scorecardresearch

പണം കായ്ക്കുന്ന പന്ത് കളി

ഫുട്ബോളിനെ പൊതിഞ്ഞു നിൽക്കുന്ന അധികാരത്തിന്റെയും പണത്തിന്റെയും അദൃശ്യമായ പുറന്തോടിനെകുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

ഫുട്ബോളിനെ പൊതിഞ്ഞു നിൽക്കുന്ന അധികാരത്തിന്റെയും പണത്തിന്റെയും അദൃശ്യമായ പുറന്തോടിനെകുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

author-image
Jayakrishnan
New Update
jayakrishnan, fifa world cup, iemalayalam

2005 മെയ് ഇരുപത്തിയഞ്ചാം തീയതി മാർക്കോസ് എന്നയാൾ ഇറ്റലിയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ ഇന്റർ മിലാന്റെ ഉടമയും കോടീശ്വരനുമായ മാസ്സിമോ മൊറാറ്റിയ്ക്ക് (Massimo Moratti) ഒരു കത്തെഴുതി.

Advertisment

കത്തിന്റെ ഉള്ളടക്കം പറയുന്നതിനു മുമ്പ് ആരാണീ മാർക്കോസെന്നു നോക്കാം.

1994 ൽ മെക്സിക്കോയുടെ കുറെയേറെ പ്രദേശങ്ങൾ കീഴടക്കിയ സപ്പാറ്റിസ്റ്റ ആർമി എന്ന ഗറില്ലാ - മാവോയിസ്റ്റ് സംഘത്തിന്റെ നേതാവായിരുന്നു സബ് കമാന്റൻഡ് മാർക്കോസ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന മെക്സിക്കൻ വിപ്ലവകാരി എമിലിയാനോ സപ്പാറ്റയുടെ ഓർമ്മയ്ക്കാണ് അവരീ പേര് സ്വീകരിച്ചത്. എപ്പോഴും മുഖംമൂടി അണിഞ്ഞിരുന്ന, പൈപ്പ് വലിക്കുന്ന മാർക്കോസ് ആരായിരുന്നുവെന്ന കാര്യം ഇന്നും ദുരൂഹമാണ്.

എന്നാൽ ഫിലോസഫി പ്രൊഫസറായ റഫായേൽ സെബാസ്ത്യാൻ ഗിയേൻ വീസെന്തെയാണ് മാർക്കോസ് എന്നാണ് മെക്സിക്കൻ ഗവണ്മെന്റ് അവകാശപ്പെട്ടിരുന്നത്. 1968ൽ മെക്സിക്കോയിൽ നടന്ന ഒളിംപിക്സിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പട്ടാളം വധിച്ചതിന് പകരം വീട്ടാൻ മാർക്കോസെന്ന പേരിൽ ഗറില്ലാ പോരാളിയായതെന്നായിരുന്നു അവരുടെ വിശ്വാസം.

അതെന്തുമാകട്ടെ, മെക്സിക്കോയുടെ തെക്കൻ ഭാഗത്തേക്കു കടന്ന മാർക്കോസ് അവിടുത്തെ ആദിമവർഗക്കാരെ അരാജകത്വവും ഉത്തരാധുനികതയും പഠിപ്പിച്ചു. സെർവാന്റീസിനെയും ലോർക്കയേയും ഇഷ്ടപ്പെട്ടിരുന്ന, ഷേക്സ്പിയറെയും ബോർഹെസിനെയും ഉദ്ധരിക്കാറുണ്ടായിരുന്ന ഈ വിപ്ലവകാരി അനേകം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അതിലൊന്ന് കുട്ടികൾക്കു വേണ്ടിയുള്ള 'നിറങ്ങളുടെ കഥ' എന്ന പുസ്തകമാണ്!

Advertisment

ഫുട്ബോളിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു ഈ രസികൻ വിപ്ലവകാരി.

പ്രാദേശിക സ്വയംഭരണം ഉറപ്പു വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ഉറപ്പു വരുത്തുന്നതിനുവേണ്ടി സബ്കമാന്റൻഡ് മാർക്കോസും അനുയായികളും മെക്സിക്കോ മുഴുവൻ പ്രചാരണം നടത്താനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് ആ ആശയം സബ്കമാന്റൻഡിന്റെ തലയിലുദിച്ചത്. സപ്പാറ്റിസ്റ്റ പടയാളികളും ഇന്റർമിലാനും തമ്മിലുള്ള ഒരു ഫുട്ബോൾ മത്സരം! തങ്ങളുടെ ആശയങ്ങളുടെ പ്രചരണത്തിന് ഇതിലും നല്ല മാർഗമില്ല. സമയം കളയാതെ മാർക്കോസ്, മാസ്സിമോ മൊറാറ്റിക്ക് കത്തെഴുതി:

മാറി മാറി മെക്സിക്കോയിലും ഇറ്റലിയിലുംവെച്ച് മത്സരം നടത്താമെന്നാണ് മാർക്കോസ് നിർദ്ദേശിക്കുന്നത്. മെക്സിക്കൻ സർക്കാർ ഇതിനൊരു പക്ഷേ സമ്മതിച്ചെന്നു വരില്ല. പക്ഷേ അന്താരാഷ്ട്ര സമ്മർദ്ദമുണ്ടെങ്കിൽ അതു നടക്കും. കാരണം തോക്കുകളെക്കാൾ പന്തുകളാണ് നല്ലതെന്ന് എല്ലാവർക്കു മറിയാം.

ആകെ ഏഴു മത്സരങ്ങൾ കളിക്കണമെന്നാണ് മാർക്കോസ് കത്തിലെഴുതുന്നത്. കൂടുതലെണ്ണത്തിൽ ജയിക്കുന്നവർക്ക് The Pozol of Mud എന്ന പേരിൽ ലോകപ്രശസ്തമാകാൻ പോകുന്ന ട്രോഫി ലഭിക്കും (പൊസോൾ എന്നത് റെഡ് ഇന്ത്യർ ഉപയോഗിക്കുന്ന ഒരിനം മദ്യമാണ്). കളിക്കിടയിൽ അടിച്ചു പൂക്കുറ്റിയാകാനുള്ള മദ്യം സപ്പാറ്റിസ്റ്റ ആർമി എത്തിക്കും; പക്ഷേ കളിക്കാനുള്ള പന്ത് ഇന്റർ മിലാൻകാർ തന്നെ കൊണ്ടുവരേണ്ടി വരും.

താനിതൊക്കെ പറയുന്നത് സപ്റ്റിസ്റ്റയുടെ ഔദ്യോഗിക വക്താവായതു കൊണ്ടു മാത്രമല്ല, തങ്ങളുടെ ടീമിന്റെ പരിശീലകനായതുകൊണ്ടു കൂടിയാണെന്ന് (ആ പണിയേറ്റെടുക്കാൻ മാത്രം മറ്റാരും തയ്യാറായില്ല) മാർക്കോസ് തുടർന്നെഴുതുന്നു.

പിന്നെ സ്റ്റേഡിയത്തിന്റെ കാര്യമാണെങ്കിൽ, മെക്സിക്കോയിലെ 1968 ഒളിംപിക്സ് സ്റ്റേഡിയം തന്നെ കിട്ടുമോയെന്നു നോക്കാം. കിട്ടുമെന്ന് യാതൊരുറപ്പുമില്ല. ഇനി അഥവാ കിട്ടുകയാണെങ്കിൽ ഞങ്ങളോട് വായ മൂടി മിണ്ടാതിരിക്കാനൊന്നും പറഞ്ഞേക്കരുത്; ഇഷ്ടം പോലെ ഞങ്ങൾ ആർപ്പുവിളിക്കും.

അല്ലെങ്കിൽ എല്ലാ കളികളും മെക്സിക്കോയിൽ വെച്ചു നടത്തണമെന്നും നിർബന്ധമൊന്നുമില്ല. ചിലത് ലോസ് ആഞ്ജെലസിൽ വെച്ചും നടത്താം. അവിടെയാണല്ലോ മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പിടിച്ചടച്ചിട്ടുള്ള തടവറകളുള്ളത്. അതിനു പക്ഷേ പ്രസിഡന്റ് ബുഷ് സമ്മതിച്ചെന്നു വരില്ല. അങ്ങനെയാണെങ്കിൽ കളി ക്യൂബയിൽ വെച്ചാകാം. അമേരിക്കൻ പട്ടാളക്യാമ്പായ ഗ്വാണ്ടനാമോയുടെ നേരേ എതിർവശത്ത്! പക്ഷേ കളിക്കാർ ചുരുങ്ങിയത് ഒരു കിലോ മരുന്നും ഭക്ഷണവും കൂടി കരുതണം. ക്യൂബയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനോടുള്ള പ്രതിഷേധമെന്ന നിലയിൽ.

jayakrishnan, fifa world cup, iemalayalam

കുറച്ചു കളികൾ ഇറ്റലിയിൽ വെച്ചും നടത്തേണ്ടതുണ്ട്. അവയിലൊന്ന് വിശുദ്ധ പിതാവിന്റെ റോമിൽ വെച്ചായാൽ നന്ന്. കാരണം എല്ലാ കളികളും റോമിലേ ക്കാണെന്നാണല്ലോ ചൊല്ല് - അതോ എല്ലാ വഴികളും റോമിലേക്കാണെന്നാണോ?

ലോകപ്രശസ്ത കളിക്കാരായ മറദോന, വാൾദാനോ, സോക്രട്ടീസ് എന്നിവരെ റഫറിമാരാക്കാമെന്നും ഉന്നത സാഹിത്യകാരന്മാരും ഫുട്ബോൾ ഭ്രാന്തന്മാരുമായ എദ്വാർദോ ഗലിയാനോ, മരിയോ ബെനെദെത്തി (Mario Benedetti) എന്നിവരെ കമന്റേറ്റർമാരാക്കാമെന്നും മാർക്കോസ് തുടർന്നെഴുതുന്നു.

സപ്പാറ്റിസ്റ്റ ടീമിൽ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളുമുണ്ടാകുമെന്നും കളിസമയം തൊണ്ണൂറു മിനിട്ടല്ല, എല്ലാ കളിക്കാരും ക്ഷീണിച്ച് നിലംപരിശാവുന്നതു വരെയാകുമെന്നും തങ്ങളുടെ ടീം അണിനിരക്കുക 4-2-4 ശൈലിയിലല്ല മറിച്ച് 1- 1- 1- 1- 1- 1- 1- 1- 1- 1 എന്ന പുതിയ രീതിയിലായിരിക്കുമെന്നും കൂടി പറഞ്ഞു കൊണ്ടാണ് സബ്കമാന്റൻഡ് മാർക്കോസിന്റെ രസകരമായ കത്ത് അവസാനിക്കുന്നത്.

ഇങ്ങനെയൊരു കളി ഒരിക്കലും നടക്കില്ലെന്ന് നമുക്കെന്നപോലെ മാർക്കോസിനുമറിയാം. സത്യത്തിൽ ഫുട്ബോൾ ഇന്നു കൈവരിച്ചിരിക്കുന്ന വൈരൂപ്യങ്ങൾ ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയാണ് ഈ കത്ത്.

താൻ പറയുന്നതുപോലെയൊക്കെ കളിച്ചാൽ മാത്രമേ ഫുട്ബോളിന് അതിന്റെ ആദിമ നിഷ്ക്കളങ്കത തിരിച്ചു കിട്ടൂ എന്നും ഒരു കച്ചവടം എന്ന നിലയിൽ നിന്ന് ഫുട്ബോൾ രക്ഷപ്പെടൂ എന്നും പറഞ്ഞ് മാർക്കോസ് ഫുട്ബോൾ കച്ചവടക്കാ രനായ മാസ്സിമോ മൊറാറ്റിയെ പരിഹസിക്കുന്നുമുണ്ട്.

കളി കാണാൻ ആണിനും പെണ്ണിനും മാത്രമല്ല സ്വവർഗ്ഗരതിക്കാർക്കും ട്രാൻസ് വ്യക്തികൾക്കും വരാമെന്നു കൂടി അദ്ദേഹം പറയുന്നു. കാരണം ലോകം ഒറ്റയൊന്നല്ല, തങ്ങളിലെ വ്യത്യസ്തത കൊണ്ടുമാത്രം നീതി നിഷേധിക്കപ്പെടുന്നവർക്കും ആഹ്ലാദിക്കാൻ അവകാശമുണ്ട്.

മാർക്കോസ് ഭാവന ചെയ്ത ഈ ഫുട്ബോൾ മത്സരം അധികാരത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു. എന്നാൽ അധികാരം നിലനിർത്താൻ വേണ്ടി മാത്രം ഫുട്ബോളിനെ ഉപയോഗിച്ച ഒരു കഥ കൂടി വായിക്കാം.

1972 ൽ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പ്രസിഡൻഡ് ബുസിയയെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് ജനറൽ ഇഗ്നേഷ്യസ് അച്ചിയംപോങ്ങിന്റെ നേതൃത്വത്തിലുള്ള പട്ടാളം അധികാരം പിടിച്ചു. പട്ടാളഭരണകൂടത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം, വൈകാതെ രാജ്യം തകർച്ചയിലേക്ക് കൂപ്പുകുത്തി. വർദ്ധിച്ചു വരുന്ന അന്താരാഷ്ട്ര സമ്മർദ്ദങ്ങളെയും ജനരോഷത്തെയും തണുപ്പിക്കാൻ ജനറൽ അച്ചിയംപോങ് ഒരു വഴി കണ്ടുപിടിച്ചു - ഫുട്ബോൾ.

അങ്ങനെ ഏറെ പണിപ്പെട്ട് 1978 ലെ ആഫ്രിക്കൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടത്താനുള്ള അവകാശം ഘാന നേടിയെടുത്തു. എങ്ങനെയും കപ്പു നേടുന്നതിനു വേണ്ടി കായികമന്ത്രിയുടെ പദവി കൂടി അച്ചിയം പോങ് ഏറ്റെടുക്കുകയും ചെയ്തു.

ഘാനയെ ചാമ്പ്യന്മാരാക്കുന്നതിനു വേണ്ടി അതിഥികളായെത്തിയ ടീമുകളുടെ മേൽ പലവിധ സമ്മർദ്ദങ്ങളും പീഡനങ്ങളും പട്ടാളഭരണകൂടം നടപ്പാക്കുക കൂടി ചെയ്തെന്ന് "The Ball is Round- A Global History of Soccer" എന്ന പുസ്തകത്തിൽ ഡേവിഡ് ഗോൾഡ്ബ്ലാറ്റ് (David Goldblatt) എഴുതുന്നു.

എന്നാൽ ഇതേ തന്ത്രം നടപ്പാക്കിയ മറ്റൊരു രാജ്യവും കളിക്കാനെത്തിയിരുന്നു. നരഭോജി എന്നുകൂടി പേരുകേൾപ്പിച്ചിരുന്ന സാക്ഷാൻ ഈദി അമീന്റെ ഉഗാണ്ടയായിരുന്നു അത്. രാജ്യം മുഴുവൻ പട്ടിണി കിടക്കുമ്പോഴും ഫുട്ബോൾ കളിക്കാരെ അമീൻ നന്നായിത്തന്നെ തീറ്റിപ്പോറ്റി.

അധികാരത്തിനു വേണ്ടി ഫുട്ബോളിനെ ഉപയോഗിച്ച ഈ രാഷ്ട്രത്തലവന്മാരുടെ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഗാലറിയിലെ പ്രധാന ഇരിപ്പിടത്തിൽ വിയർത്തൊലിച്ചിരുന്ന് അച്ചിയംപോങ് കളി കാണുമ്പോൾ ദൂരെ തലസ്ഥാനമായ കമ്പാലയിലിരുന്ന ഈദി അമീൻ റേഡിയോയിൽ കളികേൾക്കുകയായിരുന്നു. ഒടുവിൽ അച്ചിയംപോങ്ങിന്റെ തന്ത്രങ്ങൾ തന്നെ ഫലം കണ്ടു. 2-1 ന് ഘാന ഉഗാണ്ടയെ തോൽപ്പിച്ചു.

എന്നാൽ, ഫുട്ബോൾ ഈ ഏകാധിപതികളെ രക്ഷപ്പെടുത്തിയോ? ഇല്ല. ഒരു വർഷത്തിനു ശേഷം നടന്ന മറ്റൊരു പട്ടാളഅട്ടിമറിയിൽ അധികാരം നഷ്ടപ്പെട്ട അച്ചിയംപോങ്ങിനെ ഫയറിംഗ് സ്ക്വാഡ് വെടിവെച്ചു കൊന്നു. ടാൻസിനിയയ്ക്കെ തിരെ നടന്ന യുദ്ധത്തിൽ തോറ്റതോടെ ഈദി അമീന്റെ കഥയും അവസാനിച്ചു.

ഇന്നും കാര്യങ്ങൾ വ്യത്യസ്തമല്ല. യഥാർത്ഥ കളി, കളിക്കാർ തമ്മിലല്ല, കളി കാണുന്നത് കാണികളുമല്ല. അഡിഡാസിനെയും നൈക്കിയെയും പോലുള്ള ബഹുരാഷ്ട്രകുത്തകകളാണ് യഥാർത്ഥത്തിൽ കളിക്കുന്നതും കളി നിയന്ത്രിക്കുന്നതും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 1998 ൽ ഫ്രാൻസിൽ വെച്ചു നടന്ന ബ്രസീലും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ.

കളിയുടെ തലേദിവസം ബ്രസീലിന്റെ പ്രധാന കളിക്കാരനായ റൊണാൾദോയ്ക്ക് അപസ്മാര ബാധയുണ്ടായി. എന്നിട്ടും പിറ്റേന്ന് അയാൾക്ക് കളത്തിലിറങ്ങേണ്ടി വന്നു. സ്പോൺസർമാരായ നൈക്കി അവരുടെ ലോഗോ പ്രദർശിപ്പിക്കുന്നതിന് റൊണാൾദോയെ നിർബന്ധിച്ച് കളിക്കാനിറക്കുകയാ യിരുന്നുവെന്ന് "Soccer in Sun and Shadow" എന്ന പുസ്തകത്തിൽ എദ്വാർദോ ഗലിയാനോ പറയുന്നുണ്ട്. ഫലത്തിൽ പത്തുപേരെ വെച്ചാണ് ബ്രസീൽ അന്നു കളിച്ചത്. അവർ തോൽക്കുകയും ചെയ്തു.

തെരുവുകളിൽ വിവിധ ടീമുകൾക്കു വേണ്ടി ആർത്തുവിളിക്കുകയും കളിക്കാരുടെ കൂറ്റൻ കട്ടൗട്ടുകളുയർത്തുകയും ചിലപ്പോൾ തല്ലുകൂടുകയും ചെയ്യുന്നവരെ നമ്മൾ അത്രയൊന്നും കുറ്റപ്പെടുത്തേണ്ടതില്ല. നിഷ്കളങ്കരാണ് അവർ. കളിക്കളങ്ങൾക്കു വെളിയിൽ അദൃശ്യരായിനിന്ന് കളി നിയന്ത്രിക്കുന്ന ഭീമൻകളിക്കാരെ അവരുണ്ടോ കാണുന്നു?

ഫുട്ബോളിന്റെ ചരിത്രത്തിൽ മാറാത്തത് ഒന്നേയുള്ളൂ ,അത് പന്തിന്റെ ആകൃതിയാണ് - സ്കോട്ട്‌ലാൻഡിലെ ഫുട്ബോൾ കളിക്കാരനായിരുന്ന ഡെന്നിസ് ലോയുടെ (Dennis Law) വാക്കുകളാണിത്. എന്നാൽ മാറാത്ത മറ്റൊന്നുകൂടിയുണ്ട്: ഫുട്ബോളിനെ പൊതിഞ്ഞു നിൽക്കുന്ന അധികാരത്തിന്റെയും പണത്തിന്റെയും അദൃശ്യമായ ആ പുറന്തോട്.

Advertisement Nike Football Fifa World Cup 2022

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: