കോട്ടയം:  കോട്ടയത്ത് വീട്ടമ്മയെ തലയ്‌ക്കടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുപ്രായത്തിലും ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തി. ആലപ്പുഴ സക്കറിയ ബസാറിലെ ബന്ധുവീട്ടിൽ നിന്നാണ് ചെറുപ്രായത്തിൽ മുഹമ്മദ് ബിലാൽ വളർന്നത്.

പ്രതിയുമായി തെളിവെടുപ്പിന് പൊലീസ് സംഘം ഇന്നലെയാണ് ആലപ്പുഴയിൽ എത്തിയത്. പ്രതിയായ മുഹമ്മദ് ബിലാലിനെ തിരിച്ചറിയാൻ പ്രധാന കാരണം കൊല നടത്തിയ വീട്ടിൽ നിന്നു കാർ മോഷ്‌ടിച്ചതാണ്. ഈ കാർ മുഹമ്മദ് ബിലാൽ ഒളിപ്പിച്ചത് ആലപ്പുഴയിലാണ്. ഇവിടെ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ബിലാലിന്റെ കുട്ടിക്കാലത്തെ കുറിച്ച് പൊലീസിനു കൂടുതൽ വിവരങ്ങൾ ലഭിച്ചു.

Read Also: യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; തിരുവനന്തപുരം കൂട്ടബലാത്സംഗ കേസിൽ ഭർത്താവടക്കം നാല് പേർ കസ്റ്റഡിയിൽ

ആലപ്പുഴയിൽ തെളിവെടുപ്പിനു എത്തിച്ചപ്പോൾ നിരവധിപേർ മുഹമ്മദ് ബിലാലിനെ കാണാനെത്തി. ഇവരിൽ ചിലർ ബിലാലിനെ തിരിച്ചറിഞ്ഞു. അഞ്ച് കൊല്ലം മുൻപ് വരെ ഇയാൾ നഗരത്തിൽ പല ഇടങ്ങളിലായി ജോലി ചെയ്തിരുന്നു. തട്ടുകടകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇയാൾ ജോലി ചെയ്‌തിട്ടുണ്ട്. മോഷണവും അക്രമവും പതിവായതോടെ എല്ലായിടത്ത് നിന്നും പുറത്താക്കുകയായിരുന്നു. ബിലാൽ ചെയ്ത കുറ്റകൃത്യങ്ങൾ ഇപ്പോഴും ഓർക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

ചെറുപ്പത്തിൽ പഠിച്ച മുഹമ്മദിയൻ സ്‌കൂളിനു സമീപത്തെ വിജനമായ റോഡരികിലാണ് മോഷ്‌ടിച്ച കാർ മുഹമ്മദ് ബിലാൽ ഉപേക്ഷിച്ചത്. ഈ സ്ഥലം നേരത്തെ തന്നെ നോക്കിവച്ചിരുന്നു. കാർ ഉപേക്ഷിച്ച ശേഷം ബസിലും ലോറിയിലുമായി ഇയാൾ കൊച്ചിയിലെത്തി. അവിടെ ഒരു ഹോട്ടലിൽ ജോലിയ്‌ക്ക് നിന്നു. ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇടപ്പള്ളിയിലെ ഹോട്ടലിൽ ജോലിയ്‌ക്കു നിന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത സ്വഭാവക്കാരനാണ് മുഹമ്മദ് ബിലാൽ. ഹോട്ടല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ സമയത്താണ് പൊലീസ് ബിലാലിനെ പിടികൂടിയത്.

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്‌ക്കടിച്ച കൊന്ന കേസിൽ 23 കാരനായ മുഹമ്മദ് ബിലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭർത്താവ് അബ്‌ദുൾ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ രണ്ട് പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീടിനു തൊട്ടടുത്ത് തന്നെയാണ് പ്രതിയുടെ സ്വന്തം വീട്. എന്നാൽ, ഇയാൾ കുറച്ച് നാളായി എറണാകുളത്ത് താമസിച്ചു വരികയാണ്.

ബിലാൽ ഇവരുടെ വീട്ടിലെ കാറുമായി കടന്നുകളയുകയായിരുന്നു. കാർ മോഷണം പോയെന്ന് മനസിലാക്കിയ പൊലീസ് ഉടൻ തന്നെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരാൾ കാറുമായി പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട് കാറിനു പിന്നാലെയായിരുന്നു അന്വേഷണം. കാറുമായി ഇയാൾ ഒരു പെട്രോൾ പമ്പിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്ന് പൊലീസ് ഉറപ്പിച്ചു. മൊബെെൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.

Read Also: Horoscope Today June 05, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

രാവിലെ 8.30 നും 9.30നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. രാവിലെ വളരെ നേരത്തെ തന്നെ പ്രതി ഇവിടെ എത്തിയിരുന്നു. എന്നാൽ, ആ വീട്ടിലെ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. പിന്നീട് എട്ട് മണിയോടെ വീടും എത്തി. പരിചയമുള്ള ആളുകളെ മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുന്ന കൂട്ടത്തിലാണ് അബ്‌ദുൾ സാലിയും ഭാര്യ ഷീബയും. പ്രതിയെ പരിചയമുള്ളതിനാൽ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. വീട്ടിലേക്ക് പ്രവേശിച്ച മുഹമ്മദ് ബിലാലിനു കുടിക്കാൻ വെള്ളമെടുക്കാൻ ഷീബ അടുക്കളയിലേക്ക് പോയി. ഈ സമയത്ത് പ്രതി അബ്‌ദുൾ സാലിയെ ആക്രമിച്ചു. അബ്‌ദുൾ സാലിയുടെ ശബ്‌ദം കേട്ട് അടുക്കളയിൽ നിന്ന് ഷീബ ഓടിയെത്തി. ഷീബയെയും യുവാവ് ആക്രമിച്ചു. വീട്ടിലെ ടീപോയ് കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. പലതവണ ഇരുവരെയും തലയ്‌ക്കടിച്ചു. ടീപോയ് ഒടിഞ്ഞു. പിന്നീട് ടീപോയ്‌യുടെ കാൽ ഉപയോഗിച്ച് വീണ്ടും ആക്രമിച്ചു.

ഇതിനുശേഷം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഗ്യാസ് തുറന്നുവിട്ടത്. എല്ലാം കത്തിചാമ്പലാകുമെന്നും അതുവഴി തെഴിവുകളെല്ലാം നശിപ്പിക്കപ്പെടുമെന്നും പ്രതി വിചാരിച്ചു. ഇരുവരും മരിച്ചെന്ന് കരുതി രണ്ട് പേരുടെയും ദേഹത്ത് വെെദ്യുതി കമ്പി ചുറ്റി. ഷോക്കടിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. പിന്നീട് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും കോട്ടയം എസ്‌പി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വെെദ്യുതി കമ്പി ദേഹത്ത് ചുറ്റിയത് നിർണായക വഴിത്തിരിവായെന്ന് പൊലീസ് പറയുന്നു. ഇലക്‌ട്രിക്കൽ ജോലികളുമായി ബന്ധമുള്ള ആരോ ആണ് ചുറ്റിയതെന്ന് ഇതിലൂടെ വ്യക്തമായി. പ്രതി മുഹമ്മദ് ബിലാൽ ഇലക്‌ട്രിക് ജോലികൾക്കും പോകുന്ന ആളാണ്. പണവും സ്വർണവും കെെക്കലാക്കി ദൂരെ എവിടെയെങ്കിലും പോയി ജീവിക്കണമെന്ന് ആഗ്രഹിച്ചാണ് മുഹമ്മദ് ബിലാൽ ഇങ്ങനെയൊരു കൃത്യം ചെയ്‌തത്. മുഹമ്മദ് ബിലാലിനെ പലപ്പോഴും സാമ്പത്തികമായി ഈ കുടുംബം സഹായിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് ആദ്യമേ എത്തിയത്. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയിൽ കിടക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആരോ വന്നപ്പോൾ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അടുക്കളയിൽ ചപ്പാത്തി തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോൾ ചപ്പാത്തി ഉണ്ടാക്കുന്നത് നിർത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭർത്താവ് അബ്‌ദുൾ സാലിക്ക് ഓർമ തെളിഞ്ഞാൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.