ഏതു പെൺകുട്ടിയുടെയും ജീവിതത്തിലെ അവിസ്മരണീയമായ ഒരു ഏടാണ് ബ്രാ. തന്നെ ഒതുക്കി നിർത്താനുള്ള ഒരു ബ്രാക്കറ്റാണതെന്നു പിടച്ചിൽ തോന്നുന്ന ആദ്യ കാലത്തിൽ നിന്ന് പിന്നെ എത്രയോ കാലമാറ്റങ്ങൾ… മാറിടങ്ങൾ താങ്ങാവുകയും ക്രമേണ അവയെ തന്നെ താങ്ങി നിർത്തപ്പെടേണ്ടി വരികയും അവയെ മുറിച്ചുമാറ്റുകയും പുതുക്കിപ്പണിയേണ്ടി വരികയും ഒക്കെയായി പലതരം ജീവിതാവസ്ഥകൾ… ബ്രാ എത്രയെത്രയോ വികാരങ്ങൾക്ക് വീടാണ്… ലെയ്സുള്ള, സ്ട്രാപ് ഇല്ലാത്ത, പാഡ് വച്ച് മുഴുപ്പിച്ച, മുന കൂർപ്പിക്കലുകൾ ചിലപ്പോഴെങ്കിലും മറച്ചു പിടിക്കാൻ നോക്കുന്ന, ഇടിഞ്ഞു പോകുന്ന തരം വൈവിധ്യമുള്ള പെൺ വികാരങ്ങളുടെ വീടാണ് ഓരോ ബ്രായും…
ബ്രാ ജീവിതങ്ങൾ
അഞ്ചാം ക്ലാസ്സിലെ വേനലവധിക്കാലം എന്റെ ജീവിതത്തിലെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു. മരം കേറിയും പറമ്പിൽ അലഞ്ഞും കളിച്ചു തിമിർത്ത് നടക്കുന്ന സമയത്ത് ഇങ്ങനൊരപകടസാധ്യത മുന്നിൽ കണ്ടതേയില്ല. തുമ്പിയെപ്പിടിച്ചും കുഴിയാനയെത്തപ്പിയും തീരാത്ത പകലുകൾ. മരത്തിന്റെ മുകളിലിരുന്നു അലസമായി കാലാട്ടി പരിസരം വീക്ഷിക്കുക എന്നുള്ളതായിരുന്നു ആ സമയത്തെ ഒരു പ്രധാനവിനോദം- മരമേതാണെന്നു കൃത്യമായി പറഞ്ഞാൽ തൊടുപുഴയിലെ വീടിന്റെ പിറകു വശത്തെ പേരയും മുൻ വശത്തെ ചാമ്പയും!
എനിഡ് ബ്ലൈട്ടന്റെ (Enid Blyton) സീക്രട്ട് സേവനും ( Secret Seven) ഫേമസ് ഫൈവും (Famous Five) വായിച്ചു തലയ്ക്കു പിടിച്ചിരിക്കുന്ന കാലം. അയൽവക്കത്തെ വീടുകളിലോ മറ്റോ പ്രമാദമായ കേസു വല്ലതും തെളിയിക്കാൻ വകുപ്പുണ്ടോ എന്നാലോചിച്ച് ചില്ലറ ഡിറ്റക്റ്റീവ് പണിയും ചാരപ്പണിയും ആയി അഞ്ചാം ക്ലാസ്സിലെ വേനലവധിക്കാലത്ത് പറമ്പിന്റെ അതിരിൽ ചുറ്റിത്തിരിഞ്ഞ് നടക്കുമ്പോഴാണ് ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ അകത്തേയ്ക്ക് വിളിച്ചു മമ്മി ഒരു പായ്ക്കറ്റ് കൈയ്യിൽ തരുന്നത്. അതിനുള്ളിലെ സാധനത്തെക്കുറിച്ചു ഒരു ഊഹവുമുണ്ടായിരുന്നില്ല. എന്റെ സമാധാനപൂർണമായ ജീവിതം തകർക്കാനുളള ഒന്നാണ് ആ കുഞ്ഞുപൊതിക്കെട്ടിനുളളിൽ എന്ന് അപ്പൊ അറിയില്ലായിരുന്നു. ആ അവധിയ്ക്കാണ് ആദ്യമായി ‘ബ്രാ’ ധരിയ്ക്കാൻ ഞാൻ നിർബന്ധിക്കപ്പെട്ടത്.
വീട്ടിൽ മൂത്ത ചേച്ചി ദീപയും രണ്ടാമത്തെ ചേച്ചി സ്വപ്നയും ‘ ബ്രാ’ ഉപയോഗിച്ചു കണ്ടിട്ടുണ്ടെങ്കിലും ഉടനെത്തന്നെ ഞാനും അതു ഉപയോഗിക്കേണ്ടി വരും എന്ന് എന്റെ ചിന്തകളുടെ ഏഴയലത്തു പോലുമില്ലായിരുന്നു. ‘എനിയ്ക്കിപ്പോ ഇത് വേണ്ട, രണ്ടു വർഷം കഴിഞ്ഞു മതി’ എന്നു പറഞ്ഞ് നെഞ്ചുപൊട്ടി ഞാൻ കരഞ്ഞതൊന്നും കർക്കശക്കാരിയായ മമ്മിയുടെ മുന്നിൽ വിലപ്പോയില്ല.
‘നിനക്ക് ബ്രാ ഇടാനുള്ള സമയമായി,’ എന്ന മമ്മിയുടെ തീർപ്പിനു മുന്നിൽ എന്റെ വാദങ്ങളെല്ലാം തകർന്നു തരിപ്പണമായി. അങ്ങനെ ആ വലിയവധിയ്ക്ക് ഹൃദയഭാരത്തോടെ ഞാനും ‘ബ്രാ’ധാരിയായി.
Read Here: ഒരു സി.ഡി.എസ്സ്. പെണ്ണുകാണൽ

യതൊരു പകിട്ടുമില്ലാത്ത വെളുത്ത് വിളർത്ത ഒരു സാധാരണ കോട്ടൺ ബ്രാ. പക്ഷേ ആ സാധാരണ കോട്ടൺ തുണി എന്നെ വളരെ പെട്ടെന്നു തന്നെ അടക്കമൊതുക്കമുള്ളവളാക്കി മാറ്റി. എനിയ്ക്കു മുൻപെ എത്രയോ പെൺകുട്ടികളെ കളിചിരികളുടെ അലസ ലോകത്തു നിന്നും മുതിർന്ന ലോകത്തേയ്ക്ക് പറിച്ച് നട്ടിട്ടുണ്ടാവണം ഈ നിസ്സാര തുണിക്കഷ്ണം. ഇന്നാണെങ്കിൽ അങ്ങനെ ആവില്ല എന്നെനിയ്ക്കുറപ്പുണ്ട്.
അവധി കഴിഞ്ഞ് സ്കൂളിലേയ്ക്ക് ഒരുങ്ങിയിറങ്ങിയ ഞാൻ യൂണിഫോമിന്റെ അടിയിൽ ബ്രാ ധരിച്ചിട്ടില്ലായെന്നത് മമ്മിയുടെ ഏക്സ്-റേ കണ്ണുകൾ കണ്ടു പിടിച്ചു. ശാസിച്ച്, തിരിച്ചകത്തേയ്ക്ക് വിളിച്ച് ബ്രാ ഇടീപ്പിച്ച് വിടുമ്പോൾ ഉള്ളിലുയർന്ന പ്രതിഷേധം നെഞ്ചോടു ചേർന്നു കിടന്ന ആ കോട്ടൺത്തുണിയിൽ തട്ടിച്ചിതറി.
സ്ക്കൂളിൽ ചെല്ലുമ്പോൾ മറ്റുകുട്ടികൾ അറിയുമല്ലോയെന്ന ചിന്ത എന്നെ വല്ലാതെ തളർത്തി. പേടിച്ചപോലെ തന്നെ ‘ഇന്ന് പ്രിയ രണ്ടു പെറ്റിക്കോട്ട് ഇട്ടിട്ടുണ്ടൊ’ എന്നു ചോദിച്ച് തൊട്ട് പിറകിലത്തെ ബെഞ്ചിൽ ഇരുന്ന കൂട്ടുകാർ പുറം തപ്പി നോക്കിയപ്പോൾ തോന്നിയ അപമാനം ആ ദിവസം മുഴുവൻ കൂടെയുണ്ടായിരുന്നു. ബ്രാ സ്ട്രാപ് കാണാത്ത രീതിയിലുള്ള പുതിയ പെറ്റിക്കോട്ട് തയ്പ്പിച്ചു തരാമോയെന്ന് മമ്മിയോട് ചോദിക്കണമെന്നുറച്ച് അന്ന് പഠിപ്പിച്ചതൊന്നും തലയിൽ കയറാതെ വിഷമിച്ചിരുന്ന ഇരുപ്പ് ഇന്നും ഓർമ്മയിലുണ്ട്.
‘ക്ലാസ്സിലെ മറ്റു പെൺകുട്ടികൾ കളിയാക്കികൊല്ലുന്നു’ എന്നും ‘എന്റെ ക്ലാസ്സിൽ വേറെയാരും ഇതിട്ടിട്ടില്ലാ’യെന്നും ഇതിന്റെ കുടെ പൊടിപ്പും തൊങ്ങലും വച്ച് മറ്റുചില നുണകളും കൂടെ മമ്മിയെ പറഞ്ഞു കേൾപിച്ചപ്പോൾ മമ്മിയിലെ അമ്മയ്ക്ക് വല്ലതെ നൊന്തു.
ഇതിനൊരു പരിഹാരം കണ്ടിട്ടു തന്നെ എന്നുറപ്പിച്ച് അന്നു തന്നെ മമ്മി ദുബായിലുള്ള മമ്മിയുടെ അനുജത്തി- ചിറ്റ എന്ന് ഞങ്ങൾ വിളിയ്ക്കുന്ന ലില്ലി- യ്ക്ക് കത്തെഴുതാനിരുന്നു. അതിസുന്ദരിയും മമ്മിയുടെ തറവാട്ടിലെ ഞങ്ങൾ പെൺകുട്ടികളുടെയെല്ലാം ആരാധനാപാത്രവുമാണീ ചിറ്റ. അന്നേ സ്ലീവ് ലെസ്സ് ബ്ലൗസ് ഒക്കെ ഇട്ട് പച്ചപരിഷ്ക്കാരിയായി നടക്കുന്ന ചിറ്റയ്ക്ക് ഈ പ്രശ്നത്തിൽ പരിഹാരം കാണാൻ പറ്റുമെന്ന് മമ്മിയ്ക്ക് ഉറപ്പുണ്ടായിരുന്നു.
ചിറ്റയ്ക്കുള്ള കത്തിലെ ഉള്ളടക്കം ഇതായിരുന്നു: ‘സ്ട്രാപ് ലെസ്സ് ബ്രാ അവിടെ കിട്ടുമോ? കിട്ടുമെങ്കിൽ ഈ അവധിയ്ക്കു വരുംമ്പോൾ size 24- ൽ അഞ്ചാറെണ്ണം വാങ്ങിക്കൊണ്ടു വരുമൊ?,’ ചിറ്റ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഒരവധിയ്ക്കും ഞാൻ ഇതു പോലെ കാത്തിരുന്നിട്ടില്ല. അഞ്ചാറ് സ്ട്രാപ് ലെസ്സ് ബ്രായുമായി ദൈവദൂതയെ പോലെ ചിറ്റ വന്നപ്പോൾ കോട്ടൺ ബ്രായെ ഞാൻ നിഷ്ക്കരുണം തള്ളി പറഞ്ഞു. അടുത്ത രണ്ടുവർഷം ഈ ആറ് ബ്രാ കഴുകിയും ഉണക്കിയും, യൂത്ത് ഫെസ്റ്റിവലിനും, ആനിവേഴ്സറിയ്ക്കും, സ്പോർട്സ് ഡേയ്ക്കും, പരീക്ഷയ്ക്കും, സന്തോഷത്തിലും, സങ്കടത്തിലും നെഞ്ചിടിപ്പായി കൂടെ തന്നെയുണ്ടായിരുന്നു.
എട്ടാം ക്ലാസ്സിലെത്തിയപ്പോൾ ക്ലാസ്സിലെ എല്ലാ പെൺകുട്ടികളുടെയും പെറ്റിക്കോട്ടിന്റെ താഴെ എക്സ്ട്രാ സട്രാപ് കണ്ടു തുടങ്ങിയപ്പോൾ ഞാനും എന്റെ ‘സ്ട്രാപ് ലെസ്സ്’ ബ്രായെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഉപേക്ഷിക്കാതെ വേറെ നിർവാഹവുമില്ലായിരുന്നു. ഉപയോഗിച്ചുപയോഗിച്ച് അതിന്റെ നിറവും പകിട്ടും മങ്ങി ‘ഇനി ഞാൻ വിശ്രമിച്ചോട്ടെ’ എന്നുള്ള സ്ഥിതിയിലായി എന്റെ ഗൾഫ് ബ്രാ. പഴയ നാടൻ ലളിതമനോഹരിയെ ഞാൻ വീണ്ടും നെഞ്ചോട് ചേർത്തു.

ആത്മവിശ്വാസത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. സ്ക്കൂളിലെ എല്ലാ പരിപാടികളിലും സാന്നിധ്യമറിയിച്ച് പഠനത്തിൽ വളരെ നന്നായി മുന്നേറിയ കാലം. നന്മയും തിന്മയും വളരെ വ്യക്തമായി തിരിച്ചറിഞ്ഞ് സർപ്പത്തിന്റെ വിവേകത്തോടെ ജാഗരൂകയായി നിലകൊണ്ട കാലം. നേരെ നീളുന്ന നോട്ടത്തിലെ ശുദ്ധപ്രണയവും ആസക്തിയും തമ്മിൽ തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഈ ലളിതമനോഹരിയോട് ആദ്യമൊക്കെ തോന്നിയ ഇഷ്ടക്കേട് കുറഞ്ഞു വരുന്നുണ്ട്.
പത്താം ക്ലാസ്സ് കഴിഞ്ഞു് എറണാകുളം സെന്റ് തെരെസാസിൽ ചേർന്ന സമയം. പത്ത്, പന്ത്രണ്ട് ബ്രാ ഒരുമിച്ചു വാങ്ങി പെട്ടിയുടെ ഏറ്റവുമടിയിൽ വച്ച്, ഹോസ്റ്റലിലേയ്ക്കു പുറപ്പെടുമ്പോൾ ജീവിതത്തിലെ മറ്റൊരു ഘട്ടം തുടങ്ങുന്നതിന്റെ വേവലാതി മനസ്സിൽ നന്നായിട്ടുണ്ടായിരുന്നു. അതു മനസ്സിലാക്കിയിട്ടാണോ എന്തോ ശങ്കയോടെ നെഞ്ചിൽ ചേർന്നു കിടന്നു 28 കപ്പ് സൈസിൽ എന്റെ പുതുപുത്തൻ ബ്രാ.
നസ്രേത്ത് ഹോസ്റ്റ്ലിലും, സെന്റ് തെരേസാസിലും, മഹാരാജാസിലും ചിലവിട്ട ആ കുസൃതിക്കാലത്ത് ധാരാളം അറിവ് ബ്രാ ഇനത്തിലും നേടിയെടുത്തു. ആരെക്കണ്ടാലും- അതു പുരുഷനായാലും സ്ത്രീയായാലും കപ്പ് സൈസ് കൃത്യമായി പറയാനുള്ള വൈദഗ്ധ്യം, ഞങ്ങൾ നസ്രേത്തിലെ കൂട്ടുകാർക്കെല്ലാമുണ്ടായിരുന്നു.
സെന്റ് തെരേസാസിലെ ഗ്ലാമറിൽ നിന്ന് മഹാരാജാസിലെ ലാളിത്യത്തിലേയ്ക്ക് പോകുമ്പോൾ ജീവിതത്തോടു ചേർന്ന് നിൽക്കുന്നതു മഹാരാജാസ് ആണല്ലോയെന്ന് ഒട്ടൊരു അത്ഭുതത്തോടെയാണ് തിരിച്ചറിഞ്ഞത്. ഇതു വരെ അറിഞ്ഞിരുന്ന ഒരു ലോകമേ ആയിരുന്നില്ല അവിടെ. സെന്റ് തെരേസാസ് എന്നിലെ ‘fashion diva’യെ അഞ്ചു വർഷം കൊണ്ടു രാകി മിനുക്കിയെങ്കിൽ മഹാരാജാസിൽ സംഭവിച്ചത് മറ്റൊന്നാണ്. വസ്ത്രങ്ങളിലും ഫാഷനിലുമല്ല കാര്യം ചിന്തകളിലെ ഔന്നത്യമാണ് വേണ്ടത് എന്ന തിരിച്ചറിവ് എനിയ്ക്കവിടെ വച്ചാണുണ്ടായത്. എല്ലാവരെയും സമഭാവനയോടെ ഉൾക്കൊള്ളാനും അലിവോടെ കൂടെ നിൽക്കാനും ഞാൻ പഠിച്ചത് ആ ക്യാമ്പസിലെ മനുഷ്യരിൽ നിന്നാണ്. ആയുഷ്ക്കാലം മുഴുവൻ ആത്മാവിനോട് ചേന്നു നിൽക്കുന്ന എന്തോ ഒന്ന് അവിടെ ആ വായുവിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് തോന്നുന്നു.
60 കളിലെ ‘ബ്രാ ബേണിങ്’ സമരവും ‘മിസ്സ് അമേരിക്ക പ്രൊട്ടെസ്റ്റും’ ആ കാലഘട്ടത്തിൽ ചൂടു പിടിച്ച് ചർച്ച ചെയ്യുമ്പോൾ മനസ്സിൽ ബ്രാ ഒരു പ്രതീകമായി മാറുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെയാണോ അസ്വാതന്ത്ര്യത്തിന്റെയാണോ എന്നുള്ളത് ഉപയോഗിക്കുന്നവരുടെ ഇഷ്ടം എന്ന് ഹൃദയവിശാലതയോടെ ചിന്തിയ്ക്കാൻ പഠിച്ചു.
ചിന്തകൾക്ക് വ്യക്തത വന്നു തുടങ്ങിയ കാലം, പ്രീഡിഗ്രി തൊട്ട് ഇവിടെ പഠിയ്ക്കാമായിരുന്നു എന്നൊരു ചെറിയ നഷ്ടബോധവും.
തിരുവനന്തപുരം സി ഡി എസില്‍ ഇക്കണോമിക്സിൽ എംഫില്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം.
‘സുഖത്തിലും ദുഖത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും ഒരു ശരീരവും ഒരാത്മാവുമായി വിശ്വസ്തതയോടെ ജീവിച്ചോളാം’ എന്ന് റോബിന്റെ കൈപിടിച്ചു ദൈവത്തിന്റെ മുന്നിൽ പ്രതിജ്ഞ എടുക്കുമ്പോൾ നവവധുവിന്റെ പരിഭ്രമവും ലജ്ഞയും അശേഷം പുറത്ത് കാണിയ്ക്കാതെ ഞാനും – അകത്ത് എന്റെ 34 സൈസിന്റെ സ്പെഷ്യൽ ബ്രൈഡല്‍ ബ്രായും തലയുയർത്തി തന്നെ നിന്നു.
‘ദൈവത്തിന്റെ മുന്നിലും സ്നേഹത്തിന്റെ മുന്നിലും മാത്രമെ ഇനിയീ തല കുനിയ്ക്കുകയുള്ളൂ’ എന്ന് അൽത്താരയ്ക്ക് മുന്നിൽ നിന്ന് ഞാനും എടുത്തു ഒരു കടുത്ത പ്രതിജ്ഞ. ഇന്നു വരെ തെറ്റാൻ ദൈവം അനുവദിയ്ക്കാത്ത ഒരു പ്രതിജ്ഞ!! പെണ്ണു കാണാൻ വന്നപ്പോൾ തൊട്ട് റോബിന്റെ കണ്ണുകളിൽ കണ്ട ദയയിൽ എനിക്കത്രയുറപ്പുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ H-4 വിസയിൽ ഷിക്കാഗോയിലേയ്ക്ക് വിമാനം കയറുമ്പോൾ പെട്ടിയിൽ മമ്മി വച്ചു തന്ന ‘ഏഞ്ചല്‍ ഫോമിന്റെ ഇരുപത് പായ്ക്കറ്റുകൾ അൽപം സംഭ്രമത്തോടെ ഒതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. വിദേശിയ്ക്ക് മുന്നിൽ സ്വദേശിയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുമോ?
ജീവിതത്തിന്റെ അടുത്ത ഘട്ടം!
വളരെ പെട്ടെന്നു തന്നെ എന്റേതായ ദിനചര്യകളിൽ ഞാൻ മുഴുകി. രാവിലെ ആറ് തൊട്ട് ഏഴര വരെ യോഗ ചെയ്യുമ്പോൾ ധരിക്കുന്ന യോഗ ബ്രാ! എട്ട് തൊട്ട് ഒമ്പത് വരെ നടക്കാൻ പോകുമ്പോൾ എനിയ്ക്കു താങ്ങായി പ്രകൃതിയുടെ നിറവിൽ എന്റെ സ്പോർട്ട്സ് ബ്രാ! കോർപ്പറേറ്റ്റ്റ് വേൾഡിലെലെ പിരിമുറുക്കവും, ഡെഡ്‌ലൈനും പൊളിട്ടിക്സും നേരിടാൻ എന്റെ സ്വദേശി ബ്രാ തന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും എന്നെ പൊതിഞ്ഞു പിടിയ്ക്കുന്ന ഭർത്താവിനു വേണ്ടി മാത്രം ഞാൻ വളരെ വില കൂടിയ, അതിമനോഹരമായ, ലേസിന്റെയും സിൽക്കിന്റെയും നേർത്ത ആവരണമണിഞ്ഞു.
കൈവശാവകാശം ഭർത്താവിന് വിട്ടു കൊടുത്ത് ഉടമസ്ഥാവകാശം മാത്രമുള്ള എന്റെ ശരീരത്തെക്കുറിച്ചു ഇടയ്ക്കെപ്പോഴോ ഭർത്താവിനോട് ഞാൻ സങ്കടപ്പെട്ടു: ‘എന്റെ ഈ ശരീരം ഇനി എന്നാണ് എനിക്കെന്റേത് മാത്രമായി കിട്ടുന്നത്’. ഇങ്ങനെ ഭർത്താവിനോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോകുമ്പോൾ പല നിറത്തിലും പകിട്ടിലുമുള്ള ബ്രാകൾ എന്റെ വാർട്രോബിൽ സ്ഥാനം പിടിച്ചു. Backless, front open, push-up, underwired, padded, seamless, nipple cover എല്ലാം എന്നോടു ചങ്ങാത്തം കൂടി.
രണ്ടര വർഷം കഴിഞ്ഞു അമ്മയാകാൻ തയ്യാറെടുത്തപ്പോൾ മികച്ച മെറ്റേണിറ്റി ബ്രാ അന്വേഷിച്ച് കയറാത്ത കടകളില്ല. പിറക്കാനിരിക്കുന്ന ആദ്യത്തെ കണ്മണിയ്ക്കു വേണ്ടി ഏറ്റവും മികച്ചതു തന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. കുഞ്ഞിന്റെ പൂങ്കവിളിൽ തൊട്ടുരുമ്മുന്നതെന്തും പൂച്ചക്കുഞ്ഞിനെ പോലെ മാർദ്ദവമുള്ളത് വേണമെന്ന് ആഗ്രഹിക്കാത്ത അമ്മമാരുണ്ടോ ?
രാത്രി മുഴുവൻ ഉറങ്ങാതെ, വായ പൂട്ടാതെ കരയുന്ന ആമിയെ തോളിലിട്ട് ഉറക്കച്ചടവോടെ നടക്കുമ്പോൾ മാതൃത്വത്തിന്റെ മഹനീയതയെ പാടിപ്പുകഴ്ത്തി സ്ത്രീകളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച കവയത്രി ബാലാമണി യമ്മയെ എന്റെ കൈയിലൊന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതേ മോഹിച്ചു. ‘സോപാന’മൊക്കെ വായിച്ച് വരികൾ ഹൃദയത്തിലേയ്ക്ക് ഏറ്റുവാങ്ങിയ ‘പമ്പരവിഡ്ഡി’ എന്ന് സ്വയം ശകാരിച്ചു.
പാൽ നിറഞ്ഞ് മാറിടം വേദനിച്ചപ്പോൾ മെറ്റേണിറ്റി ബ്രാ തന്ന താങ്ങ് കുറച്ചൊന്നുമല്ല. കപ്പ് സൈസ് 36 ൽ എത്തിയതിൽ അൽപം വിഷമം ഇല്ലാതില്ല. രാത്രിയിലെ കരച്ചിൽ മഹാമഹം കഴിഞ്ഞ് പകൽ ശാന്തമായുറങ്ങുന്ന ആമിയെ നോക്കി മണിക്കൂറുകളോളം കിടക്കുമ്പോൾ ‘സോപാനം’, ബാലാമണിയമ്മ ഇവരൊക്കെ എനിക്ക് വീണ്ടും പ്രിയപ്പെട്ടതായി.
രണ്ടാമത്തെ കുഞ്ഞ് മിയ ഉണ്ടായപ്പോഴേയ്ക്കും ഞാൻ മെറ്റേണ്ണിറ്റി ബ്രായിൽ ഒരു എകസ്പേർട്ട് ആയിമാറി. എപ്പോഴും ചിരിക്കുന്ന മിയ റോബിനെപ്പോലെ ശാന്തയും സൗമ്യയുമായിരുന്നു. ഉറങ്ങണമെങ്കിൽ റോബിന്റെ ഉറപ്പുള്ള കൈകൾ തന്നെ അവൾക്കു വേണമായിരുന്നു.

ഇതിനിടയിലെപ്പോഴൊ ഒരു ബ്രാ മെഷറിങ് പാർട്ടിയിൽ പങ്കെടുത്തു. ഇതു വരെ ഇട്ടതൊന്നും ശരിയായ അളവല്ലെന്നും ശരിക്കുള്ള അളവുകൾ എങ്ങനെ കൃത്യമായി എടുക്കണമെന്നും ക്ലാസ്സ് എടുത്ത അമേരിക്കൻ ലേഡി വിശദീകരിച്ചു. ശരിയ്ക്കുള്ള അളവുകൾ ഇട്ടില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് -എന്തോ വലിയ മഹാരോഗം വരുന്നതു പോലെ – ഗൗരവത്തിൽ അവർ പറയുന്നതുകേട്ട് ഉള്ളിൽ വന്ന ചിരി അടക്കാൻ നന്നെ പാടുപെട്ടു. അങ്ങനെ അവരുടെ അളവു പ്രകാരം ഞാൻ 36D ആയി മാറി.
‘എൽക്ഗ്രൊവ് വില്ലേജ് മുഴുവൻ വിതരണം ചെയ്യാനുള്ള പാൽ എനിക്കുണ്ട്’ എന്നു വീമ്പു പറഞ്ഞു നടന്ന ഞാൻ മൂന്നാമത്തെ കുഞ്ഞു ജനിച്ചപ്പോൾ വിധിയൊരുക്കിയ ‘പ്ലാൻ ചെയ്ഞ്ചിൽ’ മൂക്കുംകുത്തി വീണു. തൊണ്ണൂറ്റിയഞ്ച് ശതമാനം ബ്രെയിന്‍ ഡാമേജ് വന്ന എന്റെ മോളുവിനു g- tube വഴിയായി ഭക്ഷ്ണം.
മനസ്സ് തളർന്ന് കിടക്കുമ്പോൾ പാലും കണ്ണീരും കൂടിക്കുഴഞ്ഞ് ദേഹത്തോടൊട്ടി, നനഞ്ഞു കുതിർന്നു കിടക്കുന്ന ബ്രാ ഊരിമാറ്റി പുതിയതൊന്ന് ഇടാനുള്ള എനർജി പോലും ശരീരത്തിനും മനസ്സിനും കൈമോശം വന്നിരുന്നു. കുഞ്ഞ് വലിച്ചു കുടിയ്ക്കാത്ത നെഞ്ചിന്റെ നോവറിഞ്ഞു കടന്നു പോയത് ഏഴര വർഷം. കരുതിവച്ചിരുന്ന front open bra കളുടെ പായ്ക്കറ്റ് തുറക്കേണ്ടി വന്നില്ല ഈ കാലഘട്ടത്തിൽ.
ഇതിനിടയിലെപ്പോഴോ സുഹൃത്ത് മായയുടെ ഒരു ഫോൺ കോൾ വന്നു. അമ്മയ്ക്ക് ബ്രെസ്റ്റ് ക്യാൻസർ ആണെന്നും ബ്രെസ്റ്റ് നീക്കം ചെയ്യേണ്ടി വരുമെന്നും മകൾക്ക് മാത്രം അനുഭവപ്പെടുന്ന വിഹ്വലതയോടെ മായ ഫോണിലൂടെ പറഞ്ഞപ്പോൾ അറിയാതെ കൈകകൾ കൊണ്ടു നെഞ്ചത്തു പരതി. എവിടെയെങ്കിലും ഒരു മുഴയോ തടിപ്പോ ഉണ്ടോയെന്നു പേടിച്ചു.
Reconstructive surgery ചെയ്യുന്നതിനു മുൻപ് ഇടാനുള്ള സ്പെഷൽ ബ്രാ എവിടെക്കിട്ടുമെന്നു് മായ തല പുകഞ്ഞപ്പോൾ ഞാനും കൂടി, ഇന്റർനെറ്റിൽ തപ്പാൻ. Desplaines ലെ ഒരു കടയിൽ സ്തനാർബുദം വന്നവർക്കുപയോഗിക്കാനുള്ള പ്രൊസ്തെസിസ് ബ്രാ കിട്ടുമെന്നറിഞ്ഞ് അങ്ങോട്ടേയ്ക്ക് തിരിച്ചു. ഒരോന്നും കൈയിലെടുത്തു് തടവിയും, പ്രത്യേകതകൾ മനസ്സിലാക്കിയും നിൽക്കുമ്പോൾ വെറുതെ ഓർത്തു. ഉള്ളപ്പോൾ വലിപ്പത്തെപ്പറ്റി പരാതി പറഞ്ഞും സങ്കടപ്പെട്ടുമിരിയ്ക്കുന്ന സ്ത്രീകൾ, അതില്ലാതാകുന്ന നിമിഷം ഭയചകിതരായി ആശ്രയിക്കുന്നത് ഈ സിലിക്കോൺ കപ്പിനെയാണല്ലൊ.
പെൺകുട്ടിപ്രായം തൊട്ട് മരണം വരെ കൂടെ കാണുമെന്നു കരുതി കൂടെ കൂട്ടിയിട്ടുള്ള ഈ ചങ്ങാതിയ്ക്കല്ലെ വയ്യാതെ കിടക്കുന്ന എന്റെ വല്ല്യമ്മച്ചി, എന്റെ മമ്മി, ഭർത്താവിന്റെ അമ്മ, ഞാൻ പിന്നെ എന്റെ തലമുറയിലെ മുഴുവൻ സ്ത്രീകളും സംസാരിച്ച ആ നിശബ്ദതയുടെ ഭാഷ എറ്റവും നന്നായി മനസ്സിലായിട്ടുള്ളത്? അപ്പോപിന്നെ പാതിവഴിയിൽ ഉപേക്ഷിച്ചാൽ എങ്ങനെ ശരിയാകും? മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു- ഈശ്വരാ മരിക്കുന്നതുവരെ ഒരു സ്ത്രീയും ഈ ബ്രാ – ഈ ബ്രാ മാത്രം ഉപയോഗിയ്ക്കാൻ ഇടവരുത്തരുതേ.
88 വയസ്സുള്ള എന്റെ വല്യമ്മച്ചി ‘ബ്രാവിമുക്ത’ യായി ഈ ലോകത്തിന്റെ എല്ലാ ബന്ധങ്ങളിൽ അല്ലാ ബന്ധനങ്ങളിൽ നിന്നും മോചിതയായി, തൂവെള്ള നൈറ്റിയിൽ ഇടിഞ്ഞു തൂങ്ങിയ നിർവികാരലോകത്ത് ഇടതടവില്ലാതെ കൊന്തചൊല്ലി കൊണ്ട് കിടക്കുന്നതു കാണുമ്പോഴൊക്കെ ഓർക്കും ബ്രാ ഇടാൻ മടിച്ച ഒരു ബാല്യം സ്ത്രീകൾക്കുണ്ടെങ്കിൽ ബ്രാ ഇടാൻ മടിയ്ക്കുന്ന ഒരു അസ്തമയവും അവർക്കുണ്ട്. ഇനി ഒരു താങ്ങും വേണ്ടാ എന്ന് സ്വയമോ മറ്റുള്ളവരോ നിശ്ചയിക്കുന്ന ഒരു കാലം.
ഇതൊക്കെയാണെങ്കിലും ബ്രാ ഇടാതിരിയ്ക്കാൻ നുണക്കഥകൾ മെനഞ്ഞ ആ അഞ്ചാംക്ലാസ്സുകാരി എന്റെ പെണ്മക്കൾക്കൊരത്ഭുതം തന്നെയാണ്. ‘Amma, Why were you upset to wear a bra? It’s sooo normal’ മൂത്തമകളുടെ ശബ്ദത്തിൽ അമ്പരപ്പ്.
പാർക്കിലും, ബീച്ചിലും,ഫിറ്റ്നെസ്സ് സെന്ററിലും, റോഡിലുമൊക്കെ സ്പോർട്സ് ബ്രായും ഷോർട്സുമിട്ട് ഓടുന്ന സ്ത്രീകളെ ജനിച്ചപ്പോൾ മുതൽ കണ്ടു ശീലിച്ച അവർക്ക് കേരളത്തിൽ ഞങ്ങളിങ്ങനെ ആയിരിന്നു എന്നു പറഞ്ഞാൽ എവിടെ മനസ്സിലാവാൻ. വൺ പീസ് അല്ലെങ്കിൽ റ്റൂ പീസ് സ്വിം സ്യൂട്ട് ഒക്കെയിട്ട് സ്വിമ്മിങ്ങ്പൂളിലോ വാട്ടർപാർക്കിലോ മറ്റോ ഇറങ്ങുമ്പോൾ ശരീരത്തിന്റെ ഒരു ഭാഗത്തെയ്ക്കു പോലും പാളി വീഴുന്ന കണ്ണുകൾ അവർ കണ്ടു ശീലിച്ചിട്ടേയില്ല. ഇവിടെ വളരുന്ന കുട്ടികൾക്കിതെല്ലാം സാധാരണയിലും സാധാരണമാണ്.
അമേരിക്കയിൽ ഒരു കടയുടെ മധ്യഭാഗത്തോ, മുൻപിലോ തന്നെ വളരെ വിപുലമായ lingerie section ഒരുക്കിയിട്ടുണ്ട്. ഇട്ടു നോക്കാം, ഇഷ്ടമുള്ളത് എത്ര സമയമെടുത്തും നോക്കി വാങ്ങാം. ഇതും പോരാഞ്ഞിട്ട് ‘വിക്ടോറിയ സീക്രട്ട്’ പോലെ ഇതിനു വേണ്ടി ഡെഡിയ്ക്കേറ്റ് ചെയ്തിരിക്കുന്ന സ്പെഷ്യാൽറ്റി കടകൾ വേറെ. അവരുടെ റാംമ്പ് വാക് ലോകപ്രശസ്തവും.
ആദ്യമായി ബ്രാ വാങ്ങികൊടുത്തപ്പോൾ എന്റെ മക്കൾ പ്രകടിപ്പിച്ച കാഷ്വൽനെസ്സ് എന്നെ അമ്പരപ്പിക്കുകയും വളരെയേറെ സന്തോഷിപ്പിക്കുകയും ചെയ്തു. ഒരു വലിയ പ്രെപ് റ്റോക്കിന് തയ്യാറെടുത്തിരുന്ന എനിയ്ക്കതു വേണ്ടി വന്നതേയില്ല. ‘ഇതാ ഇപ്പൊ ഇത്ര വലിയ ആനക്കാര്യം’ എന്ന മട്ടിലുള്ള സമീപനം എനിയ്ക്കെന്തേ എടുക്കാൻ പറ്റാതിരുന്നത്?
കോളേജിലേയ്ക്ക് പോകുന്ന മൂത്തമകളുടെ പെട്ടി അടുക്കുമ്പോൾ മുകളിൽ തന്നെ വച്ചു കൊടുത്തു ബ്രായുടെ ഒരു പായ്ക്കറ്റ്. പെട്ടിയുടെ ഒരു മൂലയിൽ ഏറ്റവുമടിയിലായി ഒളിപ്പിച്ചു വയ്ക്കാൻ ഞാൻ ശ്രമിച്ചതേയില്ല. അതൊക്കെ പണ്ട്. ഇപ്പൊ ഞാനും ആമിയും മിയയും ശ്വസിക്കുന്നത് സ്വാതന്ത്രത്തിന്റെ ഒരേ വായുവല്ലേ.
Read Here: ഒരു സി.ഡി.എസ്സ്. പെണ്ണുകാണൽ