നോമ്പു തുടങ്ങുന്നതിന്റെ തലേന്ന് പേത്തർത്തായാണ്. രണ്ടു മൂന്നു ദിവസം മുന്നേ തുടങ്ങും അമ്മയുടെ ആലോചന. എന്തു വെക്കണം? പോത്തിറച്ചി കായയിട്ട് വെക്കണോ? കോഴി കുമ്പളങ്ങയിട്ട് പാലു പിഴിഞ്ഞു വെക്കണോ? കോഴിയും പോത്തുമൊന്നും കഷണങ്ങളിട്ടല്ലാതെ വെയ്ക്കുന്നത് ഈസ്റ്ററിനും ക്രിസ്മസിനും പിന്നെ അമ്പു പെരുന്നാളിനുമല്ലാതെ ഞാൻ കണ്ടിട്ടേയില്ല.
ഞങ്ങളുടേതൊരു കൃഷിക്കാരുടെ ഗ്രാമമായിരുന്നു. ചേന, ചേമ്പ്, കായ, കുമ്പളങ്ങ, കൂർക്ക, കൊള്ളി എല്ലാം സുലഭം. ഇറച്ചി ചെറുതായി നുറുക്കി കഴുകിയെടുത്തതിൽ സവാളയും പച്ചമുളകും അരിഞ്ഞും ഇഞ്ചി ചതച്ചും ചേർക്കും. മുളകുപൊടിയും മഞ്ഞൾ പൊടിയും മല്ലിപൊടിയും കല്ലുപ്പും ചേർത്ത് നന്നായി തിരുമ്മി പാത്രത്തിലാക്കി അടുപ്പിലോട്ടു കയറ്റും. വെന്തു വരുമ്പോൾ നേന്ത്രക്കായ തൊലി കളഞ്ഞ് നുറുക്കിയതോ കൊത്തിയരിഞ്ഞ കൊള്ളിയോ ചേർക്കും. കൂട്ടു കഷണങ്ങൾ പോത്തിറച്ചിയുടെ നെയ്യിലും ചാറിലും കിടന്നാണ് വേവുക. കുഞ്ഞുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും കൂടി ചതച്ചത് വെളിച്ചെണ്ണയിൽ മൊരിയിച്ചെടുത്ത് ഗരം മസാലയും ചേർത്ത് ഒന്നിളക്കി കറിയിലേക്ക് താളിച്ചൊഴിക്കുമ്പോൾ ഉയരുന്ന ഒരു ഗന്ധമുണ്ട്. തൊട്ടടുത്ത വീട്ടിലെ എമിലി ചേട്ത്യാര് അപ്പോ വിളിച്ചു ചോദിക്കും “പോത്തും കായയും കാച്ചിയോ !”
Read Here: Easter 2020: പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്റര്‍ ആശംസകള്‍

പേത്തർത്ത കഴിഞ്ഞാൽ പിന്നെ അമ്പതു ദിവസത്തേക്ക് ഇറച്ചിയും മീനും തൊടാൻ കിട്ടില്ല. പിന്നത്തെ ഞായറാഴ്ചകൾ ശോകമൂകമാണ്. മാങ്ങക്കറിയും കുമ്പളങ്ങ ഓലനും സാമ്പാറുമെല്ലാമായി വരണ്ട ഞായറാഴ്ചകൾ. മുട്ട മാത്രം നോമ്പിൽ നിന്ന് കഷ്ടി രക്ഷപ്പെടും. അമ്മ ഇക്കണോമിക്കലായിരുന്നു. വേറൊന്നുമല്ല വീട്ടിലെ കോഴികളിടുന്ന മുട്ടകൾ ചീത്തയായി പോകുമെന്നതു തന്നെ കാര്യം. ഇടയ്ക്ക് മുട്ടക്കറി കിട്ടും.
പിന്നെയൊരാശ്വാസം തൊട്ടപ്പുറത്തെ വീട്ടിലെ കുഞ്ഞർതുട്ട്യേട്ടനാണ്. കക്ഷി പള്ളിക്കെതിരാണ്. ആള് നോമ്പ് കാലത്തും ഇറച്ചി വാങ്ങും. ആ വേവ് മണം കേട്ട് ചോറുണ്ണാം. പിന്നെ അമ്മയ്ക്കും ചില സൂത്രപണികളുണ്ട്. പോർക്കിറച്ചി വെന്തു വരുമ്പോഴുള്ള നെയ്യ് ഒരു കുപ്പിയിലൂറ്റി അടുപ്പിന്റെ പാതകത്തിലെ മൂലയിൽ വെച്ചിട്ടുണ്ടാവും. വെളിച്ചെണ്ണക്കു പകരം പോർക്കും നെയ്യൊഴിച്ച് ഉപ്പേരി കാച്ചി തരും. കൊതിക്ക് പൊടി ശമനം കിട്ടും. ഈ ഇളവിനെല്ലാം വേറൊരു മുട്ടൻ പണി കിട്ടും. ഇഷ്ടമുള്ളത് ത്യജിക്കുക. സിനിമ കാണുന്നതിനും നോവലുകൾ വായിക്കുന്നതിനും എല്ലാവർക്കും നോമ്പുണ്ട്. ചേച്ചിക്ക് അച്ചാറിനും എനിക്ക് മധുരത്തിനും നോമ്പെടുക്കണം. പക്ഷേ, പത്തു ദിവസം കഴിയുമ്പോഴേക്കും ശർക്കര ഇട്ടു വെക്കുന്ന കുപ്പി ഭരണിയിൽ നിന്ന് ശർക്കര വെല്ലം കട്ടെടുത്ത് പാടത്ത് വിളഞ്ഞു കിടക്കുന്ന നെല്ലിന്റെ മറയിലിരുന്ന് തിന്നും. മധുരമില്ലാതെ എനിക്ക് പറ്റില്ലായിരുന്നു.
വെള്ളിയാഴ്ചകളിൽ കുരിശിന്റെ വഴിയുണ്ടാവും. ചുറ്റുവട്ടത്തുള്ള വീടുകളിലേക്കാണ് പോക്ക്. പത്തിരുപതു ആളുകളുണ്ടാവും. കുട്ടികളും കൗമാരക്കാരും അമ്മമാരും കുറച്ച് അപ്പൻമാരും. വൈകുന്നേരമായതു കൊണ്ട് മെഴുകുതിരി കത്തിച്ച് പിടിച്ചിട്ടുണ്ടാകും. ഉരുകിയൊലിച്ച് കൈയിൽ വീഴാതിരിക്കാൻ പ്ലാവിലയിൽ കുത്തി പിടിക്കും. വഴി നീളെ പാട്ടാണ്. ‘ഗാഗുൽത്താമലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ…’ ആകെ ദു:ഖ സാന്ദ്രമാവും അന്തരീക്ഷം. ചേച്ചി ഭയങ്കര പാട്ടുകാരിയാണ്.

ഓരോ വീട്ടിൽ ചെല്ലുമ്പോഴും സ്റ്റൂളിൽ ഒരു തുണി വിരിച്ചിട്ട് ഒരു ക്രൂശിത രൂപോം രണ്ടു മെഴുകുതിരിയും കത്തിച്ചു വെച്ചിട്ടുണ്ടാവും. ഓരോ സ്ഥലം എത്തിക്കുന്നത് ഓരോരുത്തരാണ്. ഉറക്കെ ചൊല്ലണം. ഒരിക്കൽ ഞാൻ ചൊല്ലിയ രഹസ്യത്തിൽ ‘ശബ്ദായമാനമായ അന്തരീക്ഷം’ എന്നൊരു വാക്കുണ്ട്. എനിക്കെന്തു ചെയ്തിട്ടും നാക്കുളുക്കാതെ ആ വാക്കു പറയാൻ പറ്റുന്നില്ല. പിന്നിലു നിക്കണ ചുമ്മാരേട്ടൻ തിരുത്തും. ഞാൻ പിന്നേം തെറ്റിക്കും. പിന്നിലുള്ളവരുടെ ചിരിയും ചുമ്മാരേട്ടന്റെ വഴക്കും കൂടിയായപ്പോൾ അതൊരു ശരിക്കുള്ള കുരിശും വഴിയായി എനിക്ക്. എന്നാലും രസമായിരുന്നു ആ രാത്രികൾ.
കറന്റെത്തിയിട്ടില്ലാത്ത വീടുകളിലേക്ക് കാറ്റിലാടുന്ന മെഴുകുതിരികളുടെ വെട്ടത്തിൽ ക്രൂശിതന്റെ പാട്ടു പാടി പോകുന്ന ഒരു കൂട്ടം നാട്ടുമനുഷ്യർ. എന്തൊരു കാഴ്ചയാണ് അത്. ഓർമ്മയുടെ വെട്ടത്തിൽ പരക്കുന്ന കാഴ്ച. ചില വീടുകളിൽ നിന്ന് പഞ്ചാര വെള്ളം കിട്ടും. സമ്പന്നരാണെങ്കിൽ രസ്ന കലക്കിയത്. ചിലപ്പോ ബിസ്ക്കറ്റും മിഠായിയും കിട്ടും. എന്തു കിട്ടിയാലും ഞങ്ങൾ രണ്ടു പെൺകുട്ടികൾ വരുന്നതും കാത്ത് ഇറയത്തിരിക്കുന്ന അമ്മച്ചിക്ക് ഒരു പങ്ക് എന്റെയും ചേച്ചിയുടേയും കയ്യിൽ ഭദ്രമായിരിക്കും. ബിസ്ക്കറ്റ് കയ്യിലെ വിയർപ്പിൽ കുതിർന്നു പോയിട്ടുണ്ടെങ്കിലും അമ്മയുടെ കണ്ണ് തിളങ്ങും. അമ്മയത് ഒരു നുള്ള് പൊട്ടിച്ചു തിന്നിട്ട് ഞങ്ങൾക്കു തന്നെ തരും.
ഇരുപത്തിയഞ്ചാം ദിവസമെത്തുന്ന പാതി നോമ്പിന് ഇണ്ട്റിയപ്പമുണ്ടാക്കും. അരിയും ഉഴുന്നും കുതിർത്ത് മഞ്ഞൾ പൊടി കൂട്ടി അരച്ചെടുക്കും. ഇതിലേക്ക് ചുവന്നുള്ളി വട്ടത്തിൽ നേർമ്മയായി അരിഞ്ഞതും തേങ്ങാക്കൊത്തും കറിവേപ്പിലയും വറുത്തിടും. വെളിച്ചെണ്ണയിൽ ഇതെല്ലാം മൊരിയുന്നതിന്റ ഗന്ധം കൊതി പിടിപ്പിക്കും. ഈ മാവ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് മൊരിയിച്ചെടുക്കുകയോ അപ്പച്ചെമ്പിൽ വെച്ച് പുഴുങ്ങിയെടുക്കുകയോ ചെയ്യും . ഞാനൊരു മധുര പ്രിയായതുകൊണ്ട് ഈ ഭാഗത്തേക്കേ വരാറില്ല. മധുരമില്ലാത്ത മൊരിഞ്ഞ ഇണ്ട്റിയപ്പം ചേച്ചിയുടെ പ്രിയപ്പെട്ടതായിരുന്നു. ഇണ്ട്റിയപ്പം മുറിക്കാൻ പാടില്ല പൊട്ടിച്ചെടുക്കാനേ പാടുള്ളൂ എന്നൊരു നിയമമുണ്ട്.
Read More: ഇണ്ട്റിയപ്പവും പെസഹാ പാലും ഉണ്ടാക്കുന്ന രീതികള്‍
ഏതാണ്ട് ഇത്രയും നാളാവുമ്പോഴേക്കും നോമ്പൊരു ബാധ്യതയായി തീർന്നിട്ടുണ്ടാകും. ഈശോയുടെ ഒരു കുരിശുമരണോം ഉത്ഥാനവും.
വലിയ ആഴ്ച്ച എന്നാ മട്ടുപ്പാന്നേ. കുരിശുപള്ളികളിലൊന്നും ആ ആഴ്ച കുർബ്ബാന ഉണ്ടാവില്ല. അവിടന്നൊക്കെയുള്ള ആൾക്കാർ തള്ളപ്പള്ളിയിൽ വരും. സൂചി വീഴാൻ ഇടയില്ലാത്തിടത്ത് വിയർത്ത് കുളിച്ചിരിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട് ഞാനും കൂട്ടുകാരി മിനിയും കൂടി പുറത്ത് കാറ്റു കൊണ്ടിരിക്കും. കുഞ്ഞുകുട്ടികളുള്ള അമ്മമാരും പുറത്തിരിക്കുന്നുണ്ടാവും. ഈസ്റ്റർ കഴിയുമ്പോഴേക്കും കുട്ടികൾ ഞങ്ങളെ കാണുമ്പോഴേ കൈയെടുത്ത് ചാടി വരാനൊരുങ്ങും. അതു പോലെയാണ് ഞങ്ങളുടെ കൊഞ്ചിക്കൽ.

പെസഹാ വ്യാഴം വന്നാൽ സന്തോഷമാണ്. അന്നാണ് പാലു കുറുക്കുന്ന ദിവസം അരിപ്പൊടിയിൽ പഞ്ചസാരയും രണ്ടാം പാലും മൂന്നാം പാലും ചേർത്ത് നിറുത്താതെ ഇളക്കി കുറുക്കിയെടുക്കണം. ഇറക്കുന്നതിനു മുമ്പ് തലപ്പാലൊഴിക്കും. പെസഹാ പാൽ സ്റ്റീൽ കിണ്ണങ്ങളിലാക്കി വെക്കും. തണുക്കുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം. പിന്നീടതിന് പല പാകഭേദങ്ങളുമുണ്ടായി. പഞ്ചസാരക്കു പകരം ശർക്കര ചേർത്ത് പാലു കുറുക്കി അതിൽ കലത്തപ്പം മുക്കി കഴിക്കലായി. നഴ്സറി ക്ലാസ്സിൽ പഠിച്ച ‘Hot cross buns’ലെ ബണ്ണ് മുറിക്കുന്നതും കാണാറുണ്ട്. എന്തോ അതിനെല്ലാത്തിന്നോടും ഒരു ഇഷ്ടക്കുറവാണ്.
ദുഃഖവെള്ളിയാഴ്ച ഒരിക്കലാണ്. അന്നു കയ്പ കടിക്കണം. പെസഹാക്കുറുക്കെടുത്ത് കയ്പയില അതിനുള്ളിൽ പൂഴ്ത്തി വെച്ച് ഒറ്റ വിഴുങ്ങൽ. പേരിന് കയ്പ കടിക്കുകയും ചെയ്തു എന്നാൽ ചവർപ്പിട്ട് അറിഞ്ഞതുമില്ല. ഉച്ചക്ക് സാമ്പാറും എലശ്ശേരിയും ഉപ്പേരിയും പപ്പടവും കൂട്ടി ചോറുണ്ണാം. ഓണം കഴിഞ്ഞ് പിന്നൊരു സദ്യ ക്രിസ്ത്യാനി വീടുകളിൽ വെക്കുന്നത് ദു:ഖവെള്ളിക്കാണ്. മധുരത്തിന് പായസമുണ്ടാവില്ലെന്നു മാത്രം. കോട്ടയത്ത് പിന്നീട് വന്നപ്പോഴാണ് വ്യത്യാസം കണ്ടത്. അവിടത്തെ പള്ളികളിൽ സദ്യയല്ല, കഞ്ഞിയും പയറുമാണ്. ലളിത ഭക്ഷണം.
വയറു നിറഞ്ഞു വിശ്രമിക്കാനൊന്നും നേരമുണ്ടാവില്ല. വെയിലാറുമ്പോൾ തന്നെ ഇറങ്ങണം. പള്ളിയിൽ നിന്ന് കുരിശിന്റെ വഴിയുണ്ട്. രണ്ടു മൂന്നു കിലോമീറ്റർ നടക്കാനുണ്ടാവും. വെള്ള ഉടുപ്പുകളിട്ട് കൈയിൽ മരക്കുരിശും പിടിച്ച് ഇടവക ജനം മുഴുവൻ വരി വരിയായി വിലാപഗീതം പാടി നടക്കും. മൈക്കിലൂടെ വേദന നിറഞ്ഞ ശബ്ദത്തിൽ ക്രൂശിലേറിയവന്റെ ദുഃഖം മുഴങ്ങുന്നുണ്ടാവും. ചുട്ടുപഴുത്ത വഴികളിൽ മുട്ടുകുത്തി അവന്റെ വേദന ഞങ്ങൾ ഒപ്പിയെടുക്കും. തളർന്നു വീഴാതിരിക്കാൻ വഴിയരികിൽ മോരും വെള്ളം കൊടുക്കുന്നുണ്ടാവും. രാത്രിയാവും വീടെത്താൻ. അതൊരാഘോഷമായിരുന്നു കുട്ടികൾക്ക്.

ശനിയാഴ്ച്ചയായാൽ ആശ്വാസമാണ്. നോമ്പുകാലത്തിന്റെ അവസാന മണിക്കൂറുകളിലെത്തിയിരിക്കുന്നു. കാലത്ത് ഉറക്കമെണീക്കുന്നതു തന്നെ അടുക്കളയിലെ കലപില കേട്ടാണ്. വട്ടേപ്പം ഉണ്ടാക്കാൻ പച്ചരി വെള്ളത്തിലിട്ടിട്ടുണ്ടാവും. അതു ചിരകിയ തേങ്ങയും ചേർത്ത് പൊടിച്ചു കൊണ്ടു വരണം. ആ പൊടി അലുമിനിയം കലത്തിൽ കള്ളും പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് കലക്കി വെക്കും. ഇളക്കുമ്പോൾ പഞ്ചസാരത്തരികൾ കലങ്ങുമ്പോഴുണ്ടാകുന്ന ഒരു സംഗീതമുണ്ട്. ഇപ്പോഴും കേൾക്കാൻ കൊതി തോന്നുന്ന ഒച്ച. പഞ്ചാര പാകത്തിനുണ്ടോ എന്നു നോക്കാൻ പൂച്ചയെപ്പോലെ അമ്മയെ ചുറ്റിപ്പറ്റി നിൽക്കുന്ന എന്റെ കയ്യിലേക്ക് ഒഴിച്ചു തരും. നല്ല കള്ളാണെങ്കിൽ രണ്ടിടങ്ങഴി അരിക്ക് ഉരി കള്ളു മതി. ബാക്കി കള്ളു ഞങ്ങൾ അമ്മയും മക്കളും കൂടി അടിക്കും. പിന്നെ ഞാനെന്റെ മാമാട്ടിക്കുട്ടിയമ്മ സ്റ്റൈലിൽ വെട്ടിയിട്ട മുടി തുള്ളിച്ച് ചിരി തുടങ്ങും. അതു കണ്ട് അമ്മയും ചേച്ചിയും പൊട്ടിചിരിക്കും.
പോത്തും പോർക്കും മീനും ഒരു സഞ്ചിയിലൊതുങ്ങി കാലത്തേ എത്തിയിട്ടുണ്ടാവും. മീൻ വാളയോ വരാലോ പിലോപ്പിയോ ആയിരിക്കും. കല്ലിലുരച്ച് കഴുകിയെടുത്ത് നല്ല മൂത്ത മൂവാണ്ടൻ മാങ്ങയും ചേർത്ത് പാലു പിഴിഞ്ഞ് വെയ്ക്കും. തലകഷണം കുടമ്പുളിയിട്ട് വറ്റിക്കും. ശനിയാഴ്ച വൈകുന്നേരത്തിന് അതാണ് കറി. പോർക്കും പോത്തും വേവിച്ചു വെയ്ക്കും. പിറ്റേന്നാണ് കാച്ചലൊക്കെ. ചുവപ്പും മഞ്ഞയും നിറമാണ് തൃശൂക്കാരുടെ ഇറച്ചിക്കറികൾക്കും മീൻ കറിക്കുമൊക്കെ. എന്നാൽ കോട്ടയത്തു വ്യത്യാസമുണ്ട്. കുരുമുളകു കൂടുതൽ ചേർത്ത് കറുത്ത നിറവും മീൻ കറി തീ പോലെ ചുവന്നുമിരിക്കും. നോമ്പു വീടാൻ മധുരമുള്ള വട്ടേപ്പത്തിന് പുളിയും തേങ്ങാപ്പാലിന്റെ മധുരവുമുള്ള മീൻ കറിയാണ് തൃശൂർക്കാരുടെ പതിവ്. കോട്ടയത്ത് കള്ളപ്പവും താറാവ് റോസ്റ്റുമാണ് സ്പെഷ്യൽ. എന്നാൽ ഞങ്ങളുടെ ഗ്രാമത്തിൽ അത്ര സുലഭമായിരുന്നില്ല താറാവ്. നീണ്ടൊരു കൊമ്പിന്റെ തുഞ്ചത്ത് വെള്ള ഷിമ്മികൂട് കെട്ടി താറാവിൻ പറ്റങ്ങളെ ഒരു തിര പോലെ ഒഴുക്കി വല്ലപ്പോഴുമേ താറാവുകാർ വന്നെത്താറുള്ളൂ. കൊയ്ത്തു കഴിഞ്ഞ പാടത്ത് അവർ താവളമടിക്കും.ചുറ്റുവട്ടത്തുള്ളവർ അവരിൽ നിന്ന് മുട്ടയും ഇറച്ചിക്ക് താറാവിനെയും മേടിക്കും. അതിലൊതുങ്ങും താറാവുകറിയുടെ പൂതി.
പാതിരാ കുർബ്ബാനയ്ക്ക് പന്ത്രണ്ടു മണിയാവുമ്പോഴേ പുറപ്പെടും. അടുത്തുള്ളവരെല്ലാം ഒരുമിച്ച് കൂട്ടം കൂട്ടമായിട്ടാണ് പള്ളിയിൽ പോക്ക്. ഉറക്കപിച്ചിലാണ് ഉടുപ്പു മാറിയതെങ്കിലും അമ്മച്ചിമാരുടെ ആരവത്തിലതെല്ലാം മാഞ്ഞു പോകും. ചൂട്ടുകറ്റ വീശി ശവര്യാര് ചേട്ടനോ ലോനപ്പേട്ടനോ മുന്നിൽ നടക്കും. അതിന്റെ വെളിച്ചത്തിൽ ഒരു കൂട്ടം പെണ്ണുങ്ങളും. വെച്ച കറികളുടെയും കിട്ടിയ മീനിന്റെയും വട്ടേപ്പത്തിന്റെ എണ്ണവുമായിരിക്കും പായാരം പറച്ചിൽ. യൂത്ത് സംഘടനയിലെ ചേട്ടൻമാരോ അച്ചനാവാൻ പഠിക്കുന്ന പിള്ളേരോ യേശു ഉയിർത്തെഴുന്നേൽക്കുന്ന നാടകം കാണിക്കും. പുകയും ഇരുട്ടും മണിയടിയും നിറഞ്ഞ അന്തരീക്ഷത്തിൽ ഉത്ഥിതനായ യേശു കൊടിയടയാളം പിടിച്ച് ഉയർന്നു വരും. ആ അത്ഭുതം കണ്ട് ഞങ്ങൾ കുട്ടികൾ വാ പൊളിച്ചിരിക്കും. അതു കഴിഞ്ഞാൽ അച്ചന്റെ പ്രസംഗമാണ്. അതിനിരുന്നാൽ പിന്നെ എഴുന്നേൽക്കാറില്ല. ആ ഇരിപ്പിൽ ഉറക്കം പിടിച്ചിരിക്കും.
ഈസ്റ്ററിന് കാലത്ത് കോഴിക്കൂട് തുറന്നു വിടില്ല. നേരം വൈകുന്തോറും അപകടസൂചന കിട്ടി അവ ഉറക്കെ കൊക്കുന്നുണ്ടാവും. കറിവെക്കാനുള്ളതിനെ പിടിച്ച ശേഷമേ കൂട് തുറക്കൂ. പാതിരാ കുർബാനയും കഴിഞ്ഞ് വന്നുറങ്ങി നേരം വൈകി എഴുന്നേറ്റു വരുമ്പോൾ കാണാം അടുക്കള മിറ്റത്ത് ചോരയുടെ പാടുകൾ. തെങ്ങിൻ തടത്തിൽ കിടക്കുന്ന വാഴയിലയിൽ നിന്ന് കോഴിയുടെ തലയും കുടലും തിന്നാൻ കടിപിടി കൂടുന്നുണ്ടാവും നായ്ക്കളും കാക്കകളും. ഇറച്ചി തിന്നാനുള്ള കൊതി അവിടെ തീരും. പേരറിയാ നൊമ്പരം വന്ന് നെഞ്ചിൽ മുട്ടും. അപ്പൻ ചില്ലു ഗ്ലാസെടുത്ത് മുറിയിലേക്കു പോകുന്നതു കൂടി കാണുമ്പോൾ വിറയലാണ്. പിന്നെയെല്ലാം മനപാഠമാണ്. കറികൾ തണുത്തു വിറങ്ങലിച്ചിരിക്കും. അമ്മയുടെ കണ്ണിൽ നിന്ന് ചാലുകൾ വീഴും. ഞങ്ങൾ രണ്ടു പെൺകുട്ടികൾ എന്നാണ് നമ്മളൊരു ഈസ്റ്ററാഘോഷിക്കുക എന്ന് സങ്കടപ്പെട്ട് മിണ്ടാതെ പതുങ്ങിയിരിക്കും. കുടിച്ച് നില തെറ്റി അപ്പനുറങ്ങുമ്പോൾ അമ്മ ഞങ്ങളുടെ നോമ്പു വീട്ടും. വെയിൽ തിരിഞ്ഞ പകൽ മൂന്നു മണി നേരമായിട്ടുണ്ടാവും അപ്പോൾ.