/indian-express-malayalam/media/media_files/uploads/2019/05/E-P-Unny-sketches-malayalam-director-K-P-Kumaran-during-the-filming-of-Kumaranasam-Bio-Pic-1.jpg)
E P Unny sketches malayalam director K P Kumaran during the filming of Kumaranasam Bio Pic
‘അതിഥി’ തൊട്ടു കണ്ടു തുടങ്ങിയ കെ പി കുമാരന്‍ ഒരു ആതിഥ്യരംഗം ചിത്രീകരിക്കുന്നു. കാലടിയില്‍ കൊറ്റമത്ത് പുഴവക്കത്തു കുമാരനാശാനെകുറിച്ചുള്ള തന്‍റെ കഥാചിത്രത്തിന്‍റെ ഭാഗമായി.
"ഞങ്ങള്‍ തിരുവിതംകൂറുകാര്‍ക്ക് പ്രിയപ്പെട്ട തിയ്യല്‍...," ഭാര്യ വിളമ്പി കൊടുക്കുന്ന പദാര്‍ത്ഥം സന്ദര്‍ശകന് പരിചയപ്പെടുത്തുകയാണ് കവി. "വടക്കെ മലബാറിലൊക്കെ മത്സ്യ മാംസാദികളോടാണ് ഇഷ്ടം," എന്നു തലശ്ശേരിയില്‍ നിന്ന് വന്നെത്തിയ മൂര്‍ക്കോത്ത് കുമാരന്‍. ‘മിതവാദി’യില്‍ കവിത പ്രസിദ്ധീകരിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് പത്രാധിപരും കവിയും തമ്മില്‍.
മാന്യനായ അതിഥി ഭാനുമതിയുടെ പാചകത്തെ അനുമോദിക്കാന്‍ മറക്കുന്നില്ല. വെച്ചു വിളമ്പിയ പദാര്‍ത്ഥങ്ങള്‍ക്കപ്പുറം പദവും അര്‍ത്ഥവും കാവ്യവും കവി പത്നിക്ക് ശീലമുണ്ടെന്നു മൂര്‍ക്കോത്ത് വഴിയേ അറിയുന്നുണ്ട്.
"വരന്‍റെ പ്രശസ്തിയെക്കുറിച് അമ്മ പറഞ്ഞാണ് ആദ്യം അറിഞ്ഞതെങ്കിലും ഇപ്പോള്‍ ‘നളിനി’യൊക്കെ ഹൃദിസ്ഥമാണ്," കൈ കഴുകാന്‍ വെള്ളം പകര്‍ന്നു കൊടുക്കുന്ന ഭാനുമതിയുടെ വാക്കുകളോടെ രംഗം തീരുന്നു.
പഴയ മട്ടില്‍ അടുത്തിടെ പുതുക്കി പണിതു പാരമ്പര്യം നിലനിര്‍ത്തിയ സ്ഥലത്തെ ക്രിസ്തീയ പള്ളി കടന്നു പുഴവക്കത്തേക്ക് കുത്തനെ ഇറങ്ങിയാല്‍ ഒന്നൊന്നര നൂറ്റാണ്ട് പുറകില്‍ എത്തും. ഇവിടെയാണ് ചിത്രീകരണം. ഇട്ടാവട്ടം സ്ഥലത്ത് വൈകോല്‍ മേഞ്ഞ വീട്, ജലനിരപ്പിനടുത്ത് ധ്യാന മണ്ഡപം. അലസമായി മേയുന്ന ഒരു പശു ഒഴിച്ചു കാഴ്ച്ചക്കാര്‍ ഇല്ല. ഒരു തുണ്ട് ആകാശവും ജലപരപ്പും ഉള്ളിടത്തൊക്കെ സ്ഥിരമായി കാണുന്ന ടൂറിസ്റ്റ് ചപ്പു ചവറുകളും ഇല്ല.
കലാസംവിധായകന്‍ സന്തോഷ് രാമനും കൂട്ടരും അടിച്ചു തെളിച്ച് വെടിപ്പാക്കിയതാവാം. അതിനും അപ്പുറം ഒരു വീണ്ടെടുക്കല്‍ നടന്ന മട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ ആണ്ടു പോയ പ്രദേശം ആണിത്. അതിനു ശേഷം ഇവിടങ്ങളില്‍ വസ്തു വാങ്ങുന്നവരും വില്‍ക്കുന്നവരും ഇടനിലക്കാരും ഉച്ചരിക്കാന്‍ ഭയക്കുന്ന പദമാണ് 'വാട്ടര്‍-ഫ്രന്റ്' (water front) എന്നു ശ്രീവത്സനും പ്രമോദും പറയുന്നു. ആശാന്റെ വേഷം ചെയ്യാനെത്തിയതാണ് സംഗീതജ്ഞനായ ശ്രീവത്സന്‍ മേനോന്‍; കഥാകൃത്തും കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ ആണ് മൂര്‍ക്കോത്ത് കുമാരന്‍.
സ്വകാര്യത വീണ്ടെടുത്ത പുഴയോരത്ത് ഒരു പഴയ വഞ്ചിയുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ പൂഴ്ന്നു കിടപ്പുണ്ട്, കവിയുടെ കാലത്തെ ഒരു വട്ടം കൂടി ഓര്‍മ്മിപ്പിക്കാന്‍ പ്രളയം കൊണ്ടിട്ടതു പോലെ. 'കാലം പിന്നെയും കഴിഞ്ഞു' എന്നു പേരിട്ട ചിത്രത്തിന്‍റെ കാതല്‍ ആ കാലം തന്നെ എന്നു കുമാരന്‍ മാഷ്.
Read More about Kumaranasan Biopic here: കുമാരനാശാനായി ശ്രീവത്സൻ ജെ മേനോൻ; കെ പി കുമാരൻ ചിത്രത്തിനു തുടക്കമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.