/indian-express-malayalam/media/media_files/uploads/2020/08/saree-tales-odisha-sambalpuri-ikat-402003.jpg)
കരിങ്കറുപ്പിൽ ഗണിതസമവാക്യങ്ങൾ പ്രിന്റ് ചെയ്ത സ്‌കാർലറ്റ് ബോർഡറുള്ള സാംബൽപുരി സാരിയിൽ, ശകുന്തളാദേവി എന്ന ഗണിതശാസ്ത്ര പ്രതിഭയിലേക്ക് പകർന്നാട്ടം നടത്തി, ആമസോൺ പ്രൈമിന്റെ ദീർഘചതുരത്തിൽ നിറയുന്ന വിദ്യാ ബാലനെ കണ്ടുകൊണ്ടിരിക്കെ, അനേകം കാലവർഷങ്ങൾക്കപ്പുറം തിരുവനന്തപുരം ടാഗോർ തിയറ്ററിന്റെ പടിക്കെട്ടിലിരുന്ന്, കണ്ണിലേക്ക് മഴ നട്ടുപിടിപ്പിച്ചൊരു പെൺകുട്ടിക്കാലം വീണ്ടും ഉള്ളാകെ പെയ്തു.
പത്തു വയസ്സായിരുന്നു അന്ന്. ടാഗോർ തിയറ്ററിനു പിന്നിലെ പടിക്കെട്ടിനു പുറത്ത് മഴയായിരുന്നു. അകത്ത്, അന്ന് വൈകിട്ട് നടക്കേണ്ട സൂര്യ നൃത്ത സംഗീതോൽസവത്തിന്റെ അവസാനവട്ട റിഹേഴ്‌സലുകൾ. ഇടക്ക് വീശുന്ന കാറ്റിൽ ചുവന്ന പൂക്കളുള്ള ചെറുപുല്ലുകൾ മുതൽ കൂറ്റൻ കുന്തിരിക്ക മരങ്ങൾ വരെ നിന്നു വിറച്ചു. പെയ്തു പെയ്തു മഴ, ചാരനിറത്തിൽ ലോകത്തെയാകെ മാറ്റുന്നതിനിടെ, മഴയിലേക്ക് തുറന്നുവിട്ട കുട്ടിക്കണ്ണുകളിലേക്ക് ഇളം പിങ്കു നിറത്തിൽ കരിനീല ബോർഡറുള്ള ഒരു സാരി, പിശറൻ കാറ്റു പോലെ വിറച്ചു വിറച്ചു വന്നു കയറി.
ആ സാരിക്കുള്ളിൽ ജ്വലിക്കുന്ന ആത്മബോധം ചുറ്റും പ്രസരിപ്പിക്കുന്ന ഒരു പെണ്ണുടൽ ആയിരുന്നു. ലോകം മുഴുവൻ പ്രതിഫലിപ്പിക്കുന്ന കണ്ണുകൾ. കടഞ്ഞെടുത്ത നീണ്ട കൈകൾ. സന്ദേഹങ്ങളില്ലാത്ത ചുവടുവെപ്പുകൾ. പൂക്കളും ജ്യാമിതീയ രൂപങ്ങളും ശംഖും നെയ്‌തെടുത്ത ആ സാരി സാംബൽപുരിയാണെന്നും അതുടുത്തു വന്നയാൾ നടിയും നർത്തകിയും മോഡലുമൊക്കെയായ പ്രൊതിമാ ബേദിയാണെന്നും മനസ്സിലേക്കെടുക്കാൻ പത്തു വയസ്സുകാരി ഏറെ മഴക്കാലങ്ങൾ പിന്നെയും നനയേണ്ടി വന്നു.
സ്വന്തം ജീവിതത്തിന്റെ അധികാരി മറ്റാരുമല്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ പ്രൊതിമാ ബേദിയിൽ നിന്നും മറ്റുള്ളവരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാനുള്ള പരീക്ഷയല്ല ജീവിതമെന്ന് നിരന്തരം കലഹിച്ച ശകുന്തളാ ദേവിയിലേക്കുള്ള ആ സാരിയുടെ യാത്രയായി വേണമെങ്കിൽ, അതിനിടയ്ക്കുള്ള കാലങ്ങൾക്ക് ടാഗ് ലൈൻ എഴുതാമെന്ന് തോന്നിപ്പോയി, പ്രൈമിലെ വിദ്യാബാലന്റെ ഉടലിലെ സാംബൽ പുരി അലയിളക്കങ്ങൾ കാണുമ്പോൾ.
'ശകുന്തളാ ദേവി' പ്രചാരണത്തിനിടെ വിദ്യാ ബാലന്സാംബല്പുരിയ്ക്കൊപ്പം ജീവിതം
പ്രൊതിമാ ബേദി കണ്ണിൽ നിറഞ്ഞ ടാഗോർ പടവുകളിലെ മഴപ്പകലിനു ശേഷം സാംബൽപുരി സാരി കണ്ണിൽ നിറഞ്ഞത് സ്വന്തം വീട്ടകത്തു നിന്നായിരുന്നു. പ്രൊതിമയ്ക്കു പകരം, സാബൽപുരി സാരിയിൽ നിറഞ്ഞത് അമ്മയായിരുന്നു. അമ്മക്ക് എന്നും ഇഷ്ടവും പഥ്യവും വെള്ളയും ഓഫ് വൈറ്റ് നിറ സാരികളോട് ആയിരുന്നു. മാറ്റമില്ലാത്ത ഒറ്റ നിറത്തിന്റെ വൈവിധ്യങ്ങളുമായി പിന്നെ അനേകം ദേശങ്ങളിലെ തറികളിൽ നിന്നുതിർന്ന വിസ്മയങ്ങൾ കടന്നു വന്നു. മനോഹരമായ മോട്ടിഫുകളുള്ള ബോർഡറുകൾ, ചെറിയ ബുട്ടികൾ എന്നിങ്ങനെ വൈവിധ്യങ്ങൾ. കശ്മീരിൽ നിന്ന് തൂവെള്ളയിൽ കറുത്ത പൂക്കളുള്ള സിൽക്ക്. ധാക്കയിൽ നിന്ന് കസവും പുള്ളികളും കോട്ടനിൽ. ഒഡീഷയിൽ നിന്ന് ശംഖും ചക്രവും പൂക്കളും ഇടകലർന്ന രൂപത്തികവിൽ സാംബൽപുരി. വെള്ളയെന്ന ഒറ്റ നിറത്തിനറ്റത്തും പല്ലാവിലും എത്രയെത്ര നിറങ്ങൾ, പച്ച, ചുവപ്പ്, നീല, കറുപ്പ്, പിങ്ക്... അന്തമറ്റ വർണ്ണങ്ങൾ, കോംബിനേഷനുകൾ, സാധ്യതകൾ. വെള്ളയിൽ ചുവന്ന ബോർഡറുള്ള ആ സാംബൽപുരി ഓർമ്മയിൽ വരുമ്പോൾ മൂക്കിൽ അമ്മയുടെ മണം ഇന്നും നിറയും.
ആഞ്ഞടിച്ച് പ്രണയക്കടലിലേക്ക് തിരികെ പോയ തിരയിളക്കത്തിന്റെ തുടക്കത്തിനും ഒടുക്കത്തിനുമിടയിലെവിടെയോ കരിനീലയിൽ ചുവപ്പ് ബോർഡറുള്ളൊരു സാംബൽപുരി ഉണ്ടായിരുന്നു. കടൽത്തീരത്തെ കത്തിപ്പഴുത്ത വാകമരത്തെ ഓർമ്മിപ്പിക്കുന്ന യൗവനത്തിന് സാംബൽപുരിയുടെ അടിക്കുറിപ്പ്. അതേ പോലൊരു യൗവനത്തികവിൽ, സ്‌ക്രീനിൽ ശകുന്തളാ ദേവിയായി വിദ്യാ ബാലനെ കാണാമിപ്പോൾ. കറുപ്പിലും ചുവപ്പിലും വെളുപ്പിന്റെ ജ്യോമിട്രി. എന്തൊരു ഭംഗിയാണവർക്ക്, ആ സാരിയിൽ. എന്തൊരു ഭംഗിയാണവര്‍ക്ക്, ആ സാരിയില്‍; അവരിലെത്തുമ്പോള്‍ ആ സാരിക്കും.
ഒഡീഷയിലേക്കുള്ള ആദ്യ യാത്ര ഒരു ഓട്ടപ്പാച്ചിലായിരുന്നു എന്ന് പറയാം. ഓട്ടപ്പാച്ചിലിനിടയിൽ, അലകടലും ഗ്രാമങ്ങളും ക്ഷേത്രഗോപുരങ്ങളും ഒഴിച്ചൊന്നും കണ്ടില്ല. എങ്കിലും തിരികെ പോകും മുമ്പ്, ഭുവനേശ്വറിലെ ചെറിയൊരു തെരുവിലെ സർക്കാർ എംപോറിയത്തിലെത്തി. പൊടി പിടിച്ച കട. താൽപര്യം നശിച്ച ജീവനക്കാർ. നരച്ച വെളിച്ചം. എങ്കിലും, ആ മടുപ്പിനെയും മറികടന്ന് ഷെൽഫിൽ നിന്ന് ശാന്തമായി ഒരു കടലിളകി -സാംബൽ പുരി സാരികൾ. വെള്ളയും കറുപ്പും ചുവപ്പും നീലയും പച്ചയും കറുപ്പും മഞ്ഞയും മെറൂണും. കണ്ണഞ്ചിപ്പിക്കുന്നവയല്ല, ശാന്തം, പ്രൗഢം. കണക്കൊപ്പിച്ച നെയ്ത്ത്. ഇഴകളോരോന്നിലും പ്രകൃതി. വെള്ളിവളയും സാംബൽപുരി സാരിയും എന്ന കോംബിനേഷൻ പ്രിയതരം. പല്ലാവിന്റെ അപാര സൗന്ദര്യം കാണാൻ അത് തോളിലൂടെ പുതപ്പിക്കുന്ന കൂട്ടില്ലെങ്കിലും, കാണാനാരുമില്ലെങ്കിലും, സാംബൽപുരി സാരി ഓർക്കുമ്പോൾ ഹൃദയത്തോട് ചേർന്ന് ഇപ്പോഴുമുണ്ട് ഒഡിഷയുടെ ഇഴയടുപ്പങ്ങൾ.
സാംബല്‍പുരിയുടെ ദേശങ്ങള്‍
ചില സാരികള്‍ എങ്ങനെയാണ് ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുക എന്ന സംശയത്തില്‍ നിന്നും നീണ്ട ഒരു വര വരച്ചാല്‍, ഒഡീഷയിലെ സാംബല്‍പൂര്‍, സോണെപൂര്‍ പ്രദേശങ്ങളിലെത്താം. അവിടത്തെ തറികളില്‍ പിറന്നതാണ് സാരികളിലെ സാംബല്‍പുരി ചാരുത. നെയ്യുന്ന നൂലില്‍ പ്രത്യേക രീതിയില്‍ (Tie and dye) നിറം പകര്‍ന്ന് ഇക്കത്ത് രൂപങ്ങള്‍ (Ikkat) സൃഷ്ടിക്കുന്ന കലാകാരന്‍മാരാണ് ഈ ആറ് മീറ്റര്‍ വിസ്മയത്തിന് പിന്നില്‍. ബാന്‍ന്ധ് കല എന്നാണിതിന്റെ പേര്.
ഇന്ത്യന്‍ നെയ്ത്തു പാരമ്പര്യത്തിലെ ദൃശ്യചാരുതയുടെ അസാമാന്യ പരീക്ഷണങ്ങള്‍ നടക്കുന്ന ഇടമാണ് സാംബല്‍പുരിയിലെ ആ ആറു മീറ്റര്‍ ചേല. കോട്ടണിലും സില്‍ക്കിലും പിറവി കൊള്ളുന്ന സാംബല്‍പുരി സാരികള്‍ ഒഡീഷയിലെ നര്‍ത്തകിമാരുടെ ശരീരഭാഷയിലേക്ക് ചേര്‍ത്ത് വായിക്കുമ്പോള്‍ ഒരേ സമയം ഗ്രാമീണവും പ്രാപഞ്ചികവുമാകുന്നു. പെണ്ണുടലിനെ മഴവില്ലാക്കുന്ന ഈ സാരികള്‍ ഈ മണ്ണിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ പ്രതിഫലനം കൂടിയാണ്.
ശരീരഭാഷയെ നൃത്തത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനപ്പുറം അണിയുന്നവരുടെ വ്യക്തിത്വത്തെ അത് സവിശേഷമായ വിതാനങ്ങളിലേക്ക് നടത്താറുണ്ട്. സൗന്ദര്യത്തിനും ആത്മവിശ്വാസത്തിനും കരുത്തിനുമെല്ലാം, ആ സാരി സാധാരണമല്ലാത്ത മാനങ്ങൾ നൽകും. അധികാരത്തിനും അറിവിനും കുലീനതയ്ക്കുമെല്ലാം അതൊരു മുതല്‍ക്കൂട്ടാവുന്നത് നമ്മള്‍ കണ്ടത് ഇന്ദിരാ ഗാന്ധിയില്‍. അവരുടെ ശരീരഭാഷയ്ക്കത് ലോകം കീഴടക്കുന്ന ആത്മവിശ്വാസം നൽകി. സോണിയാ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കും അതിന്റെ തുടര്‍ച്ചയാവനുള്ള പാലമായി. പുപുൽ ജയ്കർ എന്ന സാംസ്ക്കാരിക പ്രവർത്തകയുടെ ഇടപെടലുകൾക്കൊപ്പം സാംബൽപുരി സാരിത്തലപ്പ് ഇളം കാറ്റിലാറാടി. ശരീരഭാഷയിൽ നൃത്തച്ചുവടുകളുടെ സഹജചാരുത ആവാഹിച്ച സംയുക്ത പാണിഗ്രാഹിയും സോണാൽ മാൻസിംഗും മുതൽ മാധവി മുഡ്ഗലും നിഹാരിക മൊഹന്തിയും വരെയുള്ളവരുടെ മിന്നൽപ്പിണർ സൗന്ദര്യത്തെ വേദിയിലും പുറത്തും സാംബൽപുരിയുടെ ഇഴകൾ വാരിപ്പുതച്ചു. നേർക്കു നേരെ, അത് ഈ സ്ത്രീകളുടെ വ്യക്തിത്വങ്ങളുടെ ഒരു സ്റ്റേറ്റ്മെന്‍റ് ആയി.
National Handloom Day 2020:പ്രകൃതിക്ഷോഭങ്ങള്‍ക്കു മുന്നിലേക്ക് കാലം പിടിച്ചിറക്കിവിട്ട ജനതയാണ് ഒഡീഷയിലേത്. കൊടുങ്കാറ്റുകളിലും പേമാരിയിലും കടല്‍ക്കയറ്റത്തിലും പ്രളയത്തിലും വരള്‍ച്ചയിലും വലയുന്ന ഒരു ജനത. പ്രകൃതിയ്ക്കപ്പുറം മനുഷ്യര്‍ തീര്‍ക്കുന്ന ദുരന്തങ്ങള്‍ കൂടി അവരെ തേടിയെത്തി. അതിനൊപ്പം, അശോകന്റെ കാലം മുതല്‍ നീളുന്ന യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പട്ടിണി, ദുരിതങ്ങള്‍. ഒഡീഷയുടെ ചരിത്രം പകുത്തെടുത്താല്‍, നാം ചെന്നു നില്‍ക്കുക ദുരന്തങ്ങളുടെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളിലാണ്.
അതിന്റെ മറുകരയിലാണ് ഒഡീഷ വിതയ്ക്കുന്ന ഉന്‍മാദങ്ങള്‍. കാലാഹണ്ഡിയുടെ വിശപ്പ്. കടല്‍ തിന്ന പുരിയുടെ മരവിപ്പ്. കൊണാര്‍ക്കിന്റെ മൗനം. അതിലേക്ക് ഊടും പാവുമായി സൂര്യ വെളിച്ചം. ജലം. മണല്‍പ്പരപ്പുകള്‍. ഉള്‍ക്കടലിന്റെ നീലം. ശംഖിന്റെ മന്ത്രധ്വനികള്‍. ശെഫാലി പൂവിന്റെ ഗന്ധം, പുഴ മീനുടലിന്റെ തിളക്കം. ശ്രീചക്രത്തിന്റെ നിഗൂഢത. ജയദേവന്റെ പ്രണയം. ഇത്തരം അനേകം ഉന്‍മാദങ്ങള്‍ പകുത്തെടുത്ത ജീവിതങ്ങളാണ് ഒഡീഷക്കാരുടേത്.
സാംബല്‍പൂരിലെയും സോണെപൂരിലെയും നെയ്ത്തുകാര്‍ക്കും അതില്‍ നിന്ന് രക്ഷയില്ല. ദേശത്തിന്റെ, പ്രകൃതിയുടെ ഉന്‍മാദങ്ങളിലേക്ക് ചേര്‍ത്തു വെയ്ക്കപ്പെട്ടതാണ് അവരുടെ ജീവിതങ്ങളും. അതിന്റെ നേരും നീറ്റലും നോവുമെല്ലാം ഇഴചേര്‍ന്ന സാംബല്‍പുരിയുടെ അലയിളക്കങ്ങള്‍ മനസ്സിന്റെ വാതിലുകള്‍ തുറക്കാതെയെങ്ങനെ?
Read Here: മരുഭൂമി സ്വപ്നം കണ്ടുണരുന്ന പൂന്തോട്ടങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us