scorecardresearch

ചിറകില്ലാതെ പറക്കുന്ന പക്ഷിയാണ് ആ പന്ത്

"ഒരിക്കൽ ഒരു കളിക്കിടയിൽ ആ ഉയർന്നപടവുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു . ''അറ്റിഹുയിവാസ് ". അതിന്റെ അർത്ഥമെന്തെന്ന് ആർക്കുമറിയില്ല, പറഞ്ഞയാളെ ആർക്കും കണ്ടെത്താനുമായില്ല. പക്ഷേ അതിന്റെ താളം കാണികളെ ചിരിപ്പിച്ചു. ആ വാക്കിനെ കുറിച്ച് പാപത്തിന്റെ കളിയെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

"ഒരിക്കൽ ഒരു കളിക്കിടയിൽ ആ ഉയർന്നപടവുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു . ''അറ്റിഹുയിവാസ് ". അതിന്റെ അർത്ഥമെന്തെന്ന് ആർക്കുമറിയില്ല, പറഞ്ഞയാളെ ആർക്കും കണ്ടെത്താനുമായില്ല. പക്ഷേ അതിന്റെ താളം കാണികളെ ചിരിപ്പിച്ചു. ആ വാക്കിനെ കുറിച്ച് പാപത്തിന്റെ കളിയെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

author-image
Jayakrishnan
New Update
ചിറകില്ലാതെ പറക്കുന്ന പക്ഷിയാണ് ആ പന്ത്

ചിത്രീകരണം : ജയകൃഷ്ണൻ

പാപത്തിന്റെ കളിയാണിത്, വഞ്ചനയുടെയും കാപട്യത്തിന്റെയും. പക്ഷേ ഇന്നുമുതൽ ഏതാണ്ട് അഞ്ഞൂറു കോടിയോളം ആളുകൾ ആ പാപത്തിൽ, ചതിയിൽ മുഴുകാൻ തുടങ്ങുന്നു.

Advertisment

കളി തോൽക്കുന്നതിന്റെ സങ്കടം അറിയാത്തവൻ യഥാർത്ഥദുഃഖമെന്തെന്ന് ഒരിക്കലും അറിയുകയില്ലെന്നാണ് പെറൂവിയൻ എഴുത്തുകാരനായ ഹൂലിയോറാമോൺ റിവെയ്റോ (Julio Ramon Ribeyro) പറയുന്നത്. 1936 ലെ ഒളിമ്പിക്സിൽ ഫുട്ബോൾ സ്വർണം നേടേണ്ടിയിരുന്നത് പെറു ആയിരുന്നു. ഓസ്ട്രിയയെ അവർ 4-2ന് തോൽപ്പിക്കുകയും ചെയ്തു. പക്ഷേ, കറുമ്പന്മാരും റെഡ്ഇന്ത്യരും സങ്കരവർഗ്ഗക്കാരും ചേർന്ന ഒരു ടീം ശുദ്ധ ട്യൂട്ടൺ വംശക്കാരെ തോൽപ്പിച്ച് സ്വർണ്ണം നേടുന്ന കാര്യം ഹിറ്റ്‌ലർക്ക് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല.

കളിയിൽ ചതിയും കാപട്യവും കലരാതെ നോക്കേണ്ട ഫിഫ ആ പാപകർമ്മം ഏറ്റെടുത്തു. മത്സരഫലം റദ്ദാക്കപ്പെട്ടു. കളിക്കളത്തിന് വലുപ്പം കുറച്ച് കുറഞ്ഞെന്നോ കൂടിയെന്നോ മറ്റോ ആയിരുന്നു കാരണം. പെറു ഒളിമ്പിക്സിൽ നിന്ന് പിൻവാങ്ങി, സ്വർണ്ണം അവർക്ക് നഷ്ടപ്പെട്ടു, പക്ഷേ അഭിമാനം ബാക്കിയായി, കളിക്കളത്തിനു പുറത്തെ കളിയിൽ തോൽക്കുന്നതിന്റെ അപാരമായ സങ്കടവും.

തന്റെ ചെറുപ്പകാലത്ത് കണ്ട ഫുട്ബോൾ ടൂർണമെന്റുകളെക്കുറിച്ച് റിവെയ്റോ എഴുതുന്നു. അക്കാലത്ത് കാണികൾ മിക്കവരും കളി തുടങ്ങുന്നതിന് വളരെ നേരത്തെ തന്നെ ഗാലറിയിൽ സ്ഥാനം പിടിക്കുമായിരുന്നു. ചൂടിൽ നിന്നു രക്ഷപ്പെടാൻ കുടിക്കുന്ന ബിയർ കാരണം കളിക്കിടയിൽ പലർക്കും മൂത്രശങ്ക തോന്നും. ഗാലറിയുടെ ഏറ്റവും ഉയർന്ന പടവിൽ ചെന്ന് അവർ കാര്യം സാധിക്കും.

Advertisment

ഒരിക്കൽ ഒരു കളിക്കിടയിൽ ആ ഉയർന്നപടവുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു . ''അറ്റിഹുയിവാസ്. " അതിന്റെ അർത്ഥമെന്തെന്ന് ആർക്കുമറിയില്ല, പറഞ്ഞയാളെ ആർക്കും കണ്ടെത്താനുമായില്ല. പക്ഷേ അതിന്റെ താളം കാണികളെ ചിരിപ്പിച്ചു. പിന്നീട് കളിക്കിടയിൽ പലപ്പോഴും ആ കനത്ത ശബ്ദം മുഴങ്ങി 'അറ്റിഹുയിവാസ്!'

ഒരിക്കൽ റിവെയ്റോയുടെ നാട്ടുകാർ ആരാധിച്ചിരുന്ന യൂനിവേർസിറ്റാറിയോ ദെദെപ്പോർത്തെസും ബ്രസീലിലെ പ്രശസ്തമായ സാവോ പോളോ ക്ലബ്ബും തമ്മിലായിരുന്നു മത്സരം. കറുത്ത വജ്രം എന്നറിയപ്പെട്ടിരുന്ന ഇതിഹാസ താരമായ ലിയോണിദസ് നേടിയ അഞ്ചു ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ് പെറൂവിയന്മാരുടെ കഥ കഴിച്ചു. അപ്പോഴും ഗാലറിയിൽ ആ അജ്ഞാതശബ്ദം മുഴങ്ങി "അറ്റിഹുയിവാസ്" - പക്ഷേ, അത് കാണികളെ ചിരിപ്പിച്ചില്ല, തോൽവിയുടെയും നൈരാശ്യത്തിന്റെയും അർത്ഥമായിരുന്നു ആ വാക്കിനപ്പോൾ. അന്ന്, റിവെയ്റോ അതു പറഞ്ഞയാളെ ഒരു നോക്കു കണ്ടു- ഉയരം കുറഞ്ഞ ഒരു മുലാറ്റോ (ആഫ്രോ -യൂറോപ്യൻ സങ്കരവർഗക്കാരൻ) ആയിരുന്നു അത്.

publive-image
ചിത്രീകരണം : ജയകൃഷ്ണൻ

അടുത്ത വർഷം അവിടെ കളിക്കാനെത്തിയത് അർജന്റീനയിലെ ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരായ റേസിങ് ക്ലബ് ആയിരുന്നു. അന്നു പക്ഷേ കഥ മാറി; കളിയും. പെറൂവിയൻമാർ രണ്ടു ഗോളിന് പിന്നിട്ടു നിന്നപ്പോൾ അതാ ആ ശബ്ദം "അറ്റിഹുയിവാസ്." കുറച്ചു സമയത്തിനു ശേഷം, അതുവരെ പരിക്കു മൂലം കളിക്കാത്തിരുന്ന സ്റ്റാർ സ്ട്രൈക്കർ ലോളോ ഫെർനാൻദെസ് കളത്തിലിറങ്ങി; ഒന്നും രണ്ടുമല്ല അഞ്ചു ഗോളുകളാണ് അയാൾ അടിച്ചുകൂട്ടിയത്. ഒടുവിൽ 5-3 യൂനിവേർസിറ്റാറിയോ ജയിച്ചു. അന്ന് "അറ്റിഹുയിവാസ്" എന്ന വാക്കിന്റെ അർത്ഥം വിജയാഹ്ലാദത്തിന്റേതായിരുന്നു. അന്നും പക്ഷേ റിവെയ്റോക്ക് അതു പറഞ്ഞയാളുടെ അടുത്തെത്താനായില്ല.

വർഷങ്ങൾക്കു ശേഷം റിവെയ്റോ ആ മുലാറ്റോയെ വീണ്ടും കണ്ടു. അയാൾ വൃദ്ധനായിക്കഴിഞ്ഞിരുന്നു. തെരുവോരത്തിരുന്ന് യാചിക്കുകയായിരുന്നു അയാൾ. റിവെയ്റോ അയാളോട് ആ വാക്കിന്റെ അർത്ഥം ചോദിച്ചു. ഇരുപത് ഡോളർ കൊടുക്കാമെങ്കിൽ പറഞ്ഞു തരാമെന്നായി അയാൾ. റിവെയ്റോ സമ്മതിച്ചു. ചില്ലറ മാറ്റാൻ അയാൾ റിവെയ്റോയെ ഒരു പള്ളിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തെ പുറത്തു നിർത്തിയിട്ട് മുലാറ്റോ നൂറു ഡോളറി ന്റെ നോട്ടുമായി പള്ളിക്കകത്തു കയറി. കുറെ കഴിഞ്ഞിട്ടും അയാളെ കാണാതെ വന്നപ്പോൾ റിവെയ്റോ അകത്തുചെന്നു നോക്കി. അവിടെയെങ്ങും അയാളെ കണ്ടില്ല. കലികയറിയ റിവെയ്റോ അലറി "അറ്റിഹുയിവാസ്!" പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ പേടിച്ചു. റിവെയ്റോക്കപ്പോൾ ആ വാക്കിന്റെ അർത്ഥം വെളിപ്പെട്ടു.

ചതിയുടെ, പാപത്തിന്റെ പര്യായമായിരുന്നു ആ വാക്കെന്ന് നമുക്ക് ഊഹിക്കാം. പക്ഷേ, ഫുട്ബോൾ വഞ്ചനയുടെയും കാപട്യത്തിന്റെയും പ്രതീകമാകുമോ? ആകുമെന്നാണ് ജർമ്മൻ സ്പോർട്സ് ജേണലിസ്റ്റായ എറിക് എഗേർസ് (Erik Eggers) എഴുതുന്നത്. ഫുട്ബോൾ ടീമിൽ പതിനൊന്നു പേരായത് വെറുതെയല്ല. പതിനൊന്ന് ദുരാചാരത്തിന്റെയും പാപത്തിന്റെയും അക്കമാണ്. പത്തു കൽപ്പനകളേയുള്ളൂ. പതിനൊന്നാമത്തേത് അചിന്ത്യം, അയഥാർത്ഥം.

തുടക്കത്തിൽ ഫുട്ബോളിൽ കളിക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നില്ല. 1841 ൽ കേംബ്രിഡ്ജിൽ നടന്ന ഒരു കളിയിൽ പതിനൊന്നുപേരുടെ സംഘം ഏറ്റുമുട്ടിയത് പതിന്നാലുപേരോടാണ്. പിന്നീട് കളിക്കാരുടെ എണ്ണം പതിനൊന്നാക്കി തിട്ടപ്പെടുത്തി. ഇംഗ്ലീഷ് ഫ്രീമേസൺകാരുടെ സ്വാധീനമാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു. ഫ്രീമേസേൺകാർക്ക് നിഗൂഢതയുടെ അക്കമായിരുന്നു പതിനൊന്ന്. അതുകൊണ്ടാണ് പതിനൊന്നാം സങ്കീർത്തനം ലോകത്തിന്റെ ദുഷ്ടതയെപ്പറ്റിയുള്ളതാണെന്ന് ഫുട്ബോൾ ചിന്തകനായ ക്രിസ്റ്റഫ് ബോസെൻവെയ്ൻ (Christoph Bausenwein) എഴുതുന്നത്.

അതുകൊണ്ടു തന്നെയാണ് മറദോന ദൈവത്തിന്റെ കൈ കൊണ്ട് ഗോൾ നേടുമ്പോഴും ലൂയി സുവാരെസ് ചെകുത്താന്റെ കൈകൊണ്ട് ഗോൾ തടുത്തിടുമ്പോഴും 'അറ്റിഹുയിവാസ്' എന്ന വാക്കിന് ചതിയുടെ അർത്ഥം കൈവരുന്നത്. അങ്ങനെ വരുമ്പോൾ മൂന്നു മണിക്കൂർ മദ്യം കുടിച്ചില്ലെങ്കിലും മനുഷ്യന് ജീവിക്കാമെന്ന ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാൻ തീഞ്ഞോയുടെ വാക്കുകൾക്ക് പ്രസക്തിയില്ല; പാപത്തിന്റെ കളിക്ക് ചെകുത്താന്റെ ദ്രാവകം കൂടിയേ തീരൂ.

പക്ഷേ ഇന്നുമുതൽ ചെകുത്താന്മാരായി മാറാൻ പോകുന്ന അഞ്ഞൂറു കോടി പേർക്കുള്ള മറുപടി അധാർമ്മികതയെ പറ്റി പറയുന്ന പതിനൊന്നാം സങ്കീർത്തനത്തിൽ ത്തന്നെയുള്ള ഒരു ചോദ്യത്തിലുണ്ട്: പക്ഷികളേ, നിങ്ങളുടെ പർവതത്തിലേക്കു പറന്നു പോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നത് എങ്ങനെ?

Football Fifa World Cup 2022

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: