scorecardresearch

Reading Day: വായനയുടെ വാതായനങ്ങൾ

Reading Day in Kerala: വായനക്കാരൻ, പത്രാധിപർ. എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിലുളള​ അനുഭവങ്ങളിലൂടെ കടന്നുപോവുകയയാണ് ലേഖകൻ

Reading Day: വായനയുടെ വാതായനങ്ങൾ

വൈകുന്നേരങ്ങളിൽ വായനശാലയിലേയ്ക്ക് തിരക്കുപിടിച്ച് നടന്നുപോകുന്ന ഒരു കുട്ടി എന്നിലിപ്പോഴുമുണ്ട്. മടങ്ങുംവഴി, വീട്ടിലെത്താൻ ക്ഷമയില്ലാതെ, ആകാംക്ഷയോടെ പുസ്തകം തുറന്നു വായിച്ചുകൊണ്ടു നടന്നിരുന്ന ഒരു കുട്ടി. പുസ്തകങ്ങളിലുളള ഭ്രമം ഇപ്പോഴും തുടരുന്നു. യഥാർത്ഥ ജീവിതത്തിലെ നരകയാതനകളിൽ സ്വർഗീയമായ ആനന്ദം പകരുന്ന അനുഭവം വായന തരുന്നു. പിൽക്കാലത്ത് എഴുത്തുകാരനായും പ്രസാധകനായും പത്രാധിപരായും പ്രവർത്തിക്കുമ്പോഴും വായന നൽകിയ ഊർജ്ജം എന്റെ സിരകളിൽ നിരന്തരം പ്രസരിക്കുന്നു; പ്രചോദിപ്പിക്കുന്നു. എന്തു തൊഴിൽ ചെയ്യുന്നു എന്ന ചോദ്യത്തിന് എഴുത്ത് എന്നുമാത്രം ഉത്തരം പറയാനുളള എന്റെ ജീവിതം വായനയുമായി അത്രമാത്രം അഭേദ്യമായിരിക്കുന്നു.

കുട്ടിക്കാലത്ത് അച്ഛനും അമ്മയും പറഞ്ഞുതന്ന കഥകൾക്കൊപ്പം സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത ‘അറബിക്കഥകൾ’ ആണ് വായനകളുടെ അത്ഭുതലോകത്തേക്ക് എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത്. പിന്നീട് അതിശയകരമായ അനേകം കഥാപ്രപഞ്ചങ്ങൾ- വിക്രമാദിത്യൻ കഥകൾ, കഥാസരിത് സാഗരം, ഗ്രിമ്മിന്റെ കഥകൾ, ഈസോപ്പുകഥകൾ, ഗ്രീക്കുപുരാണകഥകൾ, ഐതിഹ്യമാല, കഥകളിലൂടെ ജീവിതത്തിന്റെ സമസ്ത വിജ്ഞാനമേഖലയിലേയ്ക്കും മെല്ലെ നടന്നു കയറുകയായിരുന്നു. ഇതിഹാസകഥകളായ രാമായണവും മഹാഭാരതവും അതു വികസ്വരമാക്കി.

അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ, ഉപപാഠപുസ്തകമായിരുന്ന മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ വായനയെ വല്ലാതെ സ്വാധീനിച്ചു. അതെത്ര തവണ വായിച്ചു എന്നോർമ്മയില്ല. മനുഷ്യ നന്മയുടെ ആർദ്രകിരണങ്ങൾ സമ്മാനിച്ച ആ കൊച്ചുനോവൽ ഇപ്പോഴും നെഞ്ചോടു ചേർത്തുവെയ്ക്കുന്നു. അതുപോലെ കേശവദേവിന്റെ ‘കണ്ണാടി’. അതിലെ ‘കാറ്റ്’ എന്ന കഥാപാത്രം എന്നെ വല്ലാതെ ഉലച്ചു. പിന്നീട് വായനയുടെ ചക്രവാളം വളർന്നു വികസിച്ച്, പുതിയ ഭൂഖണ്ഡങ്ങൾ തേടി. ടോൾസ്റ്റോയിയും ദസ്തേവിസ്കിയും യൂഗോയും യോസയും ജോർജ് അമാദോയും ബോർഹസ്സും അതിശയങ്ങൾ വിതച്ചു.. വായന ഒരു ലഹരിയായി. ലോകത്തെവിടെയുമുളള മനുഷ്യരുടെ ധർമ്മസങ്കടങ്ങൾ ഒന്നായി, എന്റേതുകൂടെയായി.reading day,memories,kn shaji

കോളജിൽ പഠിക്കുമ്പോൾ ബാലചന്ദ്രൻ ചുളളിക്കാടും വേണു വി.ദേശവും ഗോപിയും തോമസ് ജോസഫും മിത്രങ്ങളായി. ഒന്നാന്തരം വായനക്കാരായ അവർ പുസ്തകങ്ങൾ തന്നും കൈമാറിയും വായനയും ചർച്ചയുമായി പുസ്തകങ്ങളും മാസ്മരലോകത്ത് വിഹരിച്ചു. പിന്നീട് എഴുത്തുകാരുമായുളള നേരിട്ടുളള സമ്പർക്കം സമ്പാദിച്ചു. അയ്യപ്പപണിക്കരും കടമ്മനിട്ടയും സച്ചിദാനന്ദനും വിനയചന്ദ്രനും നരേന്ദ്രപ്രസാദും വി.പി ശിവകുമാറും ഒ.വി. വിജയനും കാക്കനാടനും കെ.പി അപ്പനും ടി ആറും സുഹൃത്തുക്കളായി. ടി ആർ വായനയിൽ വഴികാട്ടിയായി. വായനയും സൗഹൃദവും വിപുലമായി വിശാലമായ പുതിയ ശാദ്വലഭൂമികൾ തേടി.

വായനശാലകളിൽ നിന്ന് കടമെടുത്ത പുസ്തകങ്ങളിൽ നിന്ന് പുസ്തകങ്ങൾ സ്വന്തമാക്കാനുളള ത്വര ഉടലെടുത്തു. കടം വാങ്ങിയും പലതുമുപേക്ഷിച്ചും മെല്ലെ അത് വളർന്ന് തിടം വച്ചു. തുടർന്ന് സാഹിത്യ പത്രപ്രവർത്തനത്തിന്റെ സാഹസമേഖലയിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞു.ആത്മാർത്ഥമായ പരിശ്രമവും സുഹൃദ്‌ബന്ധവും മാത്രമായിരുന്നു, മൂലധനം. അങ്ങനെ ‘സംക്രമണം’ എന്ന സാഹിത്യമാസികയുടെ പത്രാധിപരായി; ഒരിടവേളയ്ക്കു ശേഷം’നിയോഗം’ എന്ന മാസികയുടേയും. പിന്നീട് പ്രസാധനരംഗത്തേയ്ക്കു പ്രവേശിച്ചു. മുപ്പത്തിയഞ്ച് വർഷമായി ‘നിയോഗം ബുക്സ്’ പുസ്തക പ്രസാധനരംഗത്ത് സജീവമായുണ്ട്. സുദീർഘമായ ഈ കാലയളവിൽ പക്ഷേ, ആകെ പതിനഞ്ച് പുസ്തകങ്ങൾ മാത്രം. ഈ പരാധീനതയ്ക്കു കാരണം പുസ്തക പ്രസാധനന രംഗത്തെ ചതിക്കുഴികളാണ്. അത് മറ്റൊരു ലേഖനത്തിന്റെ വിഷയം.

ലോകത്തിലാദ്യമായി സാഹിത്യകാരന്മാർ സഹകരണ സംഘത്തിലൂടെ പ്രസാധനരംഗത്ത് സജീമായ സ്ഥലമാണ്, കേരളം. സാഹിത്യ പ്രവർത്തക സഹകരണ സംഘം എഴുത്തുകാർക്ക് മുപ്പത് ശതമാനം റോയൽറ്റി നൽകി. അവരെ പട്ടിണിയിൽ നിന്നും കരകയറ്റി. കാരൂർ നീലകണ്ഠപ്പിളള എന്ന ദീർഘദർശിയായ എഴുത്തുകാരന്റെ നിസ്വാർത്ഥമായ പ്രവർത്തനവും നിശ്ചയദാർഢ്യവുമായിരുന്നു. ആ പ്രസ്ഥാനത്തിന്റെ വിജയം. തകഴി, ബഷീർ, പൊൻകുന്നം വർക്കി, കേശവദേവ്, തുടങ്ങിയ അക്കാലത്തെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ സംഘത്തിന്റെ താങ്ങും തണലുമായി. പക്ഷേ ആ സ്ഥാപനത്തിലേയ്ക്ക് നുഴഞ്ഞുകയറിയ സ്വാർത്ഥമതികളും സ്ഥാനമോഹികളും അതിന്റെ അപചയത്തിന് ആക്കം കൂട്ടി. അത് മറ്റൊരു കഥ.reading day,memories,k n shaji

സംഘത്തിലെ പ്രവർത്തനപരിചയവും കഠിനാധ്വവും മുടക്കു മുതലാക്കിയാണ് ഡി സി കിഴക്കേമുറി ‘ഡി സി ബുക്സ്’ എന്ന സ്ഥാപനം കെട്ടിപ്പടുത്തത്. അക്കാലത്ത് കത്തിനിന്നിരുന്ന ‘കറന്റ് ബുക്സ്’ എന്ന പ്രസിദ്ധീകരണശാല, ഉടമസ്ഥനായിരുന്ന തോമസ് മുണ്ടശ്ശേരിയുടെ നിര്യാണത്തോടെ പ്രഭാവം മങ്ങി. മലയാളത്തിലെ ആധുനികതയുടെ തട്ടകം കറന്റ് ബുക്സായിരുന്നു എന്നത് ചരിത്രം. അന്നത്തെ പുതുനിര എഴുത്തുകാരായ വി കെ എൻ, ഒ.വി.വിജയൻ, എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, സേതു, സക്കറിയ, പുനത്തിൽ, മുകുന്ദൻ എന്നീ ആധുനികതയുടെ ശക്തരായ വക്താക്കകളുടെ ആദ്യ പുസ്തകങ്ങൾ വെളിച്ചം കണ്ടത് ‘കറന്റ് ബുക്സി’ലൂടെയായിരുന്നു.

എത്രയോ പുസ്തക, പ്രസാധകശാലകൾ നിലച്ചു; എത്രയോ പുതുതായി രൂപം കൊണ്ടു. പക്ഷേ, പ്രസാധക രംഗം ഒരു അപകടമേഖലയായി, വെല്ലുവിളിയായി ഇന്നും തുടരുന്നു. ഒരുകാലത്ത് തിളങ്ങിയിരുന്ന മംഗളോദയം,, ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, വിദ്യാരംഭം പബ്ളിക്കേഷേഴ്സ് ഇവയൊക്കെ നാമാവശേഷമായി. കുത്തക വ്യവസായമായി പ്രസാധനരംഗം മാറി. അനേകം ചെറുകിട സംരഭങ്ങൾ നിലംപതിച്ചു. ഏറെ നല്ല പുസ്തകങ്ങൾ സംഭാവന ചെയ്ത മൾബറി ബുക്സിലെ ഷെൽവിയുടെ ആത്മഹത്യ നീറുന്ന ഓരോർമ്മയാണ്. പുസ്തകം ഒരു കച്ചവടച്ചരക്കായിത്തീർന്നതു മുതൽ അതിന്റെ കഷ്ടകാലം ആരംഭി്ചചു. എന്നിട്ടും, കാറ്റത്തെ, ദീപനാളംപോലെ ആടിയും ഉലഞ്ഞും കെടാതെ, കാലത്തെ അതിജീവിക്കുന്ന പ്രസാധക സംരഭങ്ങൾ ചിലതെങ്കിലും ഇല്ലാതില്ല.

വായനക്കാരുടെ താൽപര്യങ്ങൾക്കും മാറ്റം വന്നു. സാഹിത്യ സങ്കൽപ്പങ്ങളിൽ പരിണാമങ്ങളുണ്ടായി. ആഴത്തിലുളള വായന കുറഞ്ഞു. വായന അനായാസവും അലസതാവിലാസിതവുമായി. സിനിമയും ടെലിവിഷനും വായനക്കാരെ വഴിതിരിച്ചുവിട്ടു. പുസ്തകം മരിച്ചുവെന്ന് പോലും അപഖ്യാതികളുണ്ടായി.

പക്ഷേ, അക്ഷരം അനശ്വരമാണ്. ആ വാക്കിന്റെ അർത്ഥം തന്നെ ക്ഷരമില്ലാത്തത്, നാശമില്ലാത്തത് എന്നാണ്. അർത്ഥപൂർണ്ണമായ അക്ഷരങ്ങളുടെ സംഘാതമായ ഗ്രന്ഥങ്ങൾ, അക്ഷയഖനികളായി മനുഷ്യരുളള കാലം നിലനിൽക്കുമെന്നതിൽ തർക്കമില്ല. നവീനമായ ആശയങ്ങൾ ഉണ്ടാകും ആദർശങ്ങൾ മാറും മൂല്യങ്ങൾ മാറിമറിയും പക്ഷേ, പുതിയ ചിന്താപദ്ധതികളും നവീനാശയങ്ങലുമായ നവഭാവന പേറുന്ന പുസ്തകങ്ങൾ ചിരംജീവികളായി ജൈത്രയാത്ര തുടരും, സാങ്കേതികതകളുടെ സങ്കീർണതകൾ വളർന്ന് മാനംമുട്ടി, മനുഷ്യനെ നിൽക്കക്കളളിയില്ലാതെ ശ്വാസം മുട്ടിക്കുമ്പോഴും, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയും അതിരുളില്ലാത്ത സ്വപ്നം കാണുകയും ആനന്ദത്തിന്റെ അനുഭൂതിയിൽ​ ആമഗ്നനാകുകയും ചെയ്യും!

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Reading day 2018 in kerala india kn shaji on his literary influences