scorecardresearch

സ്നേഹദീപം

"കർക്കശമായ രാഷ്ട്രീയ നിലപാടുകളിൽ അയാൾ ഉറച്ചു നിന്നു. സ്നേഹത്തിനല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും അയാൾ തയ്യാറായില്ല. അസാധ്യമായ ആശയങ്ങളുടെ അശാന്ത സമുദ്രത്തിലൂടെ സ്വപ്നങ്ങളുടെ പവിഴ ദ്വീപിലേയ്ക്ക് അയാൾ ആയാസത്തോടെ നീന്തി", ചിത്രകാരനും സംഘാടകനുമായിരുന്ന ഗിരീഷ് കുമാറിനെ കുറിച്ച് സുഹൃത്തും എഴുത്തുകാരനും പ്രസാധകനുമായ ലേഖകന്റെ ഓര്‍മ്മ

"കർക്കശമായ രാഷ്ട്രീയ നിലപാടുകളിൽ അയാൾ ഉറച്ചു നിന്നു. സ്നേഹത്തിനല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും അയാൾ തയ്യാറായില്ല. അസാധ്യമായ ആശയങ്ങളുടെ അശാന്ത സമുദ്രത്തിലൂടെ സ്വപ്നങ്ങളുടെ പവിഴ ദ്വീപിലേയ്ക്ക് അയാൾ ആയാസത്തോടെ നീന്തി", ചിത്രകാരനും സംഘാടകനുമായിരുന്ന ഗിരീഷ് കുമാറിനെ കുറിച്ച് സുഹൃത്തും എഴുത്തുകാരനും പ്രസാധകനുമായ ലേഖകന്റെ ഓര്‍മ്മ

author-image
KN Shaji
New Update
Memories, artist, Malayalam Writer, gireesh, gireesh kumar, kn shaji,

ഗിരീഷിന്റെ ആകസ്മികമായ നിര്യാണം സുഹൃത്തുക്കളുടെ മനസ്സിലേൽപ്പിച്ച ആഘാതത്തിന്റെ ഭാരം വലുതാണ്. കാരണം, സുഹൃത്തുക്കളുടെ മധ്യത്തിലായിരുന്നു, ഗിരീഷിന്റെ ജീവിതം. അവർക്കു വേണ്ടി രാവും പകലുമില്ലാതെ ഓടി നടക്കുവാനും എന്തു സാഹസം ചെയ്യുവാനും അയാൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. 'ഓടി' എന്നെഴുതിക്കഴിഞ്ഞപ്പോൾ, ഗിരീഷിന്റെ ഒരു ക്രൂരഫലിതം മനസ്സിലേയ്ക്ക് ഓടിക്കയറി വരുന്നു. അപകടത്തിൽപ്പെട്ട് തന്റെ ഒരുകാൽ നഷ്ടമായതിന് ശേഷം ഗിരീഷ് പറയാറുളള ഒരു കറുത്ത ഫലിതം, 'ഇനി എനിക്ക് ഓടി രക്ഷപ്പെട്ടു എന്ന് പറയാൻ പറ്റില്ല' എന്നായിരുന്നു. ഗിരീഷിന്റെ സ്വതസിദ്ധവും സ്വാഭാവികവുമായ അനേകം സാന്ദർഭിക തമാശകളിൽ ഒന്നായ അത് ഉണങ്ങാത്ത ഒരു വടുവായി അവശേഷിക്കുന്നു.

Advertisment

സ്വയം പരിഹസിച്ച് ചിരിക്കാനും മറ്റുളളവരുടെ പരിഹാസം ചിരിച്ച് തളളാനുമുളള വിവേകം ഗിരീഷ് ആർജ്ജിച്ചിരുന്നു. 'കാലം കുറഞ്ഞതെങ്കിലും അർത്ഥദീർഘവും, മാലേറെയങ്കിലും അതീവ മനോഭിരാമവുമായ' ജീവിതം അക്ഷരാർത്ഥത്തിൽ അയാൾ സ്നേഹിതർക്കൊപ്പം ആഘോഷിച്ചു. ഏകാന്തതകളിൽ വേദനകൾ മൗനമായി സഹിച്ചു. കൂട്ടുകാർക്കൊപ്പമല്ലാതെ അയാളെ കാണാൻ കിട്ടില്ല. എന്നാൽ ആൾക്കൂട്ടത്തിൽ എന്നും അയാൾ ഒറ്റപ്പെട്ടവനായിരുന്നു.

Memories, artist, Malayalam Writer, gireesh, gireesh kumar, kn shaji, ഗിരീഷും മിനിയും

എന്റെ ജീവിതത്തിലേയ്ക്കുളള ഗിരീഷിന്റെ കടന്നുവരവും തിരിച്ചുപോക്കും തികച്ചും അപ്രതീക്ഷിതമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം കൊച്ചിയിൽ അന്ന് ഞാൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ചില പൊതുസുഹൃത്തുക്കൾക്കൊപ്പം അയാൾ വന്നു. എഴുത്തുകാരുടെയും കലാകാരന്മാരുടെയും സഹൃദയരുടെയും (ഹൃദയശൂന്യരുടെയും) ഇടത്താവളമായിരുന്നു, എന്നും ഉണർന്നിരിക്കുന്ന 'ബോസ്ബിഗ്' ഹോട്ടൽ. ആ രാത്രി പകലായി. ഇരുട്ടിൽ ഗിരീഷിന്റെ കണ്ണുകൾ തിളങ്ങി. അയാളുടെ പൊട്ടിച്ചിരിയുടെ ഒച്ച പലപ്പോഴും വേറിട്ടു കേട്ടു. പിന്നീട് എത്രയോ രാത്രികൾ, പകലുകൾ. പകലുകൾ, രാത്രികൾ!

ഒരു നീണ്ട രാത്രിയിൽ, ജീവിത സഖിയായ മിനിയോടൊത്ത് ഗിരീഷ് വന്നതോർക്കുന്നു. പതിവുപോലെ മദ്യചഷകങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു. പാതിര കഴിഞ്ഞിട്ടും ലഹരിയിൽ കുതിർന്ന പാട്ടുകളും കവിതകളും മുറിയിൽ അലയടിച്ചുകൊണ്ടിരുന്നു. ഏതോ ഒരു സുന്ദരമുഹൂർത്തത്തിൽ ഗിരീഷ്, തന്റെ പ്രിയപ്പെട്ട ഗാനം മതിമറന്ന് ആലപിച്ചു. "ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ, മിഴിതുറക്കൂ!" ആ പാട്ട് അത്രയും മനോഹരമായി മറ്റാരും പാടി ഞാൻ കേട്ടിട്ടില്ല. ഗിരീഷിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ആലാപനത്തിന്റെ മാധുര്യത്തിൽ ഞാൻ മതിമയങ്ങാറുണ്ട്. ആ ആത്മഗാനത്തിലെ ആത്മാർപ്പണം ഗിരീഷിന് മാത്രം സ്വന്തം.

Advertisment

ഞങ്ങളുടെ പൊതുസുഹൃത്തും ബാങ്കിൽ ആദ്യകാല സഹപ്രവർത്തകനുമായ ടോമി ജോസഫ് അനുസ്മരിച്ച ഒരു സംഭവം ഗിരീഷിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതിന് നിദർശനമാണ്. രണ്ടു പേരും പ്രൊബേഷൻകാർ. തുച്ഛശമ്പളം. അതിനാൽ എല്ലാ ആഴ്ചയിലും വീട്ടിലേയ്ക്ക് പോകാറില്ല. ചെറുപട്ടണത്തിലുളള ബാങ്കിനടുത്തുളള വാടക വീട്ടിലാണ് താമസം. ഒരു ഞായാറാഴ്ച പത്തുപതിനാല് കിലോമീറ്റർ അകലെയുളള ഒരു ഗ്രാമത്തിൽ ഉത്സവം. രണ്ടു പേരും പോയി. ചാരായം സുലഭമായ കാലം. ആഘോഷം കവിഞ്ഞപ്പോൾ തിരിച്ച് താമസ സ്ഥലത്തേയ്ക്കുളള വണ്ടിക്കൂലി മാത്രം ബാക്കി. അങ്ങനെ, അവസാന ബസ്സും പ്രതീക്ഷിച്ച് ഉത്സവ പറമ്പിൽ അലഞ്ഞു തിരിയുമ്പോൾ, യാദൃശ്ചികമായി ഒരു സ്കൂൾ കുട്ടിയെ കണ്ടുമുട്ടി. അവനുമായി സംസാരിക്കവേ, അവൻ ഒരു ആഗ്രഹം പ്രകടിപ്പിച്ചു. ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം വാങ്ങണം. മുൻപിൻ നോക്കാതെ ഗിരീഷ് വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ടോമി ഓർമ്മിപ്പിച്ചു "നമ്മുടെ കൈയ്യിൽ വണ്ടിക്കൂലി മാത്രമേ ഉളളൂ", ഗിരീഷിന് പയ്യന്റെ ആശ സാധിച്ചുകൊടുക്കണമെന്ന് വാശി. അങ്ങനെ അതു വാങ്ങിക്കൊടുത്തപ്പോൾ കീശകാലി. രാത്രി ഏറെ വൈകി, വിശന്ന് വലഞ്ഞ്, പതിനാല് കിലോമീറ്റർ നടന്ന് അവർ വാടക  വീട്ടിലെത്തി. വഴി മുഴുവൻ ടോമി ഗിരീഷിനെ ശകാരിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ട് ഗിരീഷ് ചിരിച്ചു കൊണ്ടിരുന്നു.Memories, artist, Malayalam Writer, gireesh, gireesh kumar, kn shaji,

നിരവധി കഴിവുകൾ സമന്വയിച്ച ഒരസാമാന്യ പ്രതിഭാശാലിയായിരുന്നു, ഗിരീഷ്. പക്ഷേ, സർഗാത്മകതയുടെ ഉർജ്ജപ്രവാഹത്തോടൊപ്പം അരാജകത്വത്തിന്റെ അന്തർധാര അതിൽ നിഴൽ വീഴ്ത്തി. രോഗത്തിന്റെ നിരന്തരമായ ആക്രമണവും അടിക്കടിയുണ്ടാകുന്ന ആപത്തുകളും അയാളെ പിന്തുടർന്നു. എന്നാൽ കർക്കശമായ രാഷ്ട്രീയ നിലപാടുകളിൽ അയാൾ ഉറച്ചു നിന്നു. സ്നേഹത്തിനല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും അയാൾ തയ്യാറായില്ല. അസാധ്യമായ ആശയങ്ങളുടെ അശാന്ത സമുദ്രത്തിലൂടെ സ്വപ്നങ്ങളുടെ പവിഴ ദ്വീപിലേയ്ക്ക് അയാൾ ആയാസത്തോടെ നീന്തി. ഒടുവിൽ, മരണം കറുത്ത തിരശ്ശീലയുമായി വന്ന് ഇരുൾക്കയത്തിലേയ്ക്ക് അയാളെ കൂട്ടിക്കൊണ്ട് പോയി. കുറച്ചു കാലമെങ്കിലും ഗിരീഷ്‌ കവി അയ്യപ്പപണിക്കരുടെ അയൽക്കാരായിരുന്നു; അയൽക്കാരനായിരുന്ന അയ്യപ്പപണിക്കർ പാടിയത് പോലെ,

"ഇരുളാണെല്ലാമെല്ലാമെങ്കിലു-

മിരുളിലുമുണ്ട് വെളിച്ചം

ഇങ്ങനെ പറയുവതല്ലോ, മാനുഷജന്മം!"

Read More: വായനയുടെ വാതായനങ്ങൾ: കെ എൻ ഷാജി എഴുതുന്നു

Memories Malayalam Writer Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: