കഴിഞ്ഞ മാസം ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചതിന് ആറ് വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം വിലക്കിയതു കര്‍ണാടകയില്‍ പുതിയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. വിഷയം സംസ്ഥാനത്തെ മറ്റു കോളജുകളിലേക്കും വ്യാപിച്ചതോടെ വിദ്യാര്‍ഥികളുടെ അവകാശങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള കര്‍ശന ഡ്രസ് കോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്താമോ എന്നതിനെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. മതസ്വാതന്ത്ര്യം, ഹിജാബ് ധരിക്കാനുള്ള അവകാശം എന്നിവ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന ചോദ്യം ഈ വിഷയം ഉയര്‍ത്തുന്നു.
ഭരണഘടനയുടെ കീഴില്‍ മതസ്വാതന്ത്ര്യം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?
‘സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം’ ഭരണഘടനയുടെ 25(1) അനുച്‌ഛേദം ഉറപ്പുനല്‍കുന്നു. ഇതു മറ്റുള്ളവരുടെ ഇടപെടലില്‍നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന അവകാശമാണ്. അതായത് ഈ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് ഒരു ഇടപെടലോ തടസമോ ഇല്ലെന്ന് ഭരണകൂടം ഉറപ്പാക്കണം. എന്നാല്‍ എല്ലാ മൗലികാവകാശങ്ങളെയും പോലെ, പൊതു ക്രമം, മാന്യത, ധാര്‍മികത, ആരോഗ്യം, മറ്റു രാജ്യങ്ങള്‍ താല്‍പ്പര്യങ്ങള്‍ എന്നീ കാരണങ്ങളാല്‍ ഈ അവകാശം ഭരണകൂടത്തിനു നിയന്ത്രിക്കാനാകും.
വര്‍ഷങ്ങളായി, ഏതൊക്കെ മതപരമായ ആചാരങ്ങളെ ഭരണഘടനാപരമായി സംരക്ഷിക്കാമെന്നും എന്തൊക്കെ അവഗണിക്കാമെന്നും നിണയിക്കുന്നതിനുള്ള പ്രായോഗിക പരിശോധന സുപ്രീം കോടതി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘മതം’ എന്ന പദം, ഒരു മതത്തിന്റെ ‘അവിഭാജ്യമായ’ എല്ലാ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്നാണ് 1954-ല്‍, ശിരൂര്‍ മഠം കേസില്‍ സുപ്രീം കോടതി പറഞ്ഞത്. എന്താണ് അവിഭാജ്യമെന്ന് നിര്‍ണയിക്കുന്നതിനുള്ള പരിശോധനയെ ‘അനിവാര്യമായ മതപരമായ ആചാര’ പരിശോധന എന്നു വിശേഷിപ്പിക്കുന്നു.
അനിവാര്യമായ മതപരമായ ആചാരങ്ങളുടെ പരിശോധന എന്താണ്?
”ഒന്നാമതായി, ഒരു മതത്തിന്റെ അനിവാര്യമായ ഭാഗം എന്താണെന്ന് പ്രാഥമികമായി കണ്ടെത്തേണ്ടത് ആ മതത്തിന്റെ സിദ്ധാന്തങ്ങളെ പരാമര്‍ശിച്ചാണ്,” ശിരൂര്‍ മഠം കേസില്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അതിനാല്‍, മതപരമായ ആചാരങ്ങളുടെ നീതിന്യായ തീര്‍പ്പ് പരിശോധന, ദൈവശാസ്ത്രപരമായ ഇടങ്ങളിലേക്കു കടക്കാന്‍ കോടതിയെ പ്രേരിപ്പിക്കുന്നതിനാല്‍ അതിനെ നിയമവിദഗ്ധര്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.
ഒരു മതത്തിന് അതു സംരക്ഷിക്കപ്പെടേണ്ട അത്യാവശ്യമായത് എന്താണെന്ന് നിര്‍ണയിക്കുന്നതിനേക്കാള്‍, പൊതുക്രമത്തിനുവിരുദ്ധമായ മതപരമായ ആചാരങ്ങള്‍ കോടതി നിരോധിക്കുന്നതാണ് നല്ലതെന്ന് പരിശോധനയെ വിമര്‍ശിച്ച് പണ്ഡിതന്മാര്‍ സമ്മതിക്കുന്നു.
പല സന്ദര്‍ഭങ്ങളിലും, ചില സമ്പ്രദായങ്ങള്‍ ഒഴിവാക്കാന്‍ കോടതി പരിശോധന നടത്തി. പൊതുനിരത്തുകളില്‍ താണ്ഡവ നൃത്തം അവതരിപ്പിക്കാന്‍ ആനന്ദമാര്‍ഗ വിഭാഗത്തിനു മൗലികാവകാശമില്ലെന്ന് 2004ല്‍ സുപ്രീം കോടതി വിധിച്ചു. അത് ഈ വിഭാഗത്തിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി.
ഈ പ്രശ്നങ്ങള്‍ സാമുദായിക അധിഷ്ഠിതമാണെന്ന് ഏറെക്കുറെ മനസിലാക്കിയിരിക്കെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും കോടതി പരിശോധന നടത്തിയ സന്ദര്‍ഭങ്ങളുണ്ട്.
ഉദാഹരണത്തിന്, താടിവച്ചതിന്റെ പേരില്‍ മുസ്ലിം മതവിശ്വാസിയായ എയര്‍മാനെ വ്യോമസേന പുറത്താക്കിയത് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് 2016-ല്‍ ശരിവച്ചു. താടിവയ്ക്കാന്‍ അനുവാദമുള്ള സിഖുകാരുടേതില്‍നിന്ന് ഈ കേസിനെ വ്യത്യസ്തമായാണു ജസ്റ്റിസുമാരായ ടി എസ് താക്കൂര്‍, ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവര്‍ വിലയിരുത്തിയത്.
‘മുടി വെട്ടുന്നതോ താടി വടിക്കുന്നതോ മതം വിലക്കുന്ന വ്യക്തികള്‍’ ഒഴികെ, സായുധസേനാംഗങ്ങള്‍ മുടി വളര്‍ത്തുന്നത് 1964-ലെ സായുധസേനാ ചട്ടങ്ങളുടെ 425-ാം ചട്ടം നിരോധിക്കുന്നു. താടിവയ്ക്കുന്നത് ഇസ്ലാമിക ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെന്ന് കോടതി അടിസ്ഥാനപരമായി വിലയിരുത്തി.
ശിരൂര്‍ മഠം കേസിലെ അനിവാര്യമായ മതാചാരങ്ങള്‍ കോടതി പരിശോധിച്ചില്ല. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് നല്‍കിയ വിവരങ്ങള്‍ കോടതി പരാമര്‍ശിച്ചു.
Also Read: ഉഡുപ്പിക്കു പിന്നാലെ കര്‍ണാടകയിലെ കൂടുതല്‍ കോളജുകളില്‍ ഹിജാബ് വിരുദ്ധ നീക്കം
”മുടി വെട്ടുന്നതോ താടിവടിക്കുന്നതോ നിരോധിക്കുന്ന പ്രത്യേക കല്‍പ്പന ഇസ്ലാമില്‍ ഉണ്ടോയെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദിനോട് വാദത്തിനിടെ, ഞങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതുസംബന്ധിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം അതിലൊന്നാണ് താടിവയ്ക്കുന്നത് അഭികാമ്യമെന്നാണെന്നാണ് പറയുന്നതെന്നു ചൂണ്ടിക്കാട്ടി.
425 (ബി) ചട്ട പ്രകാരമുള്ള, ‘അംഗങ്ങളുടെ മുടി വെട്ടുന്നതോ താടിവടിയ്ക്കുന്നതോ മതം വിലക്കുന്ന വ്യക്തികള്‍ക്ക്’ എന്ന ഉപാധി ബാധകമായ മതവിശ്വാസം അവകാശപ്പെടുന്നതായി സൂചിപ്പിക്കുന്ന ഒരു വസ്തുതയും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നു കോടതി വിധിയില്‍ വ്യക്തമാക്കി.
ഹിജാബ് വിഷയത്തില്‍ ഇതുവരെ കോടതി വിധികള്‍ എന്താണ്?
കേരള ഹൈക്കോടതിയുടെ ഒന്നിലേറെ വിധികള്‍, പ്രത്യേകിച്ച് ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായി വസ്ത്രം ധരിക്കാനുള്ള മുസ്ലീം സ്ത്രീകളുടെ അവകാശം പരസ്പരവിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കുന്നു.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഡ്രസ് കോഡ് നിര്‍ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് 2015-ല്‍, കുറഞ്ഞത് രണ്ട് ഹര്‍ജികളെങ്കിലും കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. വലിയ ബട്ടണുകള്‍, ബ്രൂച്ച്, ബാഡ്ജ്, പൂവ് മുതലായവ ഇല്ലാത്ത ഇളം നിറത്തിലുള്ള ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ ധരിച്ച് പരീക്ഷയ്ക്കു ഹാജരാവാനായിരുന്നു നിര്‍ദേശം. ഇതിനൊപ്പം സല്‍വാര്‍ അല്ലെങ്കില്‍ പാന്റ് ധരിക്കാനായിരുന്നു അനുവാദം. ചെരുപ്പ് ധരിക്കാമെന്നും ഷൂ പാടില്ലെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
വസ്ത്രങ്ങള്‍ക്കുള്ളില്‍ വസ്തുക്കള്‍ മറച്ചുവച്ച് പരീക്ഷ ജയിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ അന്യായമായ രീതികള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ ഡ്രസ് കോഡ് എന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്റെ (സിബിഎസ്ഇ) വാദം. ഇത് അംഗീകരിച്ച ഹൈക്കോടതി, ‘മതപരമായ ആചാരങ്ങള്‍ക്കനുസൃതമായുള്ളതും എന്നാല്‍ ഡ്രസ് കോഡിനു വിരുദ്ധവുമായ’ വസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികളെ പരിശോധിക്കാന്‍ കൂടുതല്‍ നടപടികള്‍ ഏര്‍പ്പെടുത്താന്‍ സിബിഎസ്ഇയോട് നിര്‍ദേശിച്ചു.
”ശിരോവസ്ത്രമോ ഫുള്‍സ്ലീവ് വസ്ത്രമോ നീക്കം ചെയ്ത് പരിശോധിക്കണമെന്ന് ഇന്‍വിജിലേറ്റരോ ബന്ധപ്പെട്ട അധികാരികളോ ആവശ്യപ്പെടുകയാണെങ്കില്‍ ഹരജിക്കാര്‍ അതിനു വിധേയരാകണം. മതവികാരം വ്രണപ്പെടുത്താതിരിക്കാനും അതേസമയം അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും ഇന്‍വിജിലേറ്റര്‍മാര്‍ക്കു സിബിഎസ്ഇ പൊതു നിര്‍ദേശങ്ങള്‍ നല്‍കുന്നത് അഭികാമ്യമാണ്,” ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വിധിയില്‍ വ്യക്തമാക്കി.
Also Read: ഫെയ്സ്ബുക്കിന്റെ നഷ്ടക്കണക്കുകൾ: മെറ്റയെ കുഴപ്പത്തിലാക്കിയത് ഈ ആറ് കാര്യങ്ങൾ
സിബിഎസ്ഇക്കെതിരെ അംന ബിന്‍ത് ബഷീര്‍ സമര്‍പ്പിച്ചതാണ് മറ്റൊരു കേസ്്. 2016ലെ കേസില്‍ വിഷയം കേരള ഹൈക്കോടതി കൂടുതല്‍ വിശദമായി പരിശോധിച്ചു. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമാണെന്നും എന്നാല്‍ സിബിഎസ്ഇ നിയമം റദ്ദാക്കിയില്ലെന്നും വിദ്യാര്‍ത്ഥിയുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ പറഞ്ഞു. അതേസമയം, മുന്‍വര്‍ഷം ഏര്‍പ്പെടുത്തിയ ‘അധിക നടപടികളും’ സുരക്ഷാ മുന്‍കരുതലുകളും തുടരാന്‍ കോടതി അനുവദിച്ചു.
ഈ രണ്ട് കേസുകളും ന്യായമായ പരീക്ഷാ പ്രക്രിയ ഉറപ്പാക്കുകയെന്ന ഒരു പ്രത്യേക ആവശ്യത്തിനായി മതസ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു സംബന്ധിച്ചുള്ളതാണ്.
അതേസമയം, ഒരു സ്‌കൂള്‍ നിര്‍ദേശിച്ച യൂണിഫോമിന്റെ വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍നിന്നു തികച്ചും വ്യത്യസ്തമായ വിധിയാണ് 2018ലുണ്ടായത്. സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി ഫാത്തിമ തസ്‌നീം സമര്‍പ്പിച്ച ഹര്‍ജിയില്‍, ഹരജിക്കാരന്റെ വ്യക്തിഗത അവകാശങ്ങളേക്കാള്‍ ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങള്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.
ശിരോവസ്ത്രവും ഫുള്‍കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്നുള്ള പന്ത്രണ്ടും എട്ടും വയസുള്ള പെണ്‍മക്കളുടെ ആവശ്യവുമായി പിതാവാണ് കോടതിയെ സമീപിച്ചത്. സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സിനു കീഴിലുള്ള കോണ്‍ഗ്രിഗേഷന്‍ ഓഫ് കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ (സിഎംഐ) ഉടമസ്ഥതയിലുള്ള സ്‌കൂളിനെതിരെയായിരുന്നു ഹര്‍ജി.
ശിരോവസ്ത്രം വിലക്കിനെതിരായ ഹര്‍ജിയില്‍, സ്ഥാപനത്തിന്റെ വിശാലമായ അവകാശത്തിനു വിരുദ്ധമായി അവരുടെ വ്യക്തിഗത അവകാശം ഹര്‍ജിക്കാര്‍ക്ക് അടിച്ചേല്‍പ്പിക്കാനാവില്ലെന്നു ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് വിധിയില്‍ വ്യക്തമാക്കി. ഇതിനെതിരെ പെണ്‍കുട്ടികളുടെ പിതാവ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. എന്നാല്‍, ഹര്‍ജിക്കാര്‍ നിലവില്‍ ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.