scorecardresearch

ഡ്രാക്കുളയ്ക്ക് ഇനിയെങ്കിലും മരണം സാധ്യമാണോ?

“പുതിയ സാങ്കേതികവിദ്യകള്‍ ദൃശ്യബഹുലമായ ഒരു ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും വായനയില്‍ നാം സ്വയം സൃഷ്ടിക്കുന്ന രൂപങ്ങളെ വെല്ലാന്‍ അവയ്ക്ക് സാധിക്കില്ല എന്ന ബോധ്യപ്പെടുത്തുന്ന രചനയാണ് ഡ്രാക്കുള.” ലോകം മുഴുവൻ കീഴടക്കിയ ഭീതിയുടെ ഭാവനയ്ക്ക് 125 വയസാകുന്നു. ഡ്രാക്കുള സാഹിത്യം, സിനിമ, ചരിത്രം, വായനാനുഭവും കാഴ്ചാനുഭവും എന്നിവയെ കുറിച്ച് നോവലിസ്റ്റും ചെറുകഥാകൃത്തുമായ പ്രവീൺ ചന്ദ്രൻ എഴുതുന്നു

Dracula, Praveen chandran, IE Malayalam
ചിത്രീകരണം : വിഷ്ണു റാം

അതൊരു സാധാരണ സായാഹ്നമായിരുന്നു. പെട്ടെന്നാണ് ആകാശം ഇരുണ്ടത്. ആ ഇരുട്ടില്‍ വിറ്റ്ബി(Whitby) നഗരത്തിലെ തുറമുഖത്തിലെ സെര്‍ച്ച് ലൈറ്റ് അതിദാരുണമായ ഒരു ദൃശ്യത്തിലേക്ക് വെളിച്ചം പകര്‍ന്നു. വടക്ക് കിഴക്കേ ചക്രവാളത്തില്‍ ഉരുണ്ടു കൂടിയ മേഘങ്ങള്‍ കണ്ട് അതൊരു കൊടുങ്കാറ്റിന്റെ ലക്ഷണമാണെന്ന് പരിചയ സമ്പന്നനായ ഒരു മീന്‍പിടുത്തക്കാരന്‍ പറഞ്ഞു. അതോടെ വൈകിട്ട് കാറ്റ് കൊള്ളാനെത്തിയ ജനക്കൂട്ടം ജീവിതത്തിലൊരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത കൊടുങ്കാറ്റിനും മുമ്പൊന്നും കണ്ടിട്ടില്ലാത്ത ആ ദൃശ്യത്തിനും സാക്ഷികളായി.

കൊടുങ്കാറ്റി നിടയിലും ഒരു പായ്ക്കപ്പല്‍ തുറമുഖം ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു. കപ്പല്‍ തീരം അടുത്ത് തുടങ്ങിയപ്പോള്‍ അതുവരെ തീരത്തെ ചുറ്റിവരിഞ്ഞ മൂടല്‍മഞ്ഞ് അപ്രത്യക്ഷമായി. കാറ്റില്‍ ഇളകിമറിഞ്ഞുകൊണ്ടിരുന്ന കപ്പലിന്റെ സ്റ്റിയറിങ്ങിനോട് ചേര്‍ന്ന് ഒരു ജഡം ആടിയുലയുന്നു. കപ്പല്‍ മണല്‍ത്തിട്ടയില്‍ ചെന്നിടിച്ചതിന്റെ ആഘാതത്തില്‍ പായയും പലകയും വലിഞ്ഞ് മുറുകി ഇളകി വീണതോടൊപ്പം ഒരു വലിയ നായ അതില്‍ പുറത്ത് ചാടി. അത് പള്ളി സെമിത്തേരിയിലെ കല്ലറകള്‍ക്കിടയിലെവിടെയോ ഓടി മറഞ്ഞു. പത്രക്കാരും പൊലീസുകാരും കപ്പലില്‍ ചെന്നു നോക്കിയപ്പോള്‍ അതിലാകെയുണ്ടായിരുന്നത് കപ്പിത്താന്റെ ജഢം മാത്രമായിരുന്നു.

കപ്പിത്താന്റെ പ്രേത പരിശോധനയില്‍ രണ്ടു ദിവസം മുമ്പേ അദ്ദേഹം മരിച്ചിരുന്നു എന്ന് കണ്ടെത്തി. കപ്പല്‍ ജോലിക്കാരെ ഒന്നൊന്നായി അപ്രത്യക്ഷരാക്കിയത് അദൃശ്യസാന്നിധ്യമായ ഡ്രാക്കുളയായിരുന്നു. ഒടുവില്‍ ഇംഗ്ലണ്ടിലെ മണ്ണിലേക്ക് ഓടിക്കയറിയ ആ നായയെന്ന് തോന്നിച്ച രൂപം ഡ്രാക്കുളയുടേതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വായനക്കാരെ കീഴടക്കിയ ഡ്രാക്കുള അതിന്റെ വവ്വാല്‍ച്ചിറകുകള്‍ വിരിച്ച് ലോകമാകെ പ്രചരിക്കുവാന്‍ അധികനാള്‍ വേണ്ടി വന്നില്ല.

Dracula, Praveen chandran, IE Malayalam

ബ്രാം സ്റ്റോക്കര്‍, ഡ്രാക്കുള എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ട് ഈ വര്‍ഷം നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. 1897 ല്‍ മെയ് മാസത്തിലാണ് ലണ്ടനിലെ ആര്‍ക്കിബാള്‍ഡ് കോണ്‍സ്റ്റബില്‍ ആന്റ് കമ്പനി (Archibald Constable and Company) മഞ്ഞ പുറം ചട്ടയില്‍ കടുത്ത ചുവപ്പ് നിറത്തിലുള്ള അക്ഷരങ്ങളോടെ ആദ്യത്തെ ഡ്രാക്കുള നോവല്‍ പ്രസിദ്ധീകരിച്ചത്. വിക്ടോറിയന്‍ കാലഘട്ടത്തിന്റെ യാഥാസ്ഥിതിക മനോഭാവം കൈവിടാന്‍ മടിച്ച ഡ്രാക്കുള നോവല്‍ ഗോഥിക് നോവല്‍ ഗണത്തിലെ എക്കാലത്തേയും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. ഈ നോവല്‍ വായനക്കാരില്‍ സൃഷ്ടിച്ച ഭീതിക്ക് സമാന്തരമായി ഇംഗ്ലീഷുകാരുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ മറ്റൊരു ഭീതി നോവലിന്റെ സൂക്ഷ്മവായനയില്‍ ദര്‍ശിക്കാവുന്നതാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ വായനക്കാരില്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വായനക്കാരെ വരെ ആകര്‍ഷിക്കുന്ന എന്താണ് ഈ നോവലിലുള്ളത്? ലോകം കോളനികളായി വിഭജിക്കപ്പെട്ട ഒരു രാഷ്ട്രീയാന്തരീക്ഷത്തിലെ വായനക്കാരുടെ ഭയവിഹ്വലതകളില്‍ നിന്ന് മുതലാളിത്തം ചിറക് വിരിച്ചു നില്‍ക്കുന്ന പുതിയ കാലത്തെ വായനക്കാരുടെ സംവേദന ശീലങ്ങളെ വരെ കീഴ്‌പ്പെടുത്താന്‍ ഡ്രാക്കുളയ്ക്ക് സാധിക്കുന്നതെന്തുകൊണ്ടാണ്?

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പരീക്ഷാഫലത്തിനെ സംബന്ധിച്ച പ്രതീക്ഷകളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം എന്താകും എന്നറിയാനുള്ള നേര്‍ത്ത ഭയം നിറഞ്ഞ കാത്തിരിപ്പിന്റെ നാളുകളിലാണ് ഞാന്‍ ഡ്രാക്കുള ആദ്യമായി വായിക്കുന്നത്. അച്ഛനും അമ്മയും ജോലിക്ക് പോകുന്നതിനാല്‍ വീട്ടില്‍ ഞാനും അനിയനും മാത്രം. ഒരു നട്ടുച്ചയ്ക്കാണ് വായന തുടങ്ങിയത്.

ജൊനാതന്‍ ഹാര്‍ക്കര്‍ എന്ന വക്കീല്‍ ഗുമസ്തന്‍ മ്യൂനികില്‍ നിന്ന് പുറപ്പെട്ട് മൂന്ന് ദിവസത്തെ യാത്രക്കൊടുവില്‍ കാര്‍പേത്യനിലെത്തുന്നു. അവിടെ ഡ്രാക്കുള പ്രഭു താമസിക്കാനായി ഏര്‍പ്പാടക്കിയ ഹോട്ടലിലെ താമസക്കാരോട് ഡ്രാക്കുളക്കോട്ടയിലേക്കാണ് യാത്ര പോകേണ്ടത് എന്ന് പറഞ്ഞപ്പോള്‍ കേള്‍വിക്കാരുടെ മുഖഭാവം മാറുന്നു. മെയ് നാലിന്, ലോകത്തുള്ള പിശാചുക്കളെല്ലാം പുറത്തിറങ്ങുന്ന ജോര്‍ജ്ജ് പുണ്യാളന്റെ ദിവസത്തില്‍ ഡ്രാക്കുള കോട്ടയിലേക്ക് യാത്രപോകുന്നത് അവിടെയുള്ളവര്‍ക്ക് വിലക്കിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ വിശ്വാസമില്ലാത്ത ജൊനാതന് യാത്ര ഒഴിവാക്കാന്‍ താൽപ്പര്യമില്ലായിരുന്നു. പകല്‍ സമയത്ത് ആപ്പിളും പ്ലമും ചെറിയും നിറഞ്ഞ് നില്‍ക്കുന്ന നിബിഢവനത്തിനുള്ളിലൂടെയാണ് ജൊനാതന്‍ കുതിരവണ്ടിയില്‍ സഞ്ചരിച്ചത്. രാത്രിയില്‍ ബോര്‍ഗോ മലയിടുക്ക് കഴിഞ്ഞതോടെ സഹയാത്രികര്‍ എല്ലാവരും ഇറങ്ങുകയും ജൊനാതനും കുതിരക്കാരനും യാത്ര തുടരുകയും ചെയ്യുന്നതോടെ ഭീതിയുടെ നേര്‍ത്ത ആവരണം എന്നെ പൊതിയാന്‍ തുടങ്ങി.

ഞാന്‍ വീടിന്റെ കോലായിലിരുന്നാണ് നോവല്‍ വായിച്ചുകൊണ്ടിരുന്നത്. എന്റെ വീടിന് മുന്നിലെ വയലുകള്‍ അവസാനിക്കുന്നത് ദൂരെ മലനിരകളിലാണ്. മലയടിവാരത്തില്‍ തെങ്ങും കവുങ്ങും മാവും തുടങ്ങി പലവിധം വൃക്ഷങ്ങള്‍. റബര്‍ മരങ്ങളുടെ പച്ചപ്പ് ദൂരെ നിന്ന് കാണുമ്പോള്‍ മലമുകളില്‍ ഒരേ വലുപ്പത്തില്‍ പടര്‍ന്ന ഏതോ കുറ്റിച്ചെടിക്കൂട്ടമാണെന്ന് തോന്നിക്കും. വിശാലമായ നെല്‍പ്പാടത്തിന് കുറുകെ പൊടി നിറഞ്ഞ റോഡ് അറ്റം കാണാനാവാത്ത ദൂരത്തിലേക്ക് നീണ്ടു കിടക്കുന്നു. വെയില്‍ വെളിച്ചത്തിന്റെ കൂര്‍ത്ത മുനമ്പുകള്‍ പച്ചപ്പുകളെ കുത്തിനോവിക്കുന്നതിനാല്‍ മരങ്ങളും ഇലകളും നെല്‍പ്പാടമാകെയും ഒരൽപ്പം തല താഴ്ത്തി നില്‍ക്കുന്നു. ദൂരെ റോഡില്‍ കാറ്റ് ചുഴലി തീര്‍ത്ത് പൊടിക്കാറ്റുയര്‍ത്തുന്നു. മലമുകളിലെ റബര്‍ മരങ്ങള്‍ കാറ്റില്‍ ഒരേ ദിശയിലേക്ക് ചരിയുകയും മറുകാറ്റില്‍ ദിശമാറി തലചായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. നോവലില്‍ നാല് കുതിരകളെപ്പൂട്ടിയ വണ്ടിയുമായെത്തിയ കരുത്തനായ മനുഷ്യന്‍ ജൊനാതനെ നേരത്തെ സഞ്ചരിച്ച വണ്ടിയില്‍ നിന്ന് പുറത്തിറക്കിയതോടെ ഉള്ളിലെ ഭയം കൂടിത്തുടങ്ങി.

വഴിയില്‍ അവിടെവിടെ തെളിയുന്ന വെളിച്ചം കണ്ട് വണ്ടി നിര്‍ത്തി തിളക്കം കണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തി തിരിച്ച് വന്ന വണ്ടിക്കാരന്‍ ജൊനാതനെ അത്ഭുതപ്പെടുത്തി. ഒരിക്കല്‍ വണ്ടിക്ക് തൊട്ടടുത്തായി കണ്ട തിളക്കത്തിനടുത്തേക്ക് നടന്നപ്പോള്‍ സുതാര്യമായ ഒരു വസ്തുവിനെപ്പോലെ അയാളെ കടന്ന് തിളക്കം വരുന്നത് കണ്ട് ജൊനാതന്‍ ഭയക്കുന്നു. ഒരു കൂട്ടം ചെന്നായ്ക്കള്‍ വണ്ടി വളഞ്ഞപ്പോള്‍ കൈവിരല്‍ത്തുമ്പിന്റെ ആജ്ഞാശക്തിയില്‍ അവയെ നിശ്ശബ്ദനാക്കിയ വണ്ടിക്കാരന്‍ ജൊനാതനെ മാത്രമല്ല എന്നെയും പേടിപ്പിക്കാന്‍ തുടങ്ങി.

ഭയത്തിന്റെ കാന്തികപ്രഭാവം നിലത്ത് നിന്ന് കാലുകളിലേക്കും തുടര്‍ന്ന് ശരീരത്തിലേക്കും പരക്കുമെന്ന് ഭയന്ന് ഞാന്‍ നിലത്ത് നിന്ന് കാല്‍ ഉയര്‍ത്തി കസേരയിലേക്ക് വച്ചു. കസേരയില്‍ നിന്ന് അനങ്ങാന്‍ വയ്യ. പുറത്തെ ഒഴിഞ്ഞ വയലുകളിലേക്കും ദൂരെ മലകളിലേക്കും നോക്കാന്‍ ഭയം. അവിടുത്തെ കാറ്റിന്റെ ചലനങ്ങളും റോഡില്‍ പറന്നു പൊങ്ങുന്ന പൊടിയുടെ വര്‍ത്തുളരൂപവും മരിച്ചുപോയവരുടെ സഞ്ചാരങ്ങള്‍കൊണ്ടാണെന്ന് പേടിച്ചു. ഓര്‍മ്മവച്ച കാലം മുതല്‍ ചെവിയില്‍ പതിച്ച പേടിപ്പിക്കുന്ന കഥകള്‍ ഓര്‍മ്മയില്‍ തിരിച്ചെത്തി പേടിയുടെ ആവരണം കട്ടിയുള്ളതാക്കി. സൂര്യന്റെ തീക്ഷ്ണപ്രകാശത്തിന് പരുവപ്പെട്ട കണ്ണുമായി വീടിനകത്തേക്ക് നോക്കുമ്പോള്‍ ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന അനുഭവം. കുതിരവണ്ടിക്കാരന്റെ രൂപത്തില്‍ ജൊനാതനെ ഇടിഞ്ഞുപൊളിഞ്ഞതെന്ന് തോന്നിച്ച കൊട്ടയിലെത്തിച്ച ഡ്രാക്കുള പ്രഭുവിനോടൊപ്പം പുസ്തകത്തിലൂടെ സഞ്ചരിച്ച ഞാന്‍ വീടിനകം ഒരു ഡ്രാക്കുള കോട്ടയാണെന്ന് സങ്കല്‍പ്പിച്ചു.

താന്‍ കൊണ്ടുവന്ന കണ്ണാടിയില്‍ നോക്കി ഷേവ് ചെയ്തുകൊണ്ടിരിക്കെ മുറിവ് പറ്റി ജൊനാതന്റെ ശരീരത്തില്‍ നിന്ന് രക്തം പുറത്ത് വന്നപ്പോള്‍ മുതല്‍ നോവലില്‍ ചോരപൊടിയാന്‍ തുടങ്ങി. കണ്ണാടിയില്‍ പ്രതിബിംബം കാണിക്കാത്ത ഡ്രാക്കുള പ്രഭു ജൊനാതന്റെ മുഖത്തെ രക്തപ്പാടില്‍ നോക്കി വികാരവിക്ഷോഭത്തോടെ നോക്കി. അത് വായിച്ചതിന് ശേഷം വളരെ നാള്‍ കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ രൂപം പ്രതിഫലിപ്പിക്കാത്ത ആരോ പിന്നില്‍ വന്ന് നില്‍ക്കുന്ന ഒരു തോന്നല്‍ അവശേഷിച്ചിരുന്നു.

സത്യത്തില്‍ ഡ്രാക്കുള നോവല്‍ അദൃശ്യനായ ഒരു വ്യക്തിയുടെ സാന്നിധ്യം എപ്പോഴും വായനക്കാരനില്‍ സൃഷ്ടിക്കുന്നുണ്ട്. വലിയ കോട്ടകളുടേയും ഒറ്റപ്പെട്ട വീടുകളുടേയും പശ്ചാത്തലത്തില്‍ രചിക്കുന്ന ഗോഥിക് നോവല്‍ എന്ന് പൊതുവെ വിളിക്കാറുള്ള ഭീതി സാഹിത്യത്തിന്റെ രീതിയിലാണ് ഡ്രാക്കുളയുടെ തുടക്കം. ഡ്രാക്കുള ട്രാന്‍സില്‍വാനിയയില്‍ നിന്ന് കപ്പലില്‍ സഞ്ചരിച്ച് ഇംഗ്ലണ്ടിലെത്തുന്നതോടെ പിന്നീട് രൂപം പ്രാപിച്ച അര്‍ബന്‍ ലെജൻഡുകള്‍ എന്ന് വിളിക്കാറുള്ള മറ്റൊരു ശാഖയിലേക്ക് രൂപാന്തരപ്പെടുന്നു.

Dracula, Praveen chandran, IE Malayalam

ഭീതി നോവലുകളിലെ മാറ്റങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇരുളടഞ്ഞ കോട്ടകളെ ഭാഗികമായെങ്കിലും ഉപേക്ഷിക്കുകയും വായനക്കാര്‍ക്ക് പരിചിതമായ, ഒറ്റപ്പെട്ട വീടുകള്‍ മുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന, എപ്പോഴും ശബ്ദവും വെളിച്ചവുമുള്ള നഗരങ്ങളുടെ പശ്ചാത്തലം വരെ കഥാപരിസരങ്ങളായി മാറുന്നതും കാണാം. വലിയ വീടുകളില്‍ താമസിക്കുകയോ അത്തരം അനുഭവങ്ങളെപ്പറ്റി കേള്‍ക്കുകയോ ചെയ്യാത്ത പുതിയ വായനാസമൂഹത്തിന്റെ പരിചിത വൃത്തത്തിലേക്ക് കഥകളെ കൊണ്ടുവരുമ്പോഴാണ് അര്‍ബന്‍ ലെജൻഡുകള്‍ പ്രസക്തമാകുന്നത്. ഏത് തിരക്കിനുള്ളിലും നമ്മെ പിന്തുടരാന്‍ ശേഷിയുള്ള കറുത്ത കോട്ടിട്ട ഉയരം കൂടിയ നീണ്ട പല്ലുകളുള്ള ഡ്രാക്കുള നഗരവല്‍കൃത ലോകത്തിന്റെ ഭീതിരൂപം കൂടിയാണ്.

കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങള്‍, കഥാപരിസരം, കഥാപാത്രങ്ങളുമായുള്ള മറ്റേതെങ്കിലും തരത്തിലുള്ള സമാനത തുടങ്ങിയ കാരണങ്ങളാലാണ് വായനക്കാരന്‍ ഒരു സാഹിത്യകൃതിയിലേക്ക് മുങ്ങിത്താഴുന്നത്. ഡ്രാക്കുള നോവലിലെ ചുറ്റുപാടുകള്‍, പ്രത്യേകിച്ചും ഡ്രാക്കുള കോട്ടയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷമുള്ള ഭാഗങ്ങള്‍ വായനക്കാരന് പരിചിതമായ ജീവിത പരിസരങ്ങളാണ്. രണ്ടാമതായി മറ്റേത് ജീവിയേയും പോലെ അതിജീവനത്തിനുള്ള ശേഷിയുടെ ഭാഗമായുള്ള മനുഷ്യഭയം.

ഭയം ഉള്ളിലുണരുന്നതോടെ ഭൗതികമായ എല്ലാ അപരിചിതത്വങ്ങളേയും മറികടന്ന് എല്ലാ കാലത്തുമുള്ള വായനക്കാരും നോവലില്‍ പ്രവേശിക്കുന്നു. ആസ്വാദകരെ പേടിപ്പെടുത്തുന്ന സിനിമയും സാഹിത്യവുമെല്ലാം ഭീതിയെ മനുഷ്യന്റെ ആര്‍ഭാടങ്ങളുടെ ഭാഗമാക്കുന്നു. ഭൗതികമായ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് ഭയം ആസ്വദിക്കാനായി സൃഷ്ടിക്കുന്ന കലാരൂപങ്ങള്‍ ഈ ലക്ഷ്യത്തിനപ്പുറത്തേക്ക് കടക്കുമ്പോഴാണ് കാലത്തെ അതിജീവിക്കുന്നത്. ഡ്രാക്കുള ചരിത്രവും നാടോടിക്കഥകളും മിത്തും വിക്ടോറിയന്‍ സദാചാരബോധത്തിലെ വിള്ളലുകളും അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയും വരച്ചുകാട്ടുന്നതിനാലാണ് ഒന്നേകാല്‍ നൂറ്റാണ്ടിനു ശേഷവും വായനാക്ഷമമാകുന്നത്.

നടന്ന സംഭവങ്ങളെ രേഖപ്പെടുന്നതിന്റെ വൈജ്ഞാനിക ശാഖയെന്ന ചരിത്രം എഴുത്തിന്റെ രാസപരിണാമങ്ങള്‍ക്ക് വിധേയമാണ്. നാം നിരീക്ഷിക്കാന്‍ തുടങ്ങുന്നതോടെ സ്ഥാനചലനം സംഭവിക്കുന്ന ഒരു കണത്തെപ്പോലെ ഒരു സംഭവത്തെ പഠിക്കുന്ന ചരിത്രകാരന്‍ ദര്‍ശിക്കുക എന്ന പദത്തിന്റെ ഭാരം കൂടി താങ്ങുന്നവനാണ്. ചരിത്രകാരന്‍ ഒരു സംഭവത്തെ കാണുന്നത് അയാളുടെ കണ്ണുകള്‍ കൊണ്ട് മാത്രമല്ല മസ്തിഷ്‌കം കൊണ്ടു കൂടിയാണ്. അത് ഓര്‍മ്മകളും ആശയങ്ങളും ചിന്താഗതികളും കൂടിച്ചേര്‍ന്ന ഒന്നാണ്. അപ്രധാനമായ ഒരു സംഭവത്തിലേക്ക് ചരിത്രകാരന്മാരെ തിരിച്ചുകൊണ്ടുവരികയും അതിനെ ആളുകള്‍ നിരന്തരം അന്വേഷിക്കുന്ന ഒന്നാക്കി മാറ്റുകയും ചെയ്യാന്‍ സാഹിത്യത്തിന് സാധിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള എന്ന നോവല്‍.

ജര്‍മ്മനിയിലും റഷ്യയിലും റൊമാനിയയിലും വ്യത്യസ്ത രീതിയിലുള്ള നാടോടിക്കഥകള്‍ ഡ്രാക്കുളയെപ്പറ്റിയുണ്ട്. ഏതൊരു നാടോടിക്കഥയിലേതും പോലെ നന്മയും തിന്മയും ദയയും ക്രൂരതയും ഒത്തു ചേര്‍ന്ന രാജാവാണ് ഡ്രാക്കുള പ്രഭു. ഡ്രാക്കുള നോവലിന്റെ അസാധാരണമായ വിജയം ഈ കഥകളിലേക്ക് അന്വേഷകരെ തിരിച്ചു വിടുകയും ഡ്രാക്കുളയുടെ ചരിത്രം കണ്ടെത്താന്‍ കാരണമാവുകയും ചെയ്തു. ചുരുക്കത്തില്‍ അപ്രധാനമായ, ഒരു പക്ഷെ, മറ്റ് പല രാജാക്കന്‍മാരുമായും ഏറെ സമാനതകളുള്ള ഒരു വ്യക്തിയെ ചരിത്രത്തിന്റെ ഭാഗമാക്കി എന്നതാണ് ബ്രാം സ്‌റ്റോക്കര്‍ ചെയ്ത കാര്യം. ഡ്രാക്കുളയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ രക്തദാഹവും കൊടും ക്രൂരതകളും ഭീതിയും ദര്‍ശിക്കാന്‍ സാധിക്കുകയും ഒരു ക്വാണ്ടം വസ്തുവിനെപ്പോലെ സ്ഥാനഭ്രംശമോ കൃത്യതാനഷ്ടമോ സംഭവിച്ചിട്ടുള്ളതോ ആയ ഒരു ചരിത്രകഥയാണ് നമുക്ക് ലഭ്യമാകുന്നത്.

വ്‌ളാദ് മൂന്നാമന്‍ അഥവാ ഡ്രാക്കുളയുടെ ഭരണകാലത്ത് ഒരു ഇറ്റാലിയന്‍ കച്ചവടക്കാരന്‍ രാജ്യം സന്ദര്‍ശിച്ചു. 160 സ്വര്‍ണ്ണനാണയങ്ങള്‍ കൈവശമുണ്ടായിരുന്ന കച്ചവടക്കാരന്‍ തന്റെ ധനത്തിന് സംരക്ഷണം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡ്രാക്കുളയെ സന്ദര്‍ശിച്ചു. ഡ്രാക്കുള അയാളോട് സ്വര്‍ണ്ണം തലസ്ഥാനത്തെ പൊതു മൈതാനത്ത് കൊണ്ടുവച്ച് കൊട്ടാരത്തില്‍ വന്ന് വിശ്രമിക്കാന്‍ പറഞ്ഞു. ഗത്യന്തരമില്ലാതെ കച്ചവടക്കാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ മൈതാനത്ത് ഉപേക്ഷിച്ച് കൊട്ടാരത്തില്‍ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് കാലത്ത് അവിടെ ചെന്നപ്പോള്‍ സ്വര്‍ണ്ണ നാണയങ്ങള്‍ മോഷ്ടിക്ക പ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞ രാജാവ് എത്രയും പെട്ടെന്ന് കള്ളനെ കണ്ടെത്താനും കച്ചവടക്കാരന് പകരമായി 160 സ്വര്‍ണ്ണനാണയങ്ങള്‍ തിരികെ നല്‍കാനും പറഞ്ഞു. തിരികെ കിട്ടിയ സ്വര്‍ണ്ണനാണയങ്ങള്‍ കച്ചവടക്കാരന്‍ പലവട്ടം എണ്ണിനോക്കി. തുടര്‍ന്ന് രാജാവിനോട് പറഞ്ഞു.

”അങ്ങുന്നേ, എനിക്ക് നഷ്ടപ്പെട്ട സ്വര്‍ണ്ണനാണയങ്ങള്‍ തിരിച്ചുകിട്ടി. പക്ഷെ എണ്ണിനോക്കിയപ്പോള്‍ ഏതാനും നാണയങ്ങള്‍ അധികമുള്ളതായി കാണുന്നു.”

അതേ സമയം തന്നെ കള്ളനെ കണ്ടെത്തി ഭടന്‍മാര്‍ രാജാവിനടുത്തെത്തിച്ചിരുന്നു. രാജാവ് അയാള്‍ക്കുള്ള ശിക്ഷയും വിധിച്ചു. തുടര്‍ന്ന് കച്ചവടക്കാരനോട് രാജാവ് പറഞ്ഞു ”അധികമായി ലഭിച്ച നാണയത്തെപ്പറ്റി നിങ്ങളിവിടെ പറഞ്ഞില്ലായിരുന്നെങ്കില്‍ കള്ളനോടൊപ്പം നിങ്ങള്‍ക്കും ശിക്ഷ ലഭിക്കുമായിരുന്നു.”

ഇത്തരത്തിലുള്ള അനേകം കഥകള്‍ റൊമാനിയയിലും ജര്‍മ്മനിലും റഷ്യനിലും പ്രചരിച്ചിരുന്നതിന്റെ രേഖകള്‍ പിന്നീട് ചരിത്രകാരന്‍മാര്‍ കണ്ടെടുത്തിട്ടുണ്ട്. ഓരോ ഭാഷയിലും ലഭ്യമായ ഏതാനും കഥകളും അവയിലെ വ്യത്യാസങ്ങളേയും പറ്റി ഡ്രാക്കുള ചരിത്രകാരനായ റെയ്മണ്ട് ടി. മെക്‌നല്ലി, റാഡു ഫ്‌ളോറെസ്‌ക്യൂ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘In Search of Dracula’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

റൊമാനിയയിലെ വാലക്കിയ (Wallachia) എന്ന പ്രദേശത്തിന്റെ അധിപനായിരുന്നു വ്‌ളാദ് മൂന്നാമന്‍ (Vlad III 1431-1476) എന്ന ഡ്രാക്കുള എന്ന് ചരിത്രം സൂചിപ്പിക്കുന്നു. തുര്‍ക്കികളും ഹംഗറിയും ഭരണം പിടിച്ചെടുക്കാന്‍ മത്സരിച്ചുകൊണ്ടിരുന്ന ഒരു വലിയ ഭൂപ്രദേശത്തിന്റെ ഇടയിലെ കൊച്ചു രാജ്യമായിരുന്നു വാലക്കിയ. ഡ്രാക്കുളയുടെ പിതാവ് വളാദ് രണ്ടാമന്‍ റോമന്‍ രാജാവിന്റെ സഹായത്തോടെയാണ് അധികാരത്തിലെത്തിയത്. അതിന്റെ നന്ദി സൂചകമായി വ്‌ളാദ് രണ്ടാമന്‍ ഓര്‍ഡര്‍ ഓഫ് ഡ്രാഗണ്‍ എന്ന സംഘത്തില്‍ അംഗമായി. ഈ സംഘത്തിന്റെ ചിഹ്നം പാമ്പായിരുന്നു. പാമ്പിന്റെ റോമന്‍ വാക്കായ ഡ്രാക്ക് എന്ന പദത്തില്‍ നിന്നാണ് വ്‌ളാദ് രണ്ടാമന് ഡ്രാക്കുള്‍ എന്ന പേര് ലഭിച്ചത്. അതിന്റെ തുടര്‍ച്ചയായി അനേകം ഭരണമാറ്റങ്ങള്‍ക്കൊടുവില്‍ വ്‌ളാദ് മൂന്നാമന്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്റെ സ്ഥാനപ്പേരായി ഡ്രാക്കുള എന്ന പേര് സ്വീകരിച്ചു.

ഇടക്കാലത്ത് ഭരണം നിലനിര്‍ത്താന്‍ വ്‌ളാദ് രണ്ടാമന് തുര്‍ക്കികളുടെ സഹായം തേടേണ്ടി വന്നു. അധികാരവും മനുഷ്യത്വവും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പലപ്പോഴും മനുഷ്യത്വം തോറ്റുപോകുന്നതിന്റെ ഉദാഹരണമെന്നോണം തുര്‍ക്കികളുടെ സഹായത്തിന് പകരമായി അദ്ദേഹത്തിന് തന്റെ രണ്ട് ആണ്‍മക്കളെ വിട്ടുകൊടുക്കേണ്ടി വന്നു. ഡ്രാക്കുളയ്ക്കും അനിയന്‍ റാഡുവിനും അങ്ങനെ തുര്‍ക്കികളില്‍ നിന്ന് ക്രൂരമായ പീഢനം നേരിടേണ്ടി വന്നു.

ബാല്യകാലത്ത് നേരിട്ട് പീഢനങ്ങളാല്‍ മനസ്സ് മരവിച്ച ഡ്രാക്കുള വിജയപരാജയങ്ങളാലും യാദൃച്ഛികമായി ലഭിച്ച അവസരങ്ങളെ ഉപയോഗിച്ചും വാലക്കിയയുടെ ഭരണം കൈയ്യേറിയപ്പോള്‍ രക്തദാഹത്തിന്റെ പര്യായമായി മാറി. പക്ഷെ അതുവരെ അധികാരം കൈയ്യാളിയിരുന്ന ഇടപ്രഭുക്കന്‍മാര്‍ക്കെതിരെ ഡ്രാക്കുള തിരിയുകയും കര്‍ഷകരേയും മറ്റും പകരം ഭരണമേല്‍പ്പിക്കുകയും ചെയ്തത് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കിയിരുന്നു. മതത്തോടും സന്യാസിമാരോടും അദ്ദേഹം കാണിച്ച സഹായമനഃസ്ഥിതിയും ഡ്രാക്കുളയെ ജനങ്ങള്‍ക്കിടയില്‍ സമ്മതനാക്കി. നാടോടിക്കഥകളിലെ നായകനായി രൂപഭേദം വന്നപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ പ്രവൃത്തികളെയൊക്കെ സാഹസികതയായും ധൈര്യമായും വ്യാഖ്യാനിച്ചിരിക്കാം.

നോവലിലെ കേന്ദ്ര കഥാപാത്രങ്ങളായ ജൊനാതനും മിന മുറെയും ഡ്രാക്കുളയുടെ പിടിയിലകപ്പെടുന്നതോടെ വായനയുടെ ഉദ്വേഗം വര്‍ദ്ധിക്കുന്നു. മിന മുറെയുടെ കൂട്ടുകാരി ലൂസി ഡ്രാക്കുളയുടെ സഹായിയായേക്കാവുന്ന അവസ്ഥയിലേക്ക് മാറുന്നതോടെ കൂടെയുള്ള ഒരാളെ നാം ഭയക്കുന്ന അവസ്ഥ സംഞ്ജാതമാകുന്നു.

ഡ്രാക്കുള ഇംഗ്ലണ്ടിലെത്തി പിശാച് ബാധയായി ആളുകളെ കീഴടക്കുന്നത് പുറത്തുനിന്നെത്തുന്ന അപകടങ്ങളെ ഭയക്കുന്ന ഒരു രാജ്യത്തിന്റെ പ്രതിരൂപമാകുന്നു. ആദര്‍ശാത്മക ജീവിതം നയിക്കുന്ന സമൂഹങ്ങള്‍ ആത്മപരിശോധനയുടെ സംശയരോഗത്തിനടിപ്പെടുന്നതും കൂടുതല്‍ യാഥാസ്ഥിതികമാകുന്നതും സ്വാഭവികമാണ്. അത്തരമൊരു അന്തരീക്ഷത്തില്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഡ്രാക്കുള പ്രസിദ്ധീകരിക്കുന്നത്.

ഡ്രാക്കുളയെപ്പോലെ ഒരു രക്തരക്ഷസ്സ് വഴിവിട്ടവ്യക്തികളെ കീഴടക്കിയേക്കും എന്ന ഭയം വായനക്കാരിലേക്ക് പകരാന്‍ നോവലിനായിട്ടുണ്ട്. മിത്തുകളുടെ സാര്‍വജനീനത പോലെ സമൂഹത്തിലെ യാഥാസ്ഥിതിക ചിന്തകള്‍ക്ക് ലോകമാകെ സമാനതകളുണ്ട്. അതുകൊണ്ടാകാം മറ്റുരാജ്യങ്ങളും നോവലിനെ ഒരേപോലെ സ്വീകരിച്ചത്. എഫ്.ഡെബ്ല്യു മൂര്‍ണോ 1922 ല്‍ സംവിധാനം ചെയ്ത ‘നോസ്‌ഫെറാതു’ എന്ന സിനിമയോടെ ഡ്രാക്കുള അഭ്രപാളികളിലെത്തി. കോപ്പി റൈറ്റ് സംബന്ധിച്ച നിയമപരമായ കാരണങ്ങളാല്‍ ഈ സിനിമ പ്രദര്‍ശനം നിര്‍ത്തിയെങ്കിലും പിന്നീട് വന്ന സിനിമകള്‍ ഡ്രാക്കുളയെ ലോകത്താകമാനം സ്വീകാര്യമാക്കി. ഈ നോവലിന്റെ സ്വാധീനത്തില്‍ പിന്നീട് അനേകം സിനിമകളും പുസ്തകങ്ങളും രംഗത്ത് വന്നു. തീര്‍ച്ചയായും അത് നോവലിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു.

പുതിയ സാങ്കേതികവിദ്യകള്‍ ദൃശ്യബഹുലമായ ഒരു ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും വായനയില്‍ നാം സ്വയം സൃഷ്ടിക്കുന്ന രൂപങ്ങളെ വെല്ലാന്‍ അവയ്ക്ക് സാധിക്കില്ല എന്ന ബോധ്യപ്പെടുത്തുന്ന രചനയാണ് ഡ്രാക്കുള. നൂറ്റിയിരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷവും, വെളിച്ചത്തില്‍ മുങ്ങിയ അന്തരീക്ഷത്തിലിരുന്ന ഡ്രാക്കുള വായിക്കുമ്പോഴും ഭയത്തിന്റെ നേര്‍ത്ത തണുപ്പ് നമ്മെ പൊതിയാന്‍ തുടങ്ങുന്നു.

ഡ്രാക്കുള ഇപ്പോഴും എന്നെ ഒരു കുട്ടിയെ എന്നതുപോലെ ഭയപ്പെടുത്തുന്നു. കാരണം ഒരു കറുത്ത കോട്ടുകാരന്‍ പിന്നില്‍ വന്ന് കുനിഞ്ഞ് നിന്ന് കഴുത്തില്‍ ദംഷ്ട്രകള്‍ അമര്‍ത്തി രക്തം കുടിക്കുകയുമില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാവും. ഇതെഴുതുമ്പോള്‍ ഞാനൊന്ന് തിരിഞ്ഞു നോക്കി. ഒരു കറുത്ത കോട്ട് മിന്നായം പോലെ പിന്നിലൂടെ നടന്നു പോയത് നിങ്ങളും ശ്രദ്ധിച്ചില്ലേ?

  • ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Bram stokers dracula 125 anniversary of publication

Best of Express