/indian-express-malayalam/media/media_files/uploads/2018/12/nandakumar-1.jpg)
"Man and man's earth are unexhausted
and undiscovered.
Wake and listen!
Verify, the earth shall yet be a source of recovery."
-Friedrich Nietzsche, And Thus Spake Zarathustra
2018 ഡിസംബർ 15മുതൽ 22വരെ ഗോവയിലെ പനജിയിൽ അരങ്ങേറുന്ന Serendipity Arts Festival വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളുടെ ഒരു പ്രദർശനോത്സവമാണ്. അതിൽ Young Subcontinent എന്ന വിഭാഗം ഏകശിലാമാനമായ സാംസ്കാരികബോധങ്ങൾക്കും ഇടുങ്ങിയ ദേശീയതാവാദങ്ങൾക്കും ബദലായി സൗത്ത് ഏഷ്യയിലെ സർഗ്ഗവൈവിധ്യങ്ങൾക്കു പ്രാധാന്യം നൽകുന്നു. പ്രശസ്ത യുവ സംവിധായകൻ വിപിൻ വിജയ് രൂപകൽപ്പന ചെയ്തിട്ടുള്ള 'Small Scale Societies ' എന്ന Video Installation ഈ ഫെസ്റ്റിവലിൽ സമീപനംകൊണ്ടും ആവിഷ്കാരം കൊണ്ടും തീർത്തും അനന്യമായ ഒരു ദൃശ്യാനുഭവമായി മാറുന്നു.
പുരാവസ്തു ഖനനം നടക്കുന്ന ഇടങ്ങളിലും പൗരാണികാവശിഷ്ടങ്ങൾ ചിതറിയ പരിസരങ്ങളിലും പ്രതിഷ്ഠാപനം ചെയ്ത ഒരു ജോഡി ആൺ- പെൺ ഉടലുകൾ 'Small Scale Societies-ലെ വീഡിയോ ദൃശ്യസംഘാതങ്ങളിലൂടെ കടന്നുപോകുന്നു. ബലിയുടെയും ഉയിർപ്പിന്റെയും അനുഷ്ഠാനങ്ങളിലൂടെ; മറവിയിലാണ്ടുപോയ ഏതോ പ്രാകൃതാചാരത്തിന്റെ വീണ്ടെടുപ്പുകൾ പോലെ.
വിപിൻ വിജയിനെ സംബന്ധിച്ചിടത്തോളം പുരാവസ്തുശാസ്ത്രത്തിൽ ഊന്നിയ ഭാവന (Archaeological Imagination) മ്യൂസിയങ്ങളിൽ നാം കാണുന്ന ചിട്ടയും ക്രമവും, വസ്തുക്കളിലെ ടാഗുകൾ, രേഖീയമായ ചരിത്രകാലഘട്ടങ്ങൾ എന്നിവയെല്ലാം തരണം ചെയ്തു പുറഭാഗങ്ങളിലേക്കു വിപുലമാകുന്ന കാഴ്ചകളിലാണ് സാധ്യമാകുന്നത്. ഭൂതകാലം, ചരിത്രാതീതം, ഓർമ്മ മുതലായ ഖനിജങ്ങളിൽനിന്നുമാരംഭിച്ചു വീഡിയോ ശബ്ദചലനങ്ങളുടെ ഭാവബോധത്തിലൂടെ അലഞ്ഞു നടക്കലാണത്. അധികമാരും ചെന്നെത്താത്ത ചില ഇടങ്ങളിലൂടെയാണ് 'ചെറുസമൂഹങ്ങളി'ലെ ക്യാമറ സഞ്ചരിക്കുന്നത്. കൊടുങ്ങല്ലൂരിലെ പട്ടണം, മധ്യപ്രദേശിലുള്ള നവ്‌ദേതാലിയിലെ ആർക്കിയോളജിക്കൽ സൈറ്റ്, തൃശ്ശൂരിലെയും ഛത്തീസ്ഗഡിലെയും നവീനശിലായുഗ ശ്മശാനഭൂമികൾ, ആന്ധ്രയിലെ ജ്വാലാപുരത്തിൽ അഗ്നിപർവ്വത സ്ഫോടനം അവശേഷിപ്പിച്ച ചാരത്തിന്റെ നിക്ഷേപം, പാറഗുഹകൾക്കത്തെ ആവാസസ്ഥാനങ്ങൾ എന്നീ സ്ഥലവിന്യാസങ്ങളിലൂടെയാണ് installation പുരോഗമിക്കുന്നത്. വീഡിയോ ആർട്ടിലെ ദ്രവ്യ-ഊർജ്ജ പ്രവാഹങ്ങളിൽ ഈ പ്രദേശങ്ങൾ ഒന്നിക്കുമ്പോൾ സർഗ്ഗകേളിയുടെ പുതിയൊരു ഭൂമിക അനാവൃതമാകുന്നു. നൂറ്റാണ്ടുകളിലൂടെ ആൺ-പെൺ ഉടലുകളുടെ സ്വഭാവങ്ങൾ മാറുന്നു. പ്രദേശം ഉടലുകൾക്കു സ്വതന്ത്രമാകാനുള്ള വേദികയാകുന്നു.
പണ്ടെങ്ങോ തകർന്നടിഞ്ഞുപോയ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളിൽനിന്നും ആ ലോകത്തെ കണ്ടെടുക്കാനും അപ്രകാരം ഭൂതകാലത്തിനു ജീവൻവയ്പിക്കാനുമാണ് പ്രതിഷ്ഠാപനത്തിലെ ഉടലുകൾ പരിശ്രമിക്കുന്നത്. അന്നേരം ഭൂഭാഗവിസ്തൃതികളുടെ ദർശനകോണുകളും വീഡിയോ ഫ്രെയിമിലെ പുരാവസ്തുശകലങ്ങൾ പ്രക്ഷേപിക്കുന്ന ആലോചനകളും കേവലയുക്തിയുടെ മറുപുറത്തുനിന്നും മാടിവിളിക്കുന്ന ചില പ്രാചീന രഹസ്യങ്ങളാണ്. കുഴിച്ചെടുത്തു കിട്ടുന്ന തെളിവുകളെ വിധിയാംവണ്ണം ചേർത്തടുക്കിവച്ചു ചരിത്രത്തിനുംമുമ്പുള്ള ജനജീവിതങ്ങളെ സ്വപ്നം കാണലാണ് Small Scale Societiesലെ പുരാവസ്തു ഭാവന. ഒട്ടേറെ പ്രവേശനകവാടങ്ങളും നാല്കവലകളും പുറത്തേക്കുള്ള വഴികളുമുള്ള കലയുടെ ഗതകാല നഗരത്തിലാണ് നാം ചെന്നെത്തിയിരിക്കുന്നത്. ഭൂഗർഭത്തിലെ ഗുഹാന്തരങ്ങളിൽ ഡോക്യുമെന്റ് ചെയ്ത ഭൂതകാലത്തിന്റെ പാടുകളിൽ മൺനിറമുള്ള അവളുടെ വിരലുകൾ തലോടുന്നു. ജീർണ്ണതകൾക്കും ചീഞ്ഞഴുകലുകൾക്കും മദ്ധ്യേ അവനും അവളും സ്നേഹത്തിന്റെ മതാനുഷ്ഠാന പ്രകടനങ്ങളിലേർപ്പെടുന്നു.
വിപിൻ വിജയ് ചെയ്ത വിഡിയോ ഇൻസ്റ്റലേഷൻ ഇവിടെ കാണാം
സിന്ധുനദീതടത്തിൽനിന്നും കണ്ടെടുത്ത ഒരു വിഗ്രഹത്തിൽ അലയടിക്കുന്ന ഓളങ്ങളിൽ installation-ന്റെ ആദ്യഖണ്ഡം ആരംഭിക്കുന്നു. കല്ലുരച്ചുണ്ടാക്കുന്ന നിറങ്ങളാൽ കോറിയ ആദിമചിത്രങ്ങളിലൂടെ, അക്ഷരമാലകളിലൂടെ, മഞ്ഞവെളിച്ചത്തിൽ ഗുഹാഭിത്തിയിൽ തെളിയുന്ന വേട്ടയുടെ ദൃശ്യത്തിലൂടെ, ഗുഹയുടെ മേൽത്തട്ടിലൂടെ കാണപ്പെടുന്ന ആകാശക്കീറിലൂടെ അമൂർത്തമായ നീലനിറത്തിന്റെ അടരിലേക്കു ചുരുങ്ങിച്ചുരുങ്ങി കാഴ്ച ഇല്ലാതാകുംവരെ. ഗുഹയ്ക്കുള്ളിലെ മനസ്സും മനസ്സിനുള്ളിലെ ഗുഹയും ആകാശത്തിലെ മനസ്സും ആകാശത്തിലെ ഗുഹയും വീഡിയോ പ്രതലത്തിൽ സംഗമിക്കുന്ന inter title തെളിയുന്നു.
തുടർന്ന്, മൺപാത്രങ്ങളും മുത്തുമാലകളും കുഴിച്ചെടുക്കാനുള്ള കൂന്താലി ഭീഷണമായ ഒരു ആയുധംകൂടിയാണെന്നു നാം തിരിച്ചറിയുന്നു. നഷ്ടപ്പെടലിന്റെ ഭീഷണി മുഴക്കുന്ന ആയുധം. കുഴിക്കലിന്റെയും കോരലിന്റെയും ആർക്കിയോളജിക്കൽ ക്രിയകളിൽ രതിസൂചകങ്ങളായി ഉയർന്നു താഴുന്ന അവന്റെയും അവളുടെയും ഉടലുകൾ ഇടകലരുന്നു. ദീർഘ ചതുരാകൃതിയിലുള്ള കുഴിയിൽ സ്വന്തം നിഴലിൽ വിശ്രമിക്കുന്ന അവൻ ഒരു ബലിമൃഗമാണ്. നനവുള്ള മണ്ണിൽ ചീറ്റിത്തെറിക്കുന്ന രക്തം ഉഷ്ണമേഖലാ സൂര്യന്റെ കൊടുംതീയിൽ ചുട്ടെടുക്കപ്പെടും. ജീവിതാചാര ക്രിയകളുടെ തീയിൽ എരിച്ചു നാം കണ്ടെടുക്കുന്നത് നമ്മുടെതന്നെ കളിമൺ നിലനിൽപ്പിനെയാണ്.
ഖനനസ്ഥലത്തേക്ക് ചാരിയിറക്കിവച്ച മരയേണി, കൈക്കോട്ടും കോരികയും, മണ്ണിന്റെ അടരുകളിൽ വേർപിരിയുന്ന കാലഘട്ടങ്ങളെ സൂചിപ്പിക്കാൻ ചരടുകളുടെ അറ്റത്തെ കെട്ടുകൾ, സംസ്കാരത്തിന്റെ മണ്ണിൻവരയ്ക്ക് താഴെ അതീവശ്രദ്ധയോടെ ചികഞ്ഞെടുക്കേണ്ട പൂർവ്വികരുടെ കലം, കാർബൺ ഡേറ്റിങ്ങിന് വിധേയമാക്കേണ്ട ശിഖരങ്ങൾ, കുടക്കല്ലുകൾ എല്ലാം ഉരുകിച്ചേർന്ന installation ശ്മാശാനഭൂമിയിൽ ഏകാകിയായ ഒരാൾ നിൽക്കുന്നു. കാഴ്ച വീണ്ടും ഘനീഭവിക്കുമ്പോൾ ഖനനഭൂമിയിലൂടെ പണിയായുധങ്ങളുമായി നടന്നുപോകുന്ന പെണ്ണുങ്ങളെ കാണാം. അവർ പിന്നീട് ആരംഭത്തിൽ നാം കണ്ട സിന്ധുനദീതട വിഗ്രഹത്തിലേക്കു പ്രക്ഷേപിച്ച കൊച്ചുനിഴലുകളാകുന്നു.
കിളച്ചെടുത്ത തലയോട്ടിയിലെ ശൂന്യമായ കൺകുഴികളും കൊഴിഞ്ഞു പോയ പല്ലുകളും കീഴ്ത്താടിയെല്ലും ആർക്കിയോളജിക്കൽ സങ്കൽപ്പന ങ്ങളിൽ പൂർത്തീകരിക്കാനുള്ള കലാസൃഷ്ടികളാണ്.
അവന്റെ മാറിൽപ്പിണച്ച വിരലുകളെ അവൾ ടേപ്പ്കൊണ്ട് അളക്കുന്നതോടെ പ്രാചീനബലികളുടെ സ്മൃതികൾ ആരംഭിക്കുന്നു. അവനെ വെള്ളത്തുണിയിൽ മൂടിക്കെട്ടി അവൾ അരികിൽ ശയിക്കുന്നു. അപ്പോൾ രണ്ടുപേർക്കു കിടക്കാൻ വിസ്താരമുള്ള ശവക്കല്ലറയുടെ മൂടി മുഴക്കത്തോ ടെ അടയും. വിളക്കിലെ അനക്കമറ്റ തിരിനാളവും നിശ്ചലമായ നിഴലും അവശേഷിക്കും. പിന്നീട് ആ ഗുഹാന്തർഭാഗത്തുനിന്നും ഒരാൾ ഈ നഗരരാത്രിയുടെ നേർത്ത ഗതാഗതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കും.
നിരയൊപ്പിച്ചുവച്ച അസ്ഥികൾ, ഫോസ്സിലുകൾ, പൂഴി കോരുന്ന തൊഴിലാളികൾ, അവശിഷ്ടങ്ങൾ ചേറ്റിക്കൊഴിക്കുന്ന കൈയ്യുകൾ, അവളുടെ മുടിയിഴകൾ അവയ്ക്കെല്ലാം മീതെ സുതാര്യമായ ഒരു നിഴൽ സാവകാശം നീങ്ങുന്നു. അജ്ഞാതമായ അഗാധഗർത്തത്തിനു മുകളിൽ ഈ ഡിജിറ്റൽ ദൃശ്യാവലി ഒരു മറയിടുന്നു. താഴെ കാഴ്ചയ്ക്കപ്പുറമുള്ള ഒട്ടേറെ പ്രതീകങ്ങൾ തണുത്തുറഞ്ഞു കിടപ്പുണ്ട്. വിവിധതരം ഡിജിറ്റൽ ഉപകരണങ്ങളാൽ നിവേശിപ്പിച്ച് പൊട്ടിത്തെറിക്കുന്ന installation കാഴ്ചകൾ യഥാർത്ഥത്തിൽ അദൃശ്യബിംബങ്ങളുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. പാറയിൽ കൊത്തിയെടുത്ത ഒരു ഡിജിറ്റൽ ഗുഹാചിത്രാവലി കണക്ക്.
Read More: 'ഒരു ജ്യാമിതീയ രൂപത്തിന്റെ ഇടപെടലുകള്‍' വിപിൻ വിജയിന്റെ 'പ്രതിഭാസം' എന്ന സിനിമയെ കുറിച്ച്
Small Scale Societies-ലെ ഓരോ ദൃശ്യവിന്യാസവും ഓരോ ചിന്തയാണെന്ന് നാം തിരിച്ചറിയുന്നു. എല്ലാം കഴിഞ്ഞുള്ള പത്തു സെക്കന്റ് ഇരുട്ടിലും നിശബ്ദതയിലും. രൂപരഹിതവും ശകലിതവുമായ ആലോചനകളുടെ ദൃശ്യാവിഷ്കാരം അസാധാരണമായ ആഴങ്ങളിൽനിന്നാണ് വിപിൻ വിജയ് വലിച്ചെടുക്കുന്നത്. പ്രാചീനസമൂഹങ്ങളിലെ ഒരു കൈവേലക്കാരന്റെ തീക്ഷ്ണതയിൽ ക്യാമറാചലനങ്ങൾ, പൊടുന്നനെയുള്ള വേർപെടലുകൾ, കൂട്ടിയോജിപ്പിക്കലുകൾ, ശബ്ദമിശ്രണങ്ങൾ എന്നിവ ഈ വീഡിയോ ആർട്ടിനെ ഭാവുകത്വത്തിന്റെ നിത്യനൂതനമായ അനുഭൂതിപരിസരങ്ങളിൽ നമ്മെ പങ്കാളികളാക്കുന്നു. എണ്ണമറ്റ കളിമൺപൊട്ടുകളെ ഞെരിക്കുന്ന അവന്റെയും അവളുടെയും കാൽപാദങ്ങളുടെ നൃത്തചലനങ്ങളിൽ ഭൂമിയുടെ താളങ്ങൾക്ക നാം കാതോർക്കുന്നു.
വീഡിയോ എന്ന Perpetual Art Machine സമയത്തിന്റെ കാണാക്കയത്തിൽ നഷ്ടമായ കൊച്ചുജനപദങ്ങളുടെ കുറ്റാന്വേഷണകഥ ചികഞ്ഞെടുക്കു മ്പോൾ സംഭവ്യതകളുടെ നഖചിത്രങ്ങൾ ഞാൻ വർത്തമാനത്തിന്റെ മണ്ണിൽ കോറിയിടുന്നു.
ഭൂമിയുടെ അടരുകൾക്കിടയിലെ സൂക്ഷ്മമായ വേർതിരിവുകൾ, അവയിൽനിന്നും കണ്ടെടുക്കാനുള്ള കലാജീവിതത്തിന്റെ സാധ്യതകൾ, ചുറ്റും അനന്തമായി വിന്യസിച്ചിട്ടുള്ള സംവേദനസാധ്യതകൾ...അത്തരം തിരിച്ചറിയലുകളുടെ ഒരു സന്ദർഭമാണ് വിപിൻ വിജയിന്റെ 'Small Scale Societies.'
Video Installation: Small Scale Societies by Vipin Vijay
Medium: Video loop with sound
Time: 27 min 31 sec
Venue: Serendipity Arts Festival, Goa
2018 December 15- 22
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.