/indian-express-malayalam/media/media_files/uploads/2022/12/m-s-subbulakshmi-death-anniversary-feature-729700.jpg)
താഴെ കുന്നുകള്‍ക്കും താഴ്‌വാരങ്ങള്‍ക്കും മീതെ വെളിച്ചത്തിന്റെ ആദ്യരശ്മി എത്തിയിരുന്നില്ല. ഇരുട്ട് അതിന്റെ പഴഞ്ചന്‍ പുതപ്പിട്ട് മൂടിയ മണ്ണില്‍ നിന്നും അതിരാവിലെയായിരുന്നു ആ വിമാനം പൊങ്ങിയത്. അനേകായിരം അടിയിലേക്ക് അതുയര്‍ന്നു. അന്നേരം, മനസ്സിലൊന്നുമുണ്ടായിരുന്നില്ല, കണ്ണില്‍ കനം തൂങ്ങി നില്‍ക്കുന്ന ഉറക്കമല്ലാതെ.
പൊടുന്നനെ ഭൂമി അതിന്റെ ഉടുപ്പു മാറി. ഇരുട്ടിന്റെ മേലുടുപ്പഴിച്ച് വെളിച്ചത്തിന്റെ അനേകം തൊങ്ങലുകളുള്ള ഗൗണ്‍ എടുത്തണിഞ്ഞു. കിഴക്ക് നിന്നും പതഞ്ഞു പൊന്തിയ സൂര്യന്‍ വെളിച്ചക്കെകള്‍ നീട്ടി പ്രകൃതിയെ മാറ്റിവരയ്ക്കാന്‍ തുടങ്ങി. മുന്നിലിപ്പോള്‍, മഞ്ഞവെളിച്ചം പരന്നൊഴുകുന്ന ജലാശയം പോലെ വാനം. നൂറായിരം അലകളിളകുന്ന പാല്‍ക്കടല്‍ പോലെ മേഘചാരുത. സുവര്‍ണം, നിശ്ശബ്ദം, അനന്തം.
'കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ,
ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം'
അന്നേരം മറ്റൊരു വരിയും മനസ്സില്‍ നിറഞ്ഞില്ല, എം.എസ്. സുബ്ബുലക്ഷ്മിയുടെ സൂര്യരേണുക്കള്‍ തുടിക്കുന്ന സ്വരമാധുര്യമല്ലാതെ. മറ്റൊന്നും ചെവിയില്‍ നിറഞ്ഞില്ല. ആദിമധ്യാന്തമില്ലാത്ത പ്രപഞ്ചത്തിലൂടെ, ജലം ചാലിക്കുമ്പോള്‍ കടുംമഞ്ഞ ചായം വിടരും പോലെ, ആ ശബ്ദം ഒഴുകി വരുന്നു. പര്‍വ്വതങ്ങളിലും താഴ്‌വരകളിലും അമ്പലമുറ്റത്തും വീടകങ്ങളിലും തെരുവോരത്തും മനസ്സിലും മറ്റൊന്നില്ല. ലോകമുണരുന്നതേ ഈ ദിവ്യനാദത്തിലാണെന്ന് തോന്നുന്ന അതീതാനുഭവം. മനുഷ്യനും ദേവതയും ചെടിയും മരവും മൃഗവും കാതോര്‍ത്തിരിക്കെ, എം.എസ്. പാടുന്നു. ഭൂമിയാകെ ഉണരുന്നു.
വരും കാലങ്ങള്‍ക്കുള്ള പാട്ടുവിത്തുകള്‍
2004 ഡിസംബറില്‍, സ്വന്തം സ്വരം എന്നേക്കുമായി ഭൂമിയിലെ വിടര്‍ന്ന കാതുകള്‍ക്ക് മേല്‍ അടക്കം ചെയ്ത് അവര്‍ അനന്തകാലങ്ങള്‍ക്കപ്പുറത്തേക്ക് യാത്ര പോയി, ആ മന്ത്രസ്വരം കാലാതീത സാന്നിധ്യമായി ഭൂമിയെ പുണര്‍ന്നു നിന്നു. പ്രാര്‍ത്ഥനയായും അര്‍പ്പിതമായ പുഷ്പങ്ങളായും പറഞ്ഞു തീര്‍ക്കാത്ത സങ്കടമായും ചെപ്പിലൊളിപ്പിച്ച പ്രണയമായും നമ്മളിലാഴത്തില്‍ അനേകം പാട്ടുകള്‍ നട്ടുവളര്‍ത്തി എം.എസ്. അതിശയങ്ങളുടെ അഗാധതയാണ് പാട്ടിന്റെ ഈ അമ്മ ബാക്കിവെച്ചത്.
എം.എസ് പാടിയ ഏതു പാട്ടാണ് ഏറ്റവും പ്രിയം എന്ന് ആലോചിക്കാത്തവരുണ്ടാകില്ല. ആര്‍ക്കുമൊരിക്കലും അതലിനുത്തരം പറയാനുമാവില്ല. കാരണം, അത്, പിറന്ന രൂപത്തില്‍ നില്‍ക്കുന്നേയില്ല. പല മനുഷ്യരില്‍ പല പൂക്കളായി അത് മുളച്ചു പൊങ്ങുന്നു. പല കാലങ്ങളില്‍, പല ദേശങ്ങളില്‍ വ്യത്യസ്തമായ മനുഷ്യാനുഭവങ്ങള്‍ അവയെ പലതായി ആഗിരണം ചെയ്യുന്നു. പാട്ടിന്റെ മാന്ത്രികതയായി ഉള്ളാലേ അറിയുന്നു.
ആ നാദബ്രഹ്മം എന്നും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഉള്ളാകെ നിറഞ്ഞ പുതിയ പുതിയ ഭാവങ്ങളില്‍ പുനര്‍ജനിക്കുന്നത്. 'ശ്രീ രങ്കപുരവിഹാര'-വൃന്ദാവനസാരംഗയുടെ ഇഴകളിലൂടെ ദീക്ഷിതര്‍ സൃഷ്ടിച്ച പെര്‍ഫക്ട് കൃതി. അത് അതുക്കും മേലെ മറ്റൊരു തലത്തിലേക്ക് എത്തിച്ച സൂപ്പര്‍ പെര്‍ഫക്ഷനാണ് എം.എസ്. ശ്രീരംഗത്തെ മഹാഗോപുരങ്ങളുടെ മൗനവും ഔന്നത്യവും മാത്രമല്ല ആദിമ സ്മൃതികളും, നമ്മളില്‍ ചന്ദനഗന്ധം പോലെ നിറക്കുന്ന ഈ കീര്‍ത്തനം സുബ്ബലക്ഷ്മിയോളം മനോഹരമായി മറ്റാരും ആലപിച്ചിട്ടില്ല. മധുര മീനാക്ഷിയെ തഴുകിയുണത്തുന്ന മീനാക്ഷീ സുപ്രഭാതവും ആ മഹാക്ഷേത്രത്തിന്റെ സ്വപ്‌നാഭമായ വിസ്താരങ്ങളിലേക്ക് വിശ്വാസത്തിന്റെ ആഴക്കലക്കങ്ങളോടെ അതു കൊണ്ടു പോകുന്നു. സുബ്ബുലക്ഷ്മിയുടെ ഈണം മൃദുവായി ചെന്നുതൊടുമ്പോള്‍ നീള്‍കണ്ണുകള്‍ താനേ തുറക്കും, ലോകത്തെ അത് കരുണയോടെ കാണും.
ഭക്തിയ്ക്കുമപ്പുറം പടരുന്ന ജീവസംഗീതം
കര്‍ണാടക സംഗീതത്തിന്റെ പാരമ്പര്യവഴികളിലൂടെ, ചിട്ടകള്‍ നിബദ്ധമാക്കിയ അവതരണ ശൈലിയിലൂടെ സഞ്ചരിക്കുമ്പോഴും ഏറെ പ്രത്യേകതകളോടെ പരീക്ഷണങ്ങളും അതിനുമപ്പുറം ആ രാഗത്തിനും കൃതിക്കും അന്തരാര്‍ത്ഥങ്ങളും നല്‍കുന്ന മഹാഗായികയായിരുന്നു അവര്‍. ആഭേരിയിലെ 'നഗുമോ' ഭക്തിയുടെ പാരമ്യം തന്നെയാണ്, തര്‍ക്കമില്ല. എങ്കിലും കണ്ണുനീര്‍ നിറഞ്ഞ കണ്ണുകളുടെ കോണില്‍ വിടരുന്ന ചെറുചിരിയോടെയാണ് അവര്‍ ചോദിച്ചത്, 'അല്ലയോ രഘുവരാ, നിന്റെ പുഞ്ചിരിക്കുന്ന മുഖം ഒരുവട്ടം പോലും കാണാനാകാതെ ഉഴലുന്ന എന്നെ ഒന്നു വന്നു കാണാമായിരുന്നില്ലെ?'
കാപ്പിരാഗത്തില്‍ ഭക്തി മാത്രമേയുള്ളൂ എന്ന് പുരന്ദരദാസന്‍ തന്റേതായ രീതിയില്‍ തെളിയിച്ച 'ജഗദോദ്ധാരണ' എന്ന അതിമനോഹരമായ വരികള്‍ എം.എസ് ആലപിക്കുമ്പോള്‍ കുഞ്ഞുകൃഷ്ണന്റെ പൂപോലത്തെ തോളില്‍ മുഖം ചേര്‍ത്തും ഉമ്മ വെച്ചും ചേര്‍ത്തു പിടിക്കുന്ന അമ്മയായി മാറാത്ത ആരെങ്കിലുമുണ്ടാകുമോ? 'കുറയോന്റ്രും ഇല്ലൈ മറയ് മൂർത്തി കണ്ണാ'യെ കുറിച്ചെഴുതാന്‍ വാക്കുകള്‍ വിസമ്മതിക്കുന്നത് അത്രയേറെ ആഴത്തില്‍ അതുള്ളില്‍ നിറയുന്നത് കൊണ്ടു തന്നെയാണ്.
അവരുടെ അതുല്യമായ, അമ്പലമണി പോലുള്ള സ്വരവും പൂങ്കാറ്റുതിരുന്ന ആലാപനശൈലിയും ഭാവങ്ങളുടെ അപാരലോകങ്ങളും കടലാഴം പോലുള്ള അഗാധതയും ചേര്‍ന്ന് കര്‍ണാടക സംഗീതത്തെ എത്രയോ ഉയരങ്ങളിലേക്ക് കൊണ്ടു പോയി. ഒരു ജന്‍മം മുഴുവന്‍ കേള്‍ക്കാനും പഠിക്കാനും എഴുതാനും ഇടമുണ്ട്, പാട്ടുകളുടെ ഈ വിശാലസ്ഥലികളില്‍.
മീരയായി പരകായപ്രവേശം ചെയ്തു എം.എസ്, വെള്ളിത്തിരയിലും സംഗീതത്തിലും. മരുഭൂമിയുടെ മകളുടെ സംഗീതവും പ്രണയവും ഭക്തിയും മധുരയുടെ മകളുടെ ചെന്തമിഴിലേക്ക് അലിഞ്ഞു ചേര്‍ന്നതാണ് സുബ്ബുലക്ഷ്മിയുടെ മീരാഭജന്‍സ്. പണ്ടേതോ കാലത്ത് ദൂരദര്‍ശനില്‍ അവര്‍ പാടിയ ഒരു മീരാ ഭജന്‍ ഓര്‍മയിലുണ്ട്. മഞ്ഞപ്പട്ടുടുത്ത് കണ്ണടച്ചിരിക്കുന്ന സുന്ദരരൂപം. 'മീര നിന്റെ ദാസിയല്ലേ കൃഷ്ണാ, ഒന്നു വരൂ പ്രിയനേ' എന്ന് എം.എസ് പാടുമ്പോള്‍ കണ്ണന്‍ വരാതെന്തു ചെയ്യാന്‍! ആ പാട്ടുകേട്ടിരുന്നു പോവാതെന്തു ചെയ്യാന്‍! മീരയായി അവര്‍ സ്‌ക്രീനിലെത്തിയത് മറക്കാനാവുമോ? താമരമൊട്ടുപോലുള്ള ആ മുഖം, തെളിനീരുറവപോലുള്ള ആ ഭജനുകള്‍. അത്ര അലൗകികമായിരുന്നു ആ സിനിമാനുഭവം.
/indian-express-malayalam/media/media_files/uploads/2022/12/enjoy-1.jpg)
പച്ചമനുഷ്യന്റെ പരിണാമഗാഥകള്‍
1920 -കളില്‍ തുടങ്ങിയ ഒരു കലാജീവിതവും പൊതു ജീവിതവുമാണ് എം.എസിന്റേത്. ചെറുപ്പത്തില്‍, ഏതെല്ലാം കയറ്റിറങ്ങളിലൂടെയാവും അവർ കടന്നു പോയിട്ടുണ്ടാവുക. യാഥാസ്ഥികത്വം നിറഞ്ഞ സമൂഹവും ചുറ്റുപാടുകളും ഒരു വശത്ത്. മാറുന്ന കാലത്തിന്റെ, അധിനിവേശ ശക്തികളില്‍ നിന്നും ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ സര്‍വ്വതും ത്യജിച്ച് പോരാടുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ അലയടികള്‍ മറുവശത്ത്. അകത്തും പുറത്തും കലയുടെ, ഉപാസനയുടെ ലോകം. ചെറുപ്പമായിരുന്ന സുബ്ബുലക്ഷ്മി എത്രയോ കഠിനവഴികള്‍ താണ്ടിയാണ് ഓരോ ചുവടും വെച്ചത്. പ്രണയം , സിനിമ, കുടുംബം, സംഗീതം, ലൈംലൈറ്റ് നല്‍കുന്ന അസ്വാതന്ത്യം - ഇതൊന്നും അവരിലെ സ്ത്രീയെ തളര്‍ത്തിയില്ല, പകരം തളിര്‍ നിറച്ചു. കാലമാവട്ടെ, ആ പുഞ്ചിരി മായാതെ കാത്തു. അത് കര്‍ണാടക സംഗീതത്തിന് പുതുജീവനായി. ഒരു കാലത്തിന്റെ മഹാഭാഗ്യവും.
എം.എസ്, ഡി.കെ. പട്ടമ്മാള്‍, എം.എല്‍.വി, ബാലസരസ്വതി… ആ കാലഘട്ടത്തിലെ ഈ അതുല്യകലാകാരികളുടെ ഇണക്കവും പിണക്കവും മത്സരവും എല്ലാം കലയില്‍ വിലയിച്ചു. വിജയത്തിന്റെയും കലയുടെയും അംഗീകാരത്തിന്റെയും കയറ്റിറക്കങ്ങള്‍ക്കിടയില്‍ അമ്മയെയും സഹോദരിയെയും അവരുടെ പാട്ടുവഴികളെയും ഓര്‍ത്ത് എം.എസ് കരഞ്ഞിട്ടുണ്ടാവുമോ? അനേകം ഓര്‍മകളില്‍, നഷ്ടബോധങ്ങളില്‍ മുറിവേറ്റിട്ടുണ്ടാകുമോ അവര്‍ക്ക്? സദാശിവം -എം.എസ് ബന്ധം പ്രണയമോ അതോ നല്ലൊരു മാനേജരും കലാകാരിയും തമ്മിലുള്ളതോ, അതോ പിതാവും മകളും പോലെയോ, ഇതെല്ലാം ചേര്‍ന്നതോ? മനസ്സുചാഞ്ഞ ഏതെങ്കിലും പ്രിയതരമായ മുഖമോര്‍ത്ത് അകമേ പിടഞ്ഞിരുന്നോ ഇവര്‍?
എം.എസ് ബ്ലൂ എന്നൊരു നിറമുണ്ട്. അവര്‍ക്കായി മധുരയിലെ ഒരു നെയ്ത്തുകാരന്‍ ഇഴചേര്‍ത്ത സ്നേഹപ്പട്ട്. ഈ നിറം, അത് പച്ചയോ നീലയോ രണ്ടും ചേര്‍ന്നതോ എന്ന് ഇതു വരെ വ്യക്തമായിട്ടില്ല! അത്ര മനോഹരമാണത്. എം.എസിനെ, പതിനെട്ടു മുഴം ചേലയിലും വൈര കമ്മലിലും മൂക്കുത്തിയിലും വലിയ ചുവന്ന പൊട്ടിലും പിച്ചിപ്പൂവിലും സര്‍വ്വൈശ്വര്യ സ്വരൂപിണിയായി കാണുമ്പോള്‍, സത്യജിത് റേയുടെ 'ദേവി' എന്ന സിനിമയാണ് ഓര്‍മ വരിക.
സുബ്ബുലക്ഷ്മിയെ നമ്മള്‍ സരസ്വതിയും ലക്ഷ്മിയും ഗൗരിയുമായി കുടിയിരുത്തി ആരാധിച്ചു. ജീവിതത്തെ വെല്ലുവിളിക്കുന്ന, സിഗററ്റു പുകച്ച് സിനിമാസെറ്റില്‍ പൊട്ടിച്ചിരിക്കുന്ന, വേദികളില്‍ മിന്നല്‍പിണരു പോലെ തിളങ്ങുന്ന, നല്ല കാപ്പി ഉണ്ടാക്കുന്ന, സന്ധ്യക്ക് വിളക്കു വെച്ച് ഉമ്മറത്തു കാത്തു നില്‍ക്കുന്ന അമ്മയെ- സഹോദരിയെ- ഭാര്യയെ- പ്രണയിനിയെ -മകളെ -സ്ത്രീയെ കണ്ടില്ലെന്നു നടിച്ചു, സര്‍വ്വരും. പകരം എം.എസ് എന്ന സുവര്‍ണ വിഗ്രഹത്തെ നാം ഉള്ളില്‍ പ്രതിഷ്ഠിച്ചു, പൂജിച്ചു, അതിപ്പോഴും തുടരുന്നു. ആ സംഗീതത്തിന്റെ അടരുകളില്‍ നിന്നും പടര്‍ന്ന് തുളുമ്പിയ ജീവസംഗീതത്തിന്റെ വൈകാരികവും പ്രണയഭരിതവുമായ പെണ്ണാകാശങ്ങളെ വകഞ്ഞു മാറ്റി ഭക്തിയെ മാത്രം ഉള്ളിലേക്കെടുത്തു.
പാട്ടുറവകളില്‍ നിന്നുയരുന്ന അതീതാനുഭവങ്ങള്‍
എം.എസ് ജീവിതത്തിന്റെ സുപ്രഭാതമാണ്, ശുഭകരമായ സാന്നിധ്യമാണ്, ഭക്തിയുടെ നമ്രതയാണ്, പ്രണയത്തിന്റെ വൈരത്തിളക്കമാണ്, അഗാധശാന്തതയുടെ മുല്ലപ്പൂവാണ്. ഇങ്ങനെ ഒരു സ്ത്രീ ഒരു രാജ്യത്തിന്റെ മണ്ണില്‍ ഒരിക്കലേ പിറക്കൂ. വലിയൊരു പുണ്യം ഒരു വ്യക്തിയായി മാറുന്നത്, ഒരു തുടര്‍ച്ചയും പിറവിയുമാകുന്നത് എങ്ങിനെയെന്നു തെളിയിക്കുന്നു ഈ പാട്ടു ജീവിതം.
എം.എസിന്റെ ജീവിതവും പാട്ടും ടി.ജെ.എസ് ജോര്‍ജും കേശവ് ദേശിരാജുവും അതിമനോഹരമായും അതിവിശദമായും എഴുതിയിട്ടുണ്ട്. അതിലപ്പുറം കൃത്യവും വ്യക്തവുമായി, അതു പോലൊരു ജീവിതവും കലയും ഡോക്യുമെന്റ് ചെയ്യാനുമാവില്ല. എങ്കിലും നമുക്കോരോരുത്തര്‍ക്കുമായി, അതാത് നേരങ്ങളിലെ പ്രത്യേക ജീവിതാനുഭങ്ങളായി, സംഗീതത്തിനു മാത്രമാവുന്ന മാന്ത്രികാനുഭവമായി എം.എസ് വീണ്ടും വീണ്ടും പുനര്‍ജനിക്കും. അവരിലെ സ്ത്രീ നമ്മളെ അത്ഭുതപ്പെടുത്തും, ആ ജീവിതത്തിളക്കത്തിന് പിറകിലെ നിഴല്‍ വീണ വഴികള്‍ സങ്കടപ്പെടുത്തും. ഗായികയായ സുബ്ബുലക്ഷ്മിയെ ഉപാസിക്കുകയേ സാധ്യമാകൂ. ആസ്വാദനത്തിനും ഇഷ്ടത്തിനും ആരാധനക്കും അപ്പുറമുള്ള ഒരനുഭവമാണ് എം.എസ്.
ഇന്ത്യന്‍സംഗീതത്തിലെ ആത്മീയാംശത്തിന്റെ ആള്‍രൂപമാണ്. ഇരുപത്-ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലായി ജീവിച്ച, സിനിമയിലഭിനയിച്ച്, സ്വതന്ത്രയായി ചിന്തിച്ച്, ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ആധുനികയായ ഈ സ്ത്രീ ഒരു മഹാക്ഷേത്രം പോലെ, ഒരു നെയ്‌വിളക്കു പോലെ, മുല്ലപ്പൂമണം പോലെ ഈ രാജ്യത്തിന്റെ ജീവിതത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു. ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന അവര്‍ക്കു സമര്‍പ്പിച്ച് ഇന്ത്യ പറഞ്ഞതിതാണ്, പ്രിയപ്പെട്ട എം.എസ്…, കാലാതീതയായി ഇവിടെ ഞങ്ങളുടെ മനസ്സുകളില്‍ വാഴുക, പാട്ടിന്റെ തേന്‍മഴ തീര്‍ക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.