തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളിൽ കേരളത്തിലെത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നാട്ടിലെത്തുന്നവരിൽ നിന്ന് രോഗം പകരാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. യാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്നും അതേസമയം ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ പറഞ്ഞിരുന്നു.

അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്നലെ ഒരാൾ മരിച്ചിരുന്നു. മുംബൈയിൽ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയാണ് ഇന്നലെ രാത്രി മരിച്ചത്. മുംബൈയിൽനിന്ന് റോഡ് മാർഗമാണ് ഇവർ നാട്ടിലെത്തിയത്.ചാവക്കാട്‌ താലൂക്ക്‌ ആശുപ്ത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Read More: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മുംബൈയിൽ നിന്നെത്തിയ സ്ത്രീ മരിച്ചു

പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മൂന്ന് പേരോടൊപ്പം യാത്ര ചെയ്തുവന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ ആംബുലൻസുമായി ചെല്ലുകയും ഇവരെ മേയ് 20 ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചിരുന്നെങ്കിലും അതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു.

ഇവർക്ക് നേരത്തെ തന്നെ പ്രമേഹവും രക്താദിമർദവും ശ്വാസതടസവും ഉണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോവിഡ് ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരുടെ മകനും ആംബുലൻസ് ഡ്രെെവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളവർ നാട്ടിലെത്തി തുടങ്ങിയതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ മാത്രം കേരളത്തിൽ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.