“Eid ul Fitr 2018” ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമുള്ള ‘ഈദുൽ ഫിത്ർ’ ആഘോഷിക്കാനുള്ള വിളംബരം ശവ്വാൽ ചന്ദ്രക്കല ദർശിക്കുന്നതിലൂടെയാണ്. കൂട്ടായി, ബേപ്പൂർ, കാപ്പാട്, മാറാട് തുടങ്ങിയ തീരദേശസ്ഥലനാമങ്ങൾ പരിചിതമാവുന്നതു പോലും പലപ്പോഴും ആകാശവാണിക്ക് മുന്നിൽ കാതു കൂർപ്പിച്ചു കാത്തിരുന്നിരുന്ന ചന്ദ്രപ്പിറവി വാർത്തകളിലൂടെയായിരുന്നു.

കടൽത്തീരത്ത് നിന്നും ചുരുങ്ങിയത് മുപ്പതു കിലോമീറ്റർ എങ്കിലും അകലെയുള്ള കുന്നും മലകളും വയലുകളും നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തിലും “മാസം എന്ത് കൊണ്ട് കണ്ടു കൂടാ?” എന്ന ചിന്തയാണ് പഠന കാലത്തു സുഹൃത്തുക്കളുമായി ശവ്വാൽ പിറവി കാണാൻ നാട്ടിലെ ഏറ്റവും ഉയർന്ന സ്ഥലമായ കോട്ടമലയിലേക്കു പുറപ്പെടുവിച്ചത്. കരിപ്പൂർ വിമാനത്താവളം പോലും നാലോ അഞ്ചോ ഇഞ്ചു നീളമുള്ള ഒരു വിടവായാണ് അവിടെ നിന്ന് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുക. പിന്നെ അരീക്കോട്ടെ പോലീസ് ക്യാംപിലെ വെളിച്ചമായിരുന്നു മറ്റൊരു കാഴ്ച്ച. മുതിർന്നവർ പലരും പരിഹസിച്ചെങ്കിലും തീരുമാനം നടപ്പാക്കി. വെള്ളവും മറ്റുമായി മല കയറി മാസം നോക്കി..ചന്ദ്രപ്പിറ കണ്ടില്ല. എങ്കിലും നിരാശരായില്ല. ഒരു വേള , ആ മലകയറ്റം പ്രതീക്ഷകളുടേതു തന്നെയായിരുന്നു; മാസം കാണാനാവുമെന്ന അസ്തമിക്കാത്ത പ്രതീക്ഷകളുടേത്.

സാധ്യതയുടെ ശതമാനങ്ങൾ കുറയുമ്പോൾ ഒന്ന് ഒരുമ്പെട്ട് നോക്കാൻ പോലും അലസത തടസ്സം നിൽക്കുന്ന സമകാലീന മാനസികാവസ്ഥകളിൽ ആ ഓർമ്മകൾ വിളിച്ചു പറയുന്നത് “പ്രതീക്ഷയുടെ ഒരു കനൽ ആണ് അവശേഷിക്കുന്നത് എങ്കിൽ പോലും അതിനെ ഊതി പ്രശോഭിതമാക്കണം” എന്നത്രെ. ഇന്നാണെങ്കിൽ വികസനത്തിന് വേണ്ടി മണ്ണെടുത്തു മണ്ണെടുത്തു ആ മല തന്നെ പകുതിയായിക്കഴിഞ്ഞിട്ടുമുണ്ട്.

മധുരമൂറും പെരുന്നാളുകൾ

ഈദ് ഗാഹിൽ ഞങ്ങൾ കുട്ടികളുടെ വക എന്ത് വിതരണം ചെയ്യണം എന്നതായിരുന്നു പെരുന്നാൾ തലേന്നത്തെ കാട് കയറിയ ചർച്ചകൾ. എളുപ്പം തീരുമാനിക്കാവുന്ന മിഠായി തന്നെ ആയിരുന്നു ആദ്യ വർഷങ്ങളിൽ. പിന്നെ ‘കോഴിക്കോടൻ ഹലുവ’ നിർമ്മിക്കുന്ന കമ്പനി തൊട്ടടുത്ത് ഉണ്ടെന്നറിഞ്ഞപ്പോൾ അതിലേക്ക് ചവിട്ടിപ്പിടിച്ചു. പത്തു കിലോയോ മറ്റോ ഉള്ള ഒരു ഹലുവ ബ്ലോക്ക് മുറിച്ചു പത്തഞ്ഞൂറ് കഷണമാക്കുന്ന ശ്രമകരമായ ആ കൂട്ടായ പ്രവർത്തനങ്ങൾ ആയിരുന്നു പെരുന്നാൾ തലേന്നത്തെ ഒരു പ്രധാന ആസ്വാദനം. പിന്നീട്, അത് ഒരു ചെമ്പു നിറയെ പായസം ഉണ്ടാക്കലിൽ വരെ എത്തിച്ചേർന്നു. മിഠായിയും ഹലുവയും പായസവുമൊക്കെ മധുരമുള്ളവയായിരുന്നുവെങ്കിലും, അതിന്റെ ഒരുക്കങ്ങളിലെ സുഹൃദ് കൂട്ടായ്മകൾ നൽകിയിരുന്ന മധുരമാണ് ഇന്നും അനുഭവിക്കാൻ കൊതിയൂറുന്നത്.

“നാൽപത് അയൽവീടുകൾ” കാണാനായ കാലം

“നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”, “അയൽവാസി വിശന്നിരിക്കുമ്പോൾ വയറു നിറയെ കഴിക്കുന്നവൻ നമ്മിൽ പെട്ടവരല്ല”, “അയൽവാസിക്കു അനന്തരാവകാശം കൊടുക്കാൻ വരെ നിർദ്ദേശിക്കപ്പെടുമോ എന്ന് ശങ്കിച്ചു” തുടങ്ങിയ മഹാന്മാരായ പ്രവാചകന്മാരുടെ ഉദ്ധരണികൾ എല്ലാവർക്കും കേട്ട് പരിചിതമാണല്ലോ. അടുത്തും അകലെയുമുള്ള അയൽക്കാർക്ക് നന്മ ചെയ്യണമെന്ന് തന്നെയാണ് വിശുദ്ധ ഖുർആനും അനുശാസിക്കുന്നത്. വീടിന് ചുറ്റുപാടുമുള്ള നാൽപത് വീടുകൾ അയൽപക്കമായി വരുമെന്ന അധ്യാപനവും വായിച്ചിട്ടുണ്ട്.favas tk ,eid memories

ഈദ് ഗാഹ് കഴിഞ്ഞു ഉടനെ തുടങ്ങുന്ന അയൽപക്ക സന്ദർശനം ചിലപ്പോൾ ഉച്ചക്കും തീരണമെന്നില്ല. എല്ലായിടത്തു നിന്നും പായസമോ നെയ്‌ച്ചോറോ ബിരിയാണിയോ കഴിക്കൽ നിർബന്ധമാണ്. “വേണ്ട, വയറിൽ സ്ഥലമില്ല” എന്ന ഒഴിവുകഴിവുകൾ പെരുന്നാൾ ദിനത്തിൽ സ്വീകാര്യമേ അല്ലായിരുന്നു. അങ്ങനെ നാൽപതോളം അയൽവീടുകൾ സന്ദർശിക്കാൻ സാധിക്കുമായിരുന്ന, ബന്ധങ്ങൾ പുതുക്കാൻ ആകുമായിരുന്ന ആ കാലവും; ഫ്ളാറ്റുകളിലും അപ്പാർട്മെന്റുകളിലും ഒക്കെ താമസിക്കുമ്പോൾ വെറും നാല് അയൽക്കാരെ അറിയുമെങ്കിൽ പോലും ‘സോഷ്യൽ’ ആണെന്ന് വിലയിരുത്തപ്പെടുന്ന ഈ കാലവും തമ്മിലുള്ള അന്തരം എത്രയധികം!

Read More: സൈക്കിൾ ചവിട്ടിയെത്തുന്ന പെരുന്നാൾ ഓർമ്മകൾ

അത് കഴിഞ്ഞാൽ ചിലപ്പോൾ സുഹൃദ് സന്ദർശനം ആയിരിക്കും. സഹപാഠികളുടെ വീടുകൾ സന്ദർശിക്കുക എന്നതായിരുന്നു അടുത്ത പരിപാടി. “എല്ലാ പെരുന്നാളുകൾക്കും സന്ദർശിക്കാനുള്ള ലിസ്റ്റിലെ ഒന്നാമൻ” എന്നായിരുന്നു സ്‌കൂൾ വിരാമത്തിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ സുവനീറിൽ ആത്മസുഹൃത്തിനെക്കുറിച്ച് ഈയിടെ കുറിച്ചത്. അത്തരമൊരു വലിയ ലിസ്റ്റു തന്നെ അന്നുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചിലപ്പോൾ ഉച്ചക്ക് ശേഷമുള്ള സമയം കുടുംബ സന്ദർശനത്തിനായി മാറ്റി വെയ്ക്കും. ഹ്രസ്വദൂരത്തുള്ള ബന്ധു വീടുകൾ പരമാവധി സന്ദർശിച്ചു പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം. അതേ ലക്ഷ്യവുമായി അങ്ങനെ പുറത്തിറങ്ങിയ ബന്ധുക്കളെ വഴിയിൽ വെച്ച് കണ്ടു മുട്ടുമ്പോൾ, അല്ലെങ്കിൽ മറ്റൊരു ബന്ധു വീട്ടിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ഉള്ള ആകസ്മികതയും ആഹ്ലാദവും പറഞ്ഞറിയിക്കാൻ കഴിയില്ല തന്നെ!

‘ഈദ് കിസ്‌വ’യിലെ മാനസികാവസ്ഥകൾ

പെരുന്നാൾ ആഹ്ലാദത്തിന്റേത് തന്നെയാണ്. പക്ഷെ, ഈദ് കിസ്‌വ (പെരുന്നാൾ പുത്തനുടുപ്പ്) സമയത്തിന് തയ്ച്ചു കിട്ടുമോ എന്നതായിരുന്നു അന്നത്തെ പ്രധാനപ്പെട്ട ആശങ്ക. ‘ഇൻസ്റ്റൈൽ ടൈലേഴ്സ്’ കാരന്റെ അടുത്ത് നോമ്പ് തുടങ്ങി ആദ്യ പത്തിനകം ശീല കൊടുത്താലേ തയ്ച്ചു തരുമെന്ന് ഉറപ്പു കിട്ടൂ. രണ്ടാം പത്തിലേക്ക് കടന്നാൽ പിന്നെ “തയ്ച്ചു തരാൻ നോക്കാം” എന്നേ അവർ പറയൂ. തയ്യൽക്കാരനെ ഇടയ്ക്കിടെ പോയി മുഖം കാണിക്കും- നമ്മെ മറന്നു പോവാതിരിക്കാൻ; പിന്നെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുകയും ചെയ്യും. “റെഡിയായി” എന്ന തയ്യൽക്കാരന്റെ വാക്കുകൾ കേൾക്കുമ്പോഴത്തെ ആഹ്ലാദം റെഡിമെയ്ഡ് യുഗത്തിൽ പറഞ്ഞറിയിക്കാൻ അല്പം ബുദ്ധിമുട്ടാണ് തന്നെ.

പെരുന്നാളിന് ആദ്യമായി സങ്കടപ്പെട്ടത് ഒന്നാം ക്‌ളാസ്സിൽ പഠിക്കുമ്പോൾ പെരുന്നാൾ ദിവസം പള്ളിയിൽ പോയപ്പോൾ ധരിച്ച പുതു പുത്തൻ നിക്കറും ബനിയനും സംബന്ധിച്ചായിരുന്നു. “മുട്ടിനു മേലെയുള്ള നിക്കറും ഇട്ടാണോ പള്ളിയിൽ വന്നത്?” എന്ന ഒരു രണ്ടാം ക്ലാസ്സുകാരന്റെ പരിഹാസച്ചോദ്യം ആണ് സങ്കടപ്പെടുത്തിയത്. ‘മുട്ട് പൊക്കിളിനിടയിലാണ് മുതിർന്നവരുടെ ഔറത്’ എന്ന മതപാഠം അറിയുന്ന അവന്റെ വക അത് അറിയാത്ത എന്റെ മേലുള്ള ആ പരിഹാസം ആ പെരുന്നാളിന്റെ സന്തോഷത്തെ തന്നെ ഒരു വേള കെടുത്തിക്കളഞ്ഞു.

അൽപ്പം കൂടി മുതിർന്നപ്പോൾ ആണ് വേദനകളുടെ പെരുന്നാളുകളും ഉണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. തുടരെത്തുടരെയുള്ള വിവാഹമോചനങ്ങളും പ്രസവത്തിലെ കുഞ്ഞിന്റെ മരണങ്ങളും ഒക്കെ തളർത്തിയ ഒരു സഹോദരിയുടെ “നമുക്കൊക്കെ എന്ത് പെരുന്നാൾ?” എന്ന നിശ്വാസം – മധുരത്തിനും മൈലാഞ്ചിക്കുമപ്പുറം ‘മനസ്സിന്റെ പെരുന്നാൾ’ ആണ് യഥാർത്ഥ പെരുന്നാൾ എന്ന ആശയ തലത്തിലേക്ക് മനസ്സിനെ കൊണ്ടെത്തിച്ചത്.favas t k ,eid,memories

ഈയിടെയാണ് ‘ഈദ് കിസ്‌വ’ പദ്ധതിയുടെ ഭാഗമായി കാമ്പസിനടുത്ത ഒന്ന് രണ്ടു കോളനികൾ സന്ദർശിച്ചു പെരുന്നാൾ പുടവ വാങ്ങാനുള്ള കൂപ്പണുകൾ കൊടുക്കുന്ന യജ്ഞത്തിൽ പങ്കു ചേരാൻ അവസരം ലഭിച്ചത്. അതിനാൽ തന്നെ, പിന്നീടെപ്പോഴോ കോളനിയിൽ മറ്റെന്തോ ആവശ്യത്തിന് പോയപ്പോൾ “പെരുന്നാൾ കുപ്പായത്തിന്റെ ആൾ വന്നു” എന്ന ഒരു പയ്യന്റെ വീട്ടിനകത്തേക്കുള്ള വിളിച്ചു പറയൽ കേട്ടത്. മാസങ്ങൾക്കപ്പുറം ഉള്ള അടുത്ത പെരുന്നാളിന് ‘ഈദ് കിസ്‌വ’ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാനാകാതെ പതറിപ്പോയി! പെരുന്നാളുകൾക്കു മാത്രം കാരുണ്യത്തോടെ ആരെങ്കിലും നൽകുന്ന ‘കിസ്‌വ’ കളെ സ്വപനം കണ്ടു വർഷം മുഴുവൻ കഴിച്ചു കൂട്ടുന്ന പിഞ്ചോമനകൾ ഇന്നുമുണ്ട് എന്നത് മാളുകളിൽ ജീവിതം കഴിച്ചു കൂട്ടുന്നു എന്ന് അഭിമാനം പറയുന്ന നമ്മുടെ കണ്ണും കരളും തുറപ്പിക്കുമോ?

യുദ്ധഭൂമിയിലെ പെരുന്നാളുകൾ

ഉപരിപഠനത്തിനായും, പിന്നെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായും ഇടയ്ക്കിടെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്ന ഒരു ഗുരുനാഥനാണ് നാട്ടിൽ പെരുന്നാൾ ഖുത്ബ (ഉദ്ബോധനം) നടത്തുന്നത് എങ്കിൽ അദ്ദേഹം യുദ്ധഭൂമികളിലേയും അഭയാർത്ഥി ക്യാമ്പുകളിലെയും പെരുന്നാളുകളെക്കുറിച്ചു സ്മരിക്കാതെ പ്രസംഗം നിർത്താറുണ്ടായിരുന്നില്ല തന്നെ. ഇന്ന് പലസ്തീനികളും റോഹിൻഗ്യകളുമൊക്കെ അനുഭവിക്കുന്ന അനാഥത്വത്തിന്റെയും മറ്റും വേദനയുടെ പെരുന്നാളുകൾ വിസ്മരിക്കുവതെങ്ങനെ?.

അസഹിഷ്ണുതാ കാലത്തെ പെരുന്നാൾ

നമ്മുടെ നാട്ടിൽ മാത്രമല്ല, അമേരിക്കയിൽ പോലും രാഷ്ട്രനേതൃത്വത്തിന്റെ വക ഇഫ്താർ ഉണ്ടോ ഇല്ലയോ എന്നത് മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുകയാണല്ലോ. ഒരു വേള, രാഷ്ട്രീയത്തിലെ മാത്രമല്ല, സമൂഹത്തിലെ തന്നെ പല സൗഹൃദങ്ങളും റമദാനിലെ ഇഫ്താറുകളിലൂടെയായിരുന്നു പൊടി തട്ടി എടുക്കപ്പെടലും വിളക്കിച്ചേർക്കലും ഒക്കെ നടന്നിരുന്നത്. ജീവസ്സുറ്റ ഒരു ബഹുമത സമൂഹം സമാധാനത്തോടെ നിലനിൽക്കണമെങ്കിൽ രാഷ്ട്രീയക്കാരും ഭരണാധികാരികളും ഒക്കെ കുറച്ചു കൂടെ വിശാലമായ കാഴ്ച്ചപ്പാടുകൾ പ്രകടിപ്പിക്കേണ്ടിടത്ത് അസഹിഷ്ണുതയും സങ്കുചിതത്വവും വർധിക്കുന്നു എന്നത് ആശങ്കാജനകമാണ്. പെരുന്നാളിന് ഇറച്ചി ഫ്രിഡ്ജിൽ വെച്ചു എന്നത് മനുഷ്യനെ കൊല ചെയ്യാൻ ആൾക്കൂട്ടത്തിനു നിദാനമാവുന്ന പ്രത്യയശാസ്ത്രസംഭാവനകളെ മതജാതിരാഷ്ട്രീയ ഭേദമന്യേ ചെറുക്കുന്ന മതേതര രാഷ്ട്രീയത്തെക്കുറിച്ചു കൂടെ ഈ പെരുന്നാൾ ദിനത്തിൽ ഗൗരവതരമായി ആലോചിക്കേണ്ടിയിരിക്കുന്നു!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook