scorecardresearch

നനഞ്ഞ ശിരോവസ്ത്രങ്ങളും ഈസ്റ്ററിലെ വിരുന്നുമേശകളും

"സാധാരണക്കാരുടെ ഭാഷയും ഉപമകളിലും ഗദ്‌സമേന്‍ മലനിരകള്‍ക്ക് സമാനമാണ് ഞങ്ങളുടെ കോങ്കണ്ണിപ്പാറ. എങ്കിലും മലകളില്‍ കുരിശു നാട്ടി ക്രിസ്തുവിനെ മുപ്പതു വെളളിക്കാശിന് വില്‍ക്കാന്‍ കൂട്ടു നില്‍ക്കുവരോടൊപ്പം ഞാനില്ല. മാമലകള്‍ ദൈവാനുഭവങ്ങളുടെ ഗിരിശൃംഗങ്ങളാണ്..."

"സാധാരണക്കാരുടെ ഭാഷയും ഉപമകളിലും ഗദ്‌സമേന്‍ മലനിരകള്‍ക്ക് സമാനമാണ് ഞങ്ങളുടെ കോങ്കണ്ണിപ്പാറ. എങ്കിലും മലകളില്‍ കുരിശു നാട്ടി ക്രിസ്തുവിനെ മുപ്പതു വെളളിക്കാശിന് വില്‍ക്കാന്‍ കൂട്ടു നില്‍ക്കുവരോടൊപ്പം ഞാനില്ല. മാമലകള്‍ ദൈവാനുഭവങ്ങളുടെ ഗിരിശൃംഗങ്ങളാണ്..."

author-image
Jacob Abraham
New Update
easter,memories,jacob ebraham

ഈസ്റ്റർ ഓർമകൾ

ഒരമ്മയുടെ കണ്ണീരിന്‍റെയും കാത്തിരിപ്പിന്‍റെയും പ്രത്യാശയുടെയും പ്രാര്‍ത്ഥനകളാണ് ഈസ്റ്റര്‍. അമ്മമറിയത്തെ ഓര്‍ക്കുമ്പോഴൊക്കെ, ധ്യാനിക്കുമ്പോഴൊക്കെ ഞാനെന്‍റെ അമ്മയെ ഓര്‍ക്കും. ഒരുപക്ഷെ, ലോകത്തുളള എല്ലാ അമ്മമാര്‍ക്കും അമ്മമറിയത്തിന്‍റെ മുഖമായിരിക്കും. വേദനയിലും പുഞ്ചിരിക്കുന്ന മുഖം.

Advertisment

അമ്മത്രേസ്യയുടെ രൂപക്കൂടുകളില്‍ മെഴുകുതിരി കൊളുത്തി, ജപമാലചൊല്ലി, കരയുന്ന പല പുരുഷന്മാരെയും മാഹിപ്പളളിയിലെ അമ്മത്രേസ്യയുടെ സന്നിധിയിലെ തിരുന്നാളിന് പോയപ്പോള്‍ കണ്ടിട്ടുണ്ട്. കുരിശില്‍ നിന്നിറക്കിയ, പീഢിതനായ യേശുദേവനെ മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്‍റെ മുഖത്ത് ദൈന്യത്തിനുപകരം ആത്മസമര്‍പ്പണമാണ് 'പിയേത്ത'യില്‍ വിശ്വകലാകാരനായ മൈക്കലാഞ്ചലോ പകര്‍ത്തിയിരിക്കുന്നത്.

മാക്സിം ഗോര്‍ക്കിയുടെ 'അമ്മ' എത്ര പേരിലാണ് നന്മ നിറച്ചത്. നനഞ്ഞ ശിരോവസ്ത്രങ്ങളുമായി ജപമാലയും പിടിച്ച് പ്രാര്‍ത്ഥനകളോടെ ദേവാലയങ്ങളിലേക്ക് മലകയറുന്ന അമ്മമാര്‍ മൂന്നാം നാളിലെ ഉയിര്‍പ്പിന്‍റെ പ്രത്യാശയാണ് കണ്ണീരിലും തെളിയിക്കുന്നത്. ഉയിര്‍പ്പ് എന്നത് ഒരുപാട് അര്‍ത്ഥതലങ്ങളുളള ഉത്ഥാനത്തിന്‍റെ സന്ദേശമാണ് പകരുന്നത്.

അമ്മയിലേയ്ക്കെത്തുമ്പോള്‍ നന്മയിലേയ്ക്കെത്തുന്നതുപോലെ.

പറഞ്ഞു വരുന്നത് അമ്മയെക്കുറിച്ചാണല്ലോ. വേദപുസ്തകം വായിക്കുമ്പോള്‍ അമ്മയുടെ ഈണം, പശുത്തൊഴുത്തില്‍ നില്‍ക്കുമ്പോള്‍ അമ്മയുടെ കാരുണ്യം, എന്‍റെ മുടി തലോടുമ്പോള്‍ അമ്മയുടെ കൈകളുടെ കരുത്ത്, പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മയുടെ സമര്‍പ്പണം, അടുക്കളയുടെ വിറകടുപ്പിലേക്ക് തീ ഊതി കത്തിക്കുമ്പോള്‍ അമ്മയുടെ മുഖത്തെ ചെന്തീ. അങ്ങനെ പലപല ഭാവത്തില്‍ അമ്മ നിറയുന്നു ഈ ജീവിതത്തില്‍.

Advertisment

ജറുസലേമില്‍ നിന്നും മറ്റും വരുന്ന പുതിയ കണ്ടെത്തലുകളില്‍ യേശുദേവന്‍ ഒരു സ്ത്രീയായിരുന്നുവെന്ന് പറയുന്ന പല പണ്ഡിതരുമുണ്ട്. ടെല്‍ അവീവ് സര്‍വകലാശാലയിലെ എഫ്രീം ബല്‍സാര്‍ ജെറുസലേമിലെ പുരാതന നഗരത്തില്‍ നിന്നും കിട്ടിയ മ്യൂറല്‍ ചിത്രത്തില്‍ പുക്കളാല്‍ അലങ്കരിക്കപ്പെട്ട യേശുവിന്‍റെ ശിരസ്സും കണ്ഠത്തിലെ മുത്തുമാലയും കൈകളില്‍ വളകളുമൊക്കെ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്നു. ചുണ്ടുകളില്‍ ചുവന്ന ചായം പൂശിയ ക്രിസ്തു എന്ന വിപ്‌ളവകാരിയായ യുവതി.

ക്രിസ്തീയതയുടെ അമ്മ വഴിയെ പെൺവഴി ഇന്നും ഒരുപാട് വിവാദങ്ങളുടെ ഇരുട്ടിലാണ്. ഒരു ഫെമിനിറ്റി ക്രിസ്തുവില്‍ ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒറ്റയാവുമ്പോള്‍ ഏത് പുരുഷനും ഒരു സത്രീയെന്നാരോ പറഞ്ഞിട്ടുണ്ട്.

അമ്മ വളര്‍ത്തിയ കുട്ടിയാണ് ഞാന്‍. 80 കളിലെ കുട്ടിക്കാലത്ത് ഗള്‍ഫ്‌ തൊഴിലാളിയായിപ്പോയ അപ്പന്‍ രണ്ടു മാസത്തെ അവധിക്കാലങ്ങളിലെ കാര്‍ക്കശ്യത്തിന്‍റെ യാഥാര്‍ത്ഥ്യമായപ്പോള്‍ അമ്മയുടെ തണൽ കുറമ്പുകാട്ടാനും മല കയറിയും കണ്ടിടം നിരങ്ങിയും വളരാനും അവസരമുണ്ടാക്കി.

പത്തനംതിട്ടയിലെ ഞങ്ങളുടെ മലമ്പ്രദേശങ്ങള്‍ക്ക് ബൈബിളിലെ മലനിരകളോട് സാമ്യമുണ്ട്. വേദപുസ്തകകഥകള്‍ കേട്ടു വളര്‍ന്നതു കൊണ്ടായിരിക്കും ആ സങ്കല്പം. സീനായ്മലയ്ക്ക് പകരം നില്‍ക്കും ഞങ്ങളുടെ നെടുമുരുപ്പ്.

മലയുടെ ഉച്ചിതൊട്ട് ഒരു പളളിയുണ്ട്. ആ മലനിരകളില്‍ നിന്നാല്‍ താഴ്‌വാരങ്ങള്‍ മുഴുവന്‍ നേരിയ നീല തിരശീല പുതച്ച് കിടക്കുന്നതു കാണാം. മല കയറി വരുന്ന കാറ്റിന് ഏതൊക്കെയോ താഴ്‌വാര ജീവിതങ്ങളുടടെ വിഹ്വലത തോന്നുമെങ്കിലും മലമുടിയിലെ പളളിയും ബദാം മരങ്ങളുടെ തണലും ഏത്രയോ ശാന്തമാണ്.

യേശുദേവന് ഏറെ ഇഷ്ടമായ ആട്ടിടയന്മാരെപ്പോലെ ഞാനും ചെറിയൊരു ആട്ടിടയനായിരുന്നു. അവധിക്കാലത്ത് കളിക്കാന്‍ പോകണമെങ്കില്‍ നിര്‍ബന്ധമായും തളളയാടിനെയും ആട്ടിന്‍കുട്ടികളെയും കൂടി കൊണ്ടു പോകണം. നല്ല തൊട്ടാവാടിയും പുല്ലും വളര്‍ന്നുകിടക്കുന്ന പളളിപ്പറമ്പില്‍ ആടിനെ കെട്ടിയിട്ടാണ് ഞങ്ങളുടെ ക്രിക്കറ്റ്കളി.

കുഞ്ഞാടിന്‍ മുഖം നോക്കിയാല്‍ കരഞ്ഞുപോകും. ആടിനെ കൊണ്ടു നടന്ന് താലോലിച്ചവരാണ് ഗാന്ധിജിയും ബഷീറും. കുഞ്ഞാടും ആട്ടിയന്മാരും ബൈബിളിലെ പ്രധാന ഉപമകളാണ്. ആട്ടിടയന്മാര്‍, ആശാരി, മുക്കുവന്മാര്‍, നാടന്‍ പണിചെയ്യുന്നവര്‍ എന്നിവരോടൊക്കെ ചങ്ങാത്തം കൂടിയാണ് യേശു തന്‍റെ ബാല്യം ചിലവിട്ടത്.

easter,memories,jacob ebraham

സാധാരണക്കാരുടെ ഭാഷയും ഉപമകളിലും ഗദ്‌സമേന്‍ മലനിരകള്‍ക്ക് സമാനമാണ് ഞങ്ങളുടെ കോങ്കണ്ണിപ്പാറ. എങ്കിലും മലകളില്‍ കുരിശു നാട്ടി ക്രിസ്തുവിനെ മുപ്പതു വെളളിക്കാശിന് വില്‍ക്കാന്‍ കൂട്ടു നില്‍ക്കുവരോടൊപ്പം ഞാനില്ല. മാമലകള്‍ ദൈവാനുഭവങ്ങളുടെ ഗിരിശൃംഗങ്ങളാണ്.

ഞാനാദ്യമായി ഒരു സിനിമകാണുന്നത് പളളിയില്‍ വെച്ചാണ്. വലിച്ചു കെട്ടിയ വെളളത്തുണിയില്‍ ഏതോ അമേരിക്കന്‍ സ്റ്റുഡിയോ ക്രിസ്തുമത പ്രചരണാര്‍ത്ഥം പുറത്തു വിട്ട ജീസസ് സിനിമാ പരമ്പരയില്‍ വരുന്നയൊന്ന്. പളളിപ്പറമ്പില്‍ ചേട്ടന്‍ മുന്നിലെവിടെയോ അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ക്കൊപ്പമിരുന്നപ്പോള്‍ ഞാനമ്മയുടെ സാരിത്തുമ്പിലിരുന്നു.

കര്‍ത്താവിന്‍റെ ക്രൂശാരാഹോണസമയത്ത് നായകനടനൊപ്പെം സ്ത്രീകളൊക്കെ കരയുന്നുണ്ടായിരുന്നു. അമ്മയുടെ കണ്ണും നിറഞ്ഞു. ഞാനും കരയാന്‍ തുടങ്ങി. നനഞ്ഞ ശിരോവസ്ത്രങ്ങളാല്‍ അമ്മ കണ്ണീരൊപ്പി എന്നെ നോക്കി മൃദുവായി ചിരിച്ചു. പിന്നീട് ഏതോ ചലച്ചിത്രമേളയില്‍ വെച്ച് പസ്സോളിനിയുടെ 'The Gospel According to Mathew' കണ്ടപ്പോഴും മാര്‍ട്ടിന്‍ സ്‌കോര്‍സസെയുടെ 'The Temptation of Christ' കണ്ടപ്പോഴും എനിക്കെന്‍റെ യേശുവിനെ തിരികെകിട്ടി.

ജീവിതത്തില്‍ പിന്നീട് പലപ്പോഴും അമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. അലഞ്ഞു തിരിഞ്ഞു നടക്കലുകള്‍, മദ്യപാന കാലങ്ങള്‍, വ്യാജ പ്രതീതിയുടെ ആത്മരതിയില്‍ വീണു പോയ യൗവ്വനകാലത്ത് അമ്മയെ ഒരുപാട് വേദനിപ്പിച്ചു. അപ്പോഴൊക്കെ മകന്‍റെ വിലാപ്പുറത്ത് കൈയിട്ട് അമ്മമറിയത്തെപ്പോലെ ആശ്വസിപ്പിച്ചു അമ്മ.

ലോകത്തെല്ലായിടത്തും പിറവി തൊട്ട് മരണം വരെ അമ്മയില്‍ നിന്നുളള ഇറങ്ങിപ്പോകലും തിരിച്ചു വരവുമാണ് പുരുഷന് ജീവിതം. കാമുകിയില്‍, ഭാര്യയില്‍, ഇണയില്‍ അമ്മയെ നോക്കി നിരാശരാവുന്നവര്‍ അമ്മയുടെ കോന്തലയില്‍ കുരുങ്ങിപ്പോയവരല്ലേ?.

easter,memories,jacob ebraham

ഓശാന ഞായറില്‍ തുടങ്ങി ഉത്ഥാനനാളായ ഈസ്റ്റര്‍ ഞായറില്‍ തീരുന്ന വിശുദ്ധവാരത്തില്‍ പലപ്പോഴും അമ്മയുടെ അടുത്തെത്തും ഞാന്‍. ഓശാനയിലെ കുന്തിരക്കത്തിന്‍റെ മണവും അകിലിന്‍റെ സൗരഭ്യവും ഒഴുകിയെത്തുന്ന ദേവാലയ ദിവസങ്ങള്‍ ഓര്‍മ്മയിലെത്തും. പല തരം രുചികളുടെ സ്‌നേഹം നിറച്ചാണ് അമ്മ ഞങ്ങളെ കാത്തിരിക്കാറുളളത്.

പെസഹവ്യാഴത്തിലെ വട്ടയപ്പത്തിന്‍റെ രുചി എപ്പോഴും അലഞ്ഞ് തിരിഞ്ഞ് വൈകിയെത്തുന്ന എന്നെ കാത്തിരിപ്പുണ്ടാകും. മുടിയനായ പുത്രന്‍റെ വേദപുസ്തക കഥയിലെ പിതാവിനെപ്പോലെ അമ്മ പങ്കു കച്ചവടം നടത്തി മൂരിയെ അറക്കുന്ന ഇറച്ചിവെട്ടുകാരോട് ശട്ടംകെട്ടി നല്ല ഇറച്ചി തന്നെ വാങ്ങിയിട്ടുണ്ടാകും. പലപ്പോഴും കൂട്ടുകാരോടൊപ്പം എത്തുന്ന എന്നെക്കാള്‍ കൂടുതലായി വിരുന്നു മേശകളില്‍ അവരെ സല്‍ക്കരിക്കലാവും അമ്മയുടെ ഇഷ്ടം.

മാന്‍ബുക്കര്‍ നേടിയ ഐറിഷ് നോവലിസ്റ്റായ കോം ടൊയിബിന്‍റെ (Colm Toibin) 'ദ ടെസ്റ്റമെന്റ് ഓഫ് മേരി' വായിച്ചത് കഴിഞ്ഞ ഈസ്റ്ററിനാണ്. മകന്‍റെ ജീവിതത്തെക്കുറിച്ചും പീഢാനുഭവങ്ങളെക്കുറിച്ചും കുരിശാരോഹണത്തിനുശേഷം ഒളിവില്‍ കഴിയുന്ന അമ്മമറിയം നടത്തുന്ന തുറന്നുപറച്ചിലാണ് ഈ പൊളളുന്ന നോവല്‍.

ഈ ഈസ്റ്ററിന് അമ്മയുടെ അടുത്തേക്ക് വീണ്ടുമെത്തണം. പ്രിയപ്പെട്ട കഥാകൃത്തും ക്രിസ്തീയ ഇമേജറികളാല്‍ കഥയെ പ്രാര്‍ത്ഥനയാക്കിയ ടിവി കൊച്ചുബാവയുടെ കഥാശീര്‍ഷകം പേലെ 'വിരുന്നുമേശകളിലേക്ക് നിലവിളികളോടെ' നാം പോകുന്നു.

Read More:

Maundy Thursday Easter Good Friday

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: