/indian-express-malayalam/media/media_files/uploads/2018/07/pf-mathews-1.jpg)
എഴുത്തിന്റെ വേറിട്ട വഴി തുറന്ന് മലയാള വായനക്കാരെ വിസ്മയിപ്പിച്ച വിരലിലെണ്ണാവുന്ന എഴുത്തുകാരാണ് മലയാളത്തിന് സ്വന്തമായിട്ടുളളത്. എഴുത്തിൽ വസ്തുതാകഥനങ്ങളുടെ ലളിതവൽക്കരണത്തിനപ്പുറം ഭാവനയുടെ അതീത ലോകങ്ങളിലൂടെ വാക് സഞ്ചാരത്തിന്റെ പുതിയ പ്രപഞ്ചം സൃഷ്ടിക്കുന്ന എഴുത്തിന്റെ ലോകത്തേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയ എഴുത്തുകാരനാണ് പി എഫ് മാത്യൂസ്. ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ എന്നീ നോവലുകൾ;2004ൽ ആലീസ്, കൊടിച്ചി മുതലായ ധിഷണയുടെ സൗന്ദര്യം പ്രസരിപ്പിക്കുന്ന അമ്പതിലധികം ചെറുകഥകൾ;കൊച്ചി തീരത്തെ തനിമയാർന്ന ജീവിതത്തേയും അവിടത്തെ ജനങ്ങളേയും കുറിച്ചുള്ള തീരജീവിതത്തിന് ഒരൊപ്പീസ് എന്ന ഓർമ്മ പുസ്തകം; മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കുട്ടിസ്രാങ്ക് മുതൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്ന ഈ .മ. ഔ വരെയുള്ള തിരക്കഥകൾ; മികച്ച ടെലിവിഷൻ തിരക്കഥാകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ നേടിയ ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ എന്നീ സീരിയലുകൾ പി.എഫ് മാത്യൂസിന്റെ സർഗ്ഗപ്രയാണം അനവരതം മുന്നേറുകയാണ്. തന്റെ എഴുത്തു ജീവിതം കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ പി.എഫ് മാത്യൂസ് സാഹിത്യം, ജീവിതം, വായന, നിലപാടുകൾ എന്നിവയെക്കുറിച്ച് നോവലിസ്റ്റായ ജോണി മിറാൻഡയുമായി സംസാരിക്കുന്നു.
ജോണി മിറാൻഡ: തിരിഞ്ഞു നോക്കുമ്പോള്‍ തന്നിലെ എഴുത്തുകാരനേയും സ്വന്തം കൃതികളേയും ഒന്നു വിലയിരുത്താമോ? കണ്ണോക്കു പാട്ടുകാരനല്ലാതിരുന്നിട്ടും അത്തരമൊരു വിശേഷണത്തിലേക്ക് എങ്ങിനെ എത്തിച്ചേര്‍ന്നു?
പി എഫ്. മാത്യൂസ്: വെറുതെയങ്ങ് ചത്തുപോകുന്ന, അധികാരവും അലങ്കാരങ്ങളുമില്ലാത്ത മനുഷ്യരേക്കുറിച്ചാണ് ഞാനേറെയും എഴുതിയിട്ടുള്ളത്. മനുഷ്യജീവിതത്തിന് മറ്റു മൃഗജീവിതത്തില്‍ നിന്നു ഭിന്നമായി എന്തെങ്കിലും അധിക മൂല്യമോ അനശ്വരതയോ ഇല്ലെന്ന തോന്നലില്‍ നിന്നുള്ള എഴുത്തുകളാണ് ഏറിയകൂറും. ജീവിതം അനശ്വരമല്ലെന്ന തിരിച്ചറിവ് പൊതുവേ മനുഷ്യര്‍ക്കു സഹിക്കാനാകാത്ത കാര്യമാണ്. അനശ്വരമല്ലാത്തത് അര്‍ത്ഥരഹിതമാണെന്ന ബോധ്യമുള്ളതിനാലാകാം മനുഷ്യര്‍ സാഹിത്യമടക്കമുള്ള കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതെന്നാണ് എന്റെ വിചാരം. മഹത്തായതും കാലങ്ങളെ മറികടന്നു നിലനില്‍ക്കുന്നതുമായ കൃതികളൊന്നും തന്നെ നമ്മുടെ ഈ ഭാഷാ സാഹിത്യത്തില്‍ എന്റെ മുന്‍ഗാമികളോ ഞാനോ എഴുതിയിട്ടുണ്ടെന്ന വിശ്വാസമെനിക്കില്ല. ഒരു പ്രത്യേക കൃതി മൂലഭാഷയില്‍ തന്നെ വായിക്കണമെന്ന നിര്‍ബന്ധബുദ്ധികൊണ്ട് മലയാളം പഠിച്ചിട്ടുള്ള അന്യഭാഷക്കാര്‍ തന്നെ എത്ര കുറവാണ്. ലോകസാഹിത്യത്തിലേയ്ക്ക് പ്രതിഷ്ഠിക്കാവുന്ന കൃതികളൊന്നും തന്നെ സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും നമ്മുടേതായ പ്രയത്‌നം നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഇവിടെ ഞാനുമുണ്ടായിരുന്നു എന്ന് അടയാളപ്പെടുത്തണമല്ലോ എന്നൊക്കെയുള്ള നിസ്സാര മോഹങ്ങളാകാം എഴുത്തിങ്ങനെ തുടരാനുള്ള കാരണം.
സാംസ്‌ക്കാരിക സമ്പത്തെന്ന നിലയില്‍ ഭാഷയെ നിലനിര്‍ത്തുന്നത് കൃതികള്‍ തന്നെയാണെന്ന് ഉംമ്പര്‍ട്ടോ ഇകോ പറഞ്ഞത് സത്യമാണെന്നു തോന്നിയിട്ടുണ്ട്. പിന്നെ കണ്ണോക്കു പാട്ടുകാരനാണ് ഞാനെന്ന നിരീക്ഷണം വരുന്നത് എന്റെ രണ്ടാമത്തെ സമാഹാരമായ '2004 ല്‍ ആലീസി'ന് ശേഷമാണ്. 'ഞായറാഴ്ച മഴ പെയ്യുകയായിരുന്നു' എന്ന ആദ്യത്തെ കഥാ സമാഹാരം വായിച്ച എനിക്കറിയാവുന്ന ചെറിയെ വൃത്തത്തിലുള്ള നല്ലൊരു വിഭാഗം വായനക്കാരും ഞാനെഴുതുന്നത് മരണത്തേക്കുറിച്ചു മാത്രമാണെന്നും എന്തുകൊണ്ടിങ്ങനെ എന്നും മറ്റും ചോദിച്ചുകൊണ്ടിരുന്നു. എഴുത്തിനെ വഴിതിരിച്ചു വിട്ടില്ലെങ്കില്‍ നിങ്ങളൊരു പരാജയമായിത്തീരും എന്നുതന്നെ പലരും പറഞ്ഞു. എഴുത്തിലെ വിജയം എന്താണെന്ന് എനിക്കിനിയും പിടികിട്ടിയിട്ടില്ല. കൂടുതല്‍ കോപ്പി വിറ്റഴിക്കുന്നതോ കൂടുതല്‍ പ്രശസ്തനാകുന്നതോ ആണോ ഈ വിജയം. അങ്ങനെയല്ലന്ന് തന്നെയാണെന്റെ വിശ്വാസം. മികച്ച കലാസൃഷ്ടിയെ തീര്‍ച്ചപ്പെടുത്തുന്നത് കാലം തന്നെയല്ലേ.
ഒരു മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ ലത്തീന്‍ ക്രിസ്ത്യാനി വീടുകളില്‍ സ്ത്രീകള്‍ നെഞ്ചിലിടിച്ച് കണ്ണോക്ക് പാടി കരയാറുണ്ട്. ഈ കണ്ണോക്ക് പാട്ട് കാതോര്‍ത്താല്‍ മരിച്ച മനുഷ്യന്റെ ജീവചരിത്രം മുഴുവന്‍ നമുക്കു കിട്ടും. അയാളുടെ സാമൂഹികബന്ധങ്ങളും കുടുംബ രഹസ്യങ്ങളും ബന്ധുക്കള്‍ക്കിടയിലുണ്ടായിട്ടുള്ള അസ്വാരസ്യങ്ങളുമെല്ലാം പുറത്തു വരും. ഈ കണ്ണോക്ക് പാട്ടിലൂടെ ഒരു തരം വികാരവിമലീകരണം നടക്കുന്നുണ്ട്. അതുകൊണ്ടാണ് ശവമെടുത്ത് കഴിഞ്ഞാല്‍ നെഞ്ചത്തടിച്ചു കരഞ്ഞവര്‍ വളരെ ശാന്തരായി സാധാരണ മട്ടില്‍ സംസാരിച്ചു തുടങ്ങുന്നത്. അവരുടെ ഉള്ളിലെ ഭാരങ്ങളെല്ലാം അലിയിച്ചു കളയാനീ കണ്ണോക്ക് പാട്ടിനു കഴിയും. ആ അര്‍ത്ഥത്തിലാണ് മനുഷ്യന്റെ മരണത്തില്‍ നോക്കി അവന്റെ ജീവിതം കണ്ടെത്താനും ആവിഷ്‌ക്കരിക്കാനും ശ്രമിക്കുന്ന കണ്ണോക്ക് പാട്ടുകാരനാണു ഞാനെന്ന് പറഞ്ഞത്. പുറമേ പ്രകടമായി കാണുന്ന കഥ വായിച്ചെടുക്കലാണ് പലപ്പോഴും നമ്മുടെ സാഹിത്യ വായന. മരണം ചിത്രീകരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടെങ്കിലും പലപ്പോഴും എന്റെ കഥ മറ്റു പലതുമായിരിക്കും പറയുന്നത്.
/indian-express-malayalam/media/media_files/uploads/2018/06/pf-mathews-2.jpg)
ജോണി മിരാൻഡ: എഴുത്തുകാരന്റെ രാഷ്ട്രീയ സാമൂഹ്യ നിലപാടുകളും സ്വന്തം എഴുത്തുമായി എങ്ങനെ ബന്ധപ്പെടുത്തും ?
പി എഫ് മാത്യൂസ്: എന്റെ രാഷ്ട്രീയ സാമൂഹ്യ നിലപാടുകളേക്കുറിച്ചു പറയണമെങ്കില്‍ കവലപ്രസംഗം നടത്തി ലഘു ലേഖകള്‍ വിതരണം ചെയ്താല്‍ മതിയല്ലോ. അതിന് കഷ്ടപ്പെട്ട് ഒരു കലാസൃഷ്ടി നടത്തേണ്ട കാര്യമില്ല. കലയും സാഹിത്യവും കാലത്തില്‍ നിന്നു മുക്തമാകണമെന്ന് ബോര്‍ഹസ് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. കലാകാരന്‍ ചരിത്രത്തിനും രാഷ്ട്രീയത്തിനും ദാസ്യവൃത്തി നടത്തേണ്ടതില്ല. ഒരു പ്രത്യേക കാലഘട്ടത്തിലെ ജീവിതത്തെ ഡോക്യുമെന്റ് ചെയ്യുന്നത് ഫിക്ഷനെഴുത്താണെന്ന് എനിക്ക് തോന്നുന്നില്ല. ' ഇന്‍ സേര്‍ച്ച് ഓഫ് ലോസ്റ്റ് ടൈം' എഴുതുമ്പോള്‍ പ്രൂസ്തിന് തീര്‍ച്ചയുണ്ടായിരുന്നു, സാങ്കൽപ്പികമല്ലാത്ത ഒരു സംഭവമോ കഥാപാത്രമോ അതിലുണ്ടാകില്ലെന്ന്. ഈ കൃതി അദ്ദേഹത്തിന്റെ ജീവിതവുമായി ഒട്ടിനില്‍ക്കുന്നതാണെങ്കില്‍പ്പോലും അതദ്ദേഹത്തിന്റെ ആത്മകഥയല്ല. ജീവിച്ച കാലത്തക്കുറിച്ചും അനുഭവങ്ങളേക്കുറിച്ചുമാണ് എഴുതിയിരുന്നെങ്കില്‍ കഫ്ക എന്ന പ്രതിഭാസം തന്നെ ഉണ്ടാകില്ലായിരുന്നു. ഇന്‍ഷ്വറന്‍സ് കമ്പനിയിലെ തൊഴില്‍ പരമായ സംഘര്‍ഷങ്ങളും പിതാവുമായുള്ള ഭിന്നതകളും കാമുകിമാരുമായുള്ള വൈരുദ്ധ്യങ്ങളും നിറഞ്ഞ പഴഞ്ചരക്കുകൾ ഉൽപ്പാദിപ്പിച്ച അസംഖ്യം എഴുത്തുകാരിലൊരാളായി അവസാനിക്കുമായിരുന്നു.
അറിയാത്തതും അജ്ഞാതവുമായവയെ വാക്കുകള്‍ കൊണ്ട് ആവിഷ്‌ക്കരിക്കുന്നവനാണ് എഴുത്തുകാരന്‍. ചിന്തിക്കാതെ..സ്വപ്‌നം കാണൂ എന്ന് പണ്ടേതോ എഴുത്തുകാരന്‍ പറഞ്ഞിട്ടില്ലേ. ഭാവനയുടെ ശക്തിയേക്കുറിച്ച് 16 ആം നൂറ്റാണ്ടിലെ ഗദ്യകാരനായ മൊണ്ടേയ്ന്‍ എഴുതിയിട്ടുണ്ട്. ഭാവന രോഗങ്ങളും മരണം തന്നെയും ഉണ്ടാക്കുമെന്ന്, വിശ്വാസികളായ ലളിത മനസ്സുകള്‍ക്കുണ്ടാകു ന്ന അതിശയങ്ങള്‍ തൊട്ട് ചില പഴയ പുണ്യവാളന്മാരുടെ പഞ്ചക്ഷതങ്ങള്‍ വരെ. പല തലത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ച്ചേര്‍ത്ത് ഭാഷയില്‍ നടത്തുന്ന കര്‍മ്മമാണ് സാഹിത്യമെന്ന് ഇറ്റാലോ കാല്‍വിനോ പറഞ്ഞതും ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കാവുന്നതാണ്. തനിക്കറിയാവുന്നതും അനുഭവപ്പെട്ടിട്ടുള്ളതുമായ കാര്യങ്ങള്‍ പറയുന്നു എന്ന മട്ടിലാണ് പലപ്പോഴും എഴുതുന്നത്. അവ വിവരിക്കുന്ന നേരത്ത് വാക്കുകളുടെ കലവറയില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുമ്പോള്‍ ഒഴുക്കുന്ന വിയര്‍പ്പിനേയാണ് നമ്മള്‍ എഴുത്തുകാരനെന്നു പറയുന്നത്. അങ്ങനെ സംഭവിക്കുന്ന ഒരു കലാസൃഷ്ടിയില്‍ കാലത്തിന്റെ രാഷ്ട്രീയ, ദാര്‍ശനിക നിലപാടുകളും മറ്റും നമ്മള്‍ വായിച്ചെടുക്കാറുണ്ട്. അത്തരം കാര്യങ്ങള്‍ മനുഷ്യന്റെ എല്ലാ കര്‍മ്മങ്ങളിലും തെളിഞ്ഞു വരുന്നതാണ്. അതല്ലാതെ ഒരു പ്രത്യേക പ്രത്യയശാസ്ത്രമോ തത്ത്വവിചാരമോ ആവിഷ്‌ക്കരിക്കുവാനുള്ള പ്രയത്‌നത്തെ പരസ്യപ്രചാരണമെന്നു തന്നെ പറയണം.
ജോണി മിറാൻഡ: എഴുത്തിലെ കലാപത്തോട് സഭയും സമൂഹവും കാണിച്ച പ്രതികരണങ്ങളേക്കുറിച്ച്...?
പി എഫ് മാത്യൂസ്: സഭയാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും കാശു മുടക്കി കഠിനാദ്ധ്വാനം നടത്തി ചില ലക്ഷ്യങ്ങള്‍ നേടാനുണ്ടാക്കിയ സ്ഥാപനങ്ങളാണ്. അവരുടെ താല്പര്യങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനേയെല്ലാം അവര്‍ വെട്ടിനിരത്തുന്നത് നമ്മള്‍ കണ്ടിട്ടുള്ളതല്ലേ. അക്കാര്യത്തില്‍ സര്‍വ്വ മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്തമല്ല. സ്ഥാപനങ്ങളെ വെള്ള പൂശാന്‍ തയ്യാറല്ലാത്ത കലാകാരന്മാരെ അവര്‍ ചുമന്നു നടക്കാറില്ലെന്നു മാത്രമല്ല ചിലപ്പോഴൊക്കെ ദ്രോഹിക്കാറുമുണ്ട്. എം.പി.പോളിനെ തെമ്മാടിക്കുഴിയിലടക്കിയതും സക്കറിയയെ തല്ലിയതും, "സാറ്റനിക് വേഴ്‌സസ്" നിരോധിച്ചതും പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തുന്നുവെന്നു പ്രഖ്യാപിച്ചതും കല്‍ബൂര്‍ഗി, ധബോല്‍ക്കര്‍, പന്‍സാരെ, എച്ച് ഫറൂക്ക് എന്നിവരെ ഇല്ലാതാക്കിയതും തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ ജോസഫ് സാറിന്റെ കൈവെട്ടിയതുമെല്ലാം ഇത്തരം സാഹചര്യങ്ങളിലല്ലേ. സംഘപരിവാര്‍ സംഘടനകള്‍ക്ക് മാത്രമല്ല ഫാഷിസ്റ്റ് മുഖമുള്ളത്./indian-express-malayalam/media/media_files/uploads/2018/06/pf-mathews-3.jpg)
ജോണി മിറാൻഡ: തിരക്കഥാകൃത്ത്, നോവലിസ്റ്റ്. ഇവരെ എങ്ങനെ കൂട്ടിയിണക്കും. അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍, ഗുണദോഷങ്ങള്‍ ?
പി എഫ്. മാത്യൂസ്: തിരക്കഥാ രചന കുറേയൊക്കെ സാങ്കേതികമാണ്. സാങ്കേതികമെന്നു വച്ചാല്‍ ഒരു നോവൽ പോലെയോ ചെറുകഥപോലെയോ ഒന്നും സ്വയമേ വാര്‍ന്നു വീഴാനുള്ള അപാര സ്വാതന്ത്ര്യമൊന്നും ആ മാദ്ധ്യമത്തിനില്ലന്ന് തന്നെ തോന്നിയിട്ടുണ്ട്. മനസ്സഞ്ചാരത്തിന്റെ അതിര്‍ത്തികളൊക്കെ പലപ്പോഴായി നമ്മള്‍ തന്നെ നിര്‍ണ്ണയിച്ചുകൊണ്ടാണ് ഒരോ ഘട്ടങ്ങളും പിന്നിടുന്നത്. എന്നാല്‍ ഒരു നോവലെഴുതുമ്പോള്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. വമ്പിച്ച തോതിലുള്ള മുതല്‍ മുടക്ക്, ആ പണം തിരിച്ചു തരേണ്ട കാണികള്‍ എന്നിവ സിനിമയുടെ സ്വാതന്ത്ര്യം കെടുത്തിക്കളയുന്നു എന്നത് പരമമായ സത്യമാണ്. ക്യാപ്പിറ്റലിസത്തിന്റെ സൃഷ്ടിയാണ് സിനിമ എന്ന വസ്തുതയും നമുക്കു മറന്നു കൂടാ.
ചലച്ചിത്രത്തിന്റെ മുഖ്യ കാര്‍മ്മികന്‍ സംവിധായകനാണ്. എഴുത്തുകാരനേപ്പോലെ ക്യാമറാമാന്‍, എഡിറ്റര്‍, ശബ്ദ സാങ്കേതിക വിദഗ്ധന്‍, സംഗീതജ്ഞന്‍ തുടങ്ങിയ നിരവധി കലാകാരന്മാരുടെ കൂടിച്ചേരലിലൂടെയാണീ കലാ രൂപം പൂര്‍ണ്ണതയിലെത്തുന്നത്. ഭാവനയുടെ പ്രയോഗമാണ് സാഹിത്യത്തിലും സിനിമയിലും പൊതുവായിട്ടുള്ളത്. അതിനപ്പുറം യാതൊന്നുമില്ല. സാഹിത്യകാരന് ചലച്ചിത്രത്തില്‍ അത്രയ്ക്കുള്ള പങ്കുള്ളതായി തോന്നിയിട്ടുമില്ല.
ചലച്ചിത്രം ശബ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ രാജ്യത്തെങ്ങുമുളള സാഹിത്യകാരന്മാര്‍ ഹോളിവുഡിലേക്കു വന്നതായി കേട്ടിട്ടുണ്ട്. വില്യം ഫോക്‌നര്‍, ഹെമിങ് വേ തുടങ്ങിയവര്‍ വരെ വന്നു. മഹാനായ ഫോക്‌നറെ ചെറുകിട സ്റ്റുഡിയോ എക്‌സിക്യുട്ടീവ് ഇറക്കിവിടുക പോലുമുണ്ടായി. നിശ്ശബ്ദ സിനിമയുടെ കാലഘട്ടത്തിലുണ്ടായ അതിന്റെ കലാപരമായ ഔന്നത്യത്തെ എഴുത്തുകാര്‍ തളര്‍ത്തിക്കളഞ്ഞുവെന്നും വാക്കുകളുടെ വൃത്തത്തിലേയ്ക്ക് പിടിച്ചുകെട്ടി സിനിമയെ സ്വയം വികസിക്കാന്‍ അനുവദിച്ചില്ലെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. സാഹിത്യകാരന്മാര്‍ ചലച്ചിത്രത്തിന് ദോഷമേ ചെയ്തിട്ടുള്ളുവെന്ന് താര്‍ക്കോവ്‌സ്‌ക്കി തന്റെ ആത്മകഥയിലെഴുതിവച്ചു. സാഹിത്യത്തില്‍ നിന്നു കിട്ടാത്ത പണം സിനിമ തരുന്നു എന്നതാണ് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും വലിയ ആകര്‍ഷണം./indian-express-malayalam/media/media_files/uploads/2018/06/pf-mathews-4.jpg)
ജോണി മിറാൻഡ: പുതിയകാല എഴുത്തുകാര്‍, എഴുത്ത്, പ്രസാധകര്‍, വായനക്കാര്‍...
പി എഫ് മാത്യൂസ്: പുതിയ കാലത്തും അതിന്റേതായ എഴുത്തുകാരുണ്ട്. അവര്‍ നല്ലൊരു ഭാഗവും ചെറുകഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. ചെറിയ ചെറിയ പ്രകമ്പനങ്ങളുണ്ടാകുന്നുമുണ്ട്. കനപ്പെട്ട സൃഷ്ടികള്‍ക്കായി കാത്തിരിക്കുകയാണ്. വലിയ അതിശയങ്ങളുടെ പാരമ്പര്യമൊന്നും നമ്മുടെ ഗദ്യസാഹത്യത്തിനില്ലെന്ന് തന്നെയാണെനിക്ക് തോന്നുന്നത്. സി.വി.രാമന്‍ പിള്ള, ബഷീര്‍, ഒ.വി.വിജയന്‍ എന്നിങ്ങനെയുള്ള തലപ്പൊക്കങ്ങളേയല്ലേ ഇപ്പോഴും നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഖസാക്കിലെ സന്ധ്യയില്‍ നിന്ന് രണ്ടു ജീവ ബിന്ദുക്കള്‍ നടക്കാനിറങ്ങിയപ്പോള്‍ മുതലാണ് മലയാളത്തിലെ കഥ പറച്ചില്‍ എഴുത്തിലേക്ക് മാറിത്തുടങ്ങിയത്. ടിആറും മേതിലുമൊക്കെത്തന്നെയാണ് രൂപത്തെ സ്‌നേഹിച്ചവരെന്ന് തോന്നിയിട്ടുണ്ട്. ആനുകാലികതയിലും ഭൂതകാലത്തിലും അഭിരമിക്കുന്ന എഴുത്തുകാര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ചലച്ചിത്ര താരങ്ങളേപ്പോലെ നിമിഷനേരം മിന്നിപ്പൊലിഞ്ഞ് എന്നേക്കുമായി അസ്തമിക്കുന്നവര്‍.
ലോകത്തെവിടേയുമുള്ളത് പോലെ എളുപ്പത്തില്‍ വിറ്റു പോകുന്ന കൃതികള്‍ തന്നെയാണ് നമ്മുടെ പ്രസാധകരും തേടുന്നത്. തിരിച്ചു കിട്ടാത്ത നിക്ഷേപങ്ങള്‍ നടത്തണമെന്ന് പ്രസാധകരോട് പറയാനുള്ള ധാര്‍മ്മികത എഴുത്തുകാരനുമില്ലല്ലോ. നല്ല വായനക്കാര്‍ പലപ്പോഴും മറഞ്ഞു തന്നെയിരിക്കുകയാണ്. വളരെ അപൂര്‍വ്വമായി ചില നല്ല വായനക്കാരെ കണ്ടുമുട്ടുമ്പോള്‍ എഴുതുന്നവനോളം അല്ലെങ്കില്‍ അധിലുമധികം സര്‍ഗ്ഗാത്മകതയുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൃതിയേക്കുറിച്ച് വളരെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ വച്ചു പുലര്‍ത്തുന്നതിനാല്‍ ഒരിക്കലും എഴുതാതെ മാറി നിൽക്കുന്നവരുമുണ്ട്. വായനയെ സര്‍ഗ്ഗാത്മക സപര്യയായി കാണുന്ന നല്ലൊരു സുഹൃത്തുണ്ടെനിക്ക്. എഴുതാനേ തയ്യാറല്ലാത്ത ഒരാള്‍./indian-express-malayalam/media/media_files/uploads/2018/06/pf-mathews-5.jpg)
ജോണി മിറാൻഡ: എഴുത്തും വായനയും ജീവിതവും എത്തരത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു ?
പി എഫ് മാത്യൂസ്: എഴുതിയില്ലെങ്കിലും വായിക്കണമെന്ന ആഗ്രഹം കലശലാണ്. ആഴത്തില്‍ വായിച്ചു തീര്‍ത്ത നാലു പുറം തന്നെ ഒരു പ്രഭാതത്തെ അര്‍ത്ഥമുള്ളതാക്കും. പുസ്തകങ്ങളടുക്കി വച്ച ചുമരുള്ള മുറിയിലാണിപ്പോള്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നത്. ചില ദിവസം സിനിമ കാണൽ മാത്രമായിരിക്കും. ഇപ്പോള്‍ വീണ്ടും വായനയ്ക്കുള്ള ധ്യാനമനസ്സ് തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്. വായനയേക്കുറിച്ചു പറയുമ്പോള്‍ ടോണി മോറിസണിന്റെ പ്രശസ്തമായ ഒരു വാചകം ഓര്‍ത്തു പോകും. "ഞാന്‍ നല്ല വായനക്കാരിയാകാനാണാഗ്രഹിച്ചത്. ആദ്യ പുസ്തകം എഴുതാന്‍ കാരണം അങ്ങനെയൊന്ന് വായിക്കാന്‍ ഇല്ലാതിരുന്നതു കൊണ്ടാണ്." സത്യത്തില്‍ നമ്മള്‍ ജീവിക്കുന്ന ജീവിതം അതി സാധാരണമാണ്. അതില്‍ നിന്നും സാധാരണത്ത്വങ്ങള്‍ മാത്രമാണുണ്ടാകുന്നത്. എന്റെ ജീവിതവീക്ഷണം തന്നെ വളരെ ഇടുങ്ങിയതും സങ്കുചിതവുമാണ്. പലപ്പോഴും നമ്മളതു തിരിച്ചറിയുന്നതും മറികടക്കുന്നതും വായനയിലൂടെയാണ്. എന്നു വച്ച് വലിയൊരു വായനക്കാരനാണെന്ന് തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. അത്യാവശ്യം വായിച്ചിരിക്കേണ്ട പല മികച്ച കൃതികളും ഞാന്‍ വായിച്ചിട്ടില്ല.
ജോണി മിറാൻഡ: മാസ്റ്റർപീസ് എന്നുപറയാവുന്ന ഒരു നോവൽ ഇനിയും വായനക്കാരുടെ പ്രതീക്ഷയാണ് എന്തു പറയുന്നു?
പി എഫ് മാത്യൂസ്: ഒരു കൃതിയെ മാസ്റ്റര്‍പീസാക്കുന്നത് അതിന്റെ പല കാലത്തിലുള്ള വായനക്കാരും കൂടി ചേര്‍ന്നാണ്. പല മട്ടില്‍ വായിക്കാന്‍ കഴിയുന്ന, വീണ്ടും വീണ്ടും വായിക്കാനുള്ള തോന്നലുളവാക്കുന്ന, ഒരോ വായനയിലും പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ കഴിയുന്ന ഒരു നോവലെഴുതാന്‍ സാധിച്ചാല്‍ എന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടായി എന്നു തന്നെ ഞാന്‍ കരുതും. ഒരു വ്യക്തിയുടെ മികച്ച പുസ്തകം എന്ന നിലയ്ക്കപ്പുറം വളരാനാ പുസ്തകത്തിനു കഴിയണം. എന്റെ ആദ്യ നോവലായ 'ചാവുനിലം' 1996 ലാണ് ഇറങ്ങിയത്. അക്കാലത്തെ നിരൂപകരും വായനക്കാരും തിരിഞ്ഞു നോക്കാതിരുന്ന ആ നോവല്‍ ഇരുപതു വര്‍ഷത്തിനു ശേഷം വന്ന സോഷ്യല്‍ മീഡിയയില്‍ വായനക്കാര്‍ ഏറ്റെടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തപ്പോള്‍ തീര്‍ച്ചയായും എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രചോദനമാണുണ്ടായത്. പ്രതികരണമില്ലാത്ത മുഖങ്ങളോടും മതിലുകളോടും വിനിമയം നടത്താന്‍ പ്രാപ്തിയുള്ള ഒരാളല്ല ഞാന്‍. 2015 ല്‍ 'ഇരുട്ടില്‍ ഒരു പുണ്യാളന്‍' എഴുതാന്‍ കഴിഞ്ഞു. ആ നോവലും സോഷ്യല്‍ മീഡിയാ കാലത്തെ പുതിയ വായനക്കാര്‍ വ്യത്യസ്തമായ വായനാ കുറിപ്പുകളിലൂടെ സ്വീകരിച്ചു. ഒരു നോവലെഴുതാനുള്ള പ്രാരംഭ ജോലികളിപ്പോള്‍ നടക്കുന്നുണ്ട്. അതു നന്നായി തോന്നിയില്ലെങ്കില്‍ അച്ചടിക്കുക തന്നെയില്ല. എന്നാലും ശ്രമിച്ചുകൊണ്ടേയിരിക്കും.
Read More: കഥയില്‍ നിന്ന് എഴുത്തിലേക്കുളള ദൂരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us