/indian-express-malayalam/media/media_files/uploads/2020/12/farmers-protest-unions-leaders.jpg)
ന്യൂഡൽഹി:പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മുന്നോട്ട് വച്ച കരട് നിർദേശങ്ങൾ തള്ളുന്നതായി സമരം ചെയ്യുന്ന കർഷകർ അറിയിച്ചു. കരട് നിർദേശങ്ങൾ അവ്യക്തമാണെന്ന് കർഷകർ പറഞ്ഞു.
മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ സമരം നടത്തുന്നത്. ഇവയിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് നിർദേശങ്ങളാണ് കേന്ദ്രം കർഷകർക്ക് കൈമാറിയത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ കരട് നിർദ്ദേശം ലഭിച്ച് മണിക്കൂറുകൾക്കകം കർഷക യൂണിയനുകൾ “അവ്യക്തം” എന്ന് പറഞ്ഞ് അവ നിരസിക്കുകയായിരുന്നു.
പ്രതിഷേധം ശക്തമാക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ 12 ന് ജയ്പൂർ-ഡൽഹി ഹൈവേ തടയുമെന്ന് അവർ പറഞ്ഞു. “ഇതുവരെ നടന്നത് ആവർത്തിക്കുന്നതിൽ അർത്ഥമില്ലെന്ന് ഞങ്ങൾ പറഞ്ഞു. മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നും കുറഞ്ഞ താങ്ങുവിലയ്ക്ക് ഉറപ്പ് നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. കരട് നിർദ്ദേശങ്ങൾ അവ്യക്തമാണ്. ദില്ലിയിലേക്കുള്ള റോഡുകൾ ഞങ്ങൾ ഒന്നിനുപുറകെ ഒന്നായി തടയും, ”കർഷക യൂണിയൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. കർഷകർ ഇന്നലെ ഭാരത് ബന്ദ് നടത്തിയിരുന്നു. ബന്ദ് പൂർണമായതിനു പിന്നാലെ 13 കർഷക നേതാക്കളുമായി ആഭ്യന്തരമന്ത്രി ചർച്ച നടത്തി. എന്നാൽ, ഈ ചർച്ചയും അലസി. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് ഉറപ്പുകള്‍ എഴുതിനല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. ഉറപ്പുകള്‍ കര്‍ഷക നേതാക്കള്‍ ചര്‍ച്ചചെയ്യും.
കേന്ദ്ര സർക്കാരുമായുള്ള ആറാം ഘട്ട ചർച്ച ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാൽ, കർഷകർ ഇന്ന് ചർച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചിട്ടില്ല. അമിത് ഷാ മുന്നോട്ടുവച്ച ഉറപ്പുകളെ കുറിച്ച് ആദ്യം ചർച്ച ചെയ്യട്ടെ എന്ന് കർഷകർ പറഞ്ഞു. അതിനുശേഷം കേന്ദ്ര സർക്കാർ നടത്തുന്ന ആറാം ഘട്ട ചർച്ചയിൽ പങ്കെടുക്കണോ എന്ന് അവർ തീരുമാനിക്കും. ഇന്ന് രാവിലെ കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നുണ്ട്. കർഷക സമരത്തെ കുറിച്ച് മന്ത്രിസഭായോഗത്തിൽ ചർച്ചയാകും. അമിത് ഷാ ചില ഉപാധികൾ മുന്നോട്ടുവച്ച സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ലെന്നാണ് വ്യക്തമാകുന്നതെന്ന് കർഷകർ പറയുന്നു.
Read Also: കർഷക സമരത്തിനൊപ്പം; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡോ
അതേസമയം, രാജ്യത്തെ കർഷക പ്രതിഷേധത്തിൽ ശക്തമായി ഇടപെടാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷ നേതാക്കളുടെ സംയുക്ത സംഘം ഇന്ന് വൈകീട്ട് അഞ്ചിന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടങ്ങുന്ന സംഘമാണ് നാളെ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുക. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അഞ്ച് പേർ അടങ്ങുന്ന സംഘത്തിനേ പ്രസിഡന്റിനെ കാണാൻ അനുമതി ലഭിച്ചിട്ടുള്ളൂ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us