scorecardresearch

ഒഴിച്ചിട്ട ഒരു മുഖപ്രസംഗത്തിന്റെ ഓര്‍മ്മയ്ക്ക്‌

ഇന്ദിരാഗാന്ധിയുടെ സർക്കാർ 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സൃഷ്ടിച്ച ജനാധിപത്യത്തിലെ ഇരുളടഞ്ഞ മണിക്കൂറുകളെ കുറിച്ച്...

ഇന്ദിരാഗാന്ധിയുടെ സർക്കാർ 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സൃഷ്ടിച്ച ജനാധിപത്യത്തിലെ ഇരുളടഞ്ഞ മണിക്കൂറുകളെ കുറിച്ച്...

author-image
Amrith Lal
New Update
Indian Express Blank Editorial FI

Indian Express Blank Editorial Page

Emergency 50 Years: ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് 1975 ജൂൺ 26ന് പുലർച്ചെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ്  രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ‘ആഭ്യന്തരക്രമസമാധാന പ്രശ്നങ്ങൾ മൂലം രാജ്യ സുരക്ഷയ്ക്ക് ഉണ്ടാകുന്ന ഭീഷണി ഉയർന്നിട്ടുള്ള സാഹചര്യത്തില്‍...' എന്നാണ് രാഷ്ട്രപതി ഒപ്പിട്ട പ്രഖ്യാപനത്തിൽ​ പറഞ്ഞത്. 1975 ജൂൺ 26 മുതൽ 1977 മാർച്ച് 21 വരെ അടിയന്തരാവസ്ഥ നിലനിന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ അധികാരത്തിന്റെ കരാളശക്തി മുഴുവന്‍ ഉപയോഗിച്ച് എല്ലാ വിമതശബ്ദങ്ങളെയും ചതച്ചരക്കുകയാണ് ചെയ്തത്.

Advertisment

രാഷ്ട്രപതിയുടെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്- 1975 ജൂൺ 25 രാത്രി മുതൽ ജൂൺ 26 വരെ, ജയപ്രകാശ് നാരായണൻ ഉൾപ്പടെയുളള പ്രതിപക്ഷത്തെ പ്രധാന നേതാക്കളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു. പൗരാവകാശങ്ങളെ ഇല്ലാതാക്കിയ, മാധ്യമങ്ങളെ സെൻസർഷിപ്പിന് വിധേയമാക്കിയ ദിനങ്ങള്‍. ഇന്ത്യൻ ഭരണഘടനയുടെ മൗലിക സ്വഭാവത്തിന് തന്നെ ഭീഷണിയാകുന്ന ഭേദഗതികൾക്കായുളള ഓർഡിനൻസുകൾ കൊണ്ടു വന്നു. മിസ പോലുളള കരാള നിയമങ്ങൾ അതിശക്തമായി നടപ്പാക്കപ്പെട്ട സമയം. മൗലികാവാശങ്ങൾക്കായി കോടതിയെ സമീപിക്കാനുളള അവകാശം പോലും സർക്കാർ മരവിപ്പിച്ചു.

1971ലെ തിരഞ്ഞെടുപ്പിൽ 352 സീറ്റ് നേടി അധികാരത്തിലെത്തിയ ഇന്ദിരയുടെ കോൺഗ്രസ്, മൊറാർജി ദേശായിയെ പോലുളളവര്‍ നയിച്ച എതിര്‍ ചേരി സഖ്യത്തെ നാമാവശേഷമാക്കി. ബംഗ്ലാദേശ് യുദ്ധത്തെ തുടർന്ന് പാർലമെന്റിലും പാർട്ടിയിലും ഇന്ദിര അപ്രതിരോധയായി ഉയർന്നു. എന്നാൽ ഈ അന്തരീക്ഷം അധികം നീണ്ടു നിന്നില്ല. കുതിച്ചുയുർന്ന പണപ്പെരുപ്പം, 1972ലെ ഓയിൽ​ ഷോക്ക്, കൂടി വന്ന  തൊഴിലില്ലായ്മ, ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും കാര്യത്തിൽ​ നടത്തിയ മോശമായ മാനേജ്മെന്റ് കൊണ്ട് സംഭവിച്ച വീഴ്ചകള്‍, വർധിച്ച അഴിമതി, എന്നിവ ഇന്ദിരയുടെ പ്രഭ കെടുത്തി.

Indian Express Blank Editorial 1
ആള്‍ ഇന്ത്യാ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഇന്ദിരാ ഗാന്ധി, 1975ലെ ചിത്രം. 1976 ജൂണ്‍ 26ന് സമാനമായ ഒരു അഭിസംബോധനയിലൂടെ അവര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
Advertisment

ട്രേഡ് യൂണിയന്‍ ശക്തി വെളിവാക്കി 1974ല്‍ ശക്തമായ റെയിൽവേ പ്രക്ഷോഭം നടന്നു. രാഷ്ട്രീയത്തില്‍ നിന്നും റിട്ടയര്‍ ചെയ്തു പോയ ഗാന്ധിയന്‍ ജയപ്രകാശ് നാരായണന്‍ സമ്പൂർണവിപ്ലത്തിനുളള ആഹ്വാനത്തോടെ മടങ്ങിയെത്തി, ബീഹാറിലെ വിദ്യാർത്ഥി കലാപത്തെ പിന്തുണച്ചു. തുടര്‍ന്ന്, 1975ൽ ഗുജറാത്തിൽ സംയുക്ത പ്രതിപക്ഷം ജെപിയുടെ അനുഗ്രാശിസ്സുകളോടെ അധികാരത്തിൽ വന്നു.

Also Read: അടിയന്തരാവസ്ഥയുടെ വർത്തമാന ചരിത്രം

റായ് ബറേലി ലോകസഭാ മണ്ഡലത്തിൽ നിന്നുളള​ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ്  ‘വോയിഡ്’ (സാധുതയില്ലാത്തത്) എന്ന് കാണിച്ചു ഭാരതീയ ലോകദൾ (ബി എൽ​ഡി)​നേതാവായിരുന്ന രാജ് നാരായണൻ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതിന്റെ വിധി വന്നത് ജൂൺ 12ന്. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ടായിരുന്നു ആ ഉത്തരവ്. 

പ്രതിപക്ഷം ഇന്ദിരാ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടു. ഇന്ദിര സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ അവധിക്കാല ബെഞ്ച് അലഹബാദ് കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ നൽകി. വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ പാർലമെന്റിൽ​ വോട്ട് ചെയ്യാനോ സംസാരിക്കാനോ ഉളള​ അവകാശം ഇല്ലാതെ പ്രധാനമന്ത്രിയായി തുടരാമെന്നായിരുന്നു ആ ഉപാധികള്‍.

ഡൽഹിയിൽ ജൂൺ 25ന് നടന്ന വിപുലമായ റാലിയെ അഭിസംബോധന ചെയ്ത ജെപി, ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹം പ്രഖ്യാപിച്ചു. സർക്കാരിന്റെ ‘നിയമവിരുദ്ധവും അധാർമ്മികവുമായ ഉത്തരവുകൾ’ പാലിക്കരുതെന്ന് സൈന്യത്തോടും പൊലീസിനോടും സർക്കാർ ജീവനക്കാരോടും ജെ പി അഭ്യർത്ഥിച്ചു.

ആ രാത്രിയിലാണ് ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേയുടെ ഉപദേശപ്രകാരമെന്ന് പറയപ്പെടുന്ന ആ നടപടി  എടുക്കാന്‍ ഇന്ദിര തീരുമാനിച്ചത്. കാബിനെറ്റിനോട് കൂടിയാലോചിക്കാതെയായിരുന്നു അത്. ജൂൺ 26ന് രാവിലെ എട്ട് മണിക്ക് ഷെഡ്യൂൾ ചെയ്യാത്ത റേഡിയോ പ്രക്ഷേപണത്തിലൂടെ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡൽഹിയിലെ നിരവധി മാധ്യമ സ്ഥാപനങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പത്രങ്ങൾ വായനക്കാരിലെത്തിയില്ല. ജൂൺ 27നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Indian Express Blank Editorial 2
1976 ജൂണ്‍ 27ലെ ഇന്ത്യന്‍ എക്സ്പ്രസ്സ്‌

അടിയന്തരാവസ്ഥയെ പിന്തുണച്ചവർ ആരെല്ലാം?

ചന്ദ്രശേഖർ, മോഹൻ ധാരിയ, രാംധൻ, കൃഷൻ​കാന്ത്, ലക്ഷ്മികാന്തമ്മാ എന്നിങ്ങനെ അഞ്ച് പേരൊഴികെ കോൺഗ്രസ് പാർലമെന്ററി പാർട്ടി പൂർണമായും പിന്തുണച്ചു. ഈ​ അഞ്ച് പേരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് മുഖ്യമന്ത്രിമാരും, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും ഇന്ദിരയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ചുളള പ്രമേയങ്ങൾ പാസാക്കി.

സി പി ഐ അടിയന്തരാവസ്ഥയെ ഹൃദയം നിറഞ്ഞ് പിന്തുണച്ചു. ‘വലതുപക്ഷ ഉപജാപത്തിനുളള പ്രഹരം’ എന്നാണ് സോവിയറ്റ് യൂണിയൻ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത്.

Also Read: ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ

അടിയന്തരാവസ്ഥയെ എതിർത്തവര്‍ ആരൊക്കെ?

ജെ പിയായിരുന്നു എതിർപ്പിന്റെ മുഖം. ജനതാ ഫ്രണ്ട് (പഴയ കോൺഗ്രസ്, ജനസംഘ്, ഭാരതീയ ലോകദൾ, സോഷ്യലിസ്റ്റ് എന്നിവർ ചേർന്നത്) അകാലിദൾ, സി പി എം, ഡിഎംകെ എന്നിവർ അടിയന്തരാവസ്ഥയെ തുറന്നെതിർത്തു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരയ്ക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകനായ നാനി എ പൽക്കിവാല അതിൽ നിന്നും പിന്മാറി. സോളിസിറ്റർ ജനറലായിരുന്ന ഫാലി നരിമാൻ രാജിവച്ചു.

ആർ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി, ആനന്ദമാർഗി എന്നീ സംഘടനകളെ നിരോധിച്ചു. നക്സലൈറ്റുകൾ പൊലീസിന്റെ ക്രൂരമായ പീഢനങ്ങൾക്ക് വിധേയരായി. ഡോ. സുശീലനയ്യാർ, ആചാര്യ കൃപലാനി, എച്ച് വി കാമത്ത് എന്നിവരുൾപ്പടെയുളള സ്വാതന്ത്ര്യ സമരസേനാനികൾ ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

‘ഫ്രീ ജെപി’ ഒപ്പുശേഖരണ ക്യാംപെയിൻ യു എസ്സിലും യു കെയിലും നടന്നു. ‘ദ് ടൈംസ് ഓഫ് ലണ്ടനി’ലും ‘ദ് ന്യൂയോർക്ക്  ടൈംസി’ലും ഇതിനായുളള​ പരസ്യപ്രചാരണങ്ങൾ നടന്നു. ഫിലാഡെൽഫിയയിലെ ലിബർട്ടി ബെല്ലിൽ നിന്നും ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്തേയ്ക്ക്  ‘ഇന്ത്യൻസ് ഫോർ ഡെമോക്രസി' എന്ന ലോങ് മാർച്ച് നടന്നു.

ഭരണഘടനയ്ക്കെതിരായ ആക്രമണങ്ങളെയും നീതിയെ അട്ടിമറിക്കാനുളള ശ്രമങ്ങൾക്കെതിരെയും സുപ്രീം കോടതി ജഡ്‌ജി എച്ച് ആർ ഖന്ന തത്ത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ചു. ഒരു വ്യക്തിയെ കാലപരിധിയില്ലാതെ സർക്കാർ തടങ്കലിൽ​വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ഹേബിയസ് കോർപ്പസ് കേസിൽ സർക്കാരിന്റെ അപരിമേയമായ അവകാശമുണ്ടെന്ന വാദത്തിനെതിരെ നിന്ന ഏക ജഡ്ജിയായിരുന്നു അദ്ദേഹം. അഞ്ചംഗ ബെഞ്ചിലെ ഏക വിമതശബ്ദം.

മാധ്യമങ്ങൾ എങ്ങനെയാണ് സെൻസർ ചെയ്യപ്പെട്ടത്?

‘ഇന്ത്യൻ എക്സപ്രസ്സ്,’ ‘സ്റ്റേറ്റ്സ്മാൻ’ എന്നീ ദിനപത്രങ്ങളൊഴികെ മുഖ്യധാരയിലെ ഭൂരിപക്ഷവും അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരായി. ‘ഹിമ്മത്,’ ‘സെമിനാർ,' ‘മെയിൻസ്ട്രീം,' ‘ജനതാക്വസ്റ്റ്,' ‘ഫ്രീഡം ഫസ്റ്റ്,' ‘ഫ്രോണ്ടിയർ,' ‘സാധന,' ‘തുഗ്ലക്ക്,' ‘നീരിക്ഷക്’ എന്നിവയുൾപ്പടെ മാഗസീനുകളും ജേണലുകളും നിരോധിക്കപ്പെടുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്തു.

'ഇന്ത്യൻ എക്സ്‌പ്രസ്സും’ ‘സ്റ്റേറ്റ്സ്മാനും’ മുഖപ്രസംഗ കോളം ഒഴിച്ചിട്ട് പ്രതിഷേധം പ്രകടിപ്പിച്ചു. ‘ദ് ടൈംസ് ഓഫ് ലണ്ടൻ’, ‘ദ് ഡെയ്‌ലി ടെലിഗ്രാഫ്’, ‘ദ് വാഷിങ്ടൺ പോസ്റ്റ്’, ‘ക്രിസ്റ്റ്യൻ സയൻസ് മോണിറ്റർ,' ‘ദ് ലോസ് ഏഞ്ചൽസ് ടൈംസ്’ എന്നിവരുടെ ഇന്ത്യയിലെ റിപ്പോർട്ടർമാരെ രാജ്യത്ത് നിന്നും പുറത്താക്കി. ബി ബി സി അവരുടെ പ്രമുഖ ലേഖകനായിരുന്ന മാർക്ക് ടുളിയെ ഇന്ത്യയിൽ നിന്നും പിൻവലിച്ചു.

Also Read: പാട്ടിനും നൃത്തത്തിനും മായ്‌ക്കാനാവാത്ത നിലവിളികളുമായി ശാസ്തമംഗലം ക്യാംപ്

ജേണലിസ്റ്റുകളുടെ പ്രതിഷേധം സംഘടിപ്പിച്ചതിന്  ‘ഇന്ത്യൻ എക്സ്‌പ്രസ്സി’ന്റെ ലേഖകനായിരുന്ന കുൽദീപ് നയ്യാരെ തടങ്കലിലാക്കി. അടിയന്തരാവസ്ഥയ്ക്കെതിരായ ലേഖനങ്ങൾ​ പ്രചരിപ്പിച്ചതിന്റെ പേരിൽ ഏഴായിരം പേരെ അറസ്റ്റ് ചെയ്തതായി 1976 മെയ് മാസത്തിൽ ആഭ്യന്തരവകുപ്പ് പാർലമെന്റിനെ അറിയിച്ചു. യൂത്ത് കോൺഗ്രസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കിഷോർ കുമാറിന് ആകാശവാണി (​എ ഐ ആർ) വിലക്കേർപ്പെടുത്തി.

Indian Express Blank Editorial 3
ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന ജയപ്രകാശ് നാരായന്‍ Express photo by R K Sharma

ഭരണകൂട അതിക്രമങ്ങളുടെ ആഴവും പരപ്പും എന്തായിരുന്നു?

ഷാ കമ്മീഷനാണ് അടിയന്തരാവസ്ഥയുടെ അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തി കണ്ടെത്തിയത്. മിസയുടെയും ഡിഫൻസ് ഓഫ് ഇന്ത്യ  റൂൾസ് പ്രകാരവും 1,10,806 പേരാണ് ഈ​ കാലയളവിൽ തടങ്കലിലാക്കപ്പെട്ടത്. ഏറ്റവും കുറഞ്ഞത് 30 എം പിമാരെങ്കിലും ജയിലിലടയ്ക്കപ്പെട്ടു. രാഷ്ട്രീയ തടവുകാരും ജയിൽപുളളികളും മർദനത്തിനിരയായി. ചിലർ ക്രൂരമായി പീഢിപ്പിക്കപ്പെട്ടു.

എഴുത്തുകാരിയും അഭിനേത്രിയുമായ സ്നേഹലതാ റെഡ്ഡി ജയിലിൽ വച്ച് മരണമടഞ്ഞു. ചികിത്സയ്ക്കായി പരോൾ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് സ്നേഹലതാ റെഡ്ഡി യുടെ ജീവൻ നഷ്ടമായത്.  കേരളത്തിൽ​ പൊലീസ് പീഡനത്തിൽ രാജൻ, വർക്കല വിജയൻ എന്നിവർ കൊല്ലപ്പെട്ടു. ജോർജ് ഫെർണാണ്ടസിനെ കുറിച്ചുളള വിവരങ്ങൾക്കായി സഹോദരൻ ലോറൻസ് ഫെർണാണ്ടസിനെ പോലീസ് ക്രൂരമായ പീഢനത്തിനിരയാക്കി. കുഷ്ഠരോഗിക്കും മനോരോഗിക്കും ഒപ്പമായിരുന്നു സോഷ്യലിസ്റ്റ് നേതാവായിരുന്ന മൃണാൾ ഗോരെയെ തടങ്കലിൽ പാർപ്പിച്ചത്.

ഉദ്യോഗസ്ഥർക്ക് ടാർജെറ്റ് നൽകി സഞ്ജയ് ഗാന്ധി നടപ്പാക്കിയ കുടുംബാസൂത്രണ പദ്ധതിയുടെ ഇരകളായത് ദരിദ്രരായ മനുഷ്യരായിരുന്നു.  സഞ്ജയ് ഗാന്ധിയുടെ ചേരിനിർമ്മാർജ്ജന പ്രവർത്തനത്തിനിരയായത് നഗരങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളായിരുന്നു. ഈ നിഷ്ഠൂര ഭരണവാഴ്ചയുടെ അടയാളമായി ഡൽഹിയിലെ തുർക്ക്മെൻ ഗേറ്റ് നിലകൊളളുന്നു.

Indian Express Blank Editorial 4
ബറോഡ ഡൈനാമൈറ്റ് കേസില്‍ അറസ്റ്റിലാകുന്ന ജോര്‍ജ് ഫെര്‍ണണ്ടസ്

അടിയന്തരാവസ്ഥ ഭരണഘടനയോട് ചെയ്തത് എന്ത്?

ഭരണഘടനയുടെ 38ഉം 42ഉം ഭേദഗതികൾ അടിയന്തരാവസ്ഥയുടെ കാലത്താണ് നടപ്പാക്കിയത്. ഇതിലെ 38-ാം ഭേദഗതി അടിയന്തരാവസ്ഥ പ്രഖ്യാപനം റിവ്യൂ ചെയ്യുന്നത് തടയുന്നതാണ്. വെളളപ്പാച്ചിൽ പോലെ നടത്തിയ പ്രഖ്യാപനങ്ങളും ഓർഡിനൻസുകളും മൗലികാവകാശങ്ങളെ നിഷേധിക്കുന്ന നിയമങ്ങളും ജുഡീഷ്യൽ റിവ്യൂ നടത്തുന്നത്തും ഇത് പ്രകാരം നിരോധിച്ചു. 

തിരഞ്ഞെടുപ്പ് കേസിൽ സുപ്രീംകോടതിയിൽ നിന്നും വരാൻ സാധ്യതയുളള​ വിധിയിൽ നിന്നും പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതായിരുന്നു 39ാം ഭരണഘടനാ ഭേദഗതി. ഇത് ജുഡീഷ്യൽ റിവ്യൂന് പുറത്താക്കി ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർ എന്നിവരുടെ ആ പദവിയുടെ കാലത്ത്  ‘എന്തൊക്കെ സംഭവിച്ചാലും’ അവർക്കെതിരെ ക്രിമിനൽ നടപടികൾ​ പാടില്ലെന്നതായിരുന്നു 41-ാം ഭേദഗതി. ഭരണഘടനയിൽ മാറ്റം വരുത്താനുളള അനിയന്ത്രിതമായ അധികാരം പാർലമെന്റിന് നൽകുന്നതും ഭരണഘടനയുടെ മൗലികഘടന മാറ്റാൻ പാടില്ലെന്ന കേശവാനന്ദഭാരതി കേസിലെ സുപ്രീം കോടതി വിധി റദ്ദാക്കുന്നതുമായിരുന്നു 42-ാം ഭേദഗതി. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരലത്തിലെത്തിയ ജനതാ സർക്കാരാണ് 42, 43 ഭേദഗതികൾ കൊണ്ടുവന്ന് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും സംഭവിച്ച ഹാനി ഇല്ലാതാക്കിയത്.

Read More: അടിയന്തരാവസ്ഥയിൽ കേരളത്തിലെ ചെറുത്തുനില്‍പ്പുകൾ

Indira Gandhi Emergency

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: