ഭോപാല്‍: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നിടത്തോളം പൗരത്വ ഭേദഗതി നിയമം (സിഎഎ) മധ്യപ്രദേശില്‍ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി കമല്‍ നാഥ്. പുതിയ നിയമം സമൂഹത്തിനും ഭരണഘടനയ്ക്കും മതത്തിനുമെതിരാണെന്നും അദ്ദേഹം പറഞ്ഞു.

”ജനങ്ങള്‍ക്കും സമൂഹത്തിനും ഭരണഘടനയ്ക്കും മതത്തിനും വിരുദ്ധമായ ഒരു നിയമവും കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നിടത്തോളം മധ്യപ്രദേശില്‍ നടപ്പാക്കില്ല,” കമല്‍നാഥ് പറഞ്ഞു. സിഎഎക്കെതിരായ പ്രതിഷേധ മാര്‍ച്ചിനു നേതൃത്വം നല്‍കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ സംബന്ധിച്ച നിലപാട് കമല്‍നാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നായിരുന്നു കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞത്. സിഎഎ സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘അലിഗഡിൽ വിദ്യാർഥികൾക്കു നേരെ സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിച്ചു; പൊലീസ് അതിക്രമം ജയ് ശ്രീറാം വിളിച്ച് ‘

”മോദിജിയും അമിത് ഷാ ജിയും കരുതുന്നുണ്ടോ ഞങ്ങള്‍ നിരക്ഷരാണെന്ന്? ഞങ്ങള്‍ നിയമനിര്‍മാണം വായിച്ചു. ഞങ്ങള്‍ അവരുടെ ഉദ്ദേശ്യം മനസിലാക്കുന്നു. എന്താണ് എഴുതിയത് എന്നല്ല, എന്താണ് എഴുതപ്പെടാത്തതെന്നാണ്. അത് എങ്ങനെ ഉപയോഗിക്കും എന്നല്ല, എങ്ങനെ ദുരുപയോഗിക്കപ്പെടും എന്നതാണു ചോദ്യം,” സിഎഎ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി കമല്‍നാഥ് പറഞ്ഞു.

കേരള, പശ്ചിമബംഗാള്‍, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ പൊതുമുതലുകള്‍ക്കുണ്ടായ നഷ്ടം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ആദ്യഘട്ടമായി എംബ്രോയ്ഡറി തൊഴിലാളി ഉള്‍പ്പെടെ 28 പേര്‍ക്കു റാംപൂര്‍ ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു. നിലവില്‍ കസ്റ്റഡിയിലുള്ളവരോട് 14.86 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണു നോട്ടീസ്.

പ്രക്ഷോഭത്തിനിടെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് സ്റ്റണ്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചതായി വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ജയ് ശ്രീറാം വിളികളോടെയാണു പൊലീസ് അതിക്രമം നടത്തിയതെന്നാണു സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook