സിനിമയുടെ ആഖ്യാനസാധ്യകളില് പുതുപരീക്ഷണങ്ങള്‍ നടത്തുന്ന സംവിധായകനാണ് വിപിന്‍ വിജയ്. അദ്ദേഹത്തിന്റെ പുതിയ സിനിമയാണ് ‘പ്രതിഭാസം’ (The Tetrahedron). കഥ പറയല്‍ സിനിമയുടെ ഒരു കൃത്യം മാത്രമാണ്. ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും അപാരസാധ്യതകള്‍ തുറന്നിടുന്ന സിനിമ എന്ന കലയ്ക്ക് കഥയേക്കാള്‍ പ്രധാനമായ ചിലത് ചെയ്യാനുണ്ട് എന്ന ബോധ്യമാണ് വിപിന്‍ വിജയ് എന്ന സംവിധായകനെ വ്യത്യസ്തനാക്കുന്നത്.
പെറുവിലെ നാസ്ക ( Nazca) എന്ന സ്ഥലത്ത് പെട്ടൊന്നൊരു ദിവസം രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഭീമാകാരമായൊരു ത്രികോണ പിരമിഡ് എവിടെ നിന്നോ എന്ന പോലെ ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി. അപ്രതീക്ഷിതമായി സംഭവിച്ച ഈ പ്രതിഭാസം യാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഞെട്ടിക്കുകയും വാഹനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്ന് കൂട്ടിയിടിച്ച് വന്‍ അപകടമുണ്ടാവുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം മറഞ്ഞു പോയ ആ രൂപം അവശേഷിപ്പിച്ചത് അപകടങ്ങളുടേയും അപ്രത്യക്ഷമാവലുകളുടേയും നീണ്ട നിര തന്നെയായിരുന്നു. അനവധി വാഹനങ്ങളും യാത്രക്കാരെയും കാണാതായി.

ഈ സംഭവം നടന്നത് ചരിത്രപരമായി വളരെ പ്രത്യേകതയുള്ള ഒരിടത്താണ്. ആകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോൾ വലിയ ചിത്രങ്ങള്‍ കാണാനാകും വിധം ഭൂതലം ക്രമപ്പെടുത്തിയ ഒരിടമായിരുന്നു അവിടം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉയര്‍ന്ന ബൗദ്ധിക നിലവാരം പുലര്‍ത്തിയിരുന്ന ഒരു ജനതയുടെ സൂചന തരുന്ന ഈ പ്രദേശത്ത് നടന്ന ഈ പ്രതിഭാസം കേരളത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന സമാന്തര ദാര്‍ശനിക പ്രതിസന്ധിയാണ് സിനിമയുടെ ആധാരം.
ടെട്രാഹിഡ്രന് എന്ന ജ്യാമിതീയ രൂപം ഭൂമിയില്‍ ഉയര്‍ന്നു വന്നതും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒരു റേഡിയോ വാര്‍ത്തയുടെ രൂപത്തിലാണ് കേരളത്തിലെ ആ ഗ്രാമത്തിലേക്ക് കടന്നു വന്നത്. ആ വാര്‍ത്ത കേട്ടിട്ടുളള അനേകരില്‍ ഒരാള്‍ മാത്രമാണ് മായ എന്ന കോളേജ് വിദ്യാര്‍ത്ഥിനി. രാവും പകലുമില്ലാതെ കാടും മലയും താണ്ടുന്ന താന്തോന്നിയായ മായ എന്ന തെറിച്ച പെണ്‍കുട്ടിക്ക് ആ വാര്‍ത്ത വെറുമൊരു അദ്ഭുത വാര്‍ത്തയല്ലായിരുന്നു. അത് റേഡിയോയില്‍ വന്ന അതേ ദിവസമാണ് അവളുടെ കൂട്ടുകാരി ദിവ്യയുടെ അച്ഛന് കാട്ടിഞ്ചി പറിക്കാന്‍ പോയി രാവേറെ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നത്. കൂട്ടുകാരിയുടെ അച്ഛന്റെ തിരോധാനം പെറുവില്‍ കാണാതായ അനേകരുടെ അനുഭവത്തോടൊപ്പം ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുന്ന മായ ആന്തരികവും ബാഹ്യവുമായ ലോകത്തിലൂടെ സഞ്ചരിക്കുകയും ചിലത് കണ്ടെത്തുകയും ചിലത് കണ്ടെത്താനാവാത്ത സമസ്യകളാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
Read More: IFFK 2018: ‘പ്രതിഭാസ’ത്തെക്കുറിച്ച് വിപിന്‍ വിജയ്
മായയുടെ ചേട്ടന് ശിലാ ചിത്രങ്ങളും ശിലാലിഖിതങ്ങളും തേടി ശവങ്ങളുടെ ജാതകം നോക്കിക്കൊണ്ടെന്ന പോലെ പുരാവസ്തു ഭൂമികയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ്. സര്‍വെയറായ അച്ഛന് ചങ്ങലയും തിയോഡലൈറ്റും മറ്റ് അളവുപകരണങ്ങളുമായി കാടും മലയും കൃത്യമായി വരച്ചെടുക്കുന്ന ജോലിയിലാണ്. മായയുടെ ലോകം ഗ്രാമത്തിനുള്ളിലും വീടിന്റെ ചുറ്റുവട്ടത്തുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു. തന്റെ സഞ്ചാര പരിമിതികളെ മറി കടക്കാനുള്ള അവളുടെ ആഗ്രഹത്തിന്റെ തീഷ്ണത അവളെ ആന്തരിക ലോകത്തേക്കും ഭാവനാ ലോകത്തേക്കും സഞ്ചരിപ്പിക്കുന്നു. എന്നാലും അവള് ഗ്രാമം വിട്ടുപോകാന്‍ തീവ്രവായി ആഗ്രഹിക്കുകയും ചെയ്യുന്നു.
ഈ സിനിമ പ്രധാനമായും യാത്രകളുടേതാണ്. പൗരാണിക യാഥാര്‍ത്ഥ്യങ്ങള്‍ തേടിയുള്ള യാത്രകള്‍ ,ഭൂമി അളന്നെടുക്കാനുള്ള യാത്രകള്‍, ലക്ഷ്യങ്ങളൊന്നുമില്ലാത്ത യാത്രകള്‍ തുടങ്ങി ഭൗതികമായ യാത്രകളോളം പ്രധാനമാണ് ഭാവനാ യാത്രകളും. ‘പ്രതിഭാസ’ത്തിലെ ഭാവനാ യാത്രകള്സ്പെക്കുലേറ്റീവ് (speculative) സങ്കല്പങ്ങളുടെ അടരുകള്‍ കൂടി ചേര്‍ന്നതാണ്. പഴയ ഒരു സംസ്കാരത്തിന്റെ അവശേഷിപ്പുകളില്‍ വെച്ചാണ് കൂട്ടുകാരിയായ ദിവ്യയുടെ അച്ഛനെ പിന്നീട് കണ്ടെത്തുന്നത്.
ആ കണ്ടെത്തലിന് സമാന്തരമായി മായ തിരോഭവിക്കുന്നത് ലോകത്തിലെ പല തരത്തിലുള്ള ജനങ്ങളുടെ മാതൃകകളുള്ള ഒരിടത്തേക്കാണ്. വ്യത്യസ്ത സംസ്കാരത്തിന്റെ തുടര്‍ച്ച പേറുന്ന അപരിചിത മനുഷ്യര്ക്കിടയിലെത്തുന്ന മായ യഥാര്‍ത്ഥ മനുഷ്യരെത്തന്നെയാണോ കാണുന്നത് ? അവ മനുഷ്യനോട് വളരെയധികം സാമ്യമുള്ള സൈബോര്ഗുകള് ആകാന്‍ സാധ്യതയില്ലേ ? ഉത്തരമില്ലാത്ത ഇത്തരമൊരു ഭാവനാപരിസരം സിനിമയിലാകമാനം ഇഴചേര്ന്നിരിക്കുന്നുണ്ട്.

മായയുടെ സഹപാഠി അന്ധയായ ഒരു പെണ്‍കുട്ടി അവള് കാണുന്ന സ്വപ്നങ്ങളെപ്പറ്റി പറയുമ്പോള്‍ വിചിത്രമായ ഒരു സമസ്യയാണ് തുറന്നിടുന്നത്. സ്വപ്നത്തില്‍ അവള് ഉറങ്ങുന്നതായി കാണുകയും ആ ഉറക്കത്തില്‍ വീണ്ടുമൊരു സ്വപ്നം കാണുകയും ചെയ്തിരുന്നത്രേ. നീ സ്വപ്നം കാണുകയാണോ കേള്‍ക്കുകയാണോ ചെയ്യുന്നത് ? മായ ചോദിക്കുന്നു. നാം സ്വപ്നം അറിയുകയല്ലേ ചെയ്യുന്നത്? അവള് തിരിച്ചു ചോദിക്കുന്നു.
‘പ്രതിഭാസം’ എന്ന സിനിമയുടെ അവസാന ഭാഗത്ത് സംഭവിക്കുന്ന മായയുടെ തിരോധാനം അറിയുന്ന സ്വപ്നത്തിലേക്കുള്ള നഷ്ടപ്പെടലാണ്. അഴിക്കും തോറും കുടുങ്ങിപ്പോകുന്ന ഈ സ്വപ്ന സമസ്യ തന്നെയാണ് മായയെ തിരിച്ചു വരാനിടയില്ലാത്ത സ്ഥലത്ത് എത്തിക്കുന്നത്.
മായയുടെ അമ്മയെ സംബന്ധിച്ചിടത്തോളം ലോകം ആകുലതകള്‍ നിറഞ്ഞതാണ്. മായയുടെ പറഞ്ഞാല്‍ കേള്‍ക്കാത്ത സ്വഭാവത്തില്‍ അമ്മ അസന്തുഷ്ടയാണ്. കല്യാണം വേണ്ടെന്ന് ശഠിക്കുന്ന മായയുടെ പെരുമാറ്റം അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. എന്നാല്‍ ഈ വലിയ പ്രപഞ്ചത്തിലെ കുഞ്ഞു മനുഷ്യരുടെ ആശങ്കകളൊന്നും തന്നെ പ്രധാനമല്ല എന്ന് മായ കരുതുന്നു. മനുഷ്യന് ബുദ്ധി കൊണ്ട് നേടിയെടുക്കാന്‍ ശ്രമിക്കുന്നതും അളന്ന് തിട്ടപ്പെടുത്തുന്നതുമെല്ലാം വിശാലമായ പ്രപഞ്ചത്തെ സംബന്ധിച്ച് എത്ര നിസ്സാരമാണ്. കൃത്യമായ ഭൂപടമുണ്ടാക്കാനായി പ്രദേശത്തോളം വലുപ്പമുള്ള ഭൂപടമുണ്ടാക്കുകയും അത്രക്ക് കൃത്യമായ ഭൂപടം ഉപയോഗശൂന്യമാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു ഭരണാധിപനെപ്പറ്റി സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആ ബോര്‍ഹസ് (George Luis Borges) കഥയിലേതുപോലെ കൃത്യതക്കും കൃത്യതയില്‍ ഇളവ് വരുത്തുന്നതിനുമിടയില്‍ എവിടെയോ പതിയിരിക്കുന്ന യാഥാര്‍ത്ഥ്യത്തെ തേടുന്ന മായ ഒരിക്കലും യാഥാര്ത്ഥമാകാനിടയില്ലാത്ത ഒരു ലോകത്ത് ചെന്നെത്തുന്നു. ഒരു കമ്പ്യൂട്ടര്‍ ഗെയിമില്‍ ചൊവ്വാ പര്യവേഷണം നടത്തുന്ന അന്ധയായ പെണ്‍കുട്ടിയുടെ അനുഭവത്തിന് സമാന്തരമായിരിക്കാം ഒരുപക്ഷേ സിനിമയുടെ അവസാനത്തില്‍ മായ നേരിടുന്ന അനുഭവങ്ങള്‍.

മായയുടെ കൂട്ടുകാരി ദിവ്യ ഒരു അലക്കുകാരിയാണ്. ആര്‍ത്തവമുണ്ടായിട്ടില്ലാത്ത, ആര്ത്തമുണ്ടാകാനിടയുള്ള, ആര്‍ത്തവമുള്ള സ്ത്രികളുടെ വസ്ത്രങ്ങള്‍ അലക്കി വെളുപ്പിച്ച് അവര്‍ക്ക് അനന്തമായ വസ്ത്രങ്ങള്‍ നല്കുന്ന ദിവ്യ ഒരു തുടര്‍ച്ചയാണ്. എവിടെ നിന്നാണ് വന്നതെന്നോ എവിടേക്കാണ് പോകുന്നതെന്നോ അറിയാതെ ആത്മാവ് വന്നിടത്തേക്ക് തിരിച്ചു പോകുമെന്ന് പറയുന്ന അവധൂതന്റെ സാന്നിധ്യം മായയും ദിവ്യയും രണ്ട് തരത്തിലാണ് സ്വീകരിക്കുന്നത്. എന്നാല്‍ അവര്‍ക്ക് യോജിക്കാവുന്ന ഒരു ഭാവനാ സന്ധിസ്ഥലമുണ്ടെന്ന് സിനിമയുടെ അവസാനം ബോധ്യപ്പെടുത്തുന്നു. അത് ഭൗതിക ലോകത്തിനപ്പുറത്തുള്ള മറ്റൊരിടമാണ്. വസ്ത്രങ്ങള്‍ വെളുപ്പിച്ച് അനന്തത സൃഷ്ടിക്കുന്ന ദിവ്യയും മനുഷ്യന്റെ കൊച്ചു ബുദ്ധി ഒട്ടും പ്രധാനമല്ല എന്ന് കരുതുന്ന മായയും അജ്ഞാതമായ അനന്തതയാല് കണ്ണി ചേര്‍ക്കപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നു എന്ന് കരുതുന്ന നാം മറ്റാരുടേയോ സ്വപ്നമാണെന്ന് വരികില്‍, അവരുടെ ഉറക്കത്തിന്റെ സ്വച്ഛന്ദതയുടെ ഭാവനയായ നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്. കാണാതാകുന്നവരും തിരിച്ചു വരുന്നരും വിശദീകരിക്കാനാവാത്ത ടെട്രാഹിഡ്രന് പ്രതിഭാസവും ഒരു പക്ഷെ അവരുടെ സ്വപ്നത്തിലെ പ്രഹേളികകള്‍ മാത്രമായിരിക്കും. അങ്ങനെ വരുമ്പോള്‍ പെറുവിലെ ഒരു സംഭവം ഒരു സ്വപ്നത്തിന്റെ നേര്‍ത്ത നാരിനാല്‍ കേരളത്തിലെ ഈ ഗ്രാമവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലോകം മുഴുവന്‍ ആ സ്വപ്നദര്‍ശകന്റെ ഉറക്കത്താല്‍ ബന്ധിതമാകുകയും യാദൃച്ഛികതകള്‍ അയാളുടെ സ്വപ്നത്തിന്റെ അടരുകളാണെന്ന് കരുതുകയും ചെയ്യേണ്ടിവരുന്നു. പൗരാണിക ജനസംസ്കൃതി, ഭാവിയില്‍ മനുഷ്യരെപ്പോലെ ജീവിക്കാനിടയുള്ള സൈബോര്ഗുകള്, എല്ലാം ഒരേ യാഥാര്‍ത്ഥ്യമാണെന്ന് വന്നേക്കാം. നമ്മുടെ ജീവിതം മറ്റാരുടേയോ സ്വപ്നമാണെന്ന് വരികില്‍ നമ്മുടെ സ്വപ്നങ്ങള്‍ അയാളുടെ സ്വപ്നത്തിലെ സ്വപ്നമായി മാറുന്നു. ഈ സങ്കീര്‍ണ്ണ സമസ്യകളുടെ ദൃശ്യാവിഷ്കാരമാണ് ‘പ്രതിഭാസം’ എന്ന സിനിമ.