scorecardresearch

കുര്യാക്കോസങ്കിളിന്റെ ആദ്യ ഈസ്റ്റർ

''ഇന്നും ഒരുപാടു കാലങ്ങൾക്കിപ്പുറവും ഓരോ ഈസ്റ്റർ വരുമ്പോഴും ഞാൻ ഉള്ളിൽ ചേർത്തുപിടിയ്ക്കുന്നത് ഒട്ടേറെ പുതുമകൾ സമ്മാനിച്ച ആ പഴയ ഈസ്റ്റർ തന്നെയാണ്''  മിനി പി സി എഴുതുന്ന ഈസ്റ്റർ ഓർമകൾ

''ഇന്നും ഒരുപാടു കാലങ്ങൾക്കിപ്പുറവും ഓരോ ഈസ്റ്റർ വരുമ്പോഴും ഞാൻ ഉള്ളിൽ ചേർത്തുപിടിയ്ക്കുന്നത് ഒട്ടേറെ പുതുമകൾ സമ്മാനിച്ച ആ പഴയ ഈസ്റ്റർ തന്നെയാണ്''  മിനി പി സി എഴുതുന്ന ഈസ്റ്റർ ഓർമകൾ

author-image
Mini PC
New Update
easter sunday 2019, date, history, easter, easter sunday, easter sunday 2019, easter sunday 2019 date in india, easter sunday india, easter sunday history, history of easter sunday, indian express, indian express news, ഈസ്റ്റര്‍, ഈസ്റ്റര്‍ 2019, ഈസ്റ്റര്‍ ഞായര്‍, ഈസ്റ്റര്‍ ദ്വീപ്‌, ഈസ്റ്റര്‍ ലില്ലി, ഈസ്റ്റര്‍ മുട്ട, ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കുന്ന വിധം, ഉയര്‍പ്പ് തിരുനാള്‍, easter 2019, happy easter 2019, easter wishes in malayalam easter wishes images, easter wishes 2019, easter wishes quotes, easter wishes quotes in tamil, easter wishes , easter wishes for family, easter wishes for friends, easter 2019 wishes

Easter 2025

ഒരു ദുഃഖ ശനിയാഴ്ച സന്ധ്യയ്ക്കാണ് വലിയൊരു ചാക്കുകെട്ടു നിറയെ കപ്പയും കൂർക്കയും കായക്കുലയുമൊക്കെയായി കുര്യാക്കോസങ്കിൾ ഞങ്ങളുടെ വീടു തേടി എത്തുന്നത്. അപ്പയുടെ അകന്നൊരു ബന്ധുവായ അങ്കിള്‍ ആ നാട്ടിൽ വന്നിട്ട് പത്തു മാസത്തോളം ആയിരുന്നെങ്കിലും അതു വരെ അപ്പ അല്ലാതെ മറ്റാരും അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് പോവുകയോ അവര്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് വരുകയോ ഉണ്ടായിട്ടില്ല അതു കൊണ്ടു തന്നെ അദ്ദേഹത്തെ ഞങ്ങള്‍ക്കാര്‍ക്കും കണ്ടു പരിചയവുമില്ലായിരുന്നു.

Advertisment

അങ്കിള്‍ വരുന്ന നേരത്ത്‌ അപ്പ കുളിക്കുകയായിരുന്നു . ഞാനും ചേട്ടായിയും മുറ്റത്തും അമ്മയും ചേച്ചിമാരും അടുക്കളയിലുമായിരുന്നു. ഒരു പൂമ്പാറ്റയ്ക്ക് വേണ്ടിയുള്ള കലശലായ അടിപിടിയിലായിരുന്നത് കൊണ്ട് അങ്കിള്‍ വന്നത് ഞാനും ചേട്ടായിയും കണ്ടില്ല. രൂപത്തെക്കാള്‍ മുമ്പേ അദേഹത്തിന്‍റെ 'എന്താടാ ഇവിടെ ?' എന്ന അലര്‍ച്ചയാണ് ഞങ്ങള്‍ കേട്ടത്. 

പിടിവലിയില്‍ പാതി കീറിയ 'പൂമ്പാറ്റ'യും കൊണ്ട് ഞങ്ങള്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോഴാണ് അലര്‍ച്ചയെക്കാള്‍ ഭീകരമായ ആ രൂപം ഞങ്ങള്‍ കാണുന്നത്. ആറടി പൊക്കം, പൊക്കത്തിന്‍റെ ഇരട്ടി വണ്ണം, കൊമ്പൻ മീശ, അല്‍പ്പം ചുവന്ന വലിയ കണ്ണുകള്‍, കട്ട പുരികം, മുറുക്കി ചുവപ്പിച്ച നാവും പല്ലുകളും. അതു പോലെ ഭീമാകാരനായ മനുഷ്യനെ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ 'പൂമ്പാറ്റ' വലിച്ചെറിഞ്ഞ് "അയ്യോ അമ്മേ ..."എന്നലറിക്കൊണ്ട് വീട്ടിനകത്തേയ്ക്ക് ഒറ്റയോട്ടം.  പിന്നീടുള്ള കാഴ്ചകളെല്ലാം കിടക്കമുറിയുടെ ജനലിന്‍റെ കര്‍ട്ടന്‍ വിടവിലൂടെയാണ് ഞാന്‍ കണ്ടത്.  മുറ്റത്ത് വന്ന് നില്‍ക്കുന്നയാള്‍ ചില്ലറക്കാരനല്ല.

easter sunday 2019, date, history, easter, easter sunday, easter sunday 2019, easter sunday 2019 date in india, easter sunday india, easter sunday history, history of easter sunday, indian express, indian express news, ഈസ്റ്റര്‍, ഈസ്റ്റര്‍ 2019, ഈസ്റ്റര്‍ ഞായര്‍, ഈസ്റ്റര്‍ ദ്വീപ്‌, ഈസ്റ്റര്‍ ലില്ലി, ഈസ്റ്റര്‍ മുട്ട, ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കുന്ന വിധം, ഉയര്‍പ്പ് തിരുനാള്‍, easter 2019, happy easter 2019, easter wishes in malayalam easter wishes images, easter wishes 2019, easter wishes quotes, easter wishes quotes in tamil, easter wishes , easter wishes for family, easter wishes for friends, easter 2019 wishes

Advertisment

അതു പോലെ ഭീമാകാരനായ മനുഷ്യനെ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അയാള്‍ “ചാക്കോച്ചാ... എടോ ചാക്കോച്ചാ... ഇറങ്ങി വാടോ...” എന്ന് അലറി വിളിച്ചു കൊണ്ട് മുറ്റത്ത് നില്‍പ്പാണ്. ഉറക്കെയുള്ള ആ വിളി കേട്ട് ഇന്നെന്തെങ്കിലും നടക്കും എന്ന ഭയപ്പാടോടെ അയാളെ അനുഗമിച്ചു വന്ന ഞങ്ങളുടെ അയല്‍വാസികളില്‍ ചിലര്‍ മതിലിനു വെളിയില്‍ നിരന്നു നിന്ന് അടക്കം പറച്ചില്‍തുടങ്ങി. ചേട്ടായി ഓടിക്കേറി വാതില്‍ അടച്ചതു കൊണ്ട് വന്നയാള്‍ വീടിനു ചുറ്റും നടന്ന് ഉറക്കെയുറക്കെ വിളിയായി.

എന്തു തന്നെയായാലും അപ്പ വരാതെ വാതില്‍ തുറക്കില്ല എന്നുറപ്പിച്ച് അമ്മയും ചേച്ചിമാരും പേടിച്ചു വിറച്ച് മുറിയുടെ മൂലയില്‍ പതുങ്ങിക്കൂടുകയും ചേട്ടായി “നീ വായിച്ചോ,” എന്നും പറഞ്ഞ് ഓട്ടത്തിനിടെ പെറുക്കിയെടുത്ത 'പൂമ്പാറ്റ'യുടെ പേജുകള്‍ ഉദാരതയോടെ എനിക്കു വെച്ചു നീട്ടുകയും ചെയ്തു. ഞാനാ 'പൂമ്പാറ്റ' വാങ്ങാതെ പുറമേയ്ക്ക് നോക്കി നിന്നു.

അപ്പ കുളി കഴിഞ്ഞെത്തുന്നതും വെല്ലുവിളി കേട്ട് വാതില്‍ തുറക്കുന്നതും അടിപിടിയാവുന്നതും അയാള്‍ അപ്പയെ ഉപദ്രവിക്കുന്നതും സങ്കല്‍പ്പിച്ച് പേടിയോടെ ഞാന്‍ അമ്മയുടെ സാരിത്തുമ്പില്‍ ഒളിഞ്ഞു. എല്ലാവരും കെട്ടിപ്പിടിച്ചിരുന്നു തേങ്ങലും പ്രാര്‍ഥനയുമായി. അതോടെ അടുക്കളയിലെ ഈസ്റ്റര്‍ ഒരുക്കങ്ങള്‍ കെട്ടു. അന്തരീക്ഷം ദുഖവെള്ളിയേക്കാള്‍ ശോകമൂകമായി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അപ്പ കുളി കഴിഞ്ഞുവന്നു.

"എല്ലാരും എവടെ പോയി? എന്താ ആരും വാതിലു തുറക്കാത്തത്?

എന്നു ചോദിച്ചുകൊണ്ട് അപ്പ മുൻവശത്തേയ്ക്ക് നടന്നു...

“എന്ത് വന്നാലും ശരി വാതില് തൊറക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അയാളുടെ മട്ടും ഭാവവും കണ്ടിട്ട് അത്ര ശരിയല്ല” എന്നും പറഞ്ഞ് അമ്മ അപ്പയെ വട്ടം പിടിച്ചു നിന്നെങ്കിലും,

" മണ്ടത്തരം പറയാതെ അത് കുര്യാക്കോസാണ്, ഇവിടെ വന്ന് താമസിക്കുന്ന എന്റെ ബന്ധു" എന്നു പറഞ്ഞു കൊണ്ട് അപ്പ വാതിൽ തുറന്നു. ഞങ്ങളുടെ മനസ്സിൽ അപ്പോൾ കുര്യാക്കോസങ്കിളിനെക്കുറിച്ച് കേട്ടറിഞ്ഞ ചില വസ്തുതകളായിരുന്നു. ഒരിക്കൽ നാടിനെ മൊത്തം വിറപ്പിച്ചു നടന്ന ഗുണ്ടയായിരുന്നു കുര്യാക്കോസങ്കിൾ! ഒരു കൊലപാതക കേസിൽപ്പെട്ടു കുറേക്കാലം ജയിലിലായിരുന്നു. ജയിലിൽ നിന്നും വിട്ടയച്ചതിനു ശേഷം അവിടുത്തെ സ്ഥലമൊക്കെ വിറ്റുപെറുക്കി ഇവിടെ വന്ന് വനത്തിനടുത്ത് ഏഴെട്ട് ഏക്കറു വാങ്ങി കുടുംബ സമേതം കർഷക ജീവിതം നയിക്കുകയാണ്.

"ആള് മഹാ ദേഷ്യക്കാരനാണ് നോക്കിയും കണ്ടും പെരുമാറണം," എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് അപ്പ വാതിൽ തുറന്നത്.  അതു കൊണ്ടു തന്നെ എല്ലാരും വല്ലാതെ ബലം പിടിച്ചും എങ്ങനെ പെരുമാറണമെന്ന് ഓർത്തും വല്ലാത്തൊരവസ്ഥയിലാണ് നിന്നത്.

കുര്യാക്കോസ് അങ്കിൾ ആണെങ്കിൽ അപ്പയെ കണ്ട വഴി ഉച്ചത്തില്‍ “ഹോ...ഇത്ര നേരം ഇയാളെവിടെപ്പോയി കെടക്കുവാരുന്നു? വിളിച്ചു വിളിച്ചു മനുഷന്‍റെ തൊണ്ടേലെ വെള്ളം വറ്റി,” എന്നു പറഞ്ഞു കൊണ്ട് ഗെയിറ്റിനരികെ നിർത്തിയ സൈക്കിളിൽ നിന്നും ചാക്കു കെട്ടും ചുമന്ന് വീടിനുള്ളിലെയ്ക്ക് കയറി . അതോടെ എന്തെല്ലാമോ പ്രതീക്ഷിച്ചു നിന്ന നാട്ടുകാർ പിരിഞ്ഞു പോയി. അങ്കിളാണെങ്കിൽ ചാക്കുകെട്ട് അകത്ത് വെച്ച വഴി പുറത്തിറങ്ങുകയും ചെയ്തു.

easter sunday 2019, date, history, easter, easter sunday, easter sunday 2019, easter sunday 2019 date in india, easter sunday india, easter sunday history, history of easter sunday, indian express, indian express news, ഈസ്റ്റര്‍, ഈസ്റ്റര്‍ 2019, ഈസ്റ്റര്‍ ഞായര്‍, ഈസ്റ്റര്‍ ദ്വീപ്‌, ഈസ്റ്റര്‍ ലില്ലി, ഈസ്റ്റര്‍ മുട്ട, ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കുന്ന വിധം, ഉയര്‍പ്പ് തിരുനാള്‍, easter 2019, happy easter 2019, easter wishes in malayalam easter wishes images, easter wishes 2019, easter wishes quotes, easter wishes quotes in tamil, easter wishes , easter wishes for family, easter wishes for friends, easter 2019 wishes

"എടാ ചാക്കോച്ചാ ഞാൻ വന്നത് നിങ്ങളെ ക്ഷണിക്കാനാ.  ഇത്തവണത്തെ ഈസ്റ്ററ് നമുക്ക് എന്റവിടെ കൂടാം. നീ ഇപ്പം എന്റെ കൂടെ പോരെ. നിങ്ങക്ക് എന്നാ എങ്കിലും എടുക്കാൻ ഒണ്ടേൽ വേഗം എടുത്തോണം. ഇപ്പം എന്റെ ചെറുക്കൻ ജീപ്പുമായിട്ട് വരും."

എന്ന് പാതി അപ്പയോടും പാതി ഞങ്ങളോടും പറഞ്ഞ് കൂടുതൽ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ അപ്പയേയും സൈക്കിളിൽ കേറ്റി പാടവരമ്പിലൂടെ ഒരു പോക്ക്. അങ്കിളിന്റെ വീടിനും ഞങ്ങളുടെ വീടിനും ഇടയ്ക്ക് അഞ്ചാറു കിലോമീറ്ററോളം നീണ്ടു പരന്നു കിടക്കുന്ന നെൽപാടങ്ങളാണ്. ആ ഇടുങ്ങിയ പാടവരമ്പിലൂടെ ആ സൈക്കിൾ കണ്ണിൽ നിന്നും മറയും വരെ ഞങ്ങൾ നോക്കിനിന്നു.

വലിയ കണിശക്കാരനും മുൻ ശുണ്ഠിക്കാരനുമായ അപ്പ പോലും ആ പോക്ക് പോയതോടെ വേറെ രക്ഷയില്ലെന്നു കണ്ട്  അമ്മ എടുക്കാനുള്ളതെല്ലാം കെട്ടിപ്പെറുക്കി യാത്രയ്‌ക്കൊരുങ്ങി. അല്‍പ്പം ചുറ്റി വളഞ്ഞുള്ള വഴിയിലൂടെ ജീപ്പു വന്നു. പത്തു പന്ത്രണ്ടു വയസ്സ് മാത്രമുള്ള അങ്കിളിന്റെ മോനാണ് ജീപ്പോടിച്ചിരുന്നത്. എന്തായാലും എല്ലാം കൊണ്ടും യാതൊരു തൃപ്തിയുമില്ലാത്ത ഒരു യാത്രയായിരുന്നു അത്.

"ഇത്തവണത്തെ ഈസ്റ്റർ ഇങ്ങനെ ആയിപ്പോയല്ലോ എന്റെ കര്‍ത്താവേ."

എന്നും പിറുപിറുത്ത് യാതൊരു ഉത്സാഹവുമില്ലാതെയാണ് ഞങ്ങൾ അങ്കിളിന്റെ വീട്ടിലോട്ടു ചെന്നത്.

റിസർവ് ഫോറെസ്റ്റിനോട് ചേർന്നായിരുന്നു അങ്കിളിന്റെ വീടും സ്ഥലവും.  മെയിൻ കനാലിന് ഇരുപതു പടി താഴെ നെല്ലും കപ്പയും വാഴയും കശുമാവും റബ്ബറുമൊക്കെ വളർന്നു നിൽക്കുന്ന ഫലഭൂയിഷ്ഠമായ ആ സ്ഥലത്തിനു ഒത്ത നടുക്കായാണ് ഒരു തിയേറ്ററോളം വലിപ്പമുള്ള ഓലമേഞ്ഞ വീട് വെച്ചിരുന്നത്.

വീട്ടു മുറ്റത്ത് നിന്നു നോക്കിയാൽ നോക്കെത്താ ദൂരത്തോളം കാടും മലയും ചുരമിറങ്ങി വരുന്ന വണ്ടികളുടെ വെളിച്ചവും, ഏപ്രിൽ രാത്രിയിലും കുളിർന്നു കേറുന്ന തണുപ്പ്, വീടിനോട് അൽപ്പം മാറി പശുക്കൾക്കും ആടുകൾക്കും കാളകൾക്കുമായി പ്രത്യേകം പ്രത്യേകം തൊഴുത്തുകൾ. അവിടെ നിന്നും വരുന്ന കലപിലകൾ, അങ്കിളിന്‍റെ ഇടക്കിടെയുള്ള പൊട്ടിത്തെറികൾ അതിനെ കവച്ചുവെയ്ക്കാൻ മത്സരിക്കുന്ന കാടിന്‍റെ ശബ്ദങ്ങൾ...അപ്പയൊഴികെ ഞങ്ങളെല്ലാവരും തണുത്തു വിറച്ച് വിരസമായ ഒരു ഹൊറര്‍ സിനിമ കാണും മട്ടില്‍ ഇരിക്കുമ്പോഴാണ്.

"വാ ഒരൂട്ടം കാണിച്ചു തരാം," എന്നും പറഞ്ഞ് അങ്കിളിന്റെ മോൾ സീന എന്നെ അവരുടെ വീടിനു പുറകിലെയ്ക്കു കൊണ്ടു പോയത്. അവിടെ ഒരു കൂട്ടില്‍ അവളുടെ കുറെ ഓമന മുയലുകളുണ്ടായിരുന്നു. ആ മുയലുകളിൽ ഒരെണ്ണം ഗര്ഭിണിയായിരുന്നു. കുറെ നേരം സീനയുടെ കൂടെ അങ്ങുമിങ്ങും നടന്നതോടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ആന്റിയോടും പിള്ളേരോടും ദേഷ്യപ്പെട്ട് ഒച്ചയെടുക്കുന്ന അങ്കിളിനെയോഴികെ ആ വീടും സ്ഥലവുമെല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി.

അന്ന് അത്താഴമൊക്കെ കഴിഞ്ഞ് ഉയിർപ്പ് കൂടാൻ പള്ളിയിലേക്ക് പോകാൻ റെഡിയായി ഇരിക്കുമ്പോഴാണ് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ചൂട്ടും കത്തിച്ചു വന്ന് അങ്കിൾ പറഞ്ഞത്  "എല്ലാരും ബാ...ഈ കാട്ടുവഴി പോയാ എളുപ്പം പള്ളിയെത്തും."

mini p c ,easter

അതുകേട്ടപാടെ ആന്റിയും മക്കളും ഒരക്ഷരം മിണ്ടാതെ അങ്കിളിന്റെ പുറകെ വച്ചുപിടിച്ചു. അമ്മയ്ക്കും ഞങ്ങള്‍ക്കും അതിഷ്ടമായില്ല. നേരം പതിനൊന്നു മണികഴിഞ്ഞു. രണ്ടുമൂന്ന് കിലോമീറ്ററെങ്കിലും നടന്നുവേണം പള്ളിയിലെത്താൻ. അതും കാട്ടുവഴിയിലൂടെ...ആനകളുടെയും കുറുക്കന്മാരുടെയും കേഴ മാനുകളുടെയും മയിലുകളുടെയും തുടങ്ങി ഇനിയും പേരറിയാത്ത എന്തെല്ലാമോ ശബ്ദങ്ങൾ...ഞങ്ങള്‍ ദേഷ്യത്തോടുംസങ്കടത്തോടെയും അപ്പയെ നോക്കി.

അപ്പയ്ക്കും സത്യം പറഞ്ഞാൽ രാത്രിയിലെ ആ പോക്കിനോട്‌ യോജിക്കാനായില്ല. അതുകൊണ്ടുതന്നെ എന്ത് വന്നാലും പോകുന്നില്ലെന്ന് ഉറച്ചുകൊണ്ട്,"കുര്യാക്കോസെ,ഞങ്ങള് വരുന്നില്ല. നിങ്ങള് പോയിട്ട് പോരെ, ഈ കൊച്ചിനൊന്നും നടന്നു ശീലമില്ല അതുകൊണ്ടാ "എന്നും പറഞ്ഞ് അപ്പ കനാൽ ബണ്ടിൽ നിൽപ്പായി. അപ്പയ്ക്ക് പുറകെ ആകാശം നോക്കി ഞാനും. കനാല്‍ ബണ്ടില്‍ നിന്നുകൊണ്ടുള്ള ആ ആകാശക്കാഴ്ച അതിമനോഹരമായിരുന്നു! തട്ടും തടവുമില്ലാതെ ഒന്നു കൈപൊക്കിയാൽ വാരിയെടുക്കാൻ പാകത്തിന് നക്ഷത്രങ്ങൾ കുടഞ്ഞിട്ട് പ്രലോഭിപ്പിച്ചുകൊണ്ട് അതങ്ങനെ കിടക്കുകയാണ്.

"അയ്യേ...ഇയാള് പേടിക്കാതെ വന്നേരെ ഞാൻ അല്ലെ കൂടെയുള്ളെ. ഞങ്ങള് സ്ഥിരം പോണ വഴിയാ. വാടി കൊച്ചേ, ഇപ്പം തൊടങ്ങി നടന്നൊക്കെ പഠിച്ചില്ലെങ്കി നിന്‍റെ ചേച്ചിമാരെക്കൂട്ടു നീയും പിത്തക്കാടിയാവും" എന്നും പറഞ്ഞ് കൂളായി എന്നെയെടുത്ത് തോളത്തുവെച്ച് ചൂട്ടും വീശി അങ്കിൾ ഒറ്റ നടപ്പ്. എനിക്കാകെ നാണക്കേടായി.

ആനപ്പുറത്തിരിക്കുന്ന പോലെ വിറളിപിടിച്ചിരിക്കുന്ന എന്നെ കണ്ട് സീനയും എന്റെയും അവളുടെയും ചേട്ടായിമാരും അടക്കിച്ചിരിക്കുന്നത് ചൂട്ടിന്‍റെ വെളിച്ചത്തിൽ എനിക്ക് കാണാം. അങ്കിളിനെ പേടിയുള്ളതുകൊണ്ടു കുതറാനോ കരയാനോ കഴിയാതെ ഞാൻ സങ്കടം അടക്കിപ്പിടിച്ച് ഇരുന്നു. ഞാൻ മുകളിലേയ്ക്കു നോക്കിയില്ല കണ്ണീരുരുണ്ടുവീണ് എന്‍റെ പുതിയ കുപ്പായം നനഞ്ഞു...

പോകുന്ന വഴിയിൽ ഇടയ്ക്കുവെച്ച് ചെറു ചൂട്ടുകളും കൊണ്ട് ഓരോരുത്തരായി ഞങ്ങളുടെ കൂടെക്കൂടി. കൂടിയവരെല്ലാം "കുര്യൻ ചേട്ടാ ഏതാ ഈ കൊച്ചെന്നു ചോദിക്കുകയും അങ്കിൾ വായിൽ വന്നത് കോതയ്ക്ക് പാട്ടെന്ന വിധം എന്തെല്ലാമോ പറയുകയും പാടുകയും ഒക്കെ ചെയ്തു. ഞങ്ങൾ പേടിച്ചപോലെ ആനയോ കരടിയോ ഒന്നും വന്നില്ലെങ്കിലും രണ്ടു വളവളപ്പൻ പാമ്പുകളെ പോകും വഴിക്കിട്ട് ആരൊക്കെയോ തല്ലിക്കൊന്നു. അതോടെ സീനയ്ക്കും ചേട്ടായിമാർക്കുമെല്ലാം നടക്കാൻ പേടിയായി.അതുകണ്ട് എന്റെ ചമ്മലും നാണവുമൊക്കെ മാറി.

ഞാൻ വളരെ സുരക്ഷിതത്വത്തോടെ മുകളിലിരുന്ന് അവരെയും ആകാശത്തേയ്ക്കും മാറി മാറിനോക്കി ചിരിച്ചു. അങ്ങനെ നക്ഷത്രമെണ്ണിയും കഥകള്‍ മെനഞ്ഞും എന്‍റെ ആകാശയാത്ര പുരോഗമിക്കുമ്പോള്‍ താഴെ പാട്ടുപാടിയും പാമ്പിനെക്കൊന്നും ദുരിതപ്പെട്ട് എല്ലാവരും പന്ത്രണ്ടര മണിയോടെ പള്ളിയിലെത്തിചേര്‍ന്നു.

കാടിന്റെ നടുക്കായിരുന്നു ഇടവകപ്പള്ളി. മെഴുകുതിരി കത്തിച്ചുള്ള പ്രദക്ഷിണവും ഉയർപ്പും കുർബാനയും അതിനു ശേഷമുള്ള ലഘു ഭക്ഷണവും കഴിഞ്ഞ് വെളുപ്പിന് അഞ്ചു മണിയോടെ ഞങ്ങൾ വീണ്ടും കാട്ടുവഴിയിലൂടെ തിരികെ നടന്നു. ഉയിർപ്പ് കണ്ട ഉഷാറോടെ തിരികെയുള്ള യാത്രയിൽ അങ്കിളിന്‍റെ തോളില്‍ കേറാതെ സീനയ്ക്കൊപ്പം ഓടിയുംനടന്നും വീട്ടിലെത്തുമ്പോഴേയ്ക്കും സീനയുടെ വെളുത്ത മുയലമ്മ സുന്ദരന്‍മാരായ നാലു കറുത്ത കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു.

ഈസ്റ്ററിന്റെ അന്ന് പ്രസവിച്ച ആ കുഞ്ഞുങ്ങളില്‍ രണ്ടെണ്ണത്തിനെ കർത്താവിന്റെ സ്നേഹം പ്രമാണിച്ച് എനിക്ക് തരാമെന്ന് സീന സമ്മതിച്ചു. എനിക്ക് സന്തോഷമായി. പക്ഷേ അതിലൊന്നിനെ തനിക്കു വേണമെന്നും അത് ഏതിനെ എന്നതിനെയും ചൊല്ലി അതിനു ചുറ്റും നിന്ന് ഞാനും ചേട്ടായിയും വീണ്ടും ശണ്ഠയും അടിപിടിയുമായതോടെ, "വഴക്ക് കൂടാതെ മക്കളിങ്ങോട്ടു വന്നേ അങ്കിളൊരു കാര്യം പറയട്ടെ" എന്നും പറഞ്ഞു കൊണ്ട് അങ്കിൾ വന്ന് ഞങ്ങളെ മുറ്റത്തേയ്ക്ക് കൊണ്ടുപോയി. അവിടെ വലിയൊരു കൂടു നിറയെ കമ്പിത്തിരിയും പൂത്തിരികളും മത്താപ്പുമൊക്കെ ഉണ്ടായിരുന്നു. അത് കണ്ടതോടെ ഞങ്ങൾ മുയൽക്കുഞ്ഞുങ്ങളെ മറന്നു.

അങ്കിൾ ഞങ്ങളുടെ കൈ നിറയെ പൂത്തിരികളെടുത്ത് തന്ന് ഒരു വിളക്കെടുത്ത് മുറ്റത്തേയ്ക്ക് വെച്ച്, "മക്കള് പേടിക്കാണ്ട് ഇവിടിരുന്ന് ഇതൊക്കെ കത്തിച്ചോളണം കേട്ടോ," എന്നും പറഞ്ഞുകൊണ്ട് നോമ്പ് വീടാനുള്ള തിടുക്കത്തോടെ അപ്പയുടെ അടുത്തേക്ക് നടന്നു. എനിക്ക് അങ്കിളിനോട് സ്നേഹം തോന്നി. ആദ്യമായാണ് ഞാൻ പൂത്തിരി കത്തിക്കുന്നത്, അത്രയും പടക്കങ്ങൾ കാണുന്നത്.

easter sunday 2019, date, history, easter, easter sunday, easter sunday 2019, easter sunday 2019 date in india, easter sunday india, easter sunday history, history of easter sunday, indian express, indian express news, ഈസ്റ്റര്‍, ഈസ്റ്റര്‍ 2019, ഈസ്റ്റര്‍ ഞായര്‍, ഈസ്റ്റര്‍ ദ്വീപ്‌, ഈസ്റ്റര്‍ ലില്ലി, ഈസ്റ്റര്‍ മുട്ട, ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കുന്ന വിധം, ഉയര്‍പ്പ് തിരുനാള്‍, easter 2019, happy easter 2019, easter wishes in malayalam easter wishes images, easter wishes 2019, easter wishes quotes, easter wishes quotes in tamil, easter wishes , easter wishes for family, easter wishes for friends, easter 2019 wishes ഞങ്ങൾ കുട്ടികൾ ചാണകം മെഴുകിയ വിശാലമായ മുറ്റത്ത് വെളിച്ചം ആഘോഷിക്കുമ്പോൾ അമ്മയും ചേച്ചിമാരും ആന്റിയുമൊത്ത് അടുക്കളയിൽ രുചിയുടെ വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. ആടും കോഴിയും പോത്തും മീനുമൊക്കെ ഒരുക്കുമ്പോൾ അങ്കിളും അപ്പയും ആനയേയും കാട്ടു പന്നികളെയും ഓടിക്കാൻ കെട്ടിയ ഏറുമാടത്തിലിരുന്ന് അമ്പു നോമ്പിന്റെ പങ്കപ്പാടുകൾ തീർക്കാൻ ചവർപ്പുള്ള കളറുവെള്ളം കഷ്ടപ്പെട്ട് ചവച്ചിറക്കുകയായിരുന്നു.

കറികൾ ആവുന്ന മുറയ്ക്ക് അവിടെയെത്തി കൊണ്ടിരുന്നു. ചവർപ്പും കഷ്ടപ്പാടും പെരുകുന്ന മുറയ്ക്ക് അങ്കിളിന്റെ ശബ്ദം നേർത്തുനേർത്തു വന്നുകൊണ്ടിരുന്നു .അതോടെ അങ്കിൾ പതിയെ ഏറുമാടം വിട്ട് താഴേയ്ക്കിറങ്ങി അടുക്കള മുറ്റത്തു വന്നുനിന്ന്‌ ഡാൻസും തുടങ്ങി. ഇടയ്ക്കിടെ ആ നൃത്തം പഴയ സിനിമാ പാട്ടിലേയ്ക്കും പള്ളിപ്പാട്ടിലേയ്ക്കും തെന്നിമാറി തുടങ്ങിയതോടെ അടുക്കളയിൽ നിന്നും മുറ്റത്തുനിന്നും കൂട്ടച്ചിരി മുഴങ്ങി.

ഞങ്ങളുടെ ആ ചിരിയ്ക്കിടയിൽ ഡാൻസ് നിർത്തി അപ്പയെ കെ ട്ടിപ്പിടിച്ചുകൊണ്ട് അങ്കിൾ പറഞ്ഞു "ചാക്കോച്ചാ, ഇത് ഇവിടെ വന്നിട്ടുള്ള ആദ്യത്തെ ഈസ്റ്റർ മാത്രമല്ല എന്റെ ജീവിതത്തിലെ ആദ്യത്തെ ഈസ്റ്ററും കൂടിയാ. അതിനു കൂടാൻ നിങ്ങളും വന്നപ്പോ ഒത്തിരി സന്തോഷമായി."

അങ്കിൾ അതുപറഞ്ഞപ്പോൾ ആരും കാണാതെ സീന കണ്ണു തുടയ്ക്കുന്നത് ഞാൻ ഞാൻമാത്രം കണ്ടു. ഒരു വില്ലന്റെ പരിവേഷത്തോടെ വന്ന് ഒരു കൊമേഡിയനിലൂടെ സ്വഭാവ നടന്റെ പരിവേഷത്തിലേയ്ക്ക് മാറിയ അങ്കിളിനെ കണ്ട് എനിക്ക് പാവം തോന്നി. അങ്കിളിനൊപ്പം വന്നില്ലായിരുന്നെങ്കിൽ നഷ്ടമാവുമായിരുന്ന കുറേ നല്ല നിമിഷങ്ങൾ അപ്പോൾ ഞാനോർത്തു.

ഇന്നും ഒരുപാടു കാലങ്ങൾക്കിപ്പുറവും ഓരോ ഈസ്റ്റർ വരുമ്പോഴും ഞാൻ ഉള്ളിൽ ചേർത്തുപിടിയ്ക്കുന്നത് ഒട്ടേറെ പുതുമകൾ സമ്മാനിച്ച ആ പഴയ ഈസ്റ്റർ തന്നെയാണ്.  കാടിന്റെ കരച്ചിലിൽ, കൈയ്യോളം ദൂരം പൂത്തുനിൽക്കുന്ന ആകാശത്തിന്റെ ശേലിൽ, മുയൽക്കുഞ്ഞുങ്ങളുടെ പതു പതുപ്പിൽ എന്റെയുള്ളിൽ മായാതെ മങ്ങാതെ നിറഞ്ഞുനിൽക്കുന്നുണ്ട്.

Read More:

Easter Memories

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: