/indian-express-malayalam/media/media_files/uploads/2019/12/Maneka-Gandhi.jpg)
ന്യൂഡൽഹി: പാലക്കാട് മണ്ണാർക്കാട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ ലക്ഷ്യംവച്ച് വിദ്വേഷപ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് മലപ്പുറം എസ്‌പി യു അബ്‌ദുൾ കരീം പറഞ്ഞു.
മലപ്പുറത്തെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ ബിജെപി നേതാവിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അധിക്ഷേപ പരാമർശം നടത്തിയ മനേക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റ് നേരത്തെ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചത്. ‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ’ എന്ന മനേക ഗാന്ധിയുടെ ട്വീറ്റാണ് വിവാദങ്ങൾക്ക് കാരണം.
Read Also: ആരോടും അധികം സംസാരിക്കാത്ത വ്യക്തി; ചെറുപ്രായത്തിലും കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നു
അതേസമയം, മനേക ഗാന്ധിയുടെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമാണ്. നടി പാർവതി തിരുവോത്ത് അടക്കമുള്ള പ്രമുഖർ മനേക ഗാന്ധിയുടെ ട്വീറ്റിനതിരെ രംഗത്തെത്തിയിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് പാർവതി പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും താരം നിശിതമായി വിമർശിച്ചു. ഒരു ജില്ലയെ ലക്ഷ്യംവച്ചുള്ള വിദ്വേഷ പ്രചാരണം ലജ്ജാകരമാണെന്ന് പാർവതി ട്വിറ്ററിൽ കുറിച്ചു. “മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം പൈശാചിക ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റം തന്നെയാണ്. എന്നാൽ, ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു,” പാർവതി ട്വീറ്റ് ചെയ്‌തു. ആനക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സിനിമാ-ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ആന ചരിഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് സംസ്ഥാനത്തോട് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.