/indian-express-malayalam/media/media_files/uploads/2020/05/air-india-chennai.jpg)
ചെന്നൈ: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മെയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്‌നാട്. തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെങ്കിലും ചെന്നൈയിൽ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനാൽ ഈ നടപടി മാറ്റിവയ്ക്കാൻ തമിഴ്‌നാട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
തുടക്കത്തിൽ ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുമെന്നും ക്രമേണ വർദ്ധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. വൈറസ് വ്യാപനത്തെ തുടർന്നുള്ള ആശങ്കകൾക്കു പുറമെ, ലോക്ക്ഡൗൺ കാരണം ചെന്നൈയിലും വേണ്ടത്ര പൊതുഗതാഗതം ഇല്ലെന്ന് തമിഴ്‌നാട് പറഞ്ഞു. അതേസമയം വ്യോമയാന മന്ത്രാലയം ഇതുവരെ തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
Read More: വിമാനങ്ങളിൽ എത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധം: ആരോഗ്യമന്ത്രി
ചെന്നൈയിൽ സാധിക്കില്ലെങ്കിലും തമിഴ് നാട്ടിലെ മറ്റ് സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങൾ തുറക്കാമോ എന്ന ചോദ്യത്തിന്, "ഇല്ല, കാരണം യാത്രക്കാരിൽ ഭൂരിഭാഗവും ചെന്നൈയിലായിരിക്കും, അവരെ ചെന്നൈയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ഇതുവരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല" എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ടച്ച് ഫ്രീ, കോൺടാക്റ്റ് ലെസ്സ് സെക്യൂരിറ്റി ബോർഡിംഗ്, ഒന്നിലധികം തെർമൽ സ്ക്രീനിംഗ് എന്നിവ പോലുള്ള വൈറസ് വിരുദ്ധ നടപടികൾ ചെന്നൈ വിമാനത്താവളം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞെങ്കിലും, ക്വാറന്റൈൻ ആവശ്യമാമെന്ന നിലപാടിലാണ് തമിഴ്നാട്.
ഈ മാസം ആദ്യം ചെന്നൈലേയ്ക്ക് പ്രത്യേക വിമാന സർവീസുകൾ ഉണ്ടായിരുന്നു. ദുബായിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളിൽ വിദേശത്ത് കുടുങ്ങിയ 356 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. ഇതിൽ കുറച്ച് പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്, 14,000ത്തോളം. മഹാരാഷ്ട്രയിൽ 40,000 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തമിഴ്‌നാട്ടിൽ 95 പേർ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിൽ മാത്രം 8,795 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരങ്ങളിലെ ചേരികൾക്ക് പുറമെ പച്ചക്കറി ചന്തകളിലും വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൊത്തവ്യാപാര വിപണിയായ കോയംപേട് മാർക്കറ്റുമായി ബന്ധപ്പെട്ട 2,600 ൽ അധികം ആളുകളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.