/indian-express-malayalam/media/media_files/2025/05/19/booker-pics-fi-305298.jpg)
ബുക്കർ പുരസ്കാര പട്ടികയിൽ ഇടം പിടിച്ച ശ്രദ്ധേയമായ പുസ്തകങ്ങള്‍
പ്രക്ഷുബ്ധമായ കാലങ്ങളിൽ വിജനമായ തെരുവുകൾക്കു മുകളിലൂടെ കാലുകളിൽ ചിറകുകളുള്ള മാലാഖമാർ പറന്നുനടക്കുമെന്ന് 'Self Portrait in the Zone of Silence' എന്ന പുസ്തകത്തിൽ മെക്സിക്കൻ കവിയായ ഒമേറോ അരിഡ്ഹിസ് (Homero Aidjis) പറയുന്നുണ്ട്.
ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിൻ്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച പുസ്തകങ്ങൾ വിവിധ ഭാഷകളിൽ രചിക്കപ്പെട്ടവയാണ്. പക്ഷേ പ്രമേയങ്ങളിൽ വ്യത്യസ്തത പുലർത്തുമ്പോഴും അവയിൽ ഘനീഭവിച്ച പ്രക്ഷുബ്ധമായ സമയത്തിനു മുകളിലൂടെ കഥ പറച്ചിലിൻ്റെ മാലാഖമാർ പറന്നുനടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ആറു പുസ്തകങ്ങളും ഭാഷയുടെ വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യുന്നു.
1. തികച്ചും പരീക്ഷണാത്മകമായ ഒരു പ്രമേയമാണ് ഡാനിഷ് എഴുത്തുകാരി സോൾവായ് ബെലെ (Solvej Balle) തൻ്റെ 'On the Calculation of Volume ( Book I)' എന്ന നോവലിൽ അടയാളപ്പെടുത്തുന്നത്. ഏഴു പുസ്തകങ്ങൾ ഉൾപ്പെട്ട ഈ നോവലിൻ്റെ ആദ്യത്തെ അഞ്ചു ഭാഗങ്ങൾ ഇറങ്ങിക്കഴിഞ്ഞു.
നോവലിലെ പ്രധാന കഥാപാത്രമായ ടാരാ സെൽട്ടെർ എന്ന പുസ്തകവിൽപ്പനക്കാരി സമയത്തിൻ്റെ ഒരു കണികയിൽ അകപ്പെട്ടു പോവുകയാണ്. നവംബർ പതിനെട്ടാം തീയതിയിൽ അവരുടെ സമയം നിലച്ചുപോകുന്നു.
നോവലിൽ നിന്ന്, "ഇന്ന് നവംബർ പതിനെട്ടാണ്. അതിഥികൾക്കുള്ള മുറിയിൽ എല്ലാ രാത്രിയിലും ഞാൻ ഉറങ്ങാൻ കിടക്കുന്നത് നവംബർ പതിനെട്ടാം തീയതിയാണ്. ഞാനുണരുമ്പോഴും നവംബർ പതിനെട്ട് തന്നെ ആയിരിക്കും. നവംബർ പത്തൊൻപതിലേക്ക് ഉണർന്നെഴുന്നേൽക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇന്നലത്തെ ദിവസത്തെ നവംബർ പതിനേഴ് എന്ന രീതിയിൽ ഓർത്തെടുക്കാനും എനിക്ക് കഴിയുന്നില്ല.”
ഈ പ്രതിഭാസത്തെ ശാസ്ത്രീയമായും അല്ലാതെയും വിശകലനം ചെയ്യാനും മറികടക്കാനും അവർ ശ്രമിക്കുന്നുണ്ട്. പുതുമകളില്ലാത്ത കാലചക്രത്തിൻ്റെ വിരസതയാണോ അവരെ ഈ മാനസികനിലയിലെത്തിക്കുന്നത്?
ഭർത്താവിൻ്റെ ചലനങ്ങളെ നിരീക്ഷിക്കുമ്പോൾ ഈ ആവർത്തനവിരസത അവർക്ക് അനുഭവപ്പെടുന്നു. കഥ തുടങ്ങുന്ന നവംബർ പതിനെട്ടാം തീയതിയുടെ നൂറ്റി ഇരുപത്തിയൊന്നാം ആവർത്തനത്തിൽ തനിക്കും ഭർത്താവിനും ഇടയിൽ വേർതിരിവായി നിൽക്കുന്നത് സമയമാണെന്ന് അവർ തിരിച്ചറിയുന്നു.
നോവലിലൊരിടത്ത് ടാര പറയുന്നതിങ്ങനെ "ഞാനൊരു മൃഗശാലയാണ് അല്ലെങ്കിൽ തിങ്ങിനിറഞ്ഞ ഒരു കളപ്പുര, അതുമല്ലെങ്കിൽ മൂളിപ്പറക്കുന്ന പ്രാണിക്കൂട്ടം.”
മൃഗങ്ങളെയും അചേതന വസ്തുക്കളെയും സംബന്ധിച്ചിടത്തോളം സമയം എന്നത് അപ്രസക്തമാണ്. സമയം നിലച്ചു പോകുമ്പോൾ, അല്ലെങ്കിൽ വിരസമായി ആവർത്തിക്കുമ്പോൾ മനുഷ്യനും പ്രാണികളുടെ അവസ്ഥയിലെത്തുന്നുമെന്നായിരിക്കാം എഴുത്തുകാരി പറയുന്നത്.
/indian-express-malayalam/media/media_files/2025/05/19/booker-pics-2-413714.jpg)
2. സമയത്തിൻ്റെ മറ്റൊരു തരത്തിലുള്ള ഘനീഭവിക്കലാണ് ഇറ്റാലിയൻ നോവലിസ്റ്റ് വിൻചെൻസോ ലത്രോണിക്കോ (Vincenzo Latronico) എഴുതിയ 'Perfection' എന്ന നോവലിലും കാണാൻ കഴിയുക. പക്ഷേ അത് പുതിയ ലോകത്തിൻ്റെ എണ്ണമറ്റതും പലപ്പോഴും അനാവശ്യവുമായ സങ്കീർണതകളിൽ പെട്ടുപോകുമ്പോഴുണ്ടാകുന്ന ആന്തരികമായ മരവിപ്പാണ്. ആവർത്തന വിരസത തന്നെയാണ് ഇവിടെയും മനുഷ്യരെ നിരന്തരമായ ഓട്ടത്തിലും ചലനമറ്റവരാക്കുന്നത്.
ബർലിനിൽ താമസിക്കുന്നവരാണ് ദമ്പതികളായ ടോമും അന്നയും, പക്ഷേ അവിടുത്തുകാരല്ല അവർ. എഴുത്തുകാരൻ നൽകുന്ന സൂചനകളിലൂടെ പടിഞ്ഞാറൻ യൂറോപ്പിലെവിടെയോ ആണ് അവരുടെ സ്വദേശം.
ഒരു ആഡംബര ഭവനത്തിലെ മുറികളുടെ വിശദമായ വിവരണത്തിലൂടെയാണ് നോവൽ തുടങ്ങുന്നത്. അതിലെവിടെയും കുറവുകളൊന്നുമില്ല, പൂർണത മാത്രമേയുള്ളൂ.ഡിജിറ്റൽ ക്രിയേറ്റർമാരായ അന്നയുടെയും ടോമിൻ്റെയും ജീവിതവും അതുപോലെ തന്നെ.
അവർക്ക് കുട്ടികളില്ല, സമീപവാസികളോട് അടുപ്പവുമില്ല. പക്ഷേ അത്തരം പൂർണതയിൽ അനുഭവപ്പെടുന്ന ശൂന്യത നികത്തുന്നതിനുള്ള തത്രപ്പാടിലാണ് അവർ. ഡിജിറ്റൽ ലോകത്തു നിന്ന് യാഥാർത്ഥ്യത്തിലേക്കെത്തുമ്പോൾ അവർ പതറാൻ തുടങ്ങുന്നു.
നോവലിൽ നിന്ന് “പക്ഷേ സ്വീകരണമുറിയിൽ കാലുകുത്തുന്നതോടെ അവരുടെ ആത്മവിശ്വാസം ഇല്ലാതാകാൻ തുടങ്ങും. സിഗ്നൽ നഷ്ടപ്പെടുന്ന ഒരു ഫോണിലൂടെ അത്രനേരവും വ്യക്തമായി കേട്ട ശബ്ദം പോലെ.”
ഫ്രഞ്ച് എഴുത്തുകാരൻ ഷോർഷ് പെരെക്കിൻ്റെ (Georges Perec) "Things: A Story of the Sixties and A Man Asleep" എന്ന നോവലിനോട് ആദരസൂചകമായിട്ടാണ് ലത്രോണിക്കോ ഈ നോവൽ രചിച്ചിട്ടുള്ളത്.
അറുപതുകളിലെ മനുഷ്യരുടെ ആന്തരിക ശൂന്യതയാണ് പെരെക്കിന്റെ വിഷയമെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരുടെ അതേ അവസ്ഥയെപ്പറ്റിയാണ് ലത്രോണിക്കോ എഴുതുന്നത്. കാലമേ മാറുന്നുള്ളൂ, മനുഷ്യരുടെ വിരസത അതേപടി നിലനിൽക്കുന്നു.
3. ഫ്രഞ്ച് എഴുത്തുകാരനും ചിന്തകനുമായ വെസ്സൊ ദുലെക്വാ (Vincent Delecroix)യുടെ 'Small Boat' എന്ന നോവൽ മനുഷ്യരാശി എക്കാലവും അഭിമുഖീകരിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഉന്നയിക്കുന്നത്.
സഹജീവികളോടുള്ള അനുതാപം എന്നാൽ എന്താണ്? ചോദ്യം അതാണ്. പക്ഷേ ഒരിക്കലും അതിന് കൃത്യമായ ഒരു ഉത്തരമില്ല. ദുലെക്വായും ഉത്തരം നൽകാൻ ശ്രമിക്കുന്നില്ല.
ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടൽമാർഗം എത്തിച്ചേരാൻ ശ്രമിക്കുന്ന ഒരു കൂട്ടം അഭയാർത്ഥികളെപ്പറ്റിയാണ് ഈ നോവൽ. അതിൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും ബോട്ട് തകർന്നു മരിക്കുകയാണ്.
മുങ്ങിമരിക്കുന്നതിനു മുമ്പ് അവർ പലരോടും സഹായാഭ്യർത്ഥന നടത്തി. തീരസംരക്ഷണ സേനയിലെ ഒരു റേഡിയോ ഓപ്പറേറ്റർക്ക് ഈ അഭ്യർത്ഥനകൾ ലഭിച്ചെങ്കിലും. അവൾ ഒന്നും തന്നെ ചെയ്തില്ല.
പിന്നീട് പൊലീസ് അവളെ ചോദ്യം ചെയ്യുന്നു. പക്ഷേ അവൾ കുറ്റം നിഷേധിക്കുകയാണ്. താൻ പറഞ്ഞിട്ടല്ല അവർ ഇത്തരമൊരു അപകടം പിടിച്ച യാത്ര നടത്തിയതെന്നാണ് അവളുടെ ന്യായം. ഞെട്ടിപ്പിക്കുന്നതാണ് അവളുടെ മനഃസാക്ഷിയില്ലായ്മ.
നോവൽ തുടങ്ങുന്നതിങ്ങനെ "ഞാൻ നിങ്ങളോട് യാത്ര പുറപ്പെടാൻ ആവശ്യപ്പെട്ടിട്ടില്ല. അത് നിങ്ങളുടെ മാത്രം ആശയമായിരുന്നു. കാലു നനയാൻ ആഗ്രഹമില്ലായിരുന്നുവെങ്കിൽ നിങ്ങളാ ബോട്ടിൽ കയറരുതായിരുന്നു. നിങ്ങളുടെ ഗ്രാമത്തിൽ നിന്നോ വയലിൽ നിന്നോ ജീർണിച്ച പട്ടണപ്രാന്തങ്ങളിൽ നിന്നോ ഞാൻ നിങ്ങളെ പിടിച്ചു കൊണ്ടുവന്ന് ആ നാശം പിടിച്ച, ചോരുന്ന ബോട്ടിൽ കയറ്റിയിട്ടുമില്ല. എന്നിട്ട് ഇപ്പോൾ വെള്ളം കയറാൻ തുടങ്ങിയപ്പോൾ ഞാൻ നിങ്ങളെ രക്ഷിക്കണമെന്ന്! എനിക്കു വേറെ പണിയുണ്ട്.”
മറ്റുള്ളവരുടെ വേദനയിൽ സങ്കടമനുഭവിക്കാത്ത മനുഷ്യരുള്ളിടത്തോളം ഭൂമിയിൽ ദുരിതങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. പക്ഷേ ആരാണ് ശരിക്കും രക്ഷപ്പെടാത്തത്? കഷ്ടത അനുഭവിക്കുന്നവരോ അതോ അതിൽ നിസ്സംഗത ഭാവിക്കുന്നവരോ? ഒരിക്കലും തീർപ്പുകൽപ്പിക്കാനാവാത്ത ഈ പ്രശ്നവും നോവൽ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു.
/indian-express-malayalam/media/media_files/2025/05/19/booker-pics-3-682370.jpg)
4. ഭാവിയിൽ സംഭവിക്കുന്ന അല്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ഒരു കഥ പറയുകയാണ് ജാപ്പനീസ് എഴുത്തുകാരി ഹീരോമി കവക്കാമിയുടെ 'Under the Eye of the Big Bird' എന്ന പുസ്തകം. അനേകം വർഷങ്ങൾക്കു ശേഷം ഭൂമിയിൽ മനുഷ്യർ ഇല്ലാതാവാൻ തുടങ്ങുന്നു. അതിനെ മറികടക്കാനാണ് പരസ്പര ബന്ധമില്ലാത്ത സമൂഹങ്ങളായി ചിതറിപ്പോയ അവരുടെ ശ്രമം.
ചിലയിടത്ത് മൃഗങ്ങളിൽ നിന്നെടുക്കുന്ന വസ്തുക്കളുപയോഗിച്ച് കുട്ടികളെ ഫാക്ടറികളിൽ നിർമിക്കുന്നു. മറ്റൊരിടത്ത് ആണുങ്ങൾ ഒന്നിലധികം സ്ത്രീകളിൽ പ്രത്യുത്പാദനം നടത്തുന്നു. അതിജീവനത്തിനുള്ള പലപ്പോഴും ഹതാശമായ ശ്രമങ്ങളാണ് ഒരു കൂട്ടം കഥകളിലൂടെ കവക്കാമി പറയുന്നത്.
നോവലിലെ അവസാനത്തെ അധ്യായം ഭൂമിയിൽ അവശേഷിച്ച രണ്ട് പെൺകുട്ടികളെപ്പറ്റിയാണ്. അത്ഭുതശക്തിയുള്ള ഒരു മുത്തശ്ശിയുടെ കൂടെയാണ് അവരുടെ താമസം.
മനുഷ്യരുടെ അന്ത്യദിവസങ്ങൾ മുത്തശ്ശി അവർക്ക് പറഞ്ഞു കൊടുക്കുന്നു. നാശോന്മുഖമായിട്ടും മനുഷ്യരാശി എപ്പോഴുമെന്ന പോലെ സ്നേഹത്തിലും വെറുപ്പിലും യുദ്ധത്തിലും മാത്രം മുഴുകി. ഇതിൽ മനംമടുത്ത ഭൂമിയിലെ അമ്മമാർ മറഞ്ഞിരിക്കാൻ തീരുമാനിച്ചു. അതോടെ മനുഷ്യർ അവസാനിച്ചു. എന്നിട്ട് മുത്തശ്ശി പറഞ്ഞു ''പക്ഷേ എനിക്കിപ്പോഴും പ്രത്യാശയുണ്ട്.”
പ്രത്യാശ? അവസാനത്തെ ആ രണ്ടു പെൺകുട്ടികൾ ആ വാക്ക് കേട്ടിട്ടുപോലുമില്ല. അവർക്കതിൻ്റെ അർത്ഥവുമറിയില്ല. പക്ഷേ നോവലിസ്റ്റ് ആ വാക്കിൻ്റെ ഒടുങ്ങാത്ത അവസ്ഥാന്തരങ്ങൾ സയൻസ് ഫിക്ഷൻ്റെ സ്വഭാവമുള്ള ഈ നോവലിലൂടെ കാണിച്ചുതരുന്നു.
5. കഥയും കഥാപാത്രവും കഥപറയുന്നയാളും തമ്മിലുള്ള ബന്ധത്തിൻ്റെ അന്വേഷണമാണ് ഫ്രെഞ്ച് എഴുത്തുകാരി ആൻ സ്യയെ( Anne Serre) യുടെ 'The Leopard-Skin Hat' എന്ന നോവലിൽ ഉരുത്തിരിയുന്നത്.
'കഥപറയുന്നയാൾ' (The Narrator) എന്നു തന്നെയാണ് നോവലിലെ പ്രധാന കഥാപാത്രം അറിയപ്പെടുന്നത്. അയാളും ബാല്യകാലം മുതലേ കൂട്ടുകാരിയായ ഫനിയും തമ്മിലുള്ള സങ്കീർണമായ പാരസ്പര്യത്തെ നോവൽ അന്വേഷിക്കുന്നു.
കഥയെപ്പറ്റിയുള്ള ഒരു കഥ കൂടിയാണിത്. അതു കൊണ്ടു തന്നെ ഫനിയുടെ യഥാർത്ഥ ജീവിതം കഥപറയുന്നയാൾ ആവിഷ്കരിക്കുന്നതിൽനിന്ന് തികച്ചും വിഭിന്നമാകാനും മതി. "പുസ്തകത്തിനും മുന്നേയുണ്ടായ ഒരു പുസ്തകമാണവൾ” എന്നാണ് എഴുത്തുകാരി അവളെപ്പറ്റി പറയുന്നത്.
തൻ്റെ കഥയിലുള്ള ഫനി തന്നെയാണോ യഥാർത്ഥത്തിലുള്ളവൾ എന്ന ആശങ്ക കഥപറയുന്നയാളെ വിട്ടൊഴിയുന്നില്ല. ഒരിക്കൽ, മോഷ്ടിച്ചെടുത്ത ഒരു ‘പുലിത്തോൽത്തൊപ്പി’ ധരിച്ച് ഉല്ലാസത്തോടെ നിന്ന ഫനിയെ പിന്നീട് പലപ്പോഴും അയാൾക്ക് കണ്ടെത്താനാവുന്നില്ല.
''അവൾ കഥപറയുന്നയാളെ ഭയപ്പെടുത്തി. കാരണം അവളെക്കുറിച്ച് അയാൾക്കൊന്നുമറിയില്ല. നൈമിഷികവും പെട്ടെന്ന് മാഞ്ഞു പോകുന്നതുമായ അവളുടെ സാന്നിദ്ധ്യം എപ്പോഴും ഒരു വിസ്മയമായിരുന്നു എന്നതായിരുന്നു അതിനു കാരണം. അവളുമായി എങ്ങനെയാണ് ആശയവിനിമയം ചെയ്യുക? കണ്ണാടിമറയ്ക്കപ്പുറം നിൽക്കുന്ന ഒരാളുമായി സംസാരിക്കുന്നതുപോലെ വിഷമകരമായിരുന്നു അത്" എന്നാണ് നോവലിസ്റ്റ് ഈ സങ്കീർണതയെപ്പറ്റി പറയുന്നത്.
യഥാർത്ഥ്യവുമായി കല്പിതകഥ ഒരിക്കലും ചേർന്നുപോകില്ലെന്നായിരിക്കാം എഴുത്തുകാരി പറയുന്നത്. ഫനി നടക്കുന്നത് ഇലകൾ പുഴയിലൂടെ ഒഴുകിപ്പോകുന്നതു പോലെയാണെന്ന് നോവലിൽ വിവരിക്കുന്നു.
ഒഴുകുന്ന ജലത്തിലൂടെ ജീവിച്ചിരിക്കുന്നയാൾക്ക് നടക്കാനാവില്ല. പക്ഷേ ഒരു കഥാപാത്രത്തിന് അതു കഴിയും, ഇലകൾക്കും.
6. ഈ വർഷത്തെ ബുക്കർ പുരസ്കാരത്തിൻ്റെ ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു പുസ്തകമേ ഇടംപിടിച്ചിട്ടുള്ളു, കന്നഡ എഴുത്തുകാരിയായ ബാനു മുഷ്താഖിൻ്റെ 'Heart Lamp'. ചുരുക്കപ്പട്ടികയിലുള്ള ഒരേയൊരു ചെറുകഥാ സമാഹാരവും ഇതു തന്നെ.
പന്ത്രണ്ട് കഥകളടങ്ങിയ ഈ പുസ്തകത്തിൽ ആവർത്തിച്ചു വരുന്ന പ്രമേയം സ്ത്രീകളുടെ, വിശേഷിച്ച് കർണാടകയിലെ മുസ്ലീം സ്ത്രീകളുടെ ദുരിതവും അസമത്വവും നിറഞ്ഞ ജീവിതമാണ്.
നിയമജ്ഞയും സാമൂഹ്യ പ്രവർത്തകയും കൂടിയായ എഴുത്തുകാരി സങ്കടത്തിൻ്റെ മാത്രമല്ല, രോഷത്തിൻ്റെയും നിറപ്പകിട്ടില്ലാത്ത ഭാഷയിൽ ഈ കഥകൾ എഴുതിയിരിക്കുന്നു.
തൻ്റെ കഥകൾ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളെയല്ല, സ്ത്രീ സമൂഹത്തെ മുഴുവനായും പ്രതിനിധാനം ചെയ്യുന്നുവെന്ന് ബാനു മുഷ്താഖ് പറഞ്ഞിട്ടുണ്ട്. എഴുത്തിന്റെയല്ല, കഥ പറച്ചിലിന്റെ പരമ്പരാഗതമായ ഇന്ത്യൻ രീതിയെയാണ് ആ കഥകൾ പിൻപറ്റുന്നത്.
സമാഹാരത്തിലെ അവസാനത്തെ കഥയായ 'Be a Woman Once, Oh Lord!' സ്ത്രീകൾക്ക് സമൂഹത്തിലുള്ള നികൃഷ്ടമായ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഒരു സ്ത്രീ പ്രാർത്ഥിക്കുന്നു "എന്നെപ്പോലുള്ള കോടിക്കണക്കിന് നിസ്സാര ജീവികളെ സൃഷ്ടിച്ചിട്ട്, ഞങ്ങൾക്ക് സ്വർഗവും നരകവും പകുത്തു തന്നിട്ട് ദൈവമേ, സ്വർഗത്തിലെ ഉദ്യാനത്തിൽ, നീ ഞങ്ങളെയും കാത്തിരിക്കുന്നു. നിൻ്റെ കണക്കെഴുത്തുകാർ കഷ്ടതകളുടെ അനേകം വാർത്തകൾ നിന്നെ ദിവസവും അറിയിക്കുന്നുണ്ടാകാം. പക്ഷേ എൻ്റെയീ പരിദേവനം പേനകൊണ്ടല്ല ഹൃദയം കൊണ്ടെഴുതിയതാണ്. നീ വീണ്ടും ഭൂമിയെ ഉണ്ടാക്കുമെങ്കിൽ സ്ത്രീകളെയും പുരുഷന്മാരെയും സൃഷ്ടിക്കുമെങ്കിൽ അവിദഗ്ദ്ധനായ ഒരു കുശവനെപ്പോലെ പെരുമാറരുത്. ഒരു സ്ത്രീയായി ഭൂമിയിലേക്കു വരൂ... ഒരിക്കലെങ്കിലും ഒരു സ്ത്രീയാകൂ...”
അവസാനത്തെ ഈ കഥ എടുത്തെഴുതിയത് വെറുതെയല്ല. സ്ത്രീകളുടെ ഇത്തരം രോഷാകുലമായ പ്രാർത്ഥനകളിലോ ശാപങ്ങളിലോ ആണ് ബാനു മുഷ്താഖിൻ്റെ മിക്ക കഥകളും അവസാനിക്കുന്നത്.
Read More: ജയകൃഷ്ണൻ്റെ കവിതകളും കഥകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.