/indian-express-malayalam/media/media_files/uploads/2022/03/savitha-4.jpg)
ചിത്രീകരണം : വിഷ്ണു റാം
ജൂൺ 6, 2016
കസവനഹള്ളി
ആമിയുടെ സ്കൂളിലെ ആദ്യത്തെ ദിവസം ആയിരുന്നു ഇന്ന്. അവൾ ഉത്സാഹത്തോടെ ചവിട്ടുപടികൾ കയറി ക്ലാസ്സിലേക്ക് ഓടി പോയി. ക്ലാസ്സ് തീരുന്നതു വരെ പുറത്തു കാത്തു നിൽക്കണോ എന്ന് സംശയിച്ചതാണ്. അവൾ അമ്മയെ കാണണമെന്ന് പറഞ്ഞു കരയാൻ ഒരു സാധ്യതയും ഇല്ലെന്ന് ഉറപ്പായതു കൊണ്ട് ഞാൻ തിരിച്ചു നടന്നു. എതിരെ വന്ന ഒരാൾ, മൂടൽമഞ്ഞ് പോലെ എന്നെ കടന്നു പോയി. പിന്നീട് പിറകിൽ നിന്നും ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അത് അയാളായിരുന്നു. നീണ്ടു കിടക്കുന്ന നര കയറിയ താടിരോമങ്ങൾക്കിടയിൽ എവിടെയൊ കണ്ടു മറന്ന ഒരു പരിചിത മുഖം. അയാളും മകനെ സ്കൂളിൽ ചേർക്കാൻ വന്നതാണ്. അയാളുടെ കയ്യിൽ തൂങ്ങിക്കളിച്ചിരുന്ന കുട്ടിയോട് ഞാൻ പേരു ചോദിച്ചു.
"ജൊനാതൻ," അവൻ പറഞ്ഞു.
ഞാൻ അയാളെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഗൂഢമായ ഒരു ചിരി അയാളുടെ മുഖത്ത് പരന്നു. ഇപ്പോൾ എനിക്ക് അയാളെ ഓർമ വന്നു. കാർപാത്യൻ മലനിരകളുടെ താഴ്വാരത്തിലൂടെ കുതിക്കുന്ന തീവണ്ടിയിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുന്ന ജൊനാതൻ ഹാർക്കറുടെ ചിത്രമുള്ള ഒരു പുസ്തകവും ഓർമ വന്നു.
സ്കൂൾ ലൈബ്രറിയിൽ പുതിയ പുസ്തകങ്ങൾ കൈക്കലാക്കാനുള്ള 'ശീതസമരങ്ങൾ' പതിവായിരുന്ന കാലം. രണ്ടാമൂഴവും ആൻ ഓഫ് ദി ഐലൻഡും ഷെർലക് ഹോംസ് കഥകളും മറ്റും ഏതാനും ദിവസത്തേക്കെങ്കിലും സ്വന്തമാക്കുന്നതിനിടയിൽ ഡ്രാക്കുളയെ സ്വന്തമാക്കി വളരെ നാളുകൾ ഹോസ്റ്റലിൽ ഒളിപ്പിച്ചു വെച്ച ഒരു സഹപാഠി എനിക്ക് ഉണ്ടായിരുന്നു.
ഒരിക്കൽ ശ്മശാനമായിരുന്ന ഏക്കറുകൾ വരുന്ന തരിശു ഭൂമിയിൽ പണിത സ്കൂളിലും ഹോസ്റ്റലിലും രാത്രി കാലങ്ങളിൽ ആത്മാവുകൾ വിലസി നടക്കുന്നുണ്ടെന്ന് പറഞ്ഞതും അവനായിരുന്നു. കൂട്ടുകാർ അവനെ 'വലിയ പിശാച്' എന്നു വിളിച്ചു. ഒടുവിൽ എപ്പോഴൊ കൈയ്യിൽ കിട്ടിയ ആ പുസ്തക ഓർമയിൽ ഒരു നിമിഷം നിന്നപ്പോൾ ആത്മാക്കളുടെ സന്തത സഹചാരിയായിരുന്ന അയാൾ നഴ്സറി ക്ലാസ്സ് ലക്ഷ്യമാക്കി നടന്നകന്നിരുന്നു. കുഞ്ഞു ജൊനാതൻ തുള്ളിക്കളിച്ചു കൊണ്ട് പിറകിലും.
വീട്ടിലെത്തി ഞാൻ ആദ്യം ചെയ്തത്, പഴയ ഡയറിക്കുറിപ്പുകൾ തേടി പിടിക്കലാണ്.
പഴയ കുറിപ്പുകളിലൂടെ:
ജനുവരി 17, 1992
മായന്നൂർ
പ്രിയ ഡയറീ, ഇന്നാണ് ആ പുസ്തകം എന്റെ കയ്യിൽ കിട്ടിയത്. വായനയും ഭാവനയും ഒഴിച്ചു കഴിഞ്ഞാൽ ഞാൻ വെറും ശൂന്യതയാണെന്ന് എന്നാണ് തോന്നാൻ തുടങ്ങിയത്? ജൊവാൻ മാഡത്തിന്റെ മുറിയിൽ നിന്നും രാത്രിയിൽ വരുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചം ജനലിനടുത്തുള്ള ബങ്ക് ബെഡിന്റെ മുകളിൽ കിടക്കുന്ന എന്നെ അസ്വസ്ഥയാക്കേണ്ടതാണ്. എന്നാൽ ഞാൻ ആ വെളിച്ചം രഹസ്യമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാത്രി തന്നെ ഈ പുസ്തകം വായിച്ചു തീർക്കണം.
ഇന്ന് ഞാൻ എത്ര സന്തോഷവതിയാണെന്നോ!
നാളെ കാണാം!
ഈ ഡയറിക്കുറിപ്പുകൾ ഒരിക്കൽ ഞാൻ ആരായിരുന്നു എന്നതിന്റെ തെളിവുകൾ ആണ്. മറ്റൊരു ജന്മത്തിലേയ്ക്ക് എത്തി നോക്കുന്നതു പോലെയാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. ഓരോ വീടു മാറ്റത്തിലും കഴിഞ്ഞ ജന്മങ്ങളെ ഡയറി രൂപത്തിൽ മാറാപ്പു കെട്ടി പുതിയ വാടക വീടുകളിലേയ്ക്ക് കൊണ്ടുനടന്നു, അഥവാ അവ എന്റെ കൂടെ പോന്നു.
/indian-express-malayalam/media/media_files/uploads/2022/03/savitha-1.jpg)
ജനുവരി 19, 1992
മായന്നൂർ
പ്രിയപ്പെട്ട ഡയറീ, ഇന്നലെ ഈ പേജുകൾ ഒന്നു തൊടാൻ പോലും സമയം കിട്ടിയില്ല. ട്രാൻസിൽവാനിയയിലും ബുഡാപെസ്റ്റിലും ചിലരോടൊത്ത് അലഞ്ഞു തിരിയുകയായിരുന്നു. ഒരു കപ്പലിൽ വെള്ളത്തിന്റെ ചലനങ്ങള്‍ അനുഭവിച്ചു കൊണ്ട് ഇരുട്ടിൽ സഞ്ചരിച്ചു. ചിലപ്പോൾ എന്റെ പേര് മിനാ ഹാർക്കർ എന്നാണെന്നു പോലും തോന്നി.
ഒടുവിൽ എപ്പോഴാണ് ഇവിടെ വന്ന് കിടന്നുറങ്ങിയതെന്ന് ഓർമയില്ല.
ജനുവരി 30, 1992
മായന്നൂർ
എന്റെ പ്രിയപ്പെട്ട ഡയറീ, നിന്നെ ഞാൻ മറന്നു പോയതൊന്നും അല്ല. ഇന്നലെയും മിനിഞ്ഞാന്നും മാത്രമല്ല, കഴിഞ്ഞ എത്രയോ നാളുകളിൽ ഒരേ പേടി സ്വപ്നം തന്നെ കണ്ടു കൊണ്ടിരിക്കുന്നു. ഈ താളുകളിൽ എഴുതുമ്പോൾ പോലും എന്റെ കൈ വിറയ്ക്കുന്നുണ്ട്. ഡോർമിറ്ററിയുടെ ഷട്ടറിനിടയിലൂടെ വെളുത്ത മൂടൽ മഞ്ഞ് ഉള്ളിലേക്ക് പതുക്കെ പരക്കുന്നു. കണ്ണുകൾ ഇറുക്കിയടച്ചാലും ബ്ലാങ്കറ്റ് തലയിലൂടെ മൂടിയാലും ചുവന്ന രണ്ടു കണ്ണുകളുടെ ജ്വലനം എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്. രണ്ടു ദിവസം മുൻപാണ് ഡോർമിറ്ററിയുടെ ആസ്ബറ്റോസ് മേൽക്കൂരയ്ക്കു മുകളിൽ രാത്രിയിൽ വവ്വാലുകൾ കൂട്ടത്തോടെ വന്നിരുന്നത്. കാറ്റിൽ മേൽക്കൂര പറന്നു പോവും എന്നു പോലും ഞാൻ ഭയന്നു. വീട് വിട്ട് നിന്നുള്ള ആദ്യ കാലങ്ങളിൽ സന്ധ്യയാവുമ്പോൾ വല്ലാത്തൊരു വിഷാദം തോന്നാറുണ്ടായിരുന്നു. ഇപ്പോൾ അത് തിരിച്ചു വന്നിരിക്കുന്നു.
ജനുവരി 31, 1992
മായന്നൂർ
പ്രിയ ഡയറീ, ഇന്നലെ രാത്രിയിലെ ഭീകരമായ അവസ്ഥയ്ക്കു ശേഷം രാവിലെ ഞാൻ കണ്ണാടി നോക്കി നിൽക്കുകയായിരുന്നു. കഴുത്തിൽ ചോര തുളുമ്പുന്ന രണ്ടു തുളകൾക്കു വേണ്ടി കുറേ പരതി. പല്ലുകളുടെ നിറം കൂടുതൽ വെളുത്തു വരുന്നുണ്ടോയെന്ന് സംശയം. പുലർച്ചെ പി ടി യ്ക്ക് ഓടുമ്പോഴും എന്തോ ഒരു തളർച്ച തോന്നിയിരുന്നു. പിന്നെ, അത് പതിവുള്ളതാണല്ലോ എന്ന് സമാധാനിച്ചു. രാത്രിയിൽ ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ബങ്ക് ബെഡിൽ താഴെ കിടക്കുന്ന ദീപ കളിയാക്കി ചിരിച്ചു. അവൾ കണ്ണടച്ചാൽ അപ്പോൾ തന്നെ ഉറങ്ങും. പിന്നെ എങ്ങനെ ഇതൊക്കെ അറിയാനാണ്! ഇന്ന് ഇത്രയേ ഉള്ളൂ. പിന്നെ കാണാം!
അന്നു കഴിച്ച ഭക്ഷണത്തെ കുറിച്ചും പി ടി ക്ക് പോവാതിരുന്നതിന് അടി കിട്ടിയതിനെ കുറിച്ചും കൂട്ടുകാരിയുമായി പിണങ്ങിയതും പരാമർശിക്കുന്ന ഏതാനും വരികൾ മാത്രം എഴുതിയ ചില പേജുകൾ ഒഴിച്ചാൽ രണ്ടാഴ്ചയോളം വരുന്ന ഡയറിത്താളുകൾ ഒഴിഞ്ഞു കിടന്നു. ആ രണ്ടാഴ്ചയിലെ യഥാർത്ഥ സംഭവങ്ങൾ എന്തായിരുന്നു എന്നു കണ്ടു പിടിക്കാൻ മറ്റൊരു വഴിയും ഉണ്ടായില്ല.
ഫെബ്രുവരി 13, 1992
മായന്നൂർ
പ്രിയ ഡയറീ, എഴുതാൻ വൈകിയതിൽ കുറ്റബോധം ഇല്ലാതില്ല. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങൾ "പ്രവർത്തന"ത്തിന്റെ നാളുകൾ ആയിരുന്നു. ഇതിൽ എഴുതി കൊണ്ടിരുന്നാൽ തൽക്കാലം മനഃസമാധാനം കിട്ടുമെന്നല്ലാതെ ശാശ്വതമായ ഒരു പരിഹാരവും സാധ്യമാവില്ല.
വെളുത്തുള്ളി പൂക്കൾക്കു വേണ്ടി മെസ്സിലെ ശശിയേട്ടനോടാണ് ചോദിച്ചത്. അത്തരത്തിൽ ഒന്ന് ശശിയേട്ടൻ കേട്ടിട്ടു പോലും ഇല്ലായിരുന്നു. വെളുത്തുള്ളി പൂക്കൾ കഴുത്തിനു ചുറ്റും വെച്ച് ഉറങ്ങാമെന്ന പ്രതീക്ഷയും ഇല്ലാതായി.
വിഷമങ്ങൾ ഒന്നും വീട്ടിൽ അറിയിക്കേണ്ടെന്നും ഈ പേജുകളിൽ എഴുതി തീർക്കാമെന്നും എന്നാണ് നിശ്ചയിച്ചത്. എന്തായാലും അതിന് ഒരു മാറ്റം വന്നിരിക്കുന്നു. കണ്ണുകളിൽ വെളിച്ചമുള്ള കറുത്ത പൂച്ച ചില ഉറക്കങ്ങൾക്കു കുറുകെ ചാടുന്നുണ്ട്. അയാൾ പുക പോലെ വന്ന് എന്റെ കഴുത്തിനു നേരെ ദ്രംഷ്ടകൾ താഴ്ത്തുന്നുണ്ട്. തലയിണക്ക് അടിയിൽ ഒരു കുരിശു വെച്ചാൽ ഇതൊക്കെ മാറി കിട്ടും എന്ന് തോന്നിയിരുന്നു. കൂട്ടുകാരി ഗ്ലീജയുടെ കൈയ്യിൽ രാത്രിയിൽ വെളിച്ചം പ്രവഹിക്കുന്ന ഒരു കൊന്തയും മാതാവിന്റെ രൂപവും ഉണ്ട്. രാത്രിയിൽ, കൊന്ത വെക്കുമ്പോൾ അവൾക്കു ചുറ്റും ഒരു ദൈവിക പ്രഭാവം വന്നു നിറയുന്നതായി എനിക്കു തോന്നുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2022/03/savitha-2.jpg)
ഞാൻ വീട്ടിലേക്ക് അച്ഛന് കത്തെഴുതി - "അടുത്ത തവണ വരുമ്പോൾ ഒരു കൊന്ത കൊണ്ടു വരണം ".
പൂച്ചയെ കുറിച്ചും ചെന്നായുടെ ഓരിയിടലിനെ കുറിച്ചും ചെറുതായി സൂചിപ്പിച്ചു. മറ്റൊന്നും എഴുതിയില്ല. മഞ്ഞക്കാർഡിൽ അയക്കുന്ന എഴുത്തുകൾ ടീച്ചർമാർ വായിച്ചിട്ടേ പോസ്റ്റ് ബോക്സിൽ പോവുകയുള്ളൂ. സ്വകാര്യത എന്ന വാക്കിന് ഈ കാമ്പസിൽ എന്ത് പ്രസക്തിയാണുള്ളത്? ഒരു രഹസ്യം പോലും സൂക്ഷിക്കാൻ കഴിയാതെ എന്തൊരു പൊറുപ്പാണ്! വൈകീട്ട് സ്റ്റഡി ടൈമിൽ പ്രിൻസിപ്പാൾ സാർ എന്റെയടുത്തെത്തി.
" നീയെന്തിനാ പേടിക്കണത്. നമുക്ക് ഒക്കെ ശരിയാക്കാം..." അദ്ദേഹം ഉറക്കെ പറഞ്ഞു. എല്ലാവരും കേട്ടതിൽ എനിക്ക് നാണക്കേട് തോന്നി.
" നീ ഇത് ചൊല്ലു...
ആപദാം അപഹർത്താരം
ധാതാരം സർവ്വസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം "
പ്രിൻസിപ്പൽ സർ, അപ്പോൾ തന്നെ ധൈര്യം കിട്ടാനുള്ള സംസ്കൃതത്തിലുള്ള നാമജപം എന്നെ പഠിപ്പിച്ചെടുത്തു. നൂറു പ്രാവശ്യം ചൊല്ലിയാൽ പേടി പമ്പ കടക്കും എന്നും പറഞ്ഞു. "അർജ്ജുനൻ - ഫൽഗുനൻ - പാർത്ഥൻ - കിരീടി" എന്നു തുടങ്ങുന്ന അർജ്ജുനന്റെ പര്യായപദങ്ങൾ പേടി മാറ്റാനുള്ള ഒറ്റമൂലിയായി ഞങ്ങൾ കുട്ടികൾ പണ്ടേ പ്രയോഗിക്കുന്നതാണെങ്കിലും എനിക്ക് പുതിയ മന്ത്രത്തിൽ ഒട്ടും വിശ്വാസം വന്നില്ല. സാറിനോട് ചോദിക്കാൻ ധൈര്യം വന്നില്ലെങ്കിലും ഞാൻ എന്നോട് തന്നെ ചോദിച്ചു:
" അതിന്, ഡ്രാക്കുളയ്ക്ക് സംസ്കൃതം അറിയുമോ?"
കൊന്തയിൽ മാത്രമായി എന്റെ പ്രതീക്ഷ.
അങ്ങനെ, അവസാനം, പാരന്റ്സ് ഡേയിൽ കൊന്തയെത്തി. മെറൂൺ നിറത്തിലുള്ള പ്ലാസ്റ്റിക് കൊന്ത. കൂടെ പഠിപ്പിക്കുന്ന ടീച്ചർമാരിൽ നിന്നും അമ്മ സംഘടിപ്പിച്ചതാണ്. ഒറ്റ നോട്ടത്തിൽ എനിക്ക് ഇഷ്ടപ്പെട്ടില്ല. പകൽ മുഴുവൻ വെളിച്ചം ആഗിരണം ചെയ്ത് രാത്രി അത് പുറത്തു വിടുന്ന ഒരു ഫ്ലൂറസന്റ് കൊന്തയാണ് ഞാൻ പ്രതീക്ഷിച്ചത്. എന്തായാലും കിട്ടിയത് തലയിണക്കു കീഴിൽ വെച്ചു. ഡ്രാക്കുള വന്നാൽ അതിന്റെ കുരിശു ഭാഗം എടുത്ത് ചൂണ്ടി കാണിക്കുന്നത് ഇടയ്ക്കിടെ ആരും കാണാതെ പ്രാക്ടീസ് ചെയ്തു. എന്നാൽ കൊന്ത വന്നതിൽ പിന്നെ അയാളുടെ പുക പോലും ഈ വഴി വന്നിട്ടില്ല. ഇപ്പോൾ വവ്വാലുകളുടെ ചിറകടിയും ചെന്നായ്ക്കളുടെ ഓരിയിടലും കേൾക്കാറില്ല. ഇന്നു രാത്രിയിൽ ജനാല വെളിച്ചത്തിലൂടെ പുതിയൊരു പുസ്തകം വായിക്കാൻ പോവുന്നു 'The Hound of the Baskervilles.'
പ്രിയ ഡയറീ, ഇന്നത്തേയ്ക്ക് വിട.
/indian-express-malayalam/media/media_files/uploads/2022/03/savitha-3.jpg)
Read More: ഡ്രാക്കുളയ്ക്ക് ഇനിയെങ്കിലും മരണം സാധ്യമാണോ?
കുഞ്ഞു ജൊനാതന്റെ അച്ഛന്റെ പേര് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. 'വലിയ പിശാച്' എന്ന പേര് മാത്രം ഞാൻ ഓർത്തു. ഇത്തരം വിളിപ്പേരുകളിൽ മാത്രം അറിയപ്പെടുന്ന പലരും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു, ഞാനടക്കം. പിന്നീടൊരിക്കൽ അയാളെ വീണ്ടും ആമിയുടെ സ്ക്കൂളിൽ വെച്ചു കണ്ടു. ആ സമയത്ത് എന്റെ ഭർത്താവ്, പ്രവീൺ ഡബ്ലിനിൽ ഒരു ഐറിഷ് ബാങ്കിന്റെ ജോലി സംബന്ധമായി യാത്ര ചെയ്യുകയായിരുന്നു.
"ഡബ്ലിനിലോ! ബ്രാം സ്റ്റോക്കറുടെ നഗരം!" അതിനെ കുറിച്ച് സംസാരിച്ചപ്പോൾ അയാൾ ഉത്സാഹത്തോടെ പറഞ്ഞു.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രവീൺ വിവരിച്ചു "താമസിച്ച ഹോട്ടൽ തന്നെ ഒരു കോട്ടയാണ്. ഇതു വരെ താമസിച്ചതിൽ ഏറ്റവും രാജകീയമായ അനുഭവം..."
എഴുത്തുകാരുടെ ശവകുടീരങ്ങളും ഓർമസ്ഥലികളും സന്ദർശിക്കുന്നതിലൂടെ പ്രചോദിതരാവുന്നവരാണ് ഞങ്ങൾ. അതു കൊണ്ടു തന്നെ ബ്രാം സ്റ്റോക്കറും ഓസ്കാർ വൈൽഡും മറ്റനേകം പ്രശസ്തരായ എഴുത്തുകാരും പഠിച്ച ട്രിനിറ്റി കോളേജ് സന്ദർശിച്ചതാണ് ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായത് എന്ന് പ്രവീൺ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നിയില്ല.
വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി. ഡ്രാക്കുളയെ പേടിച്ചിരുന്ന ഒരു പെൺകുട്ടി എന്നിൽ നിന്നും എന്നേ ഇറങ്ങി പോയി! ഇപ്പോൾ വാമ്പയറുകളും പ്രേതങ്ങളും ഉറക്കങ്ങളിൽ പോലും എന്നെ ഭയപ്പെടുത്താറില്ല. അവരെക്കാൾ എത്രയോ അപകടകാരികളാണ് മറ്റുള്ളവരുടെ മനഃസമാധാനം ഊറ്റിക്കുടിക്കാൻ ഒരുമ്പെട്ടിരിക്കുന്ന പല മനുഷ്യരും! അതോർക്കുമ്പോൾ എനിക്ക് ഡ്രാക്കുളയോട് പാവം തോന്നും. ചെറുപ്പമാവാനും ജീവിതം തുടരാനുമുള്ള ആസക്തിയല്ലെങ്കിൽ പിന്നെന്താണ് ജീവിതം!
സവിത എൻ
കസവനഹള്ളി
2022 മാർച്ച് 11
- ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ 'ഡ്രാക്കുള.' ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ 'ഡ്രാക്കുള - ഓർമ്മകൾ' എന്ന് എഴുതുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.