/indian-express-malayalam/media/media_files/uploads/2019/08/priya-joseph-7.jpg)
വിവാഹബ്രോക്കറുടെ കറുത്ത ലെതർ ബൈന്റിട്ട ഡയറിയ്ക്കുള്ളിലെ ഒരു താളായി കയറിക്കൂടിയ എന്റെ എം.ഫിൽ കാലം. നിറം, ഉയരം, വിദ്യാഭാസ യോഗ്യത, കുടുംബപശ്ചാത്തലം ഒക്കെ അടങ്ങിയ ബയോഡേറ്റയായും ഗ്ലാമർ ഫോട്ടോയായുമാണ് ജോൺ ചേട്ടന്റെ ആ പഴയ മുഷിഞ്ഞ ഡയറിയ്ക്കുള്ളിലിരുന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്രിസ്ത്യന്‍ യോഗ്യതാപുരുഷന്മാരുടെ ഭവനങ്ങളിൽ ഞാൻ കയറിയിറങ്ങി തുടങ്ങിയത്.
മമ്മിയുടെ കല്യാണക്കാലം തൊട്ടേയുള്ള വിവാഹബ്രോക്കറാണ്. പറയേണ്ടതു മാത്രം പറയാനും മറയ്ക്കേണ്ടത് മറയ്ക്കാനും ഇതു പോലെ സാമർത്ഥ്യമുള്ള ബ്രോക്കർ വേറെ ഇല്ലായെന്നു തന്നെയാണു് ജോൺ ചേട്ടനെക്കുറിച്ച് ബന്ധുക്കളുടെ ഇടയിൽ പരക്കെയുള്ള അഭിപ്രായം.
പുതിയ ഉത്പന്നം മാർക്കറ്റിലേയ്ക്കിറക്കുമ്പോൾ ചെയ്യുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ 'ഞാനെന്ന പ്രോഡക്റ്റ്' ലോഞ്ച് ചെയ്തപ്പോഴും നടത്തിയിരുന്നു. അതായത് ബയോഡേറ്റയിൽ അല്ലറ-ചില്ലറ നുണകൾ കുത്തിതിരുകിയിരുന്നു എന്ന് സാരം. അറേയ്ഞ്ച്ഡ് മാര്യേജിന്റെ ഒരു ലക്ഷ്വറി എന്നു് പറയുന്നത് ഇതൊക്കെയാണല്ലൊ.
ഉയരത്തിലും നിറത്തിലുമാണ് ഏറ്റവും അധികം വെള്ളം ചേർത്തത്.
അഞ്ചടി രണ്ടിഞ്ച് മാത്രമുള്ള ഞാൻ ഉയരമുള്ള ഭർത്താവിനെ കിട്ടാൻ എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ 5 അടി 5 ഇഞ്ച് എന്ന് ഒരു മടിയുമില്ലാതെ എഴുതി കൊടുത്തു. ഒരു മൂന്നിഞ്ച് ഹീൽസ് ഇട്ടാൽ തീരാവുന്ന പ്രശ്നം!
ഇരുനിറമുള്ള ഞാൻ ബയോഡാറ്റയിൽ പാലു പോലെ വെളുത്തതായി. ഇതു് എന്റെ മമ്മി സ്വന്തം ഇഷ്ടപ്രകാരം എഴുതിയ മറ്റൊരു പച്ചക്കള്ളം. റവ്‌ലോൺ നമ്പർ 5 ഫൗണ്ടേഷന് പരിഹരിയ്ക്കാവുന്ന ഒരു നിസ്സാര പ്രശ്നമെന്ന് മമ്മി കരുതിയത്. അതുമല്ലെങ്കിൽ മഞ്ഞ, പീച്ച്, ക്രീം നിറങ്ങളിലേതെങ്കിലും ഇട്ടാൽ ഏതു പെൺകുട്ടിയാണ് ഈ പ്രായത്തിൽ പൂത്തുലഞ്ഞ് 'ഗോതമ്പും പാലും' നിന്നനിൽപ്പിൽ ആവാത്തത് എന്ന് മമ്മി തറപ്പിച്ച് പറഞ്ഞപ്പോൾ
'പാലുപോലെ വെളുത്ത നുണ'യ്ക്കും പരിഹാരമായി.
തുനിഞ്ഞിറങ്ങിയാൽ ഏതു നുണകളും, കവിളിൽ റൂഷിടുന്നതുപോലെ, ‘ഫെതർടച്ച്' നടത്തിയാൽ ചന്തമുള്ള സത്യമാകുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല അന്നൊന്നും.
വിദ്യാഭ്യാസയോഗ്യതയിൽ യാതൊരു അലുക്കുകളും ഞാത്തിയിടാൻ ആരും ശ്രമിച്ചില്ല. ആവശ്യമില്ലാത്ത കുറേ വിശദീകരണങ്ങൾ മാത്രം ഒരു താൽപര്യവുമില്ലാത്ത ജോൺ ചേട്ടനു കൊടുത്തു.
“ഡോക്ടറോ എഞ്ചിനീയറോ ആവാനിഷ്ടമില്ലാത്തതുകൊണ്ട് മാത്രമാണ് കണക്കും സയൻസും എടുക്കാത്തതെന്നും, എസ്.എസ്.എൽ.സി.യ്ക്ക് നല്ല മാർക്ക്‌സ് ഉണ്ടായിരുന്ന കുട്ടിയാ പക്ഷേ പറഞ്ഞിട്ടെന്താ കാര്യം," എന്ന് പറന്നുപോകുന്ന പക്ഷിയോടു വരെ നെടുവീർപ്പിട്ട് പറയുന്ന മമ്മി ചെറുക്കന്റെ വീട്ടിലും ഇതു തന്നെ പറയണമെന്ന് ജോൺ ചേട്ടനെ ചട്ടം കെട്ടി. പെൺകുട്ടി ബുദ്ധിമതിയാണെന്ന് ചെറുക്കൻ വീട്ടുകാരെ ബോദ്ധ്യപെടുത്താൻ ഇക്കണോമിക്സിലെ എന്റെ ഉയർന്ന മാർക്കും റാങ്കും കണക്കിലെടുക്കാത്ത മമ്മി എന്റെ എസ്എസ് എല്‍ സി ബുക്കിന്റെ മാർക്ക്സ് പേജു കൂടി ജോൺ ചേട്ടന്റെ വീർത്തിരിയ്ക്കുന്ന ആ ഡയറിയ്ക്കുള്ളിലേയ്ക്ക് തിരുകി കയറ്റുമോ എന്ന് ഞാൻ പേടിച്ചു. ഭാഗ്യം, അതുണ്ടായില്ല.
ചൂണ്ടയിൽ മണ്ണെരയെ (bait) കൊരുക്കുന്നതു പോലെ' അവകാശിപെണ്ണുങ്ങൾ' എന്നൊരു വരിയും കൂടി ബയോഡാറ്റയിൽ എഴുതി ചേർത്തു. പ്രാചീന പുരാതനകുടുംബക്കാർക്ക് ആശ്വാസമാകാൻ 'ഗോഡ്ഫിയറിംഗ്' എന്നൊരു വാക്കും ഞങ്ങൾ കൃസ്ത്യാനികൾക്ക് നിർബന്ധമാണല്ലൊ. അതും ചേർത്തു.
Read Here: മമ്മിയുടെ റെസിപ്പി ബുക്ക്
ഇങ്ങനെ കല്ലുവച്ച നുണകളെല്ലാം കുത്തി നിറച്ചുള്ള ജോൺ ചേട്ടന്റെ ആ ഡയറി തന്റെ സഞ്ചാരം തുടങ്ങി.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ (CDS ) ഡി.എൻ. എന്ന് ഞങ്ങൾവിളിയ്ക്കുന്ന
ഡി. നാരായണയുടെ ഇന്റർനാഷണൽ ട്രേഡിന്റെ പരീക്ഷാ ചൂടിൽ തലകുത്തി നിന്ന് പഠിച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് ബോയ്സ് ഹോസ്റ്റലിൽനിന്ന് നീണ്ട വിളി വന്നത് - 'പ്രിയാ ജോസഫിനു് ഫോൺ'.
സി ഡി എസ്സില്‍ ഞങ്ങൾ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഫോണില്ല. ഫോൺ ഇരിയ്ക്കുന്നത് ആൺകുട്ടികളുടെ ഹോസ്റ്റലിൽ...
'മരുഭൂമിയിലെ മന്നാ' പോലെയാണ് ബോയ്സ് ഹോസ്റ്റലിൽ നിന്ന് ഈ നീട്ടിയുള്ള വിളി കേൾക്കുമ്പോൾ പലപ്പോഴും തോന്നുക. മുഷിഞ്ഞിരുന്നുള്ള പഠനത്തിനിടയിൽ അന്ന് പ്രത്യേകിച്ചും. ഭംഗിയുള്ള ക്യാമ്പസിൽക്കൂടി ഒരു നടപ്പുമാവും. തിരികെ വരുന്ന വഴി ക്ലാസ്സ്മേറ്റ് മാർഗ്ഗരറ്റിന്റെ മുറിയിൽ കയറി പഠനസ്റ്റാറ്റസ് അന്വേഷിയ്ക്കുകയും ചെയ്യാം എന്നൊക്കെ ആലോചിച്ച് അത്യുത്സാഹത്തോടെ ഓടിചെന്ന് ഫോൺ എടുത്തപ്പോഴാണ് ഇടിത്തീ പോലെ മമ്മി ആ വാർത്ത പറഞ്ഞത്.
'നാളെ നിന്നെ കാണാൻ ഒരു കൂട്ടരു വരുന്നുണ്ട്. പയ്യന്റെ അപ്പനും, ഒരങ്കിളും കൂടിയാണ് വരുന്നത്. അവര് വന്ന് കണ്ടിട്ടങ്ങ് പൊയ്ക്കോളും.'
'നാളെ എനിയ്ക്ക് പരീക്ഷയാ, അവരോട് മറ്റന്നാൾ വരാൻ പറയൂ,' എന്നു ഞാൻ പറഞ്ഞത് തീരെ ഗൗനിച്ചില്ലെന്ന് മാത്രമല്ല, 'അവരൊരു നാലു മണിയാകുമ്പോഴല്ലെ വരുന്നത്, നിന്റെ പരീക്ഷ ഉച്ചയ്ക്ക് കഴിയില്ലേ,' എന്നായി മമ്മി.
ഡിയെന്നിന്റെ ഇന്റർനാഷണൽ ട്രേഡ് പരീക്ഷ എന്ന അങ്കലാപ്പ് മാറി അതിലും വല്യ അങ്കലാപ്പ് കയറിക്കൂടി ഹൃദയത്തിനുള്ളിൽ. ഇത്ര പെട്ടെന്ന് ഇങ്ങനൊരു മാരണം പ്രതീക്ഷിച്ചതേയില്ല. ജോൺ ചേട്ടന്റെ ഡയറി സഞ്ചാരം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളുവല്ലൊ.
പയ്യന്റെ അപ്പനും തിരുവനന്തപുരത്ത് താമസിയ്ക്കുന്ന അങ്കിളും ആണ് കാണാൻ വരുന്നത് എന്ന് മമ്മി പറഞ്ഞത് പാതി ചെവി കൊണ്ടും പാതി മനസ്സു കൊണ്ടുമാണ് കേട്ടതു തന്നെ.പയ്യൻ എവിടെ, എന്തു ചെയ്യുന്നു- ഇതൊന്നും തന്നെ ഞാൻ ചോദിച്ചുമില്ല, മമ്മി പറഞ്ഞുമില്ല.
പെണ്ണുകാണാൻ വരുന്നു എന്ന വാർത്തയുടെ ഞെട്ടലിൽ കുറച്ചു നേരം ആ ഫോണിനടുത്തുള്ള പടിയിൽ തളർച്ച തോന്നി വെറുതേ ഇരുന്നു. അതിനു ശേഷം ബോയ്സ് ഹോസ്റ്റലിൽ നിന്നിറങ്ങി ആ ചെറിയ കയറ്റം കയറി ഗഹനമായ ആലോചനയിൽ മുഴുകി ഞാൻ നടക്കാൻ തുടങ്ങി.
കൺമുന്നിൽ കണ്ട ചില ദാമ്പത്യങ്ങളുടെ വെളിച്ചത്തിൽ 'വിവാഹം, ഹാ കുലീനമാം കള്ളം' എന്ന് ആശങ്കപ്പെടുന്ന മനസ്സ് ഒരു വശത്ത്. മറുവശത്ത് സുഭാഷിതങ്ങളിലെ 'ഉത്തമഭാര്യ' ആവർത്തിച്ചാവർത്തിച്ച് വായിച്ച് മനസ്സിൽ കയറിക്കൂടിയ ഒരു വിശുദ്ധി. എന്നെങ്കിലും വിവാഹിതയായാൽ ഇതു പോലെയായിരിയ്ക്കും ഞാൻ എന്ന് എന്നോടു തന്നെ കൊടുത്തിട്ടുള്ള ഒരു ഉറപ്പ്. എന്റെമാത്രം രഹസ്യം! തോബിത്തും റൂത്തും വായിച്ചു് മനസ്സിൽ പതിഞ്ഞ ചില ഇമേജുകൾ...
പക്ഷേ വിവാഹത്തിന് ഞാൻ ശരിയ്ക്കും റെഡിയാണൊ ? ഒരു പുരുഷനെ അറിയാനും ഒരു കാൽ അയാളുടെ മീതെ അവകാശത്തിൽ കയറ്റിവച്ചുറങ്ങാനും ഞാൻ റെഡിയാണൊ??
ഒരേ വാഷ്ബേസിനു മുന്നിൽ നിന്ന് ഒരുമിച്ചു പല്ല് തേയ്ക്കാനും ഒരേ ബാത് റൂം പങ്കിടാനും ഞാൻ റെഡിയാണൊ??
അല്ലായെന്നുതന്നെയായിരുന്നു എന്റെ മനസ്സ് എനിയ്ക്ക് തന്ന ഉത്തരം.
ഇപ്പൊ കല്യാണം നടന്നാൽ എന്റെ പഠിപ്പു മുടങ്ങുമോ? എം ഫിൽ ഒന്നു കഴിഞ്ഞു കിട്ടിയിട്ട് ആലോചന മതിയായിരുന്നു. ഇരുപത്തിയഞ്ച് വയസ്സിനു മുമ്പ് വിവാഹം എന്നത് മൂത്ത രണ്ടു ചേച്ചിമാരുടെയും കാര്യത്തിൽ പപ്പയും മമ്മിയും വിജയകരമായി പ്രാവർത്തികമാക്കി. ഇനി എന്റെ ഊഴമാണ്. അതിൽ യാതൊരു വിട്ടുവീഴ്ചയും വീട്ടിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന് അറിയാഞ്ഞിട്ടല്ല. മനസ്സിൽ തോന്നുന്ന ഈ പ്രതിഷേധങ്ങൾ ആരോട് പറയാൻ?
ലാറി ബേക്കർ പണിത മനോഹരമായ കെട്ടിടങ്ങൾ ഉള്ള ക്യാമ്പസ്. ഇഷ്ടികഭംഗിയും ഇഷ്ടിക ചുവപ്പും, ഇഷ്ടികതണുപ്പുമുള്ള കെട്ടിടങ്ങളുടെയും, പടർന്ന് പന്തലിച്ച മരങ്ങളുടെയും ഇടയിലൂടെയുള്ള വെറും നടപ്പ് തന്നെ സുഖമുള്ള ഒരനുഭവമാണ്. പക്ഷേ അന്നാദ്യമായി
ചുറ്റുമുള്ള പതിവ് ഭംഗികളൊന്നും കണ്ണിൽ പെടാതെ ആലോചിച്ച് നടന്ന് നടന്ന് ക്യാമ്പസിലെ റ്റീവി മുറിയിലാണെത്തിയത്. അവിടെയിരുന്ന് കുറച്ചു നേരം റ്റീവി കണ്ട് മനസ്സ് തണുപ്പിയ്ക്കാമെന്നു വിചാരിച്ചപ്പോൾ അവിടെ ദാ ഇരിയ്ക്കുന്നു ലേഖയും പിനാക്കി ചക്രവർത്തിയും.
റ്റീവിയിൽ പരിപാടി നടക്കുന്നുണ്ടെങ്കിലും അതിൽ ഒരു തരി പോലും ശ്രദ്ധിയ്ക്കാതെ
പ്രണയരസതന്ത്രത്താൽ വീർപ്പുമുട്ടി കണ്ണിൽ കണ്ണിൽ നോക്കിയും നോക്കാതെയും ഇരിയ്ക്കുന്നു ഇവർ രണ്ടു പേരും. ഇവർക്കു ചുറ്റും ഇവരുപോലുമറിയാതെ സ്വപ്നങ്ങൾ ചുമ്മാ പാറി പറന്നു നടക്കുന്നു. എനിയ്ക്കുചുറ്റും എന്തൊക്കെയോ ആകുലതകളും.
ഈ ക്യാമ്പസിൽ എത്രയോ സ്ഥലങ്ങളുണ്ട്, ഈ റ്റീവി റൂം മാത്രമേ ഇവർക്ക് വന്നിരിയ്ക്കാൻ കണ്ടോളൂ എന്നാലോചിച്ചു് അവരുടെ നടുവിൽ തന്നെ പോയിരുന്ന് നാളെ നടക്കാൻ പോകുന്ന പെണ്ണുകാണലിനെപറ്റിയും അതിന്റെ വരുംവരായ്കകളെപറ്റിയും വീണ്ടും ഞാൻ തല പുകയ്ക്കാൻ തുടങ്ങി. എങ്ങനെ ഈ ആലോചന ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒഴിവാക്കി വിടാൻ പറ്റുമെന്ന് രണ്ട് പ്രണയികളുടെ നടുവിൽ ഒരു കട്ടുറുമ്പായിതന്നെയിരുന്ന് ഞാൻ ആലോചിച്ച് വശംകെട്ടു.
എന്റെ സാന്നിദ്ധ്യത്തെ ഒട്ടൊരു അസഹ്യതയോടെ പിനാക്കിയും ലേഖയും നോക്കാൻ തുടങ്ങിയതോടെ ഇനി ഇവിടെ ഇരുന്ന് ഇവരുടെ അനർഗ്ഗളം ഒഴുകുന്ന പ്രണയനദിയ്ക്ക് വിഘ്നമുണ്ടാക്കിക്കൂടായെന്ന ബോധോദയം വന്ന്, തെല്ലു വിഷമത്തോടെയാണെങ്കിലും ഞാനവിടെനിന്ന് എഴുന്നേറ്റു.
തൽക്കാലം എന്റെപെണ്ണുകാണൽ മഹാമഹം ഇവിടെ ആരും അറിയണ്ടാ. വരുന്നവർ വന്ന് കണ്ടിട്ട് പോട്ടെ എന്ന് മനസ്സിൽ തീരുമാനിച്ചു.
ലേഖയേയും പിനാക്കിയേയും റ്റീവി കണ്ടു കൊണ്ട് പ്രേമിയ്ക്കാൻ വിട്ട് ഞാൻ തിരികെ എന്റെ മുറിയിലേയ്ക്ക് മടങ്ങി ഇന്റർന്നാഷണൽ ട്രേഡ് പരീക്ഷാചൂടിലേയ്ക്ക് വീണ്ടും പ്രവേശിച്ചു.
പരീക്ഷാദിവസം എന്നത്തെയും പോലെ രാവിലെ ക്യാന്റീനിൽ നിന്ന് വിശാലമായ ബ്രേക്ക്ഫാസ്റ്റ്. പതിവ് സംഘം എല്ലാവരുമുണ്ട്. ഡാർലി, മാർഗരറ്റ്, വീരമണി, ശ്രീനിവാസ്, ഗോപിനാഥ്, മാധുരി, അർപ്പിത, അർപ്പിതയുടെ ഭർത്താവ് ജിഷ്ണു-എല്ലാവരും.
എല്ലായ്പ്പോഴും തല്ല് കൂടുന്ന അർപ്പിതയും ജിഷ്ണുവുമാണ് ദാമ്പത്യത്തിൽ നേരെ തൊട്ടു മുന്നിലുള്ള മാതൃക. അതു കൊണ്ട് തന്നെ അത്ര ശോഭനമായ സ്വപ്നമല്ല ഈ വിഷയത്തിലുള്ളത്.
സിഡിയെസ്സിലെ എന്റെ ഒട്ടുമിക്ക പ്രഭാതങ്ങളും ഒരേ സമയം സംഗീതസാന്ദ്രവും കലഹമുഖരിതവും, രാഷ്ട്രീയപ്രബുദ്‌ധവുമായിരുന്നു. കർണ്ണാട്ടിക് സംഗീതം അതിരാവിലെ പ്രാക്റ്റീസ് ചെയ്ത് സംഗീതസാന്ദ്രമാക്കിയതിന് മിതഭാഷിണിയും ശാന്തസ്വഭാവക്കാരിയുമായ ആന്ധ്രക്കാരി മാധുരിയ്ക്കാണ് നന്ദി. മാധുരിയുടെ പാട്ടു പ്രാക്റ്റീസിന്റെ ചെറിയ ഇടവേളകളിൽ വിലയേറിയ ദാമ്പത്യ-കലഹപാഠങ്ങൾ കുഞ്ഞു പൊതിക്കെട്ടുകളായി മുകളിലെ മുറിയിൽ നിന്നു താഴെക്ക് എന്റെ മുറിയിലേയ്ക്കു വെറുതെ ഇട്ടു തന്നു ശാന്തിനികേതനിൽ നിന്ന് വന്ന വഴക്കാളി അർപ്പിത. കർണ്ണാട്ടിക് സംഗീതം ആസ്വദിച്ച് അർപ്പിതയുടെ 'കുഞ്ഞു വഴക്ക് പൊതികൾ' പതിയെ അഴിച്ച് കൊണ്ടിരിയ്ക്കുമ്പോൾ തന്നെ തൊട്ടുതാഴെയുള്ള തോമസ് ഐസക് മാഷിന്റെ വീട്ടിൽ നിന്ന് രാഷ്ട്രീയചർച്ചകളുടെ അലകൾ മേൽപോട്ട് ഉയർന്ന്, ജനാലയുടെ അടുക്കൽ ഇട്ടിരിക്കുന്ന മേശയുടെ മുകളിൽക്കൂടി പറന്ന് വന്ന് എന്നെ തൊട്ട്, എല്ലാ രാവിലെയും മുടങ്ങാതെ എന്റെ കാതിൽ 'ഗുഡ്മോർണ്ണിംഗ്' പറഞ്ഞു. പൊടുന്നനെയുള്ള ഒരു വിവാഹം എനിയ്ക്ക് നഷ്‌ടപ്പെടുത്തുന്നത്, മറ്റു പല സന്തോഷങ്ങളുടെയും കൂടെ, എന്റേതുമാത്രമായ ഈ ഭംഗിയുള്ള പ്രഭാതങ്ങൾ കൂടിയായിരുന്നു.
അന്നും അവർ രണ്ടു പേരും ഒരു വലിയ വഴക്ക് കഴിഞ്ഞാണിരിയ്ക്കുന്നത് എന്ന് അർപ്പിതയുടെ വീർത്തു കെട്ടിയ മുഖം കണ്ടാലറിയാം. ജിഷ്ണുവിനെ നോക്കാതെ, പൂരി
ഒരു മയവുമില്ലാതെ വലിച്ച് പറിച്ച്, ഉരുളക്കിഴങ്ങ് മസാലയിൽ പകയോടെ ഇട്ടുരുട്ടി വായിലേയ്ക്കെറിയുന്നത് കൗതുകത്തോടെ നോക്കിയിരിക്കുമ്പോൾ ഊഹിച്ചു ഇന്നത്തെ വഴക്ക് ഗൗരവമുള്ളതാണെന്ന്. ആർക്കു വേണ്ടിയും കാത്തുനിൽക്കാതെ ആരോടും 'ബൈ' പറയാതെ കസേര ശബ്ദം കേൾപ്പിച്ച് വലിച്ച് പുറത്തേയ്ക്കിട്ട് എഴുന്നേറ്റ് പോകുന്നത്
കണ്ടാലറിയാം ഇന്ന് ജിഷ്ണുവിന്റെ കാര്യം കഷ്ടമാണെന്ന്. മനസ്സു കൊണ്ട് ജിഷ്ണുവിന്റെ പക്ഷത്തായതു കൊണ്ട്, എന്നത്തേയും പോലെ ജിഷ്ണുവിനോട് പൂരിമസാലയുടെ രുചിയെക്കുറിച്ച് , ജിഷ്ണുവിനു് കേൾക്കാൻ ഒരു താൽപര്യവുമില്ലെങ്കിലും ഞാൻ വാചാലയായി. ഒരു തരം സമാശ്വസിപ്പിയ്ക്കൽ.
ഇന്റർന്നാഷണൽ ട്രേഡ് എപ്പോഴും ഇഷ്ടമുള്ള വിഷയമായിരുന്നത് കൊണ്ട് പരീക്ഷ വളരെ ഭംഗിയായി എഴുതി ഉച്ചയ്ക്ക് വീണ്ടും ക്യാന്റീനിൽ ഹാജർ വച്ചു. പരീക്ഷാചർച്ചകളും ഊണും ഭംഗിയായി നടത്തി മുറിയിൽ തിരിച്ചെത്തിയപ്പോൾ മുറി ആകെ അലങ്കോലം. പെണ്ണുകാണാൻ വരുന്നവർ ഈ കോലത്തിൽ മുറി കണ്ടാൽ അടുക്കും ചിട്ടയുമില്ലാത്ത പെൺകുട്ടിയാണെന്ന് ഓർത്ത് ഈ കല്യാണം മുടങ്ങിയാലൊ എന്ന് ഒരു ആഗ്രഹം മനസ്സിൽ ഒന്ന് മിന്നിമറഞ്ഞെങ്കിലും അലങ്കോലപ്പെട്ട് കിടക്കുന്നത് തീരെ ഇഷ്ടമില്ലാത്ത ഉള്ളിലെ വൃത്തിക്കാരിയ്ക്ക് വല്ലാത്ത ശ്വാസം മുട്ടൽ. നേരെ എതിരെയുള്ള മുറിയിൽ താമസിയ്ക്കുന്ന ഡാർലിയുടെ പക്കൽനിന്നും ഒരു ചൂല് സംഘടിപ്പിച്ച് ഞാൻ വിശദമായ അടുക്കിപ്പെറുക്കൽ തുടങ്ങി.
നാലു മണിയ്ക്ക് ഇനിയുമുണ്ട് രണ്ട് മണിക്കൂർ. ഇഷ്ടം പോലെ സമയം. മുറിയെല്ലാം വൃത്തിയായിക്കഴിഞ്ഞിട്ടും എന്തോ ഒരു കുറവ്.ക്യാ ന്റീനിന്റെ പുറത്ത് നിൽക്കുന്ന പേരറിഞ്ഞുകൂടാത്ത ആ മരത്തിൽ നിന്ന് മഞ്ഞപൂക്കൾ ഒടിച്ചെടുത്തു കൊണ്ടു വന്ന് കാപ്പി കുടിയ്ക്കുന്ന കപ്പ് ഫ്ലവർവ്വേസാക്കി അതിൽ ഭംഗിയായി അടുക്കി വച്ച് മാറി നിന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കി. മുറി അടിമുടി സുന്ദരിയായിരിക്കുന്നു. അതിനു ശേഷം സ്വയം സുന്ദരിയാവാൻ ഞാൻ കുളിമുറിയിലേയ്ക്ക്...
കുളിയ്ക്കുമ്പോൾ രണ്ടു മൈൽ ചുറ്റളവിൽ പരിമളം വീശുന്ന ഐറിഷ് സ്പ്രിംഗ് സോപ്പ് തേച്ചാണ് കുളി. ഒന്നിനും ഒരു കുറവും പാടില്ലല്ലോ. പപ്പയുടെ ഓരൊ ബിസിനസ്സ് ടൂറിലും, മടങ്ങി വരുമ്പോൾ പെട്ടിയിൽ കെട്ടുകണക്കിനുണ്ടാവും അവിടെ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ, എന്നാൽ ഏറ്റവും നല്ല മണമുള്ള ഈ ഐറിഷ് സ്പ്രിംഗ് സോപ്പ്. അങ്ങനെയാണ്
അഞ്ചാം ക്ലാസ്സു തൊട്ട് ഐറിഷ്സ്പ്രിംഗിന്റെ ആ ഫ്രഷ് മണം ഹൃദയത്തിൽ കയറിയത്. കരിമ്പച്ച കവറിൽ നാലില ക്ലോവറിന്റെ (four leaf clover ) തൊട്ടു മുകളിൽ തൂവെള്ള അക്ഷരങ്ങളിൽ ഐറിഷ് സ്പ്രിംഗ് എന്ന് എഴുതിയ ഇളമ്പച്ച നിറത്തിലുള്ള ഐറിഷ് സ്പ്രിംഗ് സോപ്പ് എക്കാലവും മമ്മിയുടെ അലമാരയിൽ സാരികളുടെ ഇടയിൽ മറഞ്ഞു കിടന്ന് സൗരഭ്യം പരത്തിയിരുന്നു. ഞങ്ങളുടെ ഡ്രസ്സലമാരയിലും.
കുളി കഴിഞ്ഞ് അത്യാവശ്യം സുന്ദരിയായി കൊണ്ടിരിയ്ക്കുമ്പോൾ വാതിലിൽ മുട്ട് . അർപ്പിതയുടെ മുറിയിലേയ്ക്കുള്ള പതിവ് യാത്രയിൽ എല്ലാ മുറിയുടെയും വാതിലിൽ അല്ലെങ്കിൽ ജനാലയിൽ തട്ടി ശല്യപെടുത്തുക എന്നുള്ളത് ജിഷ്ണുവിന്റെ സ്‌ഥിരം വിനോദമായിരുന്നു. തുറക്കില്ലാ എന്ന് മനസ്സിലുറപ്പിച്ച് തന്നെ നിന്നു.
ഒരഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും കതകിൽ ശക്തിയായ തട്ട്. ഇത്തവണ ശരിയ്ക്കും ദേഷ്യം വന്നു.
'Jishnu, if it’s you I am going to kill u.' എന്ന് പറഞ്ഞ് കതക് തുറന്നപ്പോൾ ദാ നിൽക്കുന്നു രണ്ടു പേർ.
കൊല്ലും എന്നുള്ള എന്റെ ഭീക്ഷണിയിൽ കറുത്തിരുണ്ടാണ് നന്നേ വെളുത്ത രണ്ടാളും നിൽക്കുന്നത്. കൈയിലെ ചൂലിലേയ്ക്ക് ശങ്കയോടെ നോക്കുന്നുമുണ്ട്.
നാലു മണി എന്ന് പറഞ്ഞിട്ട് ഒരു മണിക്കൂർ നേരത്തെതന്നെ സമയനിഷ്ടയില്ലാത്ത ചെറുക്കൻ കൂട്ടർ എത്തിയിരിക്കുന്നു. പളപളാ തിളങ്ങുന്ന സിൽക് ജുബാ, കസവുകരയുള്ള മുണ്ട്, കഴുത്തിൽ സ്വർണ്ണതുടൽ പോലൊരു മാല, വിരലെട്ടിലും സ്വർണ്ണമോതിരങ്ങൾ, ഒരു കട്ടിചങ്ങല ബ്രേസ്ലെറ്റ് - ഇത്രയും മാത്രമിട്ട് അക്ഷമനായ ഒരാൾ!
കൂടെ മര്യാദയ്ക്ക് വസ്ത്രധാരണം ചെയ്ത് സൗമ്യനായ ഒരാൾ. അതായിരിക്കണം ചെറുക്കന്റെ അപ്പൻ എന്നൂഹിച്ചു. ഒറ്റനോട്ടത്തിൽതന്നെ 'അങ്കിൾ' എന്നു പറയുന്ന ആൾ ഒന്നുകിൽ അബ്കാരി അല്ലെങ്കിൽ കോൺട്രാക്‌ടർ എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
ചൂല് മുറിയുടെ മൂലയിൽ ചാരി രണ്ടു പേരെയും അകത്തേയ്ക്ക് ക്ഷണിച്ചു. മുറിയിൽ ആകെയുള്ളത് രണ്ട് കസേര - ഒന്ന് പഠിപ്പ് മേശയ്ക്ക് മുന്നിലുള്ള 'സ്റ്റിഫ്' കസേര മറ്റൊന്ന് 'റിലാക്സ്ഡ്' ആയി ചാരി ഇരിയ്ക്കാവുന്ന ഒരു ചൂരൽ കസേര. ആദ്യകാഴ്ചയിൽ തന്നെ അപ്പനോട് ഒരു സ്നേഹം തോന്നിയതു കൊണ്ട് ചൂരൽ കസേര അപ്പനു നേരെയും 'സ്റ്റിഫ്' കസേര അബ്കാരി അഥവാ കോൺട്രാക്ടറുടെ നേരെയും നീക്കിയിട്ടു.
സാമർത്‌ഥ്യക്കാരൻ അങ്കിൾ 'സ്റ്റിഫ്' കസേര കാലു കൊണ്ട് ഒരു തട്ട് കൊടുത്തിട്ട് സൗമ്യദീപ്തനായ ആ അപ്പന് ഞാൻ കരുതിയിരുന്ന ചൂരൽ കസേരയിൽ ഒരു മര്യാദയുമില്ലാതെ ഉപവിഷ്ടനായി. ഇരുന്നയുടൻതന്നെ ചോദ്യശരങ്ങളെയ്യാൻ തുടങ്ങി....
'എന്താ ഈ ഹോസ്റ്റലിന് വാർഡൻ ഇല്ലാത്തത്??'
ജീവിതത്തിലുടനീളം വാർഡന്മാരെകൊണ്ട് മനം മടുത്ത് ഈ വാർഡനില്ലാക്കളരിയിൽ എത്തി ദീർഘനിശ്വാസം വിട്ടിരിയ്ക്കുന്ന എന്നോടാണ് വാർഡനില്ലാത്തത് എന്തു കൊണ്ട് എന്ന് കുറ്റാരോപണസ്വരത്തിൽ 'അബ്ക്കാരി അങ്കിൾ' ചോദിയ്ക്കുന്നത്.
'ഇവിടെ മുഴുവൻ എം ഫിൽ, പി.എച്.ഡി കുട്ടികളല്ലേ അതു കൊണ്ടായിരിയ്ക്കും' എന്നൊരു മറുപടി ഒഴുക്കൻ മട്ടിൽ കൊടുത്തിട്ട് ഞാൻ അടുത്ത ചോദ്യത്തിന് കാതോർത്തു.
'താഴെ ആൺകുട്ടികളെ കണ്ടു. അവർക്ക് എപ്പോഴും ഇവിടെ കയറിയിറങ്ങാവോ?' എന്നായി സിൽക്ക് ജുബാക്കാരൻ.
'ഏത് പാതിരായ്ക്കും, ആർക്കും എവിടെയും കയറാം. അതു കൊണ്ടല്ലേ ഈ ക്യാംപസിൽ പ്രണയം ധാരാളം മൊട്ടിട്ട് പൂത്ത് തളിർക്കുന്നത്,' എന്ന് പറഞ്ഞാൽ ഉണ്ടാകാവുന്ന പ്രത്യാഘാതം ഓർത്ത് ആ ചോദ്യത്തിന് എനിയ്ക്ക് പറ്റാവുന്ന അടക്കമൊതുക്കത്തിൽ മറുപടി കൊടുത്തു കൊണ്ടിരിയ്ക്കുമ്പോൾ തുറന്നിട്ടിരിയ്ക്കുന്ന ജനാലയിൽ തട്ടി ഒരു സീനിയർ പുറത്തു നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു,
'പ്രിയാ, വാട്ട് സോപ്പ് ഡൂ യു യൂസ്, ഇറ്റ് സ്മെൽസ് റിയല്ലി ഗുഡ്...'
എട്ടുവിരൽ മോതിരധാരി സീനിയർ പുരുഷ ശബ്ദം വന്ന ദിശയിലേയ്ക്ക് പകയോടെ നോക്കി. സൗമ്യനായ അപ്പൻ ഇപ്പോഴും സൗമ്യഭാവത്തിൽ തന്നെ.
എന്റെ ഐറിഷ് സ്പ്രിംഗ് സ്സോപ്പിന് കിട്ടിയ ഈ അപ്രതീക്ഷിത അംഗീകാരത്തിൽ ഞാൻ സന്തുഷ്ടയായിരുന്നെങ്കിലും, ഈയൊരു സമയത്ത് സീനിയറിന്റെ ചോദ്യം കേൾക്കാത്ത പോലെ ഇരിയ്ക്കുന്നതാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചു. അവരുടെ അടുത്ത ചോദ്യങ്ങളിലേയ്ക്ക് ഞാൻ പൂർണ്ണ ശ്രദ്ധ കൊടുത്തു.
'പള്ളി അടുത്തുണ്ടോ, പള്ളിയിൽ പോകുമോ?' എന്നായി അടുത്ത ചോദ്യം.
ബയോഡാറ്റയിലെ 'ഗോഡ്ഫിയറിംഗ്' അളക്കാനുള്ള ചോദ്യമാണത്. പ്രശാന്ത് നഗറിൽ, സിഡി എസ്സിനടുത്തുള്ള ഒരു റീത്തു പള്ളിയിൽ കുർബാന കണ്ട ക്ഷീണം ഇനിയും
മാറാത്ത ഞാൻ ഇതിനു എന്തുത്തരം കൊടുക്കണം എന്നാലോചിച്ചു. ഓരോ വാചകത്തിന്റെയും അവസാനം 'കുറിയേലായ്സോൻ' എന്ന ഒരു വാക്ക് കൂട്ടികെട്ടി, മൂന്ന് മണിക്കൂർ നീളമുള്ള കുർബാന നിന്നനിൽപിലാണ് കണ്ടത്. നിന്നു നിന്ന് കാൽ കഴച്ചൊടിയും എന്ന സ്ഥിതിയിൽ അൽപ നേരം ഇരുന്നു് മടുപ്പ് മാറ്റാം എന്ന് വിചാരിച്ച് ഇരുന്ന എന്നെയും മാർഗ്ഗററ്റിനെയും തൊട്ടടുത്ത് നിന്ന പ്രായം ചെന്ന ഒരു ആന്റി, 'ഞങ്ങൾ പ്രായമുള്ളവർക്ക് എഴുന്നേറ്റ് നിൽക്കാമെങ്കിൽ നിങ്ങൾ ചെറുപ്പക്കാർക്ക് എന്താ കുഴപ്പം' എന്ന് ശാസിച്ച് വലിച്ചുപൊക്കി എഴുന്നേൽപ്പിച്ചു നിർത്തിയതിന്റെ വല്ലായ്ക ഇപ്പഴും മനസ്സിലുണ്ട്. ആ ആന്റിയെ പേടിച്ച് കുർബാനയക്ക് പോകാറില്ലായെന്ന് ഞാനിവിടെ പറഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് നന്നായി അറിയാവുന്നതുകൊണ്ട് ഞായറാഴ്ചകളിൽ ഞങ്ങൾ കൃസ്ത്യാനികുട്ടികൾ 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്' നടന്ന് പാളയത്ത് പോയി അവിടുത്തെ പള്ളിയിലാണ് കുർബാന കാണുന്നതെന്ന് അവർ കേൾക്കാൻ ആഗ്രഹിച്ച ഒരു നുണ പറഞ്ഞ് ബയോഡേറ്റയിൽ എഴുതിയിരിയ്ക്കുന്ന 'ഗോഡ് ഫിയറിംഗ്' എന്ന വാക്കിൽ അവരെ പരിപൂർണ്ണ തൃപ്തരാക്കി. ഇത്രയും നേരം ആ മുറിയിൽ ഇരുന്നിട്ട് രണ്ടു പേരുടെയും മുഖം തെളിഞ്ഞു കണ്ടത് ആ മറുപടിയ്ക്ക് ശേഷമായിരുന്നു.
പക്ഷേ ആ സന്തോഷം അധിക നേരം നീണ്ടില്ല.
പരീക്ഷയൊക്കെ കഴിഞ്ഞ് ക്ലാസ്സ്മേറ്റ്സ് എല്ലാവരും കൂടി ഒരുമിച്ചു ക്യാമ്പസിനു പുറത്ത് പോയി കഴിയ്ക്കാൻ പ്ലാൻ ഇട്ടിട്ടുണ്ടായിരുന്നു. മുറിയിൽ പെണ്ണുകാണൽ ചടങ്ങ് നടക്കുകയാണെന്ന് യാതൊരു ഊഹവുമില്ലാതെ ആഘോഷമായി എന്നെ വിളിയ്ക്കാൻ എല്ലാവരും കൂടി മുറിയിലേയ്ക്ക് എത്തിയത് ഏതാണ്ടിതേ നേരത്തായിരുന്നു. വന്നപ്പോൾ അവർക്കുമറിയണം,
'പ്രിയാ എന്തു സോപ്പാണ് ഉപയോഗിയ്ക്കുന്നത്. മണം താഴെ വന്നപ്പോൾ തന്നെ കിട്ടിയല്ലൊ' എന്ന്.
വന്നപ്പോൾ മുതൽ എന്റെ സോപ്പിന്റെ ബ്രാന്റ് ഏതാണെന്ന കുശലാന്വേഷണം കേട്ട് മുഖം ഇംഗ്ലീഷ് അക്ഷരമാലയിലെ 'W' പോലിരിക്കുന്ന അവരുടെ മുന്നിൽ വച്ച് ഇവരും അതു തന്നെ ചോദിച്ചത് ഒരു നിയോഗമായിരുന്നിരിയ്ക്കാം.
വീണ്ടും ഒരു സോപ്പ് ചോദ്യം വന്നതോടെ കാറും കോളും അകന്നു തുടങ്ങിയിരുന്ന അവരുടെ മുഖം വീണ്ടും കറുത്തു. അവരെയെല്ലാം ഒരു വിധത്തിൽ പറഞ്ഞുവിട്ടിട്ട് പരിക്ഷീണയായി ഞാൻ തിരിച്ച് മുറിയിലെത്തിയപ്പോൾ സിൽക്ക് ജുബാധാരി ഇത്രയും കണ്ടതോടെ മതിയായി എന്ന ഭാവത്തിൽ കസേരയിൽ നിന്ന് എഴുന്നേറ്റ് പോകാൻ റെഡിയായി നിൽക്കുന്നു. ഒപ്പം സൗമ്യനും.
'ഞങ്ങളിറങ്ങുന്നു' എന്ന് കടുപ്പിച്ച് പറഞ്ഞിട്ട് അവര് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ടു.
ബ്രോക്കർ ജോൺ ചേട്ടൻ വളരെ ചിന്താകുലനായിരുന്നു.
'അത് നമുക്ക് ശരിയാകില്ലാ,' എന്നു മാത്രം വീട്ടുകാരോട് ഔചിത്യപൂർവ്വം പറഞ്ഞ് മറയ്ക്കേണ്ടത് മറയ്ക്കാൻ നന്നായി അറിയാമെന്ന് വീണ്ടും തെളിയിച്ചു.
സി ഡി എസ്സില്‍ ഇൽ വന്നകാലം തൊട്ടു് ഐറിഷ്‌സ്പ്രിംഗ് സോപ്പാണ് ഉപയോഗിക്കുന്നത്.
അന്നും ഇന്നും ഇതിനു് ഒരേ മണം തന്നെ. ഒരു മാറ്റവുമില്ല. പക്ഷേ എന്റെ പെണ്ണുകാണൽ ദിവസം തന്നെ എല്ലാവരും എന്റെ ഐറിഷ് സ്പ്രിംഗ് സോപ്പിന്റെ മണത്തിൽ ആകൃഷ്ടരാകാൻ എന്താണ് കാരണം എന്ന് എനിയ്ക്കെത്ര ആലോചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.
ഭാഗ്യം മയിലായോ, മഴവില്ലായോ, ഐറിഷ് സ്പ്രിംഗ് സോപ്പായോ - ഏതു രൂപത്തിലാണ് വരുന്നതെന്ന് പറയാൻ പറ്റില്ല എന്നുള്ളത് അന്നാണ് എനിയ്ക്ക് ആദ്യമായി മനസ്സിലായത്.
സിഡിയെസ്സിൽ വച്ച് 'പെണ്ണുകാണൽ' നടത്തിയാൽ എന്റെ വിവാഹം ഒരു കാലത്തും നടക്കാൻ പോകുന്നില്ല എന്നൊരു തിരിച്ചറിവു് ഉണ്ടായിട്ടാണോ എന്തോ 'ലൊക്കേഷൻ ഷിഫ്റ്റ്' എന്നു് ഉത്തരവിട്ടു വീട്ടുകാർ. പിന്നീടുള്ള പെണ്ണുകാണലുകൾ വീടിന്റെ
അടക്കമൊതുക്കത്തിൽ, പീച്ച് കളർ സൽവാർ ഇട്ട്, മൂന്നിഞ്ച് ഹീൽസിട്ട്, റവ് ലോൺ നമ്പർ 5 ഫൗണ്ടേഷനിട്ട് കാൽനഖം കൊണ്ട് കളം വരയ്ക്കൽ മോഡിൽ നിന്നാണ് നടത്തിയത്.
മൂന്നാമത്തെ പെണ്ണുകാണലിൽ പയ്യനെ കണ്ട്, സംസാരിച്ച് മൂക്കുംകുത്തി വീണ്, അതു വരെ നിരത്തിയിരുന്ന എല്ലാ പ്രതിഷേധങ്ങളും - പ്രത്യേകിച്ച് എം ഫിൽ കഴിഞ്ഞ് മതി വിവാഹം - എന്ന എന്റെ നിർബന്ധബുദ്ധിയൊക്കെ കാറ്റിൽ പറത്തി 'ഇതാണെന്റെ കൂട്ടുകാരൻ' എന്ന് മനസ്സിൽ ഉറപ്പിച്ച് കല്യാണത്തിന് സമ്മതം മൂളിയപ്പോൾ ഞാൻ സിഡിയെസ്സിലെ ആ ഐറിഷ് സ്പ്രിംഗ് മാജിക് വെറുതേ നന്ദിയോടെ ഓർത്തു.
പിന്നീട് പറയത്തക്ക ഗുണമൊന്നും ഈ സോപ്പ് കൊണ്ടു ഉണ്ടായില്ലാ എന്നത് മറ്റൊരു സത്യം!
Read Here: ബ്രാ ജീവിതങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.