scorecardresearch
Latest News

കർഷക സമരത്തിനൊപ്പം; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡോ

ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് ജസ്റ്റിൻ ട്രൂഡോ

കർഷക സമരത്തിനൊപ്പം; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡോ

ഒട്ടാവ: ഇന്ത്യയിലെ കർഷക സമരത്തിനു പ്രഖ്യാപിച്ച ഐക്യദാർഢ്യം ആവർത്തിച്ച് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ. നേരത്തെയും കർഷക സമരത്തിനു അനുകൂലമായ നിലപാടാണ് ട്രൂഡോ സ്വീകരിച്ചത്. ഇതിനെതിരെ ഇന്ത്യ രംഗത്തെത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും മുൻ നിലപാട് ആവർത്തിക്കുകയാണ് ട്രൂഡോ.

ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതേസമയം, പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി.

കർഷക സമരത്തെ പിന്തുണച്ചുള്ള ട്രൂഡോയുടെ ആദ്യ പ്രസ്‌താവനയ്‌ക്ക് പിന്നാലെ  രാജ്യത്തെ കനേഡിയൻ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയായിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് സ്ഥാനപതിയോട് ഇന്ത്യൻ അധികൃതർ പറഞ്ഞു.

” കനേഡിയൻ ഹൈക്കമ്മിഷണറെ ഇന്ന് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാനഡ പ്രധാനമന്ത്രിയും ചില കാബിനറ്റ് മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും പരാമർശങ്ങൾ നടത്തിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അസ്വീകാര്യമായ ഇടപെടലാണെന്ന് അറിയിക്കുകയും ചെയ്തു,” വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

Read Also: പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ കർഷകർ; വീണ്ടും ചർച്ച

“ഈ അഭിപ്രായങ്ങൾ കാനഡയിലെ ഇന്ത്യയുടെ ഹൈകമ്മിഷനും കോൺസുലേറ്റുകൾക്കും മുന്നിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ കൂടിച്ചേരലുകളെ പ്രോത്സാഹിപ്പിക്കുകയും അത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. തീവ്രവാദത്തെ ന്യായീകരിക്കുന്ന പ്രഖ്യാപനങ്ങളിൽനിന്ന് വിട്ടുനിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പൂർണ സുരക്ഷ കനേഡിയൻ സർക്കാർ ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ” പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതിനുശേഷവും മുൻ നിലപാടിൽ ട്രൂഡോ ഉറച്ചുനിൽക്കുകയാണ്.

‘പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണക്കേണ്ട സമയം’ എന്നാണ് ട്രൂഡോ കർഷക സമരവുമായി ബന്ധപ്പെട്ട് ആദ്യം അഭിപ്രായം പറഞ്ഞത്. സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ 551-ാം ജന്മവാർഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

“കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്നു വരുന്ന വാർത്തകൾ എങ്ങനെ ശ്രദ്ധിക്കാതിരിക്കും. പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണക്കേണ്ട സമയമാണിത്. നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ കേന്ദ്രത്തോട് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മളൊരുമിച്ച് നിൽക്കേണ്ട സമയമാണിത്,” ട്രൂഡോ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmer protests canada prime minister justin trudeau narendra modi