scorecardresearch

നെക്സ്റ്റ് ഐ വില്‍ ഗോ ടു എ പുവര്‍ മാന്‍സ് ഹട്ട്

തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ആദ്യകാല രീതികളും ഇന്നത്തെ ചാനൽ തെരഞ്ഞെടുപ്പ് തരംഗവും തമ്മിലുള്ള താരതമ്യമില്ലായ്മകളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ് കേരളത്തിനകത്തും പുറത്തുമായി ദീർഘകാലം ന്യൂസ്‌ ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ള ലേഖകൻ

തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ആദ്യകാല രീതികളും ഇന്നത്തെ ചാനൽ തെരഞ്ഞെടുപ്പ് തരംഗവും തമ്മിലുള്ള താരതമ്യമില്ലായ്മകളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ് കേരളത്തിനകത്തും പുറത്തുമായി ദീർഘകാലം ന്യൂസ്‌ ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ള ലേഖകൻ

author-image
Sanjay Mohan
New Update
Sanjay Mohan | Election Reporting | Memories

ചിത്രീകരണം: വിഷ്ണു റാം

ചാനല്‍ ഒന്നേയുള്ളൂ, അന്ന്. ദൂരദര്‍ശന്‍.

ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് ചാനല്‍ തുടങ്ങുന്നതിനൂള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക്  വേണ്ടിയാണ്  1991ല്‍  ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. പിടിഐ ടി വി, കെ എസ് ഐ ഡി സി, ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവർ  ചേർന്നുള്ള സംയുക്ത സംരംഭമായിരുന്നു ആദ്യം ഏഷ്യാനെറ്റ് ചാനല്‍. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കെ  പിടിഐ ടിവിയുടെ പ്രൊഡക്ഷന്‍ സെന്ററില്‍  നിന്ന്  ചീഫ് പ്രൊഡ്യൂസര്‍ ശശികുമാർ വിളിച്ചു. ജനറല്‍ ഇലക്ഷൻ റിപ്പോര്‍ട്ട്‌ ചെയ്യണം, ദൂരദർശന് വേണ്ടി. 

Advertisment

1990ല്‍ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തൂത്തുവാരിയതോടു കൂടി രണ്ടാം നായനാർ സർക്കാർ, കാലാവധി തികയാതെ മന്ത്രിസഭ പിരിച്ചു വിട്ട്  തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി. ഇതേ തുടര്‍ന്ന് 1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ഡല്‍ഹി ഓഫീസില്‍ നിന്നുള്ള അറിയിപ്പ് വന്നപ്പോഴേക്കും ഇടതുപക്ഷം പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഇഎംഎസ്സിന്റെ പ്രസംഗമായിരുന്നു കിക്ക് ഓഫ്‌. സ്വന്തമായി ക്യാമറയോ, ക്രൂവോ ഇല്ലാത്തത് കൊണ്ട് ഇതെല്ലാം പുറത്തു നിന്ന് സംഘടിപ്പിക്കേണ്ടി വന്നു. അന്ന് കേരളത്തില്‍ ആകെക്കൂടി മൂന്ന് പ്രൊഫഷണല്‍ ടെലിവിഷന്‍ ക്യാമറ യൂണിറ്റാണ് ഉണ്ടായിരുന്നെതെന്നാണ് ഓര്‍മ്മ.

കൊച്ചിയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിന്‍റെ ക്യാമറ യൂണിറ്റുമായി ഞങ്ങൾ മൂവാറ്റുപുഴയ്ക്കു പുറപെട്ടു. ഇഎംഎസ്സിന്റെ അടുത്ത പ്രസംഗം അവിടെയായിരുന്നു. തിക്കും തിരക്കും ആയിരുന്നെങ്കിലും ഇടതു പ്രവര്‍ത്തകര്‍, ക്രൂവിനെയും റിപ്പോര്‍ട്ടറെയും അവരുടെ സുരക്ഷാ വലയത്തിലാക്കി. ഷൂട്ട്‌ ചെയ്ത റഷസ് ഡല്‍ഹിക്ക് അയച്ചു. താമസിയാതെ സീനിയര്‍ പ്രൊഡ്യൂസർ വീരരാഘവന്റെ ഫോണ്‍ വന്നു.

"ഇതല്ല നമുക്ക് വേണ്ടത്. ഇതൊന്നും ദൂരദര്‍ശനില്‍  കാണിക്കാൻ പറ്റില്ല."

"പിന്നെ എന്ത് വേണം?"

 "ഡീറ്റെയ്ൽസ് റ്റിപിയില്‍ വരും."

ഡിറ്റേൽഡ് ബ്രീഫ്  റ്റെലിപ്രിന്ററില്‍ വന്നു.

Advertisment

പൊളിറ്റിക്കല്‍ ആക്ടേഴ്സിനെ കാണിക്കരുത്. സ്ഥാനാര്‍ഥി ഒട്ടുമേ പാടില്ല. സില്‍ഹൗട്ട് പോലും. ഇലക്ഷൻ ആക്ടിവിറ്റി കാണിക്കാന്‍ തോരണങ്ങളുടെ ലോങ്ങ്‌ ഷോട്സ് ആവാം. നോ ഐഡെൻറ്റഫൈയബൽ ഷോട്സ്. ലൊക്കേഷഷന്‍ ഐഡെൻറ്റിഫൈ ചെയ്യാന്‍ മൈല്‍കുറ്റികളോ, റെയില്‍വേ സ്റ്റേഷന്റെ ബോര്‍ഡുകളോ വേണം, എന്നിങ്ങനെ ഡൂസ് ആന്‍ഡ്‌ ഡോന്റ്സ് രേഖപ്പെടുത്തിയ നീണ്ടൊരു ലിസ്റ്റ്.

Sanjay Mohan | Election Reporting | Memories

അങ്ങനെ ഞങ്ങള്‍ കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും 'ഇലക്ഷൻ ആക്റ്റിവിറ്റി' ഷൂട്ട്‌ ചെയ്യാന്‍ യാത്ര ചെയ്തു. ചിലപ്പോള്‍ കുറെ യാത്ര ചെയ്താലും പറ്റിയ വിഷ്വൽസ് കിട്ടില്ല. ഒരു രാത്രി, ഏറെ വൈകി ഹൈറേഞ്ചിലൊരിടത്ത് ഒരു ചെറിയ സംഘം, സൈക്കിള്‍ ടയര്‍ കത്തിച്ചു പിടിച്ചു ആ വെളിച്ചത്തില്‍ ചുവരെഴുത്തു നടത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഒഴിവാക്കി ചുവരെഴുത്തു നടത്തുന്നവരെ ഷൂട്ട്‌ ചെയ്തു. മറ്റൊരു ദിവസം, വേറൊരു ദിക്കില്‍ ഒരു ഭീമന്‍ കൈപ്പത്തി തയാറാക്കുന്നുണ്ടായിരുന്നു. അത് കൈപ്പത്തി ആണെന്ന് കാണിക്കാതെ, അത് രൂപപ്പെടുത്തുന്ന ആളുകളെയും അവരുടെ രീതിയുമൊക്കെ ഷൂട്ട്‌ ചെയ്തു.

തെക്കൻ കേരളത്തിലേക്കുള്ള  യാത്ര പലപ്പോഴും  എം സി റോഡ് വഴിയായിരുന്നു. പല കുറി, പ്രചാരണ പരിപാടികളുടെ  ഇടയിൽ പെടും. എന്തെങ്കിലും നല്ല ഷോട്സ് കിട്ടിയാലോ എന്ന് കരുതി ഞങ്ങൾ കുറച്ചു ദൂരം സ്ഥാനാർത്ഥിയുടെ പ്രചാരണ വ്യൂഹത്തിനെ  ഫോളോ ചെയ്യും.

ഈ യാത്രയ്ക്കിടയിൽ ഒരു സ്ഥാനാർത്ഥിയുടെ പ്രചാരണ വ്യൂഹത്തിൽ  പലതവണ ഞങ്ങൾ  അവിചാരിതമായി ചെന്നു പെട്ടു. സ്ഥാനാർത്ഥിയെ കാണിക്കാതെ അദ്ദേഹത്തിന്റെ കൂപ്പു കൈ മാത്രം, ചിലപ്പോള്‍ കൈ വീശിയുള്ള അഭിവാദനങ്ങള്‍ ഒക്കെ ഷൂട്ട്‌ ചെയ്യും. കുറച്ചു കഴിഞ്ഞപ്പോൾ സ്ഥാനാർഥി ഞങ്ങളെ കണ്ടാൽ കൈ വീശുന്ന തരത്തിലുള്ള പരിചയമായി. ഒരു തവണ പ്രചാരണത്തിന് നടുവിൽ പെട്ടപ്പോൾ അദ്ദേഹത്തിന് ഒരു ആശയം തോന്നി. 

അദേഹം ഉടനെ “നെക്സ്റ്റ് ഐ വില്‍ ഗോ ടു എ പുവര്‍ മാന്‍സ് ഹട്ട്. പ്ലീസ് കം...” എന്നായി. ഒരുപക്ഷേ ഞങ്ങൾക്ക് ലഭിക്കാവുന്ന ഒരു ദൃശ്യ സാധ്യത ഓർത്തിട്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്.

എത്ര ദൂരമുണ്ട് എന്ന് ഞങ്ങൾ അനുയായികളോട് ചോദിച്ചു. കുറച്ചു ദൂരെമേ ഉള്ളൂ എന്നവര്‍.

“ലൈറ്റ് ഉണ്ടോ?”

“ലൈറ്റ് ഇല്ല. പക്ഷേ അടുത്ത വീട്ടിൽ നിന്ന് എടുക്കാം…”

“പവര്‍ എക്സ്റ്റന്‍ഷന്‍ കേബിളിനു വലിയ നീളമില്ല…” പറഞ്ഞൊഴിയാന്‍ നോക്കി .

"അതൊക്കെ റെഡിയാക്കാം..." ഉത്സാഹ കമ്മിറ്റിക്കാർ ഞങ്ങളെയും കൊണ്ട്  "പുവര്‍ മാന്‍സ് ഹട്ട്" ലക്ഷ്യമാക്കി ഇരുട്ടിലൂടെ നീങ്ങി.

വോട്ട് ചോദിച്ചും പലരെയും ഹസ്തദാനം ചെയ്തും നേതാവും ഞങ്ങളുടെ കുറച്ച് പിന്നിലായിട്ട്  വരുന്നുണ്ടായിരുന്നു.

ഞങ്ങൾ ഇരുട്ടിലൂടെ കുറച്ചു ദൂരം നടന്നു ലക്ഷ്യത്തിലെത്തി. ഞങ്ങൾക്ക് മുൻപേ പോയ പൈലറ്റ് അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവർ ലൈറ്റിംഗ് അസിസ്റ്റന്റിനെയും കൊണ്ട് തൊട്ടടുത്ത വീട്ടിലേക്ക് പവർ കേബിൾ കണക്റ്റ് ചെയ്യാന്‍ പോയി. അവിടുന്ന് പവർ എത്തിക്കാനുള്ള നീളം കേബിളിന് ഉണ്ടായിരുന്നില്ല. നേതാവ് എത്തിയപ്പോൾ ലൈറ്റ് ഇല്ലാത്തതിനാല്‍ ഷൂട്ടിംഗ് നടക്കില്ല എന്ന് അറിഞ്ഞു. അദ്ദേഹം തിരിച്ചു പോകാനൊരുങ്ങി. 

"വി വില്‍ മീറ്റ്‌ ഇന്‍ സെന്‍ട്രല്‍ ഹാള്‍..." എന്ന് റിപ്പോര്‍ട്ടര്‍ ആശംസിച്ചു.

Sanjay Mohan | Election Reporting | Memories

കേബിൾ ചുറ്റിയെടുത്ത്, ക്യാമറയും റെകോർഡറും പായ്ക്ക് ചെയുമ്പോൾ, ഒരു രൂപം ഞങ്ങളുടെ അടുത്തെത്തി. ആകെ നനഞ്ഞു കുളിച്ചിരിക്കുന്നു. അദ്ദേഹത്തിന് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ട്. മട്ടും ഭാവവും കണ്ടിട്ട് സംഗതി കുഴപ്പമാണെന്ന് മനസ്സിലായി. എത്രയും വേഗം സ്കൂട്ടാവുന്നതാണ് നല്ലതെന്ന് തോന്നി.

നനഞ്ഞ രൂപം അകത്ത് കയറി തോർത്തെടുത്തോണ്ട് വന്നു തല തോർത്തുന്നു. ഞങ്ങള്‍ എങ്ങിനെ സ്ഥലം വിടുമെന്ന് കരുതി പകച്ചു നില്‍ക്കുകയാണ്. തിരിച്ചു മെയിന്‍ റോഡിലേക്കുള്ള വഴി കാണിക്കാന്‍ പൈലറ്റുമില്ല പരിവാരങ്ങളും ഇല്ല. അവസാനം അദേഹത്തോട്, ഇത് ഞങ്ങളുടെ ഐഡിയ അല്ലായിരുന്നെന്നു ബോധ്യപ്പെടുത്തി.

സംഭവിച്ചത് ഇതാണ്.

"പുവര്‍ മാന്‍" തോമ ഉറങ്ങാൻ കിടന്നിരുന്നു.  അപ്പോഴാണ് പൈലറ്റ് ടീം എത്തുന്നത്‌. അവർ ഉച്ചത്തിൽ വിളിച്ചുകൂവി  "എടാ തോമായെ... നിന്റെ വീട്ടിൽ നേതാവ് വരുന്നു... ദൂരദർശനം വരുന്നു!  വേഗം പുറത്തോട്ട് വാ…"

എന്നിട്ടവര്‍ അടുത്ത വീട്ടില്‍ നിന്ന് പവര്‍ എടുക്കുന്നതിന്റെ സാധ്യത നോക്കാന്‍ പോയി. നല്ല ഉറക്കത്തിലായിരുന്ന തോമാ കേട്ടപാതി കേൾക്കാത്ത പാതി എന്തെന്ന് മനസ്സിലാകാതെ പുറത്തേക്കിറങ്ങി ഓടിച്ചെന്ന് വീണത്  തന്റെ മുറ്റത്തെ മറയില്ലാത്ത കിണറിലായിരുന്നു. "പുവര്‍" തോമാ കിണറ്റില്‍ വിണത് ഇരുട്ടത്ത്‌ ആരും കണ്ടില്ല. ബഹളത്തിനിടയിൽ ആരും ഒന്നും കേട്ടില്ല, കറന്റ് കിട്ടാത്തതിനാൽ പുവര്‍ തോമയെ ആരും തിരക്കിയതുമില്ല.

നേതാവും പരിവാരങ്ങളും മടങ്ങി  പോകുന്നതിനിടെ കിണറ്റില്‍ നിന്ന് തോമ തനിയെ മുകളിലേക്ക് പിടിച്ചു കയറി. വീഴ്ചയില്‍  കൈയും കാലും ഉരഞ്ഞു ചെറിയ മുറിവുകളും പറ്റി. ഈ അവസ്ഥയിലാണ് ഞങ്ങൾ മുന്നിൽ ചെന്ന് പെട്ടത്.

തോമയുടെയും അയൽക്കാരന്റെയും സഹായത്തോടെ ഞങ്ങൾ മെയിൻ റോഡിൽ എത്തിയപ്പോള്‍ രാവേറെ ചെന്നിരുന്നു.

അധികം താമസിയാതെ കേരളക്കരയാകെ ഞെട്ടിച്ച മറ്റൊരു സംഭവം ഉണ്ടായി. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രമേശ്‌ ചെന്നിത്തല എത്തിയപ്പോള്‍  അദ്ദേഹത്തോടൊപ്പം നിയമസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ബാബു ചാഴിക്കാടനും ഉണ്ടായിരുന്നു. തുറന്ന ജീപ്പില്‍  തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കെ രണ്ടു സ്ഥാനാർത്ഥികൾക്കും മിന്നലേറ്റു. അനുയായികള്‍ അവരെ ഉടനെ ആശുപത്രിയിലാക്കി. രമേശ് ചെന്നിത്തല നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, പക്ഷേ ബാബു ചാഴിക്കടന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Sanjay Mohan | Election Reporting | Memories

1996ലെ ലോക്സഭ തെരെഞ്ഞെടുപ്പോടു കൂടി ദൂരദര്‍ശനില്‍ ഇലക്ഷന്‍ കവറേജിന്റെ രീതികള്‍ മാറി. പ്രചരണം റിപ്പോര്‍ട്ട്‌ ചെയ്യാം, സ്ഥാനാർത്ഥിയെ കാണിക്കാം, വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ കൊടുക്കാമെന്നൊക്കെയായി.

പ്രണോയ് റോയിയും വിനോദ് ദുവയും ചേർന്ന് നടത്തിയിരുന്ന തെരെഞ്ഞെടുപ്പ് വിശകലനങ്ങളിൽ പ്രമുഖ മണ്ഡലങ്ങളിൽ നിന്നുമുള്ള വാർത്ത റിപ്പോർട്ടുകൾ, സ്ഥാനാർഥികളെ കുറിച്ച് വോട്ടർമാരുടെ അഭിപ്രായങ്ങൾ, മണ്ഡലങ്ങളിലെ പ്രധാന പ്രശ്നങ്ങൾ ഒക്കെ വന്നു ചേർന്ന്.  ഇതിനു ചുക്കാൻ പിടിച്ചത് അപ്പന്‍ മേനോന്‍റെ നേതൃതത്തിലുള്ള മിടുക്കരായ ഒരു കൂട്ടം ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുകളായിരുന്നു. ഇവരിൽ പലരും പിന്നീട് ഇന്ത്യന്‍ ന്യൂസ്‌ ടെലിവിഷന്‍റെ മുഖങ്ങളായി മാറി.

1990കളുടെ ആദ്യ പാദത്തോടെ ഇന്ത്യയില്‍ സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകൾ സജീവമായി തുടങ്ങി. എന്നാലും ഏതാണ്ട് ആ ദശകത്തിന്റെ അവസാനമാണ് അവര്‍ക്ക് സ്വതന്ത്രമായി വാര്‍ത്തകളും വാര്‍ത്ത അധിഷ്ഠിത പരിപാടികളും അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്.

Also Read:ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്‌സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം

മലയാളത്തില്‍ ഏഷ്യാനെറ്റും, തുടര്‍ന്ന് വന്ന സുര്യ ടിവിയും, കൈരളി ടിവിയിലും വാര്‍ത്ത‍ ബുള്ളറ്റിനുകൾ ഉണ്ടായിരുന്നെങ്കിലും അവ ഒന്നും ന്യൂസ്‌ ചാനലുകള്‍ അല്ലായിരുന്നു.

1999 സെപ്റ്റംബറിൽ പതിമൂന്നാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി മലയാളത്തിൽ തെരഞ്ഞെടുപ്പ്  വിശകലന പരിപാടി അവതരിപ്പിക്കപ്പെടുന്നത്. കേരളത്തില്‍ നിന്ന് അപ് ലിങ്കിങ് സൗകര്യം ഇല്ലാത്തതു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ്‌ ചാനൽ തങ്ങളുടെ തെരഞ്ഞെടുപ്പ് പരിപാടി ഡൽഹിയിൽ വച്ചാണ് നടത്തിയത്.  കേരളാ ഹൗസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ താല്‍കാലികമായി ഉണ്ടാക്കിയ സെറ്റില്‍ ടി എന്‍ ഗോപകുമാറും, വി കെ മാധവന്‍കുട്ടിയും, സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അഭിജിത്ത് സെന്നും ചേര്‍ന്നാണ് അത് അവതരിപ്പിച്ചത്.

ആദ്യമായി മലയാളത്തിലെ മുഴുസമയ തെരഞ്ഞെടുപ്പു ഫല വിശകലന പരിപാടി അരങ്ങേറിയത് സൂര്യ ടിവിയിലാണ്. 1999 ഒക്ടോബറിൽ തിരുവനന്തപുരത്തെ വഴുതക്കാട് ആകാശവാണിക്ക് അടുത്തുള്ള അന്നത്തെ സുര്യയുടെ കൊച്ചു സ്റ്റുഡിയോവില്‍ നിന്നായിരുന്നു അത്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന ഒ ബി വാന്‍ ഉപയോഗിച്ചായിരുന്നു 24 മണിക്കൂറിലേറെ നീണ്ടുനിന്ന ഈ തെരഞ്ഞെടുപ്പ് വിശകലനം നടത്തിയത്.

കേരളത്തില്‍ നിന്ന് സംപ്രേഷണം ചെയ്തതിനാല്‍ ഒരുപാട് രാഷ്ട്രീയ നേതാക്കളും, നിരിക്ഷകരും പങ്കെടുത്തു. കൂടാതെ വിജയാഘോഷങ്ങളും, പരാജയപെട്ടവരുടെയും വിജയിച്ചവരുടെയും സൗണ്ട് ബൈറ്റ്സും ഒക്കെ തത്സമയം കാണിക്കാനായി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വി എസ് ശിവകുമാര്‍ താൻ ജയിച്ച വിവരം അറിഞ്ഞത് അദ്ദേഹം സ്റ്റുഡിയോയില്‍ ഓൺ എയർ ആയിരിക്കുമ്പോഴാണ്.  

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി  മണ്ഡലങ്ങൾ തോറും  നടത്തുന്ന ചർച്ചകൾ ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യവിഷൻ ന്യൂസ് ചാനൽ  ആണ്.

ഇപ്പോള്‍ ചാനലുകള്‍ ഓരോരുത്തരും മത്സരിച്ചു സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന ഔട്ട്ഡോര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സീനിയര്‍ നേതാക്കളെ കൂടാതെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെ വരെ പങ്കെടുപ്പിച്ചു വളരെ മൈക്രോ ലെവലിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി അനുയായികളൊക്കെ ചേര്‍ന്ന്  കൊഴിപ്പിക്കുന്നത് കൊണ്ട് ശബ്ദമയമായ ഈ പരിപാടികളൊക്കെ ഇൻഫർമേറ്റീവ് ആകുന്നതിനേക്കാൾ എൻറ്റർട്ടെയ്നിംഗ് ആകാറുണ്ട്.

ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെയും വിശകലനത്തിന്റെയും മുഖമുദ്രമായി മാറിയ പ്രണോയ് റോയിയും, വിനോദ് ദുവയും ടെലിവിഷന്‍ സ്ക്രീനില്‍ ഉണ്ടാവില്ല. കോവിഡ് ബാധയെ തുടര്‍ന്ന് വന്ന കരള്‍ രോഗം കാരണം വിനോദ് ദുവ 2021 ഡിസംബറില്‍ മരിച്ചു. അടുത്ത ഡിസംബറില്‍, 'ഇലക്ഷൻസ് ആർ ഇന്‍ അവർ ഡിഎൻഎ' എന്ന് പറഞ്ഞിരുന്ന  പ്രണോയ് റോയും ഭാര്യ രാധികയും തങ്ങള്‍ കെട്ടിപ്പടുത്ത എൻ ഡി ടി വിയിലെ ഓഹരി, അദാനി ഗ്രൂപ്പിന് കൈമാറി, കമ്പനിയിൽ നിന്നും പടിയിറങ്ങി.

ഇതൊക്കെ ഇപ്പോൾ ആലോചിച്ചത് സഹപാഠിയും സുഹൃത്തുമായ ഹരിദാസ് ഐസിയുവിൽ ജീവനു വേണ്ടി പൊരുതുമ്പോൾ വെയിറ്റിങ് ഏരിയയില്‍ ഇരുന്നാണ്. ഹരിയുമായി നടത്തിയ ഇലക്ഷൻ കവറേജുകളുടെ ഓർമ്മകൾ മനസ്സിലേക്ക് തിരയളക്കി വന്നു കൊണ്ടേയിരുന്നു. ഹരിയായിരുന്നു ദൂരദർശൻ കാലത്തെ സാരഥി. വണ്ടി പാര്‍ക്ക്‌ ചെയ്താല്‍ ഉടനെ തന്നെ ഹരി യൂണിറ്റിന്റെ ഭാഗമായിത്തീരും. ക്രൗഡ് മാനേജ്മെൻറ് ആകാം, വോട്ടര്‍മാരോട്  സംസാരിച്ചു വിവരങ്ങൾ ശേഖരിക്കുന്നതാകാം, സ്ഥാനാർത്ഥി അവിടെക്കു എത്തുന്ന സമയവിവരങ്ങൾ അന്വേഷിച്ചു പറയലാവാം. എന്തിലായാലും ഹരി വളരെ സജീവം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറിയത്തുടങ്ങുന്നതിനിടെ ഹരി (അഡ്വക്കേറ്റ് എം പി ഹരിദാസ്‌) തെരഞ്ഞെടുപ്പുകളില്ലാത്ത ലോകത്തേക്ക് യാത്രയായി.  

വീണ്ടും കാലമൊഴുകുന്നു, അടിമുടി മാറിയ ഒരു ലോക്സഭാ തെരഞ്ഞെടുപ്പു കോലാഹലങ്ങളിലേക്ക്. ഇന്ന് ചാനലുകൾ പലതാണ്. ദൂരദർശന്റെയാവട്ടെ ഇതു വരെ തുടർന്ന നിറം പോലും മാറിയിരിക്കുന്നു...

Read More: സഞ്ജയ് മോഹന്‍ എഴുതിയ മറ്റ് കുറിപ്പുകള്‍ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Lok Sabha Election 2024 History Memories Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: