വെളുക്കും മുമ്പെപ്പോഴോ ഒരു മഴ പെയ്തിരിക്കണം. കണ്ണു തുറന്നത്, നനുത്ത തണുപ്പുളെളാരു പ്രഭാതത്തിലേക്കാണ്. ഹോട്ടല്‍ മുറിയുടെ ജനലിലൂടെ നോക്കിയപ്പോള്‍ ആകാശമാകെ മഴയുടെ ഉല്‍സവപ്പിറ്റേന്ന്. ഭൂമിയില്‍, പല നിറങ്ങള്‍ തൂവുന്ന ചെറിയ പൂന്തോട്ടത്തിന് മഴയുടെ അലുക്കുകള്‍. അതിനപ്പുറത്തെ തെരുവിനും തെരുവോരത്തെ മാവിനുമെല്ലാം പുലര്‍കാല മഴയുടെ ഇലത്തഴപ്പ്. ജയ്പൂര്‍ ഒരു സെപ്റ്റംബര്‍ ദിവസത്തിലേക്ക് ഉണര്‍ന്നു വരികയാണ്.
ഇന്ത്യയിലെ ഏത് നഗരവും പോലെ തന്നെയാണ് ജയ്പൂരും. വലിയ റോഡുകള്‍, ഓരങ്ങളില്‍ നടപ്പാതയും ചെടികളും. ചെറു പാതകള്‍, ഗലികള്‍. നൂറായിരം വാഹനങ്ങള്‍. ഒരേ ആവൃത്തിയില്‍ പതിയുന്ന ശബ്ദങ്ങള്‍, ആള്‍ത്തിരക്ക്, പശുക്കള്‍, എരുമകള്‍, കാളകള്‍, യാത്രികര്‍, തെരുവുകളില്‍ ഉത്തരേന്ത്യന്‍ ജീവിതത്തിന്റെ പല അടരുകള്‍. മണങ്ങള്‍, രുചികള്‍, നിറങ്ങള്‍. പതിവിലും കവിഞ്ഞൊരു ഫ്രെയിമില്‍ നിരനിരയായി കല്‍ക്കെട്ടുകള്‍. മഞ്ഞയും ചുവപ്പും പിങ്കും ചുമരുകള്‍. പിന്നെ, കെട്ടിടങ്ങള്‍, കോട്ടകള്‍, മിനാരങ്ങള്‍, കൊത്തളങ്ങള്‍. പല നിറക്കല്ലുകള്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഒരു കൂട്ടം തത്തകള്‍, എന്തിനെന്നില്ലാതെ കല്‍ക്കെട്ടുകള്‍ കടന്ന് പറന്നു പോയി. വെല്‍ക്കം ടു പിങ്ക് സിറ്റി.
ചരിത്രത്തില്‍ നിന്നുള്ള തറികള്‍
ജയ്പൂരില്‍ നിന്ന് 16 കിലോ മീറ്റര്‍ തെക്കോട്ടു പോയാല്‍ സാംഗനേര്‍. ഗ്രാമമെന്നതിനെ വിളിക്കാനാവില്ല, നഗരപ്രാന്തം. നെയ്ത്തുകാരുടെ, ഹാന്റ്മെയ്ഡ് കടലാസുകളുടെ, ജൈന ക്ഷേത്രങ്ങളുടെ ദേശം. സാംഗനേരി കൈത്തറിയുടെ തിളക്കമുണ്ട് ഈ ദേശത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്. നിറയെ കൊത്തുപണികളുള്ള പുരാതനമായ ദിഗംബര ക്ഷേത്രം തേടി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തുന്നു. ഭക്തിയും വിശ്വാസവും ചരിത്രവും കലയും നെയ്ത്തുമെല്ലാം ഇഴകള്‍ നെയ്യുമ്പോഴും ഈ ദേശം അതിമനോഹരമായ കൈത്തറിയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.
ചരിത്രത്തില്‍ നിന്ന് വസ്ത്രചാരുതയിലേക്ക് തുറക്കുന്നൊരു കഥയുണ്ട്, ഈ ദേശത്തിന് പറയാന്‍. മുഗളന്‍മാരും മറാത്തകളും കൊമ്പു കോര്‍ത്ത 16, 17 നൂറ്റാണ്ടുകളില്‍ നിന്നും ആ കഥ തുടങ്ങുന്നു. ഗുജറാത്തില്‍ നിന്നും ഉത്തര മഹാരാഷ്ട്രയില്‍ നിന്നും യുദ്ധങ്ങളുടെ ആരവങ്ങളിലേക്ക് പലായനം ചെയ്ത നെയ്ത്തുകാരും ബ്‌ളോക്ക് നിര്‍മ്മാതാക്കളും ചായങ്ങള്‍ ഉണ്ടാക്കുന്നവരും ചിത്രകാരന്‍മാരും ഡിസൈനര്‍മാരുമെല്ലാം അതിലെ കഥാപാത്രങ്ങളാവുന്നു. യുദ്ധങ്ങളുടെയും പടയൊരുക്കങ്ങളുടെയും പലായനങ്ങളുടെയും വഴികള്‍.
ഏതോ പുതിയ നഗരത്തിന്റെ തെരുവോരങ്ങളില്‍ പതിയെ വിരിയുന്ന ജീവിതം. വേരുകള്‍ പറിച്ചു മാറ്റപ്പെട്ടവരുടെ ആകുലതകള്‍. വിട്ടു പോന്ന ദേശത്തിന്റെ പാട്ടുകളും കാഴ്ചകളും നിറങ്ങളും രൂപങ്ങളും ഒരു തരി പോലും നഷ്ടപ്പെടുത്താതെ കൈത്തറിയിലേക്ക് പറിച്ചു നടപ്പെട്ടു. സാംഗനേര്‍ നല്‍കിയ ശാന്തിയില്‍ നിന്നും കൈത്തറിയുടെ കലമ്പും ശബ്ദങ്ങളുണര്‍ന്നു വരുന്നു. കണ്ണിന് കുളിര്‍മയേകുന്ന നിറങ്ങളെ അതിമനോഹരമായ പാറ്റേണുകളും രേഖകളും പതിയെ മാറ്റിത്തീര്‍ക്കുന്നു. ലോകത്തിലെ എല്ലാ പൂക്കളും ആ ഡിസൈനുകളിലേക്ക് വന്നണയുന്നു. അങ്ങനെ, കൈത്തറി ഈ ദേശത്തിന് ഊടുംപാവുമായി മാറുന്നു.
ബ്രിട്ടീഷുകാര്‍ ഈ ചാരുതയുടെ ആരാധകരായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനി ഈ തുണിത്തരങ്ങള്‍ ലോകമെങ്ങുമെത്തിച്ചു. സ്വാതന്ത്ര്യാനന്തരവും സാംഗനേറിന്റെ വാതിലുകള്‍ അനേകം ലോകങ്ങളിലേക്ക് തുറന്നു.
സ്വപ്‌നങ്ങളുടെ പാറ്റേണ്‍
സാംഗനേരി-ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന പരുത്തി തുണി. സൗമ്യവും മൃദുലവുമായ സാന്നിധ്യം. ഇന്ത്യയുടെ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ്.
സാംഗനേരി വസ്ത്രങ്ങള്‍ നമ്മുടെ സ്വപ്‌നങ്ങളിലേക്കാണ് നേര്‍ക്കുനേര്‍ വന്നെത്തുന്നത്. അവിടെയവിടെ പട്ടുനൂലില്‍ പൂക്കള്‍ പടര്‍ത്തുന്നു. സ്വപ്‌നങ്ങളുടെ ഭാഷയിലുള്ള അത്തരമൊരു ഇഴയടുപ്പമാണ് ഇന്നുമാ പേരിനോട്. സാംഗനേരി ദുപ്പട്ട തോളിലേക്ക് ഞൊറിഞ്ഞു വീണൊരു പത്തു വയസ്സുകാരിയുണ്ട് ഇതെഴുമ്പോള്‍ മനസ്സില്‍. ദുപ്പട്ടയിലെ പിങ്ക് നിറമുള്ള തത്തകളെ പതിയെ തൊട്ട്, ആ പരുത്തിയുടെ മൃദുത്വത്തെ ഉമ്മ വെച്ച് അവളേതോ സ്വപ്‌നത്തിലൂടെ നടക്കുന്നു. മരുഭൂമിയുടെ വരണ്ട കാറ്റുകള്‍ കടന്ന് അവളുടെ ദുപ്പട്ടയില്‍ പതിഞ്ഞു പോയ സാംഗനേരി പൂക്കള്‍ അറബിക്കടലിന്റെ തീരത്തെ ഇളം കാറ്റിലൂടെ ഒപ്പം നടക്കുന്നു.
വലുതായപ്പോഴും സാംഗനേരിയുടെ വള്ളിപ്പടര്‍പ്പുകളും ഇളം പൂക്കളും അവള്‍ക്കൊപ്പം നടന്നു കൊണ്ടേയിരുന്നു. ആ കൂട്ടുമായി പോകാത്ത ഇടങ്ങളില്ല. ആ ദുപ്പട്ടയുടെ തുമ്പില്‍ വിരല്‍ കോര്‍ത്തുകോര്‍ത്ത് അടക്കാത്ത ചിരിയും കോപവും കരച്ചിലുമില്ല. ആ പരുത്തി തുണിയുടെ ചൂടിലും തണുപ്പിലുമാണ് അവളുടെ മഴയും മഞ്ഞും വേനലും നടന്നു മറഞ്ഞത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈന ടൗണിലെ മോമോ കൗണ്ടറിലും നോര്‍ത്ത് ഡല്‍ഹി കാംപസിലെ ലൈബ്രറിയിലും പുരിയിലെ അമ്പല പടവുകളിലും ശ്രീരംഗത്തെ ഗോപുരത്തിന് കീഴിലും കൊച്ചിയിലെ ഫെറിയിലും വീട്ടുമുറ്റത്തെ പച്ചപ്പിലും അന്നും ഇന്നും സാംഗനേരി അവളുടെ കിനാക്കള്‍ക്ക് ഊടും പാവുമാകുന്നു.
സാംഗനേര്‍ എന്ന പേരില്‍ തന്നെയുണ്ട് സംഗീതം. ആഹിര്‍ ഭൈരവിന്റെ പ്രഭാത സൗന്ദര്യം. മരുഭൂമി സ്വപ്നം കണ്ടുണരുന്ന പൂന്തോട്ടങ്ങളുടെ ഈണങ്ങള്‍. ബ്‌ളോക്ക് പ്രിന്റ് ചെയ്ത കോട്ടന്‍ തുണികളില്‍ ഇന്ത്യയിലെ ഏറ്റവും സംഗീതാത്മകമായ ഡിസൈന്‍ പിറന്നത് അങ്ങനെയാണ്. നഷ്ടദേശങ്ങളുടെ മുറിവുകള്‍ ഉണക്കാന്‍ പാട്ടോര്‍മ്മകള്‍ക്കേ കഴിയൂ. പുതിയ ദേശത്തിലേക്ക് മെരുക്കിയെടുക്കാനും ആ പാട്ടിഴകള്‍ വേണം. അങ്ങനെയാവണം, സംഗീതസാന്ദ്രമായ വര്‍ണ്ണസ്വപ്നങ്ങള്‍ കൊണ്ട് ആ നെയ്ത്തുകാര്‍ ജീവിതത്തിന്റെ ദിശകളെ മാറ്റി വരച്ചത്.
ബ്ലോക്കിലെ ചായക്കൂട്ടുകളില്‍ പ്രകൃതി
ഇത് സാംഗനേരിയുടെ മാത്രം കഥയല്ല. രാജസ്ഥാനിലെമ്പാടും കാണാം ബ്‌ളോക്ക് പ്രിന്റിങിലൂടെ മുളയ്ക്കുന്ന നിറച്ചാര്‍ത്തുകള്‍. അവയുടെ സ്വപ്‌നാഭ. ബഗരു, ബാരമര്‍, ജോധ്പൂര്‍, ജയ്‌സാല്‍മേര്‍. ഈ ദേശങ്ങളെല്ലാം പരുത്തിയിലും സില്‍ക്കിലും ഷിഫോണിലും വിരിയിക്കുന്നത് പ്രകൃതിയുടെ നിറച്ചാര്‍ത്തുള്ള അനന്ത സൗന്ദര്യമാണ്. അനന്യമായ വര്‍ണ്ണലയം. എങ്കിലും മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഏറ്റവും അതിലോലവും സങ്കീര്‍ണ്ണവുമായ ഡിസൈനുകളും പാറ്റേണുകളും സാംഗനേരിയില്‍ തന്നെ എന്നു നിസ്സംശയം പറയാം.
സാരികള്‍, സല്‍വാര്‍ കമ്മിസുകള്‍, ദുപ്പട്ടകള്‍ തുടങ്ങി വിരിപ്പുകള്‍, ടേബിള്‍ ലിനന്‍, കര്‍ട്ടന്‍, കുഷ്യന്‍, ടേബിള്‍ ലാമ്പ് വരെ എത്തി നില്‍ക്കുന്നതാണ് സാംഗനേരിയുടെ ചാരുത. വെള്ളയില്‍, ചന്ദന നിറത്തില്‍, ചാരനിറത്തില്‍, പാടലവര്‍ണ്ണത്തില്‍, ഇളം പച്ചയില്‍, ലോല നീലയില്‍ അവ പടരുന്നു. ഇത്തരം നിറങ്ങള്‍ ഡൈ ചെയ്ത മികച്ച കോട്ടന്‍, സില്‍ക്ക് തുണികളിലാണ് തടി ബ്‌ളോക്കുകളില്‍ വിവിധ നിറങ്ങള്‍ ഉപയോഗിച്ച് മോട്ടിഫുകള്‍ പ്രിന്റ് ചെയ്യുന്നത്. അതിന് ശേഷം നിറം പോകാത്ത വിധം അവയെ പാകപ്പെടുത്തി ഉണക്കിയെടുക്കുന്നു.
തുണികള്‍ നെയ്ത്തുകാരില്‍ നിന്ന് വാങ്ങി പശയിട്ട് കഴുകി ഉണക്കിയ ശേഷം അടിസ്ഥാന നിറങ്ങള്‍ ഡൈ ചെയ്യുകയാണ്. എന്നിട്ട് ഉണക്കിത്തേച്ച് ചുളിവു മാറ്റിയെടുക്കുന്നു. സാംഗനേരിലെ ചൂടും കാറ്റും ജലവുമെല്ലാം ഇതിന്റെ സവിശേഷമായ മിശ്രണത്തിന് കാരണമാവുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. തുണികളുടെ നിര്‍മാണ ഘട്ടങ്ങളില്‍ ഈ ബാഹ്യഘടകങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
ബ്‌ളോക്കുകള്‍ തയ്യാറാക്കുന്നതും പല വിധത്തിലാണ്. ചിലത് തേക്ക് തടിയില്‍ കൊത്തിയുണ്ടാക്കുന്നു. ചിലത് ഇരുമ്പിലും ചെമ്പിലും നിര്‍മ്മിക്കുന്നു. പല വലിപ്പങ്ങളില്‍, ആകൃതിയില്‍, രൂപവിശേഷങ്ങളില്‍ അവ നിര്‍മിതമാവുന്നു. ഇവ വിവിധ ചായക്കൂട്ടുകളില്‍ മുക്കി തുണികളില്‍ പ്രിന്റ് ചെയ്യൂന്നു.
പ്രകൃതിയുടെ നേര്‍ക്കാഴ്ചയാണ് ഡിസൈനുകളില്‍. പൂക്കള്‍, ഇലകള്‍, വള്ളിപ്പടര്‍പ്പുകള്‍, പക്ഷികള്‍, ചെറു ചെടികള്‍, മരങ്ങള്‍, കായ്കനികള്‍, വണ്ടുകള്‍, തേനീച്ചകള്‍ എല്ലാം അവിടെ പുനര്‍ജനിക്കുന്നു. ചെറുവനങ്ങളും ഉദ്യാനങ്ങളുമെല്ലാം സാംഗനീരി ബ്ലോക്കിലെ ചായക്കൂട്ടുകളില്‍ മുങ്ങിനിവരുമ്പോള്‍ സൗന്ദര്യത്തിന്റെ പുതുവഴികള്‍ തേടുന്നു. അസാധാരണമായ ലയമാണത്. സ്വര്‍ണനൂലും മുത്തും പോലെ, പിച്ചിയും തുളസിയും ചേര്‍ന്ന മാല്യം പോലെ, അത്തറും കസ്തൂരിയും പോലെ, കാവ ചായയും കബാബും പോലെ, സലാമും നമസ്‌തേയും പോലെ ഒരു കൂടിച്ചേരല്‍. മറാത്ത് വാഡയില്‍ നിന്നും കച്ചില്‍ നിന്നും സിന്ധില്‍ നിന്നും, പഞ്ചാബില്‍ നിന്നും സമര്‍ഖണ്ഡില്‍ നിന്നും ദില്ലിയില്‍ നിന്നും സിന്ധുഗംഗാ സമതലങ്ങളില്‍ കൂടിക്കലര്‍ന്നതെല്ലാം അവിടെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
സാംഗനേര്‍, കടലിനക്കരെയും ഇക്കരെയും
നൂറ്റാണ്ടുകളുടെ ഓര്‍മ്മയാണത്. വിട്ടു പോന്ന വയലുകള്‍. മറന്ന പൂമണങ്ങള്‍. കാണാമറയത്തെ ഒരു പേഴ്‌സ്യന്‍ പാട്ട്. സരസ്വതീ നദിയുടെ കാണാപ്പരപ്പുകള്‍. ക്ഷേത്രമണികളുടെ നാദനിറവ്, ഒരു ബാങ്ക് വിളിയുടെ ഏകാന്തമായ ഏകാഗ്രത. മരുഭൂമിയുടെ വെയില്‍നിലങ്ങളില്‍ നിര്‍ത്താതെ മൂളുന്ന തറികളില്‍ ഇഴകളോരോന്നായി ചേരുന്ന വര്‍ണക്കൂട്ടുകളിലും രൂപങ്ങളിലും ജൈനനും ഹിന്ദുവും മുസ്ലിമും സിഖും ഊടുംപാവുമാകുന്നു. സാംഗനേര്‍ സൃഷ്ടിക്കുന്ന ഇന്ത്യ. സൗന്ദര്യത്തിന്റെ ഇന്ത്യ. വൈവിധ്യത്തിന്റെ ഇന്ത്യ. എല്ലാ വിയര്‍പ്പും ഒന്നാകുന്ന അനുഭവമാണത്. രജപുത്രര്‍ക്കും മുഗളന്‍മാര്‍ക്കും ബ്രിട്ടീഷുകാരനും 1947 -ന് ശേഷം വന്നുചേര്‍ന്ന ഇന്ത്യ എന്ന ദേശരാഷ്ട്ര അനുഭവങ്ങള്‍ക്കും സാംഗനേര്‍ ഇത്രമേല്‍ പ്രിയപ്പെട്ടതാവുന്നത് ഇങ്ങനെയൊക്കെയാണ്.
ഇന്ദിരാ ഗാന്ധിയുടെ പ്രൗഢമായ നടപ്പുകള്‍ക്ക് അത് സൗന്ദര്യത്തിന്റെ ഒരധികമാനം നല്‍കി. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെടുന്ന കമല ദേവി ചതോപാധ്യായയ്ക്ക് അത് ചരിത്രത്തില്‍ നിന്നൊരു പാലമായി. പരമ്പരാഗത കരകൗശല വഴികളിലൂടെ നടക്കുമ്പോള്‍ ലൈല തൈയ്യബ്ജിക്ക് സാംഗനേരി സാരികള്‍ അസാധാരണമായ ഒരാധികാരികത നല്‍കി. പുപ്പുല്‍ ജയകറിനും സ്മിതാ പാട്ടീലിനും മല്ലികാ സാരാഭായിക്കും പ്രിയങ്കാ ഗാന്ധിക്കും സാംഗനീരിയുടെ കോട്ടണ്‍ സാരി കുലീനതയും പ്രൗഢിയും ലാളിത്യവും സൗന്ദര്യവും നല്‍കി. ഒരു സാരിയില്‍, കുര്‍ത്തയില്‍, ദുപ്പട്ടയില്‍ അവരുടെ ശരീരഭാഷകളെയാകെ അതു മാറ്റിമറിച്ചു. അവരുടെ നടത്തങ്ങളിലെല്ലാം ഇളം നിറങ്ങളില്‍ ഇലകളും പൂക്കളും നിറഞ്ഞാടി.
ബ്രിട്ടീഷുകാരാണ് കടലിനപ്പുറത്തേക്ക് സാംഗനേരിയുടെ മഹിമയെ പറത്തിയത്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം സാംഗനേരിയില്‍ കൊത്തി വെച്ച ബ്ലോക്ക് പ്രിന്റുകള്‍ സന്തോഷം പരത്തി. അവിടങ്ങളിലെ മനുഷ്യര്‍ ഉടയാടകളില്‍ കടലിനക്കരെയുള്ള സാംഗനേര്‍ പട്ടണത്തിന്റെ നെയ്‌ത്തോര്‍മ്മകള്‍ കൊണ്ടു നടന്നു. കൊളോണിയല്‍ കാലത്തിനു ശേഷവും ആ ശീലം തുടരുന്നു. കടല്‍ കടന്നു ചെല്ലുന്ന സാംഗനേരി വസ്ത്രങ്ങള്‍ക്കായി മറുകരകള്‍ കാത്തുകിടക്കുന്നുണ്ടിപ്പോഴും. രാജസ്ഥാന്റെ പൂവിഴകള്‍ പലര്‍ക്കും കലക്‌ടേഴ്‌സ് ഐറ്റങ്ങളാണ്. ചരിത്രം അതിന്റെ യാത്ര തുടരുമ്പോള്‍, ഇളം കാറ്റിലാറാടാന്‍ സാംഗനേരിയിലെ പൂവനക്കങ്ങളും കൂട്ടു പോവുന്നു.
ഒട്ടും കാല്‍പ്പനികമല്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍
എന്നാല്‍, അത്ര കാല്‍പ്പനികമല്ല ഇന്നിപ്പോള്‍ കാര്യങ്ങള്‍. സാംഗനേര്‍ അടക്കമുള്ള ഇന്ത്യന്‍ കൈത്തറി ദേശങ്ങളില്‍ നിന്ന് ഇന്ന് കേള്‍ക്കുന്നത് ശുഭവാര്‍ത്തകളല്ല. ലോകത്തെയാകെ അടഞ്ഞ വാതിലുകള്‍ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ കോവിഡ് കാലം ഈ ദേശങ്ങളിലും പട്ടിണി വാരിവിതറുകയാണ്. സ്വന്തം പ്രയത്‌നത്തിലും കഴിവിലുമുള്ള അഭിമാനത്തോടെ തലയുയര്‍ത്തി ജീവിച്ച നെയ്ത്തുകാര്‍ ജോലിയില്ലാതെ, വില്‍പ്പന നടക്കാതെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നടന്നു കയറി. ലോക്ക്ഡൗണ്‍ കാലം ആളുകളുടെ വാങ്ങല്‍ശേഷിയെ പിടിച്ചുലച്ചപ്പോള്‍ ആദ്യം ബ്രേക്ക് വീണത് സാംഗനേരി അടക്കമുള്ള വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പിലാണ്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ഇതുണ്ടാക്കിയത് വലിയ ആഘാതമാണ്. രാജസ്ഥാനില്‍ മാത്രം പതിനായിരം കോടി രൂപയുടെ വിദേശ കയറ്റുമതി ഓര്‍ഡറുകളാണ് ഒറ്റയടിക്ക് ഇല്ലാതായിപ്പോയതെന്നാണ് രാജസ്ഥാനി വസ്ത്ര കയറ്റുമതി കൂട്ടായ്മയുടെ കണക്കുകള്‍ പറയുന്നത്. എല്ലാ പണികളും കഴിഞ്ഞ് പായ്ക്ക് ചെയ്ത് കടല്‍ കടക്കാന്‍ കാത്തുനിന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ഒറ്റയടിക്ക് ആവശ്യക്കാരില്ലാതായത്.
എക്‌സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഹാന്റിക്രാഫ്റ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷം ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചത് അമേരിക്ക, ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ്. മൊത്തം കൈത്തറി ഉല്‍പ്പന്ന കയറ്റുമതിയുടെ 30 ശതമാനം. കോവിഡ്-19 രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങള്‍ കൂടിയാണിത്. വന്‍ സാമ്പത്തിക മാന്ദ്യമാണ് ഈ രാജ്യങ്ങളിലുണ്ടായത്. അതിനാല്‍ തന്നെ, ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകളെല്ലാം മരവിച്ച അവസ്ഥയിലാണ്. ജി എസ് ടി കാരണം നടുവൊടിഞ്ഞ കൈത്തറി-കയറ്റുമതി വ്യവസായങ്ങള്‍ക്ക് തുടര്‍ ആഘാതങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്. ജയ്പൂര്‍ ആസ്ഥാനമായ ഫെഡറേഷന്‍ ഓഫ് രാജസ്ഥാന്‍ ഹാന്റി ക്രാഫ്റ്റ്‌സ് എക്‌സ്‌പോര്‍ട്ടേഴ്സ് പുറത്തുവിട്ട കണക്കു പ്രകാരം, ജി എസ് ടി കൊണ്ടു മാത്രം 36 ശതമാനം നഷ്ടമാണ് ഈ വ്യാവസായിക മേഖലയ്ക്കുണ്ടായത്. അതിനു പിന്നാലെ കോവിഡ്-19 രോഗം വിതച്ച സാമ്പത്തിക തകര്‍ച്ച കൂടി വന്നതോടെ, ചരിത്രത്തിലിതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയുടെ മുനമ്പിലാണ് കൈത്തറി-കയറ്റുമതി രംഗങ്ങള്‍.
സാംഗനേരി എന്ന സ്വപ്നം
എങ്കിലും, പ്രതീക്ഷകള്‍ കൈവിടുന്നില്ല ഇവിടങ്ങളിലെ നെയ്ത്തുകാര്‍. കൊറോണ വൈറസ് തീര്‍ത്ത ദുരന്തം മാറുമെന്ന് തന്നെ വിശ്വസിക്കുന്നു, സാംഗനേറിലടക്കമുള്ളവര്‍. അങ്ങനെ പ്രതീക്ഷിക്കാന്‍ അവര്‍ക്കുള്ള കാരണം ചരിത്രപരമാണ്. അത്രയ്ക്ക് പ്രതിസന്ധികള്‍ മുറിച്ചു കടന്നാണ് സാംഗനേരി അടക്കമുള്ള കൈത്തറി മേഖല ഇന്നത്തെ നിലയില്‍ എത്തിയത്. തീരാത്ത യുദ്ധങ്ങളുടെയും പലായനങ്ങളുടെയും അലച്ചിലുകളുടെയും അരക്ഷിതാവസ്ഥകളുടെയും തിരിച്ചടികളുടെയും ചരിത്രമാണത്. അതില്‍ നിന്നെല്ലാമുള്ള അതിജീവനമാണ് സാംഗനേരിയുടെ ചരിത്രം. കൊറോണ വൈറസിന്റെ കൊടുങ്കാറ്റില്‍ വാതിലുകളെല്ലാം ഒന്നിച്ച് അടഞ്ഞുപോയ നേരത്തും പ്രതീക്ഷ നല്‍കുന്നത് അതിജീവനത്തിന്റെ ഈ ചരിത്രം തന്നെയാണ്.
എല്ലാ ദുരിതങ്ങള്‍ക്കിടയിലും, പ്രതീക്ഷയുടെ ചില തറികളില്‍ സ്വപ്‌നങ്ങളുടെ നൂലിഴകള്‍ ചലിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ആ തുണികളിലേക്ക്, ലോകത്തിന്റെ മനോഹാരിതയത്രയും കുറുക്കിയെടുത്ത പൂക്കളും ഇലപ്പടര്‍പ്പുകളും പതിഞ്ഞു ചേര്‍ന്ന ബ്ലോക്കുകള്‍ പതിയുന്നുണ്ട്. പൂവിരിയും പോലെ സാരികളും കുര്‍ത്തകളും ദുപ്പട്ടകളും ആരുടെയൊക്കെയോ സ്വപ്‌നങ്ങളിലേക്ക് കണ്‍തുറക്കുന്നുണ്ട്. സാംഗനേരി എന്നതൊരു സ്വപ്‌നമാണ്. മനുഷ്യരുള്ളിടത്തോളം അതു മാഞ്ഞുപോവില്ല.