കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കില്‍ നാളെ ഞാനൊരു ശലഭമായിത്തീര്‍ന്നുവെന്നു പറഞ്ഞാല്‍ ഇനിയൊരാളും അതു കാര്യമായെടുത്തില്ലെന്നു വരും. ഓരോ വാക്കിനേയും വിചാരണ ചെയ്ത് കവിതകളിലൂടെ അലഞ്ഞുകൊണ്ട് എന്നോ മരിച്ചു പോയ കവികളുടെ ജീവിതത്തിലേക്കും സ്ഥലകാലങ്ങളിലേക്കും യാത്ര ചെയ്ത ഓസിപ് മാന്‍ഡല്‍സ്റ്റാമിനേയും അന്ന അഖ്മത്തോവയേയും നുണയന്മാരായി ചിത്രീകരിച്ചുവെന്നും വരും. ഇന്നിപ്പോള്‍ വാക്കുകളുടെ അവസ്ഥ അത്രയ്ക്കു ദയനീയമായിത്തീര്‍ന്നിരിക്കുന്നു. ‘വാക്കുകള്‍ / വഴുക്കുന്ന / സാധനങ്ങളാണവ/യൊഴിവാക്കാ’ എന്ന് ജയശീലന്‍.

വാക്കുകള്‍ മരിക്കാറുണ്ട്. മനുഷ്യരേപ്പോലെ തന്നെ കൊല ചെയ്യപ്പെടുകയും ചിലപ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യാറുണ്ട്. ആദ്യമുണ്ടാകുന്നത് അവയുടെ അര്‍ത്ഥശോഷണമാണ്. ഒന്നുകില്‍ നമ്മള്‍ അര്‍ത്ഥരഹിതമായി വാക്കുകളുപയോഗിക്കും അല്ലെങ്കില്‍ ഒരര്‍ത്ഥവുമില്ലാത്ത വാക്കുകള്‍ കടന്നു വന്ന് അധികാരം സ്ഥാപിക്കും. അതിന് ഒരര്‍ത്ഥമുണ്ടാക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും. വാക്കുകളുടെ അര്‍ത്ഥമറിയാത്ത സമൂഹത്തെ ചതിക്കാനെളുപ്പമാണ്. ഇന്ന് പത്രത്തിലെഴുതുന്നവരാണ് സമൂഹത്തിന് വാക്കുകള്‍ കൊടുക്കുന്നത്. എത്രയും ലളിതവും നിസ്സാരവും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അര്‍ത്ഥശോഷണം വന്നതും ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്നതുമായ വലിയൊരു പദസഞ്ചയം തന്നെ അവര്‍ക്കുണ്ട്. ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഈ ശ്മശാനത്തില്‍ ചിന്തിക്കുന്ന, ചരിത്രം ശ്വസിക്കുന്ന, കലയില്‍ ജീവിക്കുന്ന, എഴുത്തുകാരാണ് അവതാരപുരുഷന്മാര്‍. അങ്ങനെ പ്രതീക്ഷയ്ക്കു വകയുള്ള അവതാരങ്ങള്‍, മലയാള ഗദ്യത്തിൽ അധികമുണ്ടായിട്ടില്ലെങ്കില്‍പ്പോലും.

pf mathews, malayalam writer, malayalam short story, novel,

രൂപമാണാത്മാവ് എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോഴാണ് കഥയെഴുത്തില്‍ കലയുണ്ടായതും എഴുത്തില്‍ നിന്നു കഥയിലേക്കുള്ള ദൂരം കുറഞ്ഞതും. എന്നിട്ടും കഥയില്‍ നിന്നെഴുത്തിലേക്കുള്ള ദൂരം കൂടിക്കൊണ്ടേയിരിക്കുന്നതെന്തുകൊണ്ടാകും. ലക്ഷ്യത്തിലെത്താനുള്ള സഞ്ചാരത്തെ യാത്രയായി കാണുന്നതും സഞ്ചാരത്തിന്റെ നിമിഷങ്ങളാണ് യാത്രയെന്നു തിരിച്ചറിയുന്നതും പോലെ ലളിതമാണിത്. കവികള്‍ മാത്രമാണ് വാക്കുകളില്‍ പണിയെടുക്കേണ്ടതെന്ന വലിയൊരു തെറ്റിദ്ധാരണയില്‍ ജീവിച്ചവരാണ് നമ്മുടെ മുന്തിയ പല കഥാകാരന്മാരും നോവലെഴുത്തുകാരും. ഒ.വി. വിജയന്‍ വരേണ്ടി വന്നു ഈ അന്ധവിശ്വാസം ഇല്ലാതാകാന്‍. പദധ്യാനമെന്ന വാക്ക് തനിക്കുമുമ്പുണ്ടായിട്ടേയില്ലായിരുന്നെന്ന മട്ടില്‍ അദ്ദേഹം ഉപയോഗിച്ചതോര്‍ക്കുക.

സൂക്ഷ്മം പറഞ്ഞാല്‍ ഖസാക്കിലെ സന്ധ്യയില്‍ നിന്ന് രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങിയപ്പോഴാണ് കഥയെഴുത്തിന്റെ വഴക്കം തെറ്റിത്തുടങ്ങിയത്. അന്നേവരെയുള്ള ചരിത്രം നോക്കിയാലതറിയാം. നാളതു വരെ നായകന്റേയോ നായികയുടേയോ ഉപകഥാപാത്രങ്ങളുടേയോ അടുത്ത ബന്ധുക്കളോ ചങ്ങാതിമാരോ അല്ലെങ്കില്‍ ഏതു മലരമ്പന്‍ ജീവബിന്ദുവാണെങ്കിലും നടക്കാനിറങ്ങാന്‍ പോയിട്ട് ആ പടിക്കലൂടെ ഒന്ന് എത്തിനോക്കാന്‍ കൂടി പറ്റില്ലായിരുന്നു. ഉടനടി ചോദ്യം വരും അപ്പോ വി.കെ.യെന്നോ? വാക്കുകള്‍ പൊടിച്ച് സ്വന്തം മട്ടില്‍ ഒന്നു രണ്ടു കൂട്ടം കറികളുണ്ടാക്കിയെന്നതു നേര്. അതു തന്നേം പിന്നേം വിളമ്പി വിഷ ബാധയുണ്ടാക്കിയതും മറക്കാന്‍ പാടില്ല. പുതിയ കഥയെന്നാല്‍ പുതിയ പ്രപഞ്ചത്തില്‍ക്കുറഞ്ഞതൊന്നുമല്ല. അങ്ങനെയുള്ളവരും ഇവിടെ ജീവിച്ചിരുന്നല്ലോ. ടി.ആര്‍ കഥകളിലൂടെ ഒന്ന് ആത്മാര്‍ത്ഥമായി കടന്നു പോകൂ. അല്ലെങ്കില്‍ മേതില്‍. അവരൊക്കെ വായനക്കാരെ ബഹുമാനിച്ചവരായിരുന്നു.

pf mathews,methil radhakrishnan, malayalam writer,

‘ബ്രാ’യുടെ ആമുഖമായി മേതില്‍ എഴുതിയതൊന്നു കൂടി വായിച്ചു നോക്കാവുന്നതാണ്. ‘അമേരിക്കന്‍ സംഗീതകാരനായ ജോണ്‍ കേജ് സൂചിപ്പിക്കുന്നതു പോലെ, നാം ചെയ്യുന്നതെന്തെന്ന് നമുക്കു തന്നെ അറിഞ്ഞുകൂടാത്ത (അറിയേണ്ടതില്ലാത്ത) അനുഗൃഹീതാവസ്ഥയിലാണ് നാമിപ്പോള്‍ / ബ്രായില്‍ ഏതെങ്കിലും പേജില്‍ ഈ അവസ്ഥയില്‍ ‘…. പേജ് കാണുക ‘ എന്ന സൂചന കണ്ട് നിങ്ങള്‍ അത്രാം പേജ് മറിച്ചു നോക്കുകയാണെങ്കില്‍ കൈയ്യെഴുത്തു പ്രതി വിവക്ഷിക്കുന്ന കാര്യം ആ പേജില്‍ നിങ്ങള്‍ കാണില്ല; ‘ പക്ഷെ മറ്റെന്തെങ്കിലും ആ പേജില്‍ കണ്ടെന്നു വരും എന്ന് വായനക്കാരനെ ആശ്വസിപ്പിക്കുന്ന എഴുത്തുകാരന്‍ വിശദീകരിക്കുന്നു. ഓരോ പേജും ഓരോ ജോണ്‍ കേജിയന്‍ പേജായതിനാല്‍ ഏതു പേജിലും എപ്പോഴും മറ്റുള്ള ഏതു പേജിന്റേയും തുടര്‍ച്ചയായ എന്തോ ഒന്നുണ്ട്. നായകന്‍ നായിക, പ്രേമം വിശപ്പ്, അനീതി, ദുഖങ്ങള്‍ ദുരിതങ്ങള്‍, വിപ്‌ളവം എന്നിങ്ങനെ ആദിമദ്ധ്യാന്ത ക്രമത്തിലെഴുതിയും വായിച്ചു വികാരംകൊണ്ടു നടന്ന പത്താം ക്‌ളാസുകാര്‍ പുതിയ പ്രപഞ്ചം കാണുന്നതിങ്ങനെയൊക്കെയായിരുന്നു. ഇപ്പോഴിതു പറയാനുള്ള കാരണമെന്തെന്നു ചോദിച്ചാല്‍ ആനുകാലികങ്ങള്‍ പ്രസവിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ/ ആനുകാലിക വാര്‍ത്താധിഷ്ഠിത കഥകളുടെ ഉളുമ്പു നാറ്റം താങ്ങാനാകാത്തതുകൊണ്ടാണെന്നേ പറയേണ്ടൂ. കഴുത്തില്‍ ശരിക്കുള്ള കത്തിവന്നാല്‍ വാലും പൊക്കിയോടുന്ന ചരിത്രമേ എഴുത്തുകാര്‍ക്കുളളൂ. അല്ലെങ്കില്‍ത്തന്നെ കാലികപ്രസക്തമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരെ നമ്പാന്‍കൊളളുമോ. പിന്നെ ചടുലമായ ക്‌ളൈമാക്‌സുളള, സംഭവബഹുലമായ രംഗവര്‍ണ്ണനകളെ ചെറുകഥയായി കൊണ്ടാടുകയും ചെയ്യുന്നതു കാണുമ്പോള്‍ ഇങ്ങനെയൊക്കെ ആലോചിച്ചു പോയെന്നു മാത്രം. നിശ്ശബ്ദതകൊണ്ടും പശ്ചാത്തല സ്വരങ്ങള്‍ കൊണ്ടും സംഗീതമുണ്ടാക്കിയ ജോണ്‍കേജിയന്‍ പരീക്ഷണങ്ങളുണ്ട് (4.33) ഒരു വശത്ത് മറുവശത്ത് മാക്‌സിം ഗോര്‍ക്കി മോഡല്‍ അമ്മയുമുണ്ട്. ഏതു വേണമെങ്കിലുമെടുക്കാം. കവര്‍‌സ്റ്റോറിക്കു വേണ്ടി എളുപ്പ വഴിയില്‍ ക്രിയ ചെയ്യാതിരിക്കുന്നതായിരിക്കും നമുക്ക് വായനക്കാരോടു ചെയ്യാവുന്ന സല്‍കൃത്യം.

അവസാനമായി ഒരുവട്ടം കൂടി ജയശിലന്‍ :
“ബുദ്ധന്റെ വചനങ്ങളേക്കാള്‍ നല്ലതാണ്
ഈ പുഴുവിന്റെ നടത്ത.
എവിടെ നിന്നുമല്ല
എങ്ങോട്ടുമല്ല
ഒരു പോക്കും.
ഇതാണ്
ഇതുമാത്രമാണ്
ഇതുപോലെയാണ്
ഇത്.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ