scorecardresearch

Pedro Páramo: ഏകാന്തത, ജീവിക്കുന്നവരുടെയും മരിച്ചവരുടെയും

Pedro Páramo OTT: 'പെദ്രോ പാരമോ' സിനിമയായി രൂപം മാറുമ്പോളുള്ള എറ്റവും വലിയ വെല്ലുവിളിയും ബുനുവലിന്റെ കണ്ടെത്തൽ തന്നെയാണ് - നിഗൂഢതയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള, കാലത്തെ കീഴ്മേൽ മറിക്കുന്ന ആ യാത്ര. അതുപക്ഷേ സംവിധായകന്റേതു മാത്രമല്ല, കാഴ്ചക്കാരുടെ കൂടി വെല്ലുവിളിയാണ്." പെദ്രോ പാരമോയുടെ പരിഭാഷകനും ചിത്രകാരനും നോവലിസ്റ്റുമായ ജയകൃഷ്ണൻ എഴുതുന്നു

Pedro Páramo OTT: 'പെദ്രോ പാരമോ' സിനിമയായി രൂപം മാറുമ്പോളുള്ള എറ്റവും വലിയ വെല്ലുവിളിയും ബുനുവലിന്റെ കണ്ടെത്തൽ തന്നെയാണ് - നിഗൂഢതയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള, കാലത്തെ കീഴ്മേൽ മറിക്കുന്ന ആ യാത്ര. അതുപക്ഷേ സംവിധായകന്റേതു മാത്രമല്ല, കാഴ്ചക്കാരുടെ കൂടി വെല്ലുവിളിയാണ്." പെദ്രോ പാരമോയുടെ പരിഭാഷകനും ചിത്രകാരനും നോവലിസ്റ്റുമായ ജയകൃഷ്ണൻ എഴുതുന്നു

author-image
Jayakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pedro Paramo Jayakrishnan

Pedro Páramo OTT

‘'Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice.”

 Gabriel García Márquez, One Handred Years of Solitude

Advertisment

"Years later Father Renteria would remember the night when his hard bedhad kept him awake and driven him outside."

Juan Rulfo, Pedro Paramo

ലോകത്തിലെ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ഒന്നിന്റെ തുടക്കമാണ് മുകളിൽ കൊടുത്ത വാചകങ്ങളിൽ ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ, അതുപോലെതന്നെ പ്രശസ്തമായ മറ്റൊരു നോവലിൽ നിന്നുള്ളതും. രണ്ട് വാചകങ്ങളുടെയും ഘടനയിലുള്ള സാദൃശ്യം ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നതാണ്. എങ്കിലും ഘടനയിൽ മാത്രമേ അവ തമ്മിൽ സമാനതയുള്ളൂ. ഗബ്രിയേൽ ഗർസിയ മാർക്വേസ് ജീവിച്ചിരിക്കുന്നവരുടെ ഏകാന്തതയെപ്പറ്റിയാണ് എഴുതുന്നത്. ഹുവാൻ റൂൾഫോ മരിച്ചവരുടെ ഏകാന്തതയെപ്പറ്റിയും.

എന്നാൽ ഈ വാചകങ്ങൾ ഒരുപോലെയായത് യാദൃശ്ചികം എന്ന് കരുതുക വയ്യ. ‘കരിയിലക്കാറ്റ്’ (La Hojarasca) തുടങ്ങിയ ആദ്യത്തെ നാല് നോവലുകൾക്കു ശേഷം തുടർന്നും എഴുതാനാകാതെ താൻ പ്രതിസന്ധിയിലായതിനെയും തുടർന്ന് 1961 ല്‍ ‘പെദ്രോ പാരമോ’ വായിക്കാനിടയായത് തന്‍റെ നോവൽ സങ്കല്പത്തെ മുഴുവനായും മാറ്റിമറിച്ചതിനെയും പറ്റി മാർക്ക്വേസ് പറഞ്ഞിട്ടുണ്ട്. അല്‍വാരോ മ്യൂതീസ് എന്ന സുഹൃത്ത് വായിക്കാൻ കൊടുത്ത ആ പുസ്തകം 'ഏകാന്തതയുടെ നൂറു വർഷങ്ങളു'ടെ രചനക്ക് വളരെയധികം സഹായകമായിത്തീർന്നു. ഓർമ്മകളിലൂടെ കാലത്തെ റൂൾഫോ ആവിഷ്കരിച്ച രീതിയായിരിക്കും മാർക്ക്വേസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടാവുക. ‘നൂറു വർഷത്തെ ദൈനംദിന കഥകൾ ഒരു നിമിഷം കൊണ്ട് ഒന്നിച്ച് സംഭവിക്കുന്നതുപോലെ’യാണ് 'ഏകാന്തതയുടെ നൂറു വർഷങ്ങളി'ൽ സംഭവങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. പെദ്രോ പാരമോ വായിക്കുമ്പോളാകട്ടെ കാലം പലപ്പോഴും ഇല്ലാതായതായോ അല്ലെങ്കിൽ കാലത്തിന്റെ തുടർച്ചയറ്റതായോ തോന്നിപ്പോകും.

Advertisment

ഇപ്പോഴിതാ ഈ രണ്ട് നോവലുകൾക്കും ദൃശ്യാവിഷ്കാരം വരുന്നു. കാലം അതിന്റെ സകല നിർവചനങ്ങളെയും മറികടന്ന രണ്ടു നോവലുകളും കാലക്രമം പാലിച്ച്  കാഴ്ചക്കാർക്ക് മുന്നിലെത്തുകയാണ്. അതു കൊണ്ടുതന്നെ മാർക്ക്വേസിനോടൊപ്പം കാർലോസ് ഫ്വേന്തസ്സിനെയും  ഒക്ടേവ്യോ പാസിനെയും ലാറ്റിനമേരിക്കൻ സാഹിത്യത്തെ അപ്പാടെയും സ്വാധീനിച്ച, ഇപ്പോഴും സമയാതീതമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ‘പെദ്രോ പാരമോ‘യെപ്പറ്റി ഒരിക്കൽ കൂടി ഓർക്കാവുന്നതാണ്.

നിശബ്ദതയുടെ പുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് ‘പെദ്രോ പാരമോ’. സംഭാഷണങ്ങളിലും സംഭവങ്ങളിലും സ്വപ്നാടനങ്ങളിലും നിറയുന്ന നിശബ്ദതയിലൂടെ ഈ പുസ്തകം വായനക്കാരെ പരലോകങ്ങളിലേക്ക് ആനയിക്കുന്നു. അതുകൊണ്ടായിരിക്കാം റൂൾഫോ ഇങ്ങനെ പറഞ്ഞത്:

 '’എന്റെ ജീവിതത്തിൽ അനേകം മൗനങ്ങളുണ്ട്; എന്റെ എഴുത്തിലും.”

മെക്സിക്കോയിലെ ഹാലിസ്കോ പ്രവിശ്യയിൽ 1918 ൽ ജനിച്ച ഹുവാൻ റൂൾഫോ 1955 ലാണ് തന്നെ ലോകപ്രശസ്തനാക്കിയ എന്ന നോവൽ പ്രസിദ്ധീകരിച്ചത്. സാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചത് അയൽക്കാരനായിരുന്ന ഹുവാന്‍ ഹോസേ അറിയോള, ഗ്വാദലഹാറ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്നപ്പോൾ പരിചയപ്പെട്ട ഗോൺസാലെസ് ദുറാൻ തുടങ്ങിയ എഴുത്തുകാരായിരുന്നു.

1925ലെ ക്രിസ്റ്ററോസ് യുദ്ധത്തിൽ റൂൾഫോയുടെ അച്ഛൻ കൊല്ലപ്പെട്ടു. പഠനത്തിന് ശേഷം സെക്രട്ടറിയേറ്റിൽ ഗുമസ്തന്റെ ഉദ്യോഗം സ്വീകരിച്ച അദ്ദേഹം പിന്നീട് കുറേക്കാലം ടയർ വ്യാപാരത്തിലൂടെയാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയത്.  നിദ്രയില്ലായ്മാ രോഗം ബാധിച്ചിരുന്ന അദ്ദേഹം ദിവസത്തിൽ രണ്ടു പുസ്തകങ്ങളെങ്കിലും വായിക്കുമായിരുന്നു.

ഏതാണ്ട് പതിനാറ് വർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് 'പെദ്രോ പാരമോ.' തുടക്കത്തിൽ ഇരുന്നൂറ്റിയൻപതോളം  പുറങ്ങൾ ഉണ്ടായിരുന്ന ഈ നോവൽ നിരന്തരം മാറ്റിയെഴുതി അദ്ദേഹം പകുതിയാക്കിച്ചുരുക്കി.  അങ്ങനെ അത് 'നിശബ്ദതയും പൊട്ടിയ കഥാതന്തുക്കളും കാലമല്ലാത്ത കാലവും‘ ചേർന്നുണ്ടായ ഘടനയോട് കൂടിയ മഹത്തായ ഒരു കൃതിയായിത്തീർന്നു.

Pedro Paramo Jayakrishnan

ഹുവാൻ പ്രെസിയാദോ എന്നയാൾ തന്‍റെ അമ്മയുടെ അന്ത്യാഭിലാഷമനുസരിച്ച്, അച്ഛനായ  പെദ്രോ പാരമോയെ തേടി കൊമാല എന്ന ഗ്രാമത്തിലെത്തുന്നതാണ് നോവലിന്റെ തുടക്കം. പെദ്രോ പരാമോ മരിച്ചുപോയെന്നും തന്നോട് സംസാരിക്കുന്നവരെല്ലാം മരിച്ച ആളുകളാണെന്നും അയാൾ മനസ്സിലാക്കുന്നു. വൈകാതെ ഹുവാൻ പ്രെസിയാദോയും മരിക്കുന്നു. മരിച്ചവരുടെ സംഭാഷണങ്ങളിലൂടെ, ആത്മഗതങ്ങളിലൂടെ പാരമോയുടെ ക്രൂരത നമ്മൾ അറിയുന്നു. അവരുടെയെല്ലാം - ആ ഗ്രാമത്തിന്റെ തന്നെയും - മരണത്തിനു കാരണം അയാളാണ്. പെദ്രോ പാരമോയുടെ മരണമാകട്ടെ ഭയാനകവും അവ്യക്തത നിറഞ്ഞതുമാണ്. തന്റെ അവിഹിതബന്ധങ്ങൾ ഒന്നിൽ നിന്നുണ്ടായ അബുൻദിയോ മാർത്തീനസ് എന്ന മകൻ പാരമോയെ കുത്തിക്കൊല്ലുന്നതായി നോവലിൽ ഒരിടത്ത് പറയുന്നു. നോവലിന്റെ അന്ത്യത്തിൽ അയാൾ ഒരു കൽക്കൂമ്പാരം പോലെ ചിതറി പോകുന്നതും നമ്മൾ കാണുന്നു.

ലോകസാഹിത്യത്തിലെ ഒരു പ്രധാനസംഭവമായി പരിഗണിക്കപ്പെടുന്ന ഈ നോവലിനു ശേഷം  ‘പർവ്വതനിരകൾ‘  (La Cordillera) എന്ന ഒരു നോവൽ കൂടി എഴുതിയെങ്കിലും പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ അത് അദ്ദേഹം നശിപ്പിച്ചു കളയുകയാണ് ഉണ്ടായത്. പിന്നീട് അദ്ദേഹം ഫോട്ടോഗ്രാഫിയിലേക്കും തിരക്കഥാ രചനയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്‍റെ  ഫോട്ടോഗ്രാഫുകൾ ‘അധോലോകം’ (Inframundo) എന്ന പേരിൽ  പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാലത്തിൻറെ തുടർച്ചയില്ലായ്മയാണ് ‘പെദ്രോ പാരമോ‘യുടെ സവിശേഷത എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി തുടക്കത്തിൽ കാലക്രമം പാലിച്ചു കൊണ്ടാണ് റൂൾഫോ  ഈ നോവൽ എഴുതിയത്. മരിച്ചവർ കഥാപാത്രങ്ങളാകുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ സമയങ്ങളിലൂടെ കഥ പറയുന്നത് ശരിയാവില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഒരിക്കൽ, കാർലോസ് വെയോ ഈ നോവൽ അതിലെ കാലത്തിനനുസരിച്ച് കൂട്ടിയിണക്കിയതിനെപ്പറ്റി മാർക്കേസ് എഴുതിയിട്ടുണ്ട് അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് തികച്ചും വ്യത്യസ്തമായ ഒരു പുസ്തകമായിരുന്നു. വിരസവും പരസ്പരബന്ധം ഇല്ലാത്തതുമായ ഒരു രചന. എഴുത്തുകാരൻ തീർത്തും അപ്രത്യക്ഷനാകുന്ന ഒരു നോവൽ കൂടിയാണ് ‘പെദ്രോ പാരമോ.‘ റൂൾഫോയുടെതായ ഒരഭിപ്രായവും ഈ നോവലിൽ ഇല്ല. കഥാപാത്രങ്ങളെ അദ്ദേഹം സ്വതന്ത്രരാക്കി വിടുന്നു. സത്യത്തിൽ തന്റെ കഥാപാത്രങ്ങളെ പോലെ തന്നെയായിരുന്നു അദ്ദേഹവും. മൗനിയും അന്തർമുഖനും സ്വപ്നാടകനുമായ ഒരു അദൃശ്യമനുഷ്യൻ.

‘പെദ്രോ പാരമോ‘യിലെ  കൊമാല എന്ന ഗ്രാമം പക്ഷേ റൂൾഫോയുടെ സങ്കല്പം മാത്രമാണ്. വാസ്തവത്തിൽ മെക്സിക്കോയിൽ കൊമാല എന്ന ഒരു സ്ഥലമുണ്ട്. എന്നാൽ അത് ‘ഭൂമിയുടെ തീക്കനലുകൾക്കു മീതെ, നരകത്തിന്റെ വായിൽ’ സ്ഥിതിചെയ്യുന്ന ചുട്ടുപൊള്ളുന്ന ഒരു പ്രദേശമല്ല. മറിച്ച് ഊഷ്മളമായ കാലാവസ്ഥയും കാപ്പിച്ചെടികളുടെ തണലിലെ വെള്ളപൂശിയ വീടുകളുമുള്ള, ജനങ്ങൾ നിറഞ്ഞ ഒരിടമാണ്.

നോവലിലെ ദൊളോറെസ് പ്രെസിയാദോ എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലെ കൊമാല പോലുള്ള ഒരിടം. ഒരിക്കൽ സമ്പന്നമായിരുന്നതും മെക്സിക്കൻ പ്രസിഡണ്ടായിരുന്ന പൊർഫീരിയോ ദിയാസിന്റെ -പെദ്രോ പാരമോ എന്ന കഥാപാത്രത്തിന്റെ മാതൃക ഇയാളായിരിക്കണം - ഏകാധിപത്യത്തിൽ പിന്നീട് തകർന്നടിഞ്ഞതും ജനങ്ങൾ തൊഴിൽ തേടി നഗരങ്ങളിലേക്ക് കുടിയേറിയതും കാരണം വിജനമായിത്തീർന്നതുമായ അനേകം ഗ്രാമങ്ങളിൽ ഒന്നായിരിക്കാം റൂൾഫോയുടെ മനസ്സിൽ.

ഒരു അഭിമുഖത്തിൽ റൂൾഫോ പറയുന്നു: '’അനേകം വർഷങ്ങൾ ഞാൻ ഈ നോവൽ മനസ്സിൽ കൊണ്ടുനടന്നു ഒരിക്കൽ ജനിച്ചുവളർന്ന ആ പട്ടണത്തിലേക്ക് ഞാൻ തിരിച്ചുപോകാനിടയായി. അവിടം വിജനമായിരുന്നു. എട്ടും പത്തും വാതിലുകളുണ്ടായിരുന്ന കെട്ടിടങ്ങളൊക്കെയും അടച്ചുപൂട്ടിയിരുന്നു. ഒരു രാത്രി ഞാനവിടെ തങ്ങി. കാറ്റടിച്ചു കൊണ്ടിരുന്നു. ആരോ വഴിവക്കിൽ നട്ടുവളർത്തിയിരുന്ന കാറ്റാടിമരങ്ങൾ കാറ്റിനൊപ്പം അലറുകയും ഓരിയിടുകയും ചെയ്തു. അപ്പോഴായിരുന്നു കൊമാലയിലെ ഏകാന്തത എന്തെന്ന് എനിക്കു  മനസ്സിലായത്.”

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ കഥാപാത്രങ്ങൾ സംസാരിക്കുന്നത് മർമ്മരം പുറപ്പെടുവിക്കുന്നതുപോലെയാണ്. അടക്കിയ സ്വരത്തിൽ, സ്വയം സംസാരിക്കുന്നതുപോലെ. മരിച്ചുപോയ മരങ്ങളിലെ ഇലകൾ മനുഷ്യ ശബ്ദങ്ങളോടൊപ്പം മർമരമുണ്ടാക്കുന്നു. മർമരങ്ങളാണ് തന്നെ കൊന്നതെന്ന് ഹുവാൻ പ്രെസിയാദോ എന്ന കഥാപാത്രം പറയുന്നു. ആദ്യം ഈ നോവലിന് റൂൾഫോ നൽകാൻ ഉദ്ദേശിച്ചിരുന്ന പേരും മർമ്മരങ്ങൾ (Los Murmullos) എന്നായിരുന്നു. നിമന്ത്രണങ്ങൾകൊണ്ടേ തീവ്രവേദനയും പശ്ചാത്താപവും അനുഭവിക്കുന്ന തന്റെ കഥാപാത്രങ്ങളുടെ വിചാരങ്ങൾ ആവിഷ്കരിക്കാനാവൂ എന്ന് റൂൾഫോ എന്ന കരുതിയിട്ടുണ്ടാവാം.

'’നമ്മൾ എന്തുകൊണ്ടാണ് മരിക്കുന്നതെന്ന് ഞാൻ ചോദിക്കുന്നില്ല.” റൂൾഫോ പറയുന്നു. '’ പക്ഷേ, എന്താണ് നമ്മുടെ ജീവിതത്തെ ഇത്രയും ദുരിതം നിറഞ്ഞതായിത്തീർക്കുന്നതെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്. ആ ചോദ്യം ‘പെദ്രോ പാരമോ‘യിൽ കേൾക്കുന്നില്ലെന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാലങ്ങനെയല്ല, കഷ്ടതയെക്കുറിച്ചും അതിൻറെ എല്ലാ അർത്ഥതലങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഞാൻ അതിൽ എഴുതിയിരിക്കുന്നത് .”

സിനിമയുടെ ലോകവും റൂൾഫോയ്ക്ക് അന്യമായിരുന്നില്ല. ഏറ്റവും മഹത്തായ മെക്സിക്കൻ സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന 'The Golden Cockerel'ൻ്റെ തിരക്കഥ റൂൾഫോ രചിച്ചതാണ്. റൊബെർത്തോ ഹവൽദോൺ സംവിധാനം ചെയ്ത ഈ സിനിമയുടെ രചനയിൽ മാർക്ക്വേസും ഫ്വേന്തസും റൂൾഫോയെ സഹായിക്കുകയുണ്ടായി. പിന്നീട് ഒരു ടെലിവിഷൻ സീരിയലായും ഈ രചന രൂപം മാറിയിട്ടുണ്ട്.

പല മഹാന്മാരായ ചലച്ചിത്രകാരന്മാരെയും ആകർഷിച്ച ഒരു പുസ്തകമാണ്  ‘പെദ്രോ പാരമോ.‘ ഈ നോവൽ സിനിമയാക്കുക എന്നതാണ് തന്റെ  ഏറ്റവും വലിയ ആഗ്രഹമെന്ന് മഹാനായ മെക്സിക്കൻ സിനിമാ സംവിധായകർ  ലൂയി ബുനുവെൽ പറഞ്ഞിട്ടുണ്ട്:  '’നിഗൂഢതയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള റൂൾഫോയുടെ വാക്യങ്ങളുടെ സഞ്ചാരമാണ് എന്നെ ആകർഷിക്കുന്നത്. അവ തമ്മിൽ യാതൊരു വേർതിരിവും ഇല്ല.” പക്ഷേ ബുനുവെൽ ഈ നോവൽ സിനിമയാക്കിയില്ല. എങ്കിലും 1967ൽ  കാർലോസ് വെയോയും 1978ൽ ‘'മെദിയ ലൂനയിലെ മനുഷ്യർ‘ എന്ന പേരിൽ ഹോസേ ബൊളാഞ്യോയും ‘പെദ്രോ പാരമോ‘യെ ചലച്ചിത്രമാക്കി.

‘പെദ്രോ പാരമോ‘ സിനിമയായി രൂപം മാറുമ്പോളുള്ള എറ്റവും വലിയ വെല്ലുവിളിയും ബുനുവലിന്റ‌‌െ കണ്ടെത്തൽ തന്നെയാണ് - നിഗൂഢതയിൽ നിന്ന്  യാഥാർത്ഥ്യത്തിലേക്കുള്ള, കാലത്തെ കീഴ്മേൽ മറിക്കുന്ന ആ യാത്ര. അതുപക്ഷേ സംവിധായകന്റേതു മാത്രമല്ല, കാഴ്ചക്കാരുടെ കൂടി വെല്ലുവിളിയാണ്.

മെക്സിക്കോയിലെ മഹാകവിയായ ഒക്ടോവിയോ പാസ് ആണ് ഒരുപക്ഷേ ‘പെദ്രോ പാരമോ‘യെ ഏറ്റവും സൂക്ഷ്മമായി വിലയിരുത്തിയിട്ടുള്ളത്. Alternating Current  എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതി:  ഞങ്ങളുടെ ഭൗതികമായ ചുറ്റുപാടുകളെ സംബന്ധിച്ച് ഒരു പ്രതീകം നൽകാൻ കഴിഞ്ഞിട്ടുള്ള ഒരേയൊരു നോവലിസ്റ്റ് ഹുവാൻ റൂൾഫോ ആയിരിക്കും. ഒരു ഇമ്പ്രഷനിസ്റ്റ് പെയിൻ്റിംഗോ യഥാർത്ഥമായ ചിത്രീകരണമോ അല്ല അദ്ദേഹം നൽകുന്നത്; തൻറെ ഭൂതോദയങ്ങൾക്കും സ്വകാര്യവ്യാമോഹങ്ങൾക്കും കല്ലിലും പൊടിയിലും മരുഭൂമിയിലും മണലിലും അദ്ദേഹം ആകാരം കൊടുക്കുന്നു. * പെദ്രോ എന്ന പേര് പോലും പ്രതീകാത്മകമാണ്; പെദ്രോ- പീറ്റർ,  പാറ,  സ്ഥാപകൻ, രക്ഷിതാവ്, സ്വർഗ്ഗത്തിന്റെ താക്കോൽസൂക്ഷിപ്പുകാരൻ - മരിച്ചിരിക്കുന്നു. പണ്ട് അയാളുടെ സ്വർഗ്ഗമായിരുന്നിടം ഇപ്പോൾ ഒരു തരിശുഭൂമിയാണ് ദാഹവും വരൾച്ചയും നിഴലുകളുടെ കരിഞ്ഞ നിമന്ത്രണങ്ങളും നിറഞ്ഞ, ആശയവിനിമയം തീർത്തും പരാജയപ്പെടുന്ന ഒരിടം. റൂൾഫോയുടെ  ഈ ലോകത്തെ കുറിച്ചുള്ള ദർശനം യഥാർത്ഥത്തിൽ പരലോകത്തെ കുറിച്ചുള്ളതാണ്.”

‘പെദ്രോ പാരമോ‘യുടെ  അന്ത്യത്തിൽ നമ്മൾ കാണുന്നതും അതുതന്നെ; താൻ നിർമ്മിച്ച തരിശുനിലത്തിൽ പെദ്രോ പാരമോ തകർന്നു കിടക്കുന്നു: ഒരു കൽക്കൂമ്പാരം പോലെ.

* Pedro എന്ന വാക്കിന് സ്പാനിഷിൽ പാറ എന്നും Paramo എന്നതിന് തരിശുനിലം എന്നും അർത്ഥമുണ്ട്.

ജയകൃഷ്ണന്റെ മറ്റു രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

Netflix OTT Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: