/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2-1.jpg)
ന്യൂഡല്‍ഹി: ഹിജാബ് വിലക്ക് വിഷയത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ പ്രകോപനത്തിനു കാരണമാകുന്ന മതപരമായ വസ്തുക്കള്‍ ധരിക്കരുതെന്നുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ഉചിതമായ സമയത്ത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ വലിയ തലങ്ങളിലേക്ക് പ്രചരിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.
ഇന്നലെയായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. ഹര്‍ജികള്‍ തുടര്‍വാദത്തിനായി പതിനാലിലേക്കു മാറ്റിയ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുരായ കൃഷ്ണ എസ് ദീക്ഷിത്, ജെ.എം.ഖാസി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് കഴിഞ്ഞദിവസം വിശാല ബഞ്ചിനു വിടുകയായിരുന്നു.
വിഷയം എത്രയും വേഗം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതുവരെ സമാധാനം നിലനില്‍ക്കണമെന്നും കോടതി പറഞ്ഞു. ”ഞങ്ങള്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കും. സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകള്‍ ആരംഭിക്കട്ടെ. വിഷയം പരിഹരിക്കപ്പെടുന്നതുവരെ, ഒരു വിദ്യാര്‍ത്ഥിയും മതപരമായ വസ്തുക്കള്‍ ധരിക്കാന്‍ നിര്‍ബന്ധം പിടിക്കരുത്,” ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് കോടതി വിധിക്കായി കാത്തിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച സര്‍ക്കാര്‍ ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ബെംഗളൂരുവില്‍ സ്‌കൂളുകള്‍, പ്രീ-യൂണിവേഴ്സിറ്റി കോളേജുകള്‍, ബിരുദ കോളജുകള്‍ എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഒത്തുചേരലുകള്‍, പ്രക്ഷോഭങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ പൊലീസ് നിരോധിച്ചിരിക്കുകയാണ്. ബുധനാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണു നിരോധനം ഏര്‍പ്പെടുത്തിയത്.
Also Read: ഹിജാബ് വിലക്കും മത, വസ്ത്രധാരണ സ്വാതന്ത്ര്യവും: മുന്‍ കോടതി വിധികളെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.