/indian-express-malayalam/media/media_files/uploads/2019/12/narendra-modi-1.jpg)
ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ പ്രതിഷേധത്തിന്റെ പേരിൽ അക്രമത്തിൽ ഏർപ്പെടുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്തവർ, ചെയ്തത് ശരിയാണോയെന്ന് ആത്മപരിശോധന നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു.
''നല്ല റോഡുകൾ, ഗതാഗതം, ശുദ്ധജലം ഇവയൊക്കെ നമ്മുടെ അവകാശമാണ്. അവയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്, എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയും അധ്യാപകരോടുള്ള ബഹുമാനവും നമ്മുടെ കടമയാണ്,'' മോദി പറഞ്ഞു.
രാജ്യത്തെ എല്ലാവർക്കും സുരക്ഷിതമായ സാഹചര്യത്തിൽ ജീവിക്കാൻ അർഹതയുണ്ടെന്ന് ഓർമിക്കണമെന്ന് പ്രധാനമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. സുരക്ഷിതമായ അന്തരീക്ഷം നമ്മുടെ അവകാശമാണ്, എന്നാൽ പൊലീസിന്റെ ജോലിയെ ബഹുമാനിക്കേണ്ടത് പൗരന്മാരുടെ കടമ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ അടൽ ബിഹാരി വാജ്പേയ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Read Also: പൗരത്വ നിയമം മധ്യപ്രദേശില്‍ നടപ്പാക്കില്ലെന്നു കമല്‍ നാഥ്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ യുപിയിൽ വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാർ നിരവധി ബസുകൾ കത്തിച്ചു. ഇതുവരെ 16 പേരാണ് പ്രതിഷേധങ്ങളിലായി മരിച്ചത്.
വിവാദപരമായ നിരവധി പ്രശ്‌നങ്ങൾ സമാധാനപരമായി തന്റെ സർക്കാർ പരിഹരിച്ചുവെന്ന് മോദി അവകാശപ്പെട്ടു. ''അയോധ്യയിലെ രാം ജന്മഭൂമി പ്രശ്നം സമാധാനപരമായി പരിഹരിച്ചു. ആർട്ടിക്കിൾ 370 ഒരു പഴയ രോഗമായിരുന്നു, അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു,'' ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ച് മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.