ്പ് വരെ വിഷയമാകും. ഉപ്പ സുന്നത്തു കല്യാണം കഴിച്ച വേദന ഓർത്തെടുക്കുമ്പോൾ അശോകേട്ടൻ ചെവിയിൽ കടുക്കൻ കുത്തിയ നോവിന്റെ പോരിശ പറയും. അങ്ങനെയങ്ങനെ ..

നാവിലെ രസമുകുളങ്ങളെ ത്രസിപ്പിച്ച് അപ്പോഴേക്കും നെയ്‌ച്ചോറിന്റെ മണം പരിസരമാകെ പരക്കും. അകമ്പടിയായി ബീഫ് വരട്ടിയത്തിന്റെയും കോഴി പൊരിച്ചതിന്റെയും മണം പിന്നാലെ വരും. പപ്പടം കാച്ചിയ മണം എത്തുന്നതോടെ മനസ്സിലാക്കാം വിളമ്പാൻ ഇനി അധികസമയമില്ല. വില്ലിയേട്ടനും റീത്തേച്ചിയും മക്കളും, കൂടാതെ ഉമ്മാന്റെ ആങ്ങളമാരും അവിടെ അപ്പോൾ എത്തുന്ന എല്ലാവരുമായി നെയ്ച്ചോറും, ബീഫ് വരട്ടിയതും, ചിക്കൻ ഫ്രൈയും, ശർക്കര ചമ്മന്തിയും, തേങ്ങാ ചമ്മന്തിയും, പപ്പടവും പങ്കിട്ടു കഴിക്കും. എല്ലാമായി രുചിയുടെ ഒരാഘോഷം തന്നെയാണ്. എന്നും ഓർമ്മയിൽ നിന്ന് മായാത്ത രുചി.

Read More: സൈക്കിൾ ചവിട്ടിയെത്തുന്ന പെരുന്നാൾ ഓർമ്മകൾ

നോമ്പെടുക്കാത്ത വിശ്വാസിയല്ലാത്ത ഉപ്പ എന്തിനാണ് ഇത്ര ആഘോഷമായി പെരുന്നാൾ കൊണ്ടാടുന്നത് എന്ന് അന്ന് തോന്നിയിരുന്നു. ഇപ്പോഴാണ് അതിന്റെ യഥാർത്ഥ മൂല്യം ഉൾക്കൊള്ളാനായത്. കൂടുമ്പോൾ ഇമ്പം തോന്നുന്ന ഒരു കുടുബം തന്നെയായിരുന്നു ഞങ്ങൾക്ക് ഇവരെല്ലാരും. അതിന് എല്ലാർക്കും അവധിയും സൗകര്യവും ഉള്ള ഒരു ദിവസം. എനിക്കിപ്പോഴും പെരുന്നാൾ സ്നേഹത്തിന്റെയും സൗഹൃത്തിന്റേയും ഓർമ്മക്കടലാകുന്നതു അങ്ങനെയാണ്.

Memories Eid Ramadan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: